രണ്ടാനമ്മയെ അവൾക്ക് പുച്ഛം ആയിരുന്നു. അമ്മയുടെ സ്ഥാനം തട്ടിയെടുത്തവൾ, തന്നെ അച്ഛനിൽ നിന്ന് അകറ്റാൻ വന്നവൾ……

എഴുത്ത്:- മഹാ ദേവൻ

സ്കൂളിൽ പോയ മകൾ പതിവില്ലാതെ നേരത്തെ ഒരു ഓട്ടോയിൽ വന്നിറങ്ങുന്നതും ഓടിവന്നു റൂമിൽ കയറി വാതിലടയ്ക്കുന്നതും അമ്പരപ്പോടെ ആണ് ശോഭ നോക്കിയത്.

അവളുടെ പ്രവർത്തികൾ കണ്ട് പേടിച്ചായിരുന്നു ശോഭ ആ മുറിയ്ക്ക് മുന്നിൽ എത്തിയതും. അടഞ്ഞുകിടക്കുന്ന വാതിലിൽ തട്ടിവിളിക്കാൻ കൈ പൊങ്ങിയെങ്കിലും അല്പം ഭയത്തോടെ അവർ കൈ പിൻവലിച്ചു.

ഈ വീട്ടിൽ കയറിവന്നത് അവളുടെ രണ്ടാനമ്മ ആയിട്ടായിരുന്നു.

അല്ലെങ്കിൽ ആരൊക്കെയോ പറഞ്ഞ് മനസ്സിൽ പതിച്ചികൊടുത്ത ക്രൂരമായ മുഖം ആയിരുന്നു തനിക്ക് എന്നോർക്കുമ്പോൾ ശോഭയുടെ കണ്ണൊന്നു നിറഞ്ഞു.

കേട്ട് പഴകിയ രണ്ടാനമ്മയെ അവൾക്ക് പുച്ഛം ആയിരുന്നു. അമ്മയുടെ സ്ഥാനം തട്ടിയെടുത്തവൾ, തന്നെ അച്ഛനിൽ നിന്ന് അകറ്റാൻ വന്നവൾ,

ക്രൂ രമായി മാത്രം പെരുമാറുന്നവൾ… അങ്ങനെ പറഞ്ഞാൽ തീരാത്ത വിശേഷണങ്ങൾ കേട്ടറിഞ്ഞ അവൾക്ക് തന്നിലെ അമ്മയെ മാത്രം കാണാൻ കഴിഞ്ഞില്ലല്ലൊ എന്ന് പലപ്പോഴും ഓർക്കും ശോഭ.

അതുകൊണ്ട് തന്നെ ഇപ്പോൾ വാതിലിൽ തട്ടിവിളിച്ചാൽ അവൾ എങ്ങനെ പ്രതികരിക്കും എന്ന് ശോഭയ്ക്ക് അറിയില്ലായിരുന്നു. പക്ഷേ, വിളിക്കാതിരിക്കാന് കഴിയില്ലല്ലോ. സ്കൂളിലേക്ക് എന്നും പറഞ്ഞ് പോയ കുട്ടി പാതിനേരത്ത് ഇങ്ങനെ വന്നെങ്കിൽ അതിന്റ കാരണം അമ്മയ്ക്ക് അറിഞ്ഞല്ലേ പറ്റൂ..

ശോഭ ഒന്ന് ദീർഘനിശ്വാസം എടുത്തുകൊണ്ടു വാതിലിൽ തട്ടി. അകത്തു നിന്ന് പ്രതികരണം ഒന്നുമില്ലെന്ന് കണ്ടപ്പോൾ ഉള്ളിൽ ഭയം നിറഞ്ഞു. ഒരു പെൺ കുട്ടിയുടെ അമ്മയുടെ മനസ്സ് പേടിയോടെ പല വഴി സഞ്ചരിച്ചു. ആ ഭയം അവളുടെ കൈകൾക്ക് വേഗത കൂട്ടി.

” മോളെ ” എന്നുറക്കെ വിളിച്ചുകൊണ്ടു പല വട്ടം വാതിലിൽ ശക്തിയായി ഇടിച്ചപ്പോൾ ആണ് ശോഭയ്ക്ക് മുന്നിൽ വാതിൽ തുറക്കപ്പെട്ടത്.

പാറിപറന്ന മുടിയും കരഞ്ഞു വീർത്ത കവിളും ശോഭയെ അമ്പരപ്പിച്ചു. അതിനേക്കാൾ അവളെ ഉൾക്കിടിലം കൊള്ളിച്ചത് കവിളിൽ ചുവന്നു കിടക്കുന്ന കൈപ്പടയും പൊട്ടിയ ചുണ്ടും ആയിരുന്നു.

“ഇതെന്താ മോളെ “

വേവലാതോയോടെ ശോഭ അവളുടെ കയ്യിൽ പിടിക്കാൻ ശ്രമിക്കുമ്പോൾ അവൾ ആ കൈ തട്ടിയകറ്റി.

“ഒന്ന് പോകുന്നുണ്ടോ നിങ്ങൾ. എനിക്ക് എന്തായാലും നിങ്ങൾക്ക് എന്താ? ഒരു അമ്മഭരണം. എനിക്ക് വേണ്ട ആരുടേം സ്നേഹോം സഹതാപവും. ദയവ് ചെയ്ത് ഒന്ന് ഈ റൂമിൽ നിന്ന് പോയിതരാമോ “

അവൾ ദേഷ്യത്തോടെ ശോഭയ്ക്ക് മുന്നിൽ കൈ കൂപ്പിയപ്പോൾ നിസ്സഹാ യതയോടെ ശോഭ ആ മുറിവിട്ട് പുറത്തിറങ്ങി. ഇറങ്ങേണ്ട താമസം മകൾ തനിക്ക് മുന്നിൽ വാതിൽ വലിച്ചടയ്ക്കുന്നത് നിരാശയോടെ ആണ് ശോഭ നോക്കിയത്.

അവളുടെ അച്ഛനെ വിളിച്ചു പറഞ്ഞാലോ എന്നാണ് ശോഭ അപ്പോൾ ചിന്തിച്ചത്. പിന്നേ തോന്നി വേണ്ടെന്ന്. ആഴ്ചയിൽ ഒരിക്കൽ വീട്ടിൽ വരുന്ന അദ്ദേഹം പേടിയോടെ ആയിരിക്കും ലീവ് എടുത്തു ഓടിവരുന്നത്. വരുമ്പോൾ മോളുടെ മുഖത്തെ പാടും മറ്റും കണ്ടാൽ ചിലപ്പോൾ നിയന്ത്രണം വിട്ടുപോകും. അതും ചിലപ്പോൾ മോൾക്ക് തന്നോടുള്ള ദേഷ്യം കൂട്ടാൻ കാരണമാകും.

ശോഭ പെട്ടന്ന് മറ്റെന്തോ തീരുമാനിച്ചപ്പോലെ സാരി മാറിയുടുത്തു പുറത്തേക്ക് ഇറങ്ങി. പിന്നേ ടൗണിൽ എത്തി മോള് വീട്ടിലേക്ക് വന്ന ഓട്ടോ തന്നെ കണ്ടുപിടിച്ചു. അതിൽ കയറുമ്പോൾ ശോഭയ്ക്ക് ചോദിക്കാൻ ഒന്നേ ഉണ്ടായിരുന്നുള്ളൂ.

” ചേട്ടാ.. മോള് എവിടെ നിന്നാ ചേട്ടനെ ഓട്ടം വിളിച്ചത് ? “

അയാൾ ഓട്ടോ ഒന്ന് പതിയെ ഓടിച്ചുകൊണ്ട് ഇടയ്ക്കൊന്ന് തിരിഞ്ഞുനോക്കി,

” പാർക്കിൽ നിന്ന് “.

” കണ്ടവന്മാരുടെ കൂടെ പെൺകുട്ടികൾ ങ്ങനെ പോകാൻ തുടങ്ങിയാൽ ഇച്ചിരി കഷ്ട്ടാണ് കാര്യം. ഞാൻ വേറെ ഒരു ഓട്ടം വന്നു തിരിക്കുമ്പോൾ ആണ് ആ കുട്ടിയെ ഒരു പയ്യൻ ത ല്ലുന്നത് കണ്ടത്. എനിക്കും ഇതുപോലെ ഒരു മോള് ഉള്ളത് ക്കൊണ്ട് ഞാൻ ചോദിക്കാൻ ചെന്നതാ.. അപ്പൊ ദേ വരുന്നു ആ ചെക്കന് പിന്നിൽ വേറെ നാലെണ്ണം. എന്തോ ഭാഗ്യം ആ കുട്ടി വേഗം ഓട്ടോയിൽ കേറിയത് കൊണ്ട് എന്റെ തടി കൂടെ കേടാവാതെ അവിടെ നിന്ന് പോരാൻ പറ്റി. അതൊരു ഗ്യാങ് ആണ്. അവരുടെ കയ്യിൽ പോയി പെടുന്ന പെൺകുട്ടികളുടെ അവസ്ഥ ചിന്തിക്കാൻ പോലും പറ്റില്ല. ഇപ്പോഴത്തെ കുട്ടികൾക്ക് എത്ര പറഞ്ഞാലും മനസ്സിലാവത്തും ഇല്ല. സത്യം പറയാലോ, പെൺകുട്ടികളെ പുറത്ത് വിടാൻ പോലും പേടി ആവാ.. മറ്റുള്ള കുട്ടികൾക്കു പറ്റുമ്പോൾ നമ്മൾ തള്ളിക്കളയും, പക്ഷേ, അതെ അവസ്ഥ നമ്മുടെ കുട്ടികൾക്ക് വരുമ്പോഴേ… “

ഓട്ടോക്കാരൻ എന്തൊക്കെയോ പറയാൻ വന്നത് നിർത്തിക്കൊണ്ട് വിഷമത്തോടെ ഓട്ടോ മുന്നോട്ടെടുത്തു.

“അല്ല, നിങ്ങൾക്ക് എവിടെ ആണ് പോണ്ടതെന്ന് പറഞ്ഞില്ല.”

അയാളുടെ ചോദ്യം കേട്ട് അവൾ ഉറച്ച ശബ്ദത്തോടെ പറയുന്നുണ്ടായിരുന്നു

“അതെ പാർക്കിൽ ” എന്ന്.

പാർക്കിൽ എത്തുമ്പോൾ അയാൾ ശോഭയെ ഒന്ന് നോക്കി.

” ചേട്ടാ.. ന്റെ മോളെ അടിച്ചത് ആരാ “

അവളുടെ ചോദ്യം കേട്ടപ്പോൾ അയാൾ അമ്പരപ്പോടെ ആണ് നോക്കിയത്.

” മോളെ, അത് വേണോ. എന്തും ചെയ്യാൻ മടിയില്ലാത്ത ഗ്യാങ് ആണത്. കഴിഞ്ഞത് കഴിഞ്ഞു. ഇനി മോളോട് സൂക്ഷിക്കാൻ പറയുക. അതാണ്‌ നല്ലത്. “

അയാളുടെ വാക്കുകളിലെ പേടി കണ്ടപ്പോൾ അവൾ പുഞ്ചിരിച്ചു.

” ഞാനും എന്തും ചെയ്യാൻ മടിയില്ലാത്ത ആളാണ്‌ ചേട്ടാ… അത് സ്വന്തം മോൾക്ക് വേണ്ടി കൂടെ ആകുമ്പോൾ …… “

അവളുടെ വാക്കുകൾക്ക് മുന്നിൽ മറുതൊന്നും പറയാൻ ഇല്ലാത്തപ്പോലെ ആ ചേട്ടൻ ഒരു മറച്ചുവട്ടിലേക്ക് വിരൽ ചൂണ്ടി.

അവൾ പതിയെ പുറത്തേക്കിറങ്ങി ആ മറച്ചുവട്ടിലേക്ക് നടന്നു. പോകുന്ന വഴി അടുത്തു കണ്ട ഒരു കടയിൽ നിന്ന് രണ്ട് സോഡയും വാങ്ങി മറച്ചുവട്ടിൽ എത്തുമ്പോൾ മറ്റൊരു പെൺകുട്ടിയും ഉണ്ടായിരുന്നു അവന്റ കൈപിടിയിൽ.
പ്രണയമെന്ന വാക്കിന്റെ ഏതോ ലോകത്ത് അവന്റ കരലാളനത്തിൽ കണ്ണടച്ചിരിക്കുന്ന പെൺകുട്ടിയെ ദേഷ്യത്തോടെയും സഹതാപത്തോടെയും നോക്കി ശോഭ. ഇതുപോലെ തന്റെ മോളും ചിലപ്പോൾ…. അതോർക്കുമ്പോൾ അവളുടെ കണ്ണുകൾ ഒന്ന് നനഞു. വീടറിയാതെ ഇതുപോലെ എത്രയോ പെൺകുട്ടികൾ.

അവൾക്ക് കൂടുതൽ ഒന്നും ചിന്തിക്കാൻ ഇല്ലായിരുന്നു. കയ്യിൽ കരുതിയ സോഡാകുപ്പി ഒരു നിമിഷം ഉയർന്നു താഴുമ്പോൾ അലറിവിളിച്ചു വീഴുന്ന പയ്യനിൽ നിന്ന് ആ പെൺകുട്ടി കുതറി മാറിയിരുന്നു.

വീഴ്ചയിൽ നിന്നും എണീക്കാൻ തുടങ്ങിയ അവന്റ തലയിൽ അടുത്ത സോഡാകുപ്പി കൂടെ അടിച്ചുടയ്ക്കുമ്പോൾ അവളുടെ കണ്ണുകൾ ഭീതിയോടെ അപ്പുറത് ആ കാഴ്ച കണ്ട് നിൽക്കുന്ന പെൺകുട്ടിയിൽ ആയിരുന്നു.

ചോ രയിൽ കുളിച്ചു കിടക്കുന്ന അവന്റ മുഖത്തേക്ക് കാർക്കിച്ചുതുപ്പിക്കൊണ്ട് ശോഭ ആ പെൺകുട്ടിയുടെ അരികിലേക്ക് നടന്നു.

അവൾ ശോഭയെ ഭയത്തോടെ നോക്കുമ്പോൾ അവളാ കയ്യിൽ പതിയെ തൊട്ടു.

” മോളെ…. നിന്നെപ്പോലെ ഒരു മോളുടെ അമ്മയാണ് ഞാൻ. ഇപ്പോൾ ഞാൻ ഇത് ചെയ്തെങ്കിൽ നാളെ മോളുടെ അമ്മയ്ക്കും ചിലപ്പോൾ ഇതുപോലെ ചെയ്യേണ്ട ഒരവസ്ഥ വരും. മോള് കാരണം… മനസ്സിലായോ മോൾക്ക്… ഒരാളെ ഇഷ്ടപ്പെടുന്നതിൽ തെറ്റില്ല.. പക്ഷേ, അത് ശരീരത്തോട് ആണോ മനസ്സിനോട് ആണോ എന്ന് തിരിച്ചറിയാൻ കഴിയണം. മനസ്സ് അറിയുന്നവൻ ഒരിക്കലും ഇതുപോലെ നിങ്ങളെ…. “

വാക്കുകൾ മുഴുവനാക്കാൻ കഴിയാതെ ശോഭ പതിയെ പിൻവാങ്ങുമ്പോൾ ഉള്ളിൽ ഒരു ഭയമുണ്ടായിരുന്നു. ഇതിന്റെ പേരിൽ ഇനി അവൻ എന്തായിരിക്കും ചെയ്യാൻ പോകുന്നതെന്നോർത്ത്. ആ ഭയത്തെക്കാൾ ഒക്കെ മേലെ അവൾക്ക് ധൈര്യം പകർന്നത് അത് മാത്രം ആയിരുന്നു.

“ഞാൻ ഒരമ്മയാണ്…ഒരു പെൺകുട്ടിയുടെ അമ്മ.”

തട്ടിക്കൂട്ട് ആണേ 😌😌😌🚶🚶🚶

Related Posts

Leave a Reply

Your email address will not be published. Required fields are marked *