സാവിത്രി അലിഞ്ഞുപോയി അസ്ഥിയായ മണ്ണിലേക്ക് പോകാൻ ഒരു ധൈര്യമില്ലായ്മയാണ് ഇതുവരെ എന്നെ വിലക്കിയിരുന്നത്. അവൾ മരിച്ചുപോയ നാളിൽ തിമിർത്തുപെയ്ത……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

തിരിച്ചുവരുകയാണെന്ന് പറഞ്ഞപ്പോൾ വേലായുധന് സന്തോഷമായി. അവന്റെ ശബ്ദത്തിലത് പ്രകടമായിരുന്നു. എപ്പോഴാണ് വരുന്നതെന്നൊന്നും പറഞ്ഞില്ല. ഫോൺ വെക്കുമ്പോൾ വൈകാതെ ഉണ്ടാകുമെന്ന് മാത്രം ഞാൻ അറിയിച്ചു.

ആയകാലത്ത് എല്ലാത്തിനും ഒരു സഹായം വേലായുധൻ തന്നെയായിരുന്നു. വീട് പൂട്ടി തക്കോലും അവനെയാണ് ഏൽപ്പിച്ചത്. ചിതല് തിന്നാതെ അവൻ നോക്കിക്കൊള്ളുമെന്ന് എനിക്കറിയാം. കൃഷി ചെയ്യാതെ പാടം നശിപ്പിക്കരുതെന്നും ഞാൻ നിർദ്ദേശിച്ചിരുന്നു. നെല്ല് പാകിയിട്ടുണ്ടെന്ന് ഇന്നാള് വിളിച്ചപ്പോൾ വേലായുധൻ പറഞ്ഞിരുന്നു. എന്തായാലും ഇത്ര പെട്ടെന്ന് ഞാൻ തിരിച്ചുവരുമെന്ന് അവനും കരുതി കാണില്ല.

മോനാണ് എന്നെ വേരോടെ പറിച്ചെടുത്ത് മറ്റൊരു സംസ്ഥാനത്തിലെ നഗരത്തിൽ വെച്ചുപിടിപ്പിച്ചത്. ഒരു വർഷമാകുന്നു. അപ്പോഴേക്കും എനിക്ക് മതിയായി. വേരുകൾ താഴ്ന്നുമില്ല. പടരുന്നുമില്ല. വേർപാടുകളിൽ തൊട്ട് മറിഞ്ഞു വീഴുമോയെന്നയൊരു അവസ്ഥ….!

ബഹളങ്ങളുടെ നടുവിലുള്ള ബഹുനില കെട്ടിടത്തിന്റെ ഏഴാമത്തെ നിലയിലാണ് ഞാൻ പാർക്കുന്നത്. മോനും, മരുമോളും, കോളേജിൽ പഠിക്കുന്ന പ്രായത്തിലുള്ള അവരുടെ രണ്ട് പിള്ളേരുമുണ്ട്. ജീവിതം സന്തോഷത്തിൽ തന്നെയാണ്. പക്ഷേ, ചില നേരങ്ങളിൽ വല്ലാത്തയൊരു മാനസികാവസ്ഥയിലൂടെ തല കടന്നുപോകും. എന്തൊക്കെയോ നഷ്ട്ടപ്പെട്ടതുപോലെ… പലരേയും കാണാതായത് പോലെ…!

സാവിത്രി അലിഞ്ഞുപോയി അസ്ഥിയായ മണ്ണിലേക്ക് പോകാൻ ഒരു ധൈര്യമില്ലായ്മയാണ് ഇതുവരെ എന്നെ വിലക്കിയിരുന്നത്. അവൾ മരിച്ചുപോയ നാളിൽ തിമിർത്തുപെയ്ത മഴയിൽ ദിനവും ഞാൻ നനഞ്ഞ് കുതിരുന്നത് ഇപ്പോൾ പതിവായിരിക്കുന്നു. ഞെട്ടിയുണരുമ്പോൾ വിയർത്ത് പൊള്ളുന്നു.. പ്രായത്തിന്റെ അസ്‌ക്യതകൾ ഉണ്ടെന്നുള്ളത് ഒഴിച്ചാൽ പ്രതേകിച്ചൊരു ശാരീരിക പ്രശ്നങ്ങളൊന്നും എനിക്കില്ല. വല്ലായ്മകളെല്ലാം മനസ്സെന്ന് പറയുന്ന ആ അനുഭവ ഇടത്തിനാണ്. തിരിച്ച് പോയാലോയെന്ന് ആലോചന ശക്തമാകുന്നതും അങ്ങനെയാണ്.

എന്റെ കണ്ണും കരളും ഇപ്പോഴും നാട്ടിലെ പാടത്തിലാണ്. തോട്ടിലെ ഒളിമീനുകളെല്ലാം കണ്ണിൽ പിടക്കുന്നു. പറമ്പിലെ തെങ്ങിൽ നിന്ന് അടർന്ന് വീഴുന്ന തേങ്ങയുടേയും മടലിന്റേയും ശബ്ദവും എന്റെ കാത് തുളക്കുന്നു. സാവിത്രിയാണ് വല്ലാതെ എന്നെ വിഷമിപ്പിക്കുന്നത്. എനിക്ക് മുന്നേ പോയതിന്റെ പരിഭവം ചില ശ്വാസങ്ങളിൽ അവളോട് ഞാൻ പ്രകടിപ്പിക്കാറുണ്ട്. ഒരുപക്ഷേ, ഇപ്പോൾ തിരിച്ച് വിളിക്കുന്നതും അവൾ തന്നെയായിരിക്കും.

അമ്മയെ ഓർത്ത് ഇനിയുള്ള ജീവിതം അച്ഛൻ ഇവിടെ കരഞ്ഞുതീർക്കുമെന്ന് പറഞ്ഞാണ് നാട്ടിൽ നിന്ന് മോൻ എന്നെ കൂടെ വരാൻ നിർബന്ധിച്ചത്. തനിച്ചായാൽ ഓരോന്ന് ഓർത്ത് ഹൃദയം പൊട്ടിപ്പോകുമെന്ന് എനിക്കും തോന്നി. അതുകൊണ്ടാണ് ഞാൻ അവനെ അനുസരിച്ചത്. ആദ്യ നാളുകളിലൊന്നും നഗരമൊരു പ്രശ്നമല്ലായിരുന്നു. പതിയേ പലതുമെന്റെ പ്രാണനിൽ നിന്നും തിരിച്ചുകിട്ടാത്ത വിധം പൊഴിഞ്ഞു പോകുന്നുവെന്ന് ആരോ പറയുന്നത് പോലെ.

വിട്ടുപോകേണ്ടി വരുമ്പോഴാണ് തൊട്ടു നിന്നതിലെല്ലാം തിളക്കമുണ്ടായിന്നുവെന്ന് മനസിലാക്കാൻ സാധിക്കുന്നത്. മക്കൾ പറന്നുപോയതിന് ശേഷവും സാവിത്രിയുമായി സുഖ ജീവിതത്തിൽ തന്നെയായിരുന്നു ഞാൻ. ജീവൻ അടർന്ന് അവൾ വീണപ്പോൾ എല്ലാം നഷ്ട്ടമായെന്ന് എനിക്ക് തോന്നി. പതിറ്റാണ്ടുകളോളം പാതിയായി നിന്നവളുടെ ഇല്ലായ്മയിൽ ലോകം ശൂന്യമായോയെന്ന് വരെ ഞാൻ സംശയിച്ചുപോയി.

മോൻ സ്നേഹത്തോടെ കൂടെ വിളിച്ചപ്പോൾ വരരുതായിരുന്നു.. വയസ്സുകാലത്ത് മക്കൾക്കൊരു ഭാരമാകരുതെന്ന് ഞാനും സാവിത്രിയും ഒരുപോലെ തീരുമാനിച്ചതാണ്. അവളത് കൃത്യമായി നടപ്പിലാക്കി. എനിക്കും അവളുള്ള മണ്ണിൽ തന്നെ വീണാൽ മതി. പോണം. തിരിച്ചുപോയേ പറ്റൂ…

മോള് കുടംബത്തോടപ്പം വിദേശത്താണ്. ജീവനില്ലാത്ത അമ്മയെ കാണാൻ കരഞ്ഞുകൊണ്ട് അവളും അന്ന് പറന്നുവന്നിരുന്നു. അടക്കം കഴിഞ്ഞപ്പോൾ തിരിച്ചു പാറുകയും ചെയ്തു. അവളും കൂടെ ചെല്ലാൻ എന്നെ ക്ഷണിച്ചിരുന്നു.

‘അച്ഛാ… എന്തിനാണ് ഈ വാശി. അവിടെ ഒറ്റയ്ക്ക് എന്തെടുക്കാനാണ്…?’

നാട്ടിലേക്ക് പോകണമെന്ന എന്റെ തീരുമാനം കേട്ടപ്പോൾ മോൻ ചോദിച്ചു. എനിക്ക് മറുപടി ഉണ്ടായിരുന്നില്ല. അതിനർത്ഥം എനിക്ക് പോയേ പറ്റൂവെന്നാണെന്ന് മോന് അറിയാം. ആഴ്ച്ചയൊന്ന് കഴിഞ്ഞപ്പോൾ കൊണ്ടുവന്നതെല്ലാം പെട്ടിയിലാക്കി ഞാൻ യാത്ര തിരിച്ചു. മോന്റെ കാറിൽ സുഖമുള്ളയൊരു യാത്ര. എത്തേണ്ട ഇടത്തേക്കുള്ള ദൂരം കുറയുന്തോറും നെഞ്ച് പിടയുന്നതുപോലെ….

അന്ന് വൈകുന്നേരമൊക്കെ ആയപ്പോഴേക്കും ഞങ്ങൾ വീട്ടിലേക്ക് എത്തി. കാറ് വരുന്നതും കാത്ത് വേലായുധൻ മുറ്റത്ത് തന്നെയുണ്ടായിരുന്നു. മോൻ ഇറങ്ങിയിട്ടും ഞാൻ അകത്ത് തന്നെയിരുന്നു. സാവിത്രിയില്ലാത്ത മണ്ണിലേക്ക് കാലെടുത്ത് വെക്കാൻ തന്നെ പ്രാണൻ വല്ലാതെ മടിക്കുന്നു. വേലായുധൻ വന്ന് ഗ്ലാസിൽ മുട്ടിയപ്പോൾ ഞാൻ പുറത്തേക്കിറങ്ങി.

അന്തരീക്ഷത്തിൽ മഴപെയ്യുമെന്ന സകല ലക്ഷണങ്ങളുമുണ്ട്. പെയ്യും മുമ്പേ അകത്തേക്ക് കയറാമെന്ന് വേലായുധൻ പറഞ്ഞു. പെട്ടിയൊക്കെ മോനാണ് എടുത്തത്. സാവിത്രിയുടെ സമാധിയിലേക്ക് നോക്കാൻ എനിക്ക് കഴിഞ്ഞതേയില്ല. നാളെയാകട്ടെ. വേലായുധനേയും കൂട്ടി അവിടെയെല്ലാമൊന്ന് വൃത്തിയാക്കണം.

അങ്ങനെ ഓർത്തുകൊണ്ട് പടികൾ കയറും മുമ്പേ മാനം എന്റെ തലയിലേക്ക് പൊട്ടി വീണു. നനഞ്ഞപ്പോൾ എനിക്ക് അനങ്ങാൻ പറ്റിയില്ല. വേലായുധനും മോനും അകത്തേക്ക് കയറെന്ന് ഉറക്കെ പറഞ്ഞിട്ടും ഞാൻ കേട്ടില്ല. കൊണ്ടുകൊണ്ടിരിക്കുന്നത് വളരേ പരിചയമുള്ളയൊരു പരിഭവ മഴയാണെന്ന് എനിക്ക് തോന്നുകയായിരുന്നു. സാവിത്രി മരിച്ചുപോയ നാളിൽ തിമിർത്തുപെയ്ത അതേ മഴയാണെന്ന് ആ നേരം ഞാൻ അനുഭവിക്കുകയായിരുന്നു….!!!

Leave a Reply

Your email address will not be published. Required fields are marked *