രാവിലെ പത്രത്താള് മറിച്ച് നോക്കുമ്പോഴാണ്, ക്ളാസ്സിഫൈഡ് പേജിലെ പരസ്യം കണ്ട സുനിത, ഭർത്താവിനോട് അതിശയത്തോടെ പറഞ്ഞത്……

അമ്മയെ നോക്കാൻ , അഞ്ച്സെൻ്റ്

Story written by Saji Thaiparambu

അനിച്ചേട്ടാ .. ദേ ഇത് കണ്ടോ? അമ്മയെ നോക്കിയാൽ പ്രതിഫലമായിട്ട്, അഞ്ച് സെൻ്റും വീടും തരാമെന്ന് ,ഇങ്ങനെയൊരു പരസ്യം ഇതാദ്യമായിട്ട് കാണുവാ

രാവിലെ പത്രത്താള് മറിച്ച് നോക്കുമ്പോഴാണ്, ക്ളാസ്സിഫൈഡ് പേജിലെ പരസ്യം കണ്ട സുനിത, ഭർത്താവിനോട് അതിശയത്തോടെ പറഞ്ഞത്.

എന്താടീ, നീയതൊന്ന് വായിച്ചേ

രാവിലെ ജോലിക്ക് പോകുന്നതിന് മുമ്പ് ,തിരക്കിട്ട് ഷേവ് ചെയ്തോണ്ടിരുന്ന അനീഷ് ഭാര്യയോട് പറഞ്ഞു .

കട്ടപ്പന: കീഴൂർ പഞ്ചായത്തിലെ, മലയോര റോഡരികിലെ ലക്ഷങ്ങൾ വിലമതിക്കുന്ന അഞ്ച് സെൻറ് സ്ഥലവും ,അതിൽ നില്ക്കുന്ന വാർപ്പ് വീടും കൂടി ,അതിൻ്റെ ഉടമയുടെ പ്രായമായ അമ്മയെ, ശിഷ്ടകാലം യാതൊരു കുറവും കൂടാതെ നോക്കുന്നവർക്കാണ്, വസ്തു ഉടമ ഇങ്ങനെയൊരു ഓഫർ കൊടുക്കുന്നത് ,ചെറിയ കുടുബമായി കഴിയുന്ന മുപ്പത് വയസ്സിൽ താഴേ പ്രായമുള്ള, നല്ല കുടുംബ പശ്ചാത്തലമുള്ള, കീഴൂർ പഞ്ചായത്തിൽ സ്ഥിരതാമസമാക്കിയ, യുവതികളെയാണ് മേൽ പറഞ്ഞ കാര്യങ്ങൾക്കായി ക്ഷണിക്കുന്നത്,

ഗൾഫിൽ ബിസ്നസ് ചെയ്ത്, അവിടെ കുടുംബമായി കഴിയുന്ന, കല്ലറയ്ക്കലെ ചീനാർ വീട്ടിൽ ജോയിയാണ്, മേൽപ്പറയുന്ന വ്യക്തി, താല്പര്യമുള്ള യുവതികൾക്ക് താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം

എടീ.. സുനിതേ.. എങ്കിൽ നീ എത്രയും വേഗം അയാളെ വിളിക്കെടീ, മറ്റാരെങ്കിലും വിളിക്കുന്നതിന് മുമ്പ്, ഈ ഓഫർ നമുക്ക് വാങ്ങിക്കാം, ഇനിയെങ്കിലും , ഈ വാടക വീട്ടിൽ നിന്ന് മാറി, സ്വന്തം വീട്ടിൽ നമുക്ക് താമസിക്കാമല്ലോ

ശരി ചേട്ടാ.. ഞാൻ ദേ വിളിച്ച് കഴിഞ്ഞു

അപ്പോഴേക്കും സുനിത, താഴെ കണ്ട നമ്പറിൽ ഡയൽ ചെയ്ത് കഴിഞ്ഞിരുന്നു.

അയ്യോ, എൻഗേജ്ഡ് ആണല്ലോ ചേട്ടാ..

അത് പിന്നെ ആകാണ്ടിരിക്കുമോ? വെളിച്ചം വീഴുന്നതിന് മുമ്പേ,പത്രമെടുത്ത് വായിക്കുന്ന ചിലരുണ്ടല്ലോ ?അവരൊക്കെ ഈ പരസ്യം കണ്ട് വിളിച്ച് കൊണ്ടിരിക്കു വായിരിക്കും ,പാവപ്പെട്ടവർക്ക് ഇതൊരു ഓണം ബമ്പറല്ലേ?

ശ്ശൊ ! എനിക്കിത് കുറച്ച് കൂടെ നേരത്തെ വായിക്കാൻ തോന്നിയില്ലല്ലോ ചേട്ടാ..

ങ്ഹാ, ഇനി അത് പറഞ്ഞിട്ടെന്താ കാര്യം, നീ കിട്ടുന്നത് വരെ വിളിച്ചോണ്ടിരിക്ക്, എനിക്കേതായാലും, ജോലിക്ക് പോകാൻ സമയമായി, ഞാൻ കുളിച്ചിട്ട് പോകാൻ നോക്കട്ടെ

ആ ദൗത്യം സുനിതയെ ഏല്പിച്ചിട്ട് ,അനീഷ് വേഗം കുളിമുറിയിലേക്ക് പോയി.

അനീഷ് ബൈക്കുമെടുത്ത് പോയിക്കഴിഞ്ഞപ്പോഴും, സുനിത തൻ്റെ ശ്രമം തുടർന്ന് കൊണ്ടിരുന്നു.

ഒടുവിൽ, അങ്ങേത്തലയ്ക്കൽ റിങ്ങ് ചെയ്യുന്നത് കേട്ടപ്പോൾ, ആശ്വാസ ത്തോടെയവൾ നെറ്റിയിലെ വിയർപ്പ് തുടച്ചു .

ഹലോ

അപ്പുറത്ത്, ഘനഗംഭീരമായ പുരുഷ സ്വരം കേട്ടു.

ഹലോ സർ ,ഞാൻ കീഴൂർ പഞ്ചായത്ത് ഓഫീസിനടുത്തുള്ള സുനിതയെന്ന് പറയുന്ന യുവതിയാണ് വിളിക്കുന്നത്

ങ്ഹാ പറയു സുനിതേ.. നിങ്ങൾ പരസ്യം കണ്ടാണോ വിളിക്കുന്നത്

അതേ സാർ ,എനിക്ക് ഭർത്താവും രണ്ട് ചെറിയ കുട്ടികളുമുള്ള ഒരു കുഞ്ഞ് കുടുംബമാണുള്ളത് ,മുപ്പത് വയസ്സ് തികയാൻ ഇനിയും ആറ് മാസം ബാക്കിയുണ്ട് ,സാറ് പറഞ്ഞത് പോലെ ,സാറിൻ്റെ അമ്മയെ ഞാൻ പൊന്ന് പോലെ നോക്കിക്കൊള്ളാം ,ഒരു കുറവും വരുത്തില്ല ,സാറിനെ ഒരു പാട് പേർ വിളിച്ചിട്ടുണ്ടെന്ന് എനിക്കറിയാം, പക്ഷേ സാർ, ഞാനും കുടുംബവും ഒരു വാടക വീട്ടിലാണിപ്പോൾ താമസം, സ്വന്തമായൊരു വീടില്ല, ഈ ഓഫർ ഞങ്ങൾക്ക് തരികയാണെങ്കിൽ, സാറിനെ ദൈവം അനുഗ്രഹിക്കും

ഓകെ സുനിതാ.. നമുക്ക് നോക്കാം അതിരിക്കട്ടെ, നിങ്ങളുടെ വീട്ടിൽ സുനിതയുടെ അമ്മയാണോ കൂടെയുള്ളത്, അതോ ഭർത്താവിൻ്റെ അമ്മയാണോ ?

ഇല്ല സാർ, അവർ രണ്ട് പേരുമില്ല, അത് കൊണ്ട് ,എനിക്ക് സാറിൻ്റെ അമ്മയെ നല്ലത് പോലെ ശ്രദ്ധിക്കാൻ പറ്റും

അതെന്താ സുനിതേ.. നിങ്ങളുടെ അമ്മമാരെ നോക്കാൻ ,വേറെ ആരെങ്കിലുമുണ്ടോ?

ഓഹ്, അതിന് അവരെ നോക്കാൻ പ്രത്യേകിച്ച് ആരും വേണമെന്നില്ല, മക്കളൊക്കെ സ്വന്തം കുടുംബമായി മാറിയപ്പോൾ, ഒറ്റയ്ക്ക് ജീവിച്ച് അവർക്കതൊക്കെ ശീലമായി സാർ

ഉം, അപ്പോൾ സുനിതയ്ക്ക് പ്രധാനമായും വേണ്ട യോഗ്യതയില്ലെന്ന് സാരം

അയ്യോ ,അതെന്താണ് സാർ

അമ്മമാരെ ശുശ്രൂഷിച്ചും, അവരുടെ ആവശ്യങ്ങൾ നിറവേറ്റിയും, സുനിതയ്ക്ക് എക്സ്പീരിയൻസ് ഒട്ടുമില്ല ,സ്വന്തം അമ്മയെപ്പോലും മര്യാദയ്ക്ക് നോക്കിയിട്ടില്ല ,അങ്ങനെയുള്ളൊരാൾക്ക്, എങ്ങനെ എൻ്റെ അമ്മയെ പൊന്ന് പോലെ നോക്കാൻ കഴിയും?

അയ്യോ സാർ, വേണമെങ്കിൽ ഞങ്ങളുടെ അമ്മമാരെ കൂടി സാറ് തരുന്ന വീട്ടിൽ താമസിപ്പിക്കാം, അപ്പോൾ സാറിൻ്റെ അമ്മയ്ക്കും ഒരു കൂട്ടാവുമല്ലോ ?

ഹ ഹ ഹ ,ആർക്ക് വേണമെങ്കിലെന്നാ സുനിത പറഞ്ഞത് ,എനിക്ക് വേണമെങ്കിലെന്നല്ലേ? നിങ്ങളെപ്പോലെ സ്വന്തം കുടുംബമാകുമ്പോൾ, വൃദ്ധരായ അച്ഛനമ്മമാരെ, അവരെങ്ങനെയെങ്കിലും ജീവിച്ച് കൊള്ളും എന്ന് ചിന്തിച്ച്, സ്വന്തം സുഖം നോക്കി പോകുന്നവരോട്, ഞാനൊന്ന് പറഞ്ഞോട്ടെ ,നമ്മുടെയൊക്കെ അമ്മമാർ ,കുറഞ്ഞത് ആറും ഏഴുമൊക്കെ മക്കളെ പ്രസവിക്കുകയും, അവരെ ഓരോരുത്തരെയും ,ഒരു കുറവും വരുത്താതെ ഒരേ പോലെ വളർത്തി വലുതാക്കുകയും ചെയ്തവരാണ് ,സുനിതയുടെ അമ്മ എന്നെങ്കിലും, നിങ്ങൾ മക്കൾ , എങ്ങനെയെങ്കിലും വളർന്നോളും, എന്ന് വിചാരിച്ച് വഴിയിലുപേക്ഷിച്ച് പോയിട്ടുണ്ടോ?

ഒരമ്മയ്ക്ക് ഒരു പാട് മക്കളെ കഷ്ടപ്പെട്ട് വളർത്തിയെടുക്കേണ്ട സാഹചര്യമുണ്ടായിട്ട് പോലും, ഒരാളെ പോലും അവർ വഴിയിലുപേക്ഷിച്ചില്ല, എന്നാൽ ,മക്കൾക്ക് തങ്ങളുടെ ഒരു അമ്മയുടെയോ അച്ഛൻ്റെയോ, കാര്യം മാത്രം നോക്കിയാൽ മതിയായിരുന്നിട്ടും , അത് പോലും സ്വാർത്ഥരായ നിങ്ങൾ മക്കൾ ചെയ്തിട്ടില്ല, അത് കൊണ്ട് ,ആദ്യം നിങ്ങൾ സ്വന്തം അമ്മമാരെ പൊന്ന് പോലെ നോക്കു ,ഞാൻ നിങ്ങളെ ഫോളോ ചെയ്യാം ,കുറഞ്ഞത് ഒരു ആറ് മാസമെങ്കിലും നിങ്ങളവരോട് നീതി പുലർത്തുന്നുണ്ടെന്ന്, എനിക്ക് ബോധ്യമായാൽ, ഞാൻ നിങ്ങളെ സെലക്ട് ചെയ്യാം,എന്നെ ഈ കാര്യം പറഞ്ഞ് വിളിച്ച എല്ലാ യുവതികളോടും, ഞാനിത് തന്നെയാണ് പറഞ്ഞത്, അപ്പോൾ ഇന്ന് തന്നെ, ഒറ്റയ്ക്ക് താമസിക്കുന്ന നിങ്ങളുടെ അമ്മമാരെ കൂട്ടികൊണ്ട് വന്ന്, പുതിയൊരു ജീവിതം തുടങ്ങു ,അത് വരെ എൻ്റെ അമ്മയെ നോക്കാൻ ഞാൻ നാട്ടിൽ തന്നെയുണ്ടാവും

അത്രയും പറഞ്ഞ് അദ്ദേഹം ഫോൺ വച്ചപ്പോൾ, സുനിത ഒരു കാര്യം ഉറപ്പിച്ചു, ആറ് മാസമെങ്കിലും താൻ രണ്ടമ്മമാർക്ക് വേണ്ടിയും, കുറച്ച് ബുദ്ധിമുട്ട് സഹിച്ചാലെ, തനിക്ക് ഒരു വീടും സ്ഥലവും സ്വന്തമാകു എന്ന്

അന്ന് തന്നെ അനീഷിനോട് വിവരങ്ങൾ പറഞ്ഞ്, സുനിത സ്വന്തം അമ്മയേയും അനീഷിൻ്റെ അമ്മയേയും കൂട്ടിക്കൊണ്ട് വന്നു.

ആറ് മാസത്തിന് ശേഷം ജോയിയുടെ ഫോൺ വന്നു.

ങ്ഹാ സുനിതാ.. ഞാൻ ജോയിയാണ്, നിങ്ങളെ ഞാൻ കഴിഞ്ഞ ആറ് മാസങ്ങളിലും ഫോളോ ചെയ്യുകയായിരുന്നു.എനിക്ക് തൃപ്തിയായി ,അത് കൊണ്ട്, ഞാൻ പറഞ്ഞ ഓഫറുകളും, എൻ്റെ അമ്മയെയും സുനിതയ്ക്ക് തരാൻ തീരുമാനിച്ചു.

സോറി സാർ ,സാറ് വേണമെങ്കിൽ അമ്മയെ എനിക്ക് തന്നോളു ,അവരെ ഞാൻ പൊന്ന് പോലെ നോക്കിക്കൊള്ളാം, പക്ഷേ സാറ് അതിന് പകരം തരുന്ന പ്രതിഫലമുണ്ടല്ലോ? അഞ്ച് സെൻറും വാർത്ത വീടും ,അതെനിക്ക് വേണ്ട ,അതിന് ഞാൻ അർഹയല്ല ,കാരണം, കുറഞ്ഞ ഒരു കാലയളവിലേക്ക് ഒരമ്മയെ നോക്കാൻ, ഇത്രയും പ്രതിഫലമാണെങ്കിൽ, ഒരായുസ്സ് മുഴുവൻ മക്കളെ നോക്കുന്ന മാതാപിതാക്കൾക്ക്, പകരം എന്ത് കൊടുത്താൽ മതിയാകും സാർ, എന്നെ എൻ്റെയമ്മ എല്ല് നുറുങ്ങുന്ന വേദന സഹിച്ച്,എനിക്ക് തന്ന ഈ ജന്മം മാത്രം മതി ,പ്രതിഫലേച്ഛ കൂടാതെ എനിക്ക് എൻ്റമ്മയെ നോക്കാൻ ,എൻ്റെ കണ്ണ് തുറപ്പിച്ചത് അങ്ങയുടെ ഉപദേശങ്ങളായിരുന്നു ,അതിൻ്റെ കടപ്പാട് എനിക്ക് അങ്ങയോടുണ്ട് ,അത് കൊണ്ടാണ് അങ്ങയുടെ അമ്മയെ ഞാൻ ഫ്രീയായി നോക്കിക്കൊള്ളാമെന്ന് പറഞ്ഞത്

കൊള്ളാം സുനിതേ.. നന്നായി ,ഇപ്പോഴാണ് സുനിത ശരിക്കും ഞാൻ തന്ന ടാസ്കിൽ വിജയിച്ചത് ,സുനിത കരുതുന്നത് പോലെ, ഞാൻ വിദേശ മലയാളിയായ ജോയിയല്ല ,ഈ നാട്ടിൽ തന്നെയുള്ള ഒരു സാമൂഹിക പ്രവർത്തകനാണ് , നമ്മുടെ നാട്ടിൽ ,മക്കളുണ്ടായിട്ടും ഒറ്റപ്പെട്ട് കഴിയേണ്ടി വരുന്ന, കുറെ അമ്മമാരുടെ ജീവിതം, എനിക്ക് എന്നുമൊരു വേദനയായിരുന്നു, അതിന് ഒരു പരിഹാരമുണ്ടാക്കുവാനായി, ഞാനൊരു നാടകം കളിച്ച് നോക്കിയതാണ്, കുറച്ച് പേരെങ്കിലും ,അതിൽ വിജയിച്ചെന്ന് അറിഞ്ഞപ്പോൾ, എൻ്റെ ശ്രമം വിഫലമായില്ലല്ലോ? എന്നാരാശ്വാസം എനിക്കുണ്ട്, പിന്നെ, സുനിതയ്ക്കും കുടുംബത്തിനും, സ്വന്തമായിട്ട് ഒരു വീട് ,അതാണ് ഇനി എൻ്റെ അടുത്ത ഉദ്യമം ,താമസിയാതെ, സർക്കാരിൻ്റെ ഏതെങ്കിലുമൊരു പദ്ധതിയിൽ നിന്നും ,സുനിതയ്ക്കും കുടുംബത്തിനുമായുള്ള വീട്, ഞാൻ സംഘടിപ്പിച്ച് തരും ,അപ്പോൾ എല്ലാ വിധ ആശംസകളും നേരുന്നു

അദ്ദേഹം ഫോൺ വച്ചപ്പോൾ, സുനിതയുടെ മനസ്സ് നിറയെ ചാരിതാർത്ഥ്യ മായിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *