ഹരിയേട്ടാ, നിങ്ങടെ ഓഫീസിലെ സുന്ദരിക്കോത പ്രിയ ഇപ്പോളെങ്ങനെയാണ് ജോലിക്കു വരണേ? അവൾടെ കെട്ട്യോൻ ഗൾഫിലല്ലേ, കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് അവളെ…….

ലോക്ക് ഡൗൺ

എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട്

പാതിരാവാകാറായിരുന്നു, പരസ്പരം പുണർന്ന്, മുഖം പ്രിയതമയുടെ കഴുത്തിലേക്കു പൂഴ്ത്തുന്നതിനിടയിലാണ്, ചുവരരികു ചേർന്നു കിടന്നിരുന്ന അഞ്ചുവയസ്സുകാരൻ മകൻ അസ്പഷ്ടമായി എന്തോ പിറുപിറുത്തുകൊണ്ടു തിരിഞ്ഞു കിടന്നത്..പരസ്പരം വേറിട്ട്, തെല്ലുനേരം ശ്രദ്ധിച്ചു. കുഞ്ഞ്, ഉറക്കം തുടർന്നു. അവൻ്റെ അനുക്രമമായ ഉച്ഛാസതാളങ്ങൾ തുടർന്നു. ഉടലുകൾ വീണ്ടും പുളഞ്ഞു ചേർന്നു.

“ഹരിയേട്ടാ, നിങ്ങടെ ഓഫീസിലെ സുന്ദരിക്കോത പ്രിയ ഇപ്പോളെങ്ങനെയാണ് ജോലിക്കു വരണേ? അവൾടെ കെട്ട്യോൻ ഗൾഫിലല്ലേ, കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് അവളെ ആരാ ഓഫീസിൽ കൊണ്ടാക്കീത്? ആ വെടക്കു ലുക്കുള്ള, അവൾടെ ആങ്ങളയാവും ല്ലേ?

എന്തായിരുന്നു അവൾടെ ഒരു ജാഡ, ബസ് സ്റ്റാൻഡിനടുത്തു തന്നേ വീട്, കെട്ട്യോനില്ലെങ്കിലും സാരല്ല്യാ, ഏതു നേരോം ബസ്സ്, ഇന്നാള് അവളോട് വർത്താനം പറഞ്ഞപ്പോ തന്നേ എനിക്കു ബോധ്യായി അവളുടെ ജാഡ, അവൾടെ ഒരു ടൈറ്റ് ജീൻസും, ബ്ലൂ ലേഡി പെർഫ്യൂമും, ഓർക്കുമ്പോ തന്നെ ദേഷ്യം വരണൂ.”

“എൻ്റെ ഷീലേ, ഇതൊരുമാതിരി, പണ്ടത്തേ ദൂരദർശനിലേ ഞായറാഴ്ച്ച സിനിമ പോലെയായല്ലോ? ക്ലൈമാക്സ് ആവണേനു മുമ്പ് രസം കളയാൻ വാർത്ത വരണ മാതിരി, കെടക്കപ്പായേല്, നല്ല നേരത്താണോ ഇത്തരം സംശയങ്ങള്, ചോദിച്ചാം പക്കം പറയാം, പ്രിയ ഇപ്പോൾ ബസ്സിൽ തന്നെയാണ് വരണേ, ചില ബസ്സില് കേറാനും പറ്റില്ല, സീറ്റിംഗ് കപ്പാസിറ്റി കഴിഞ്ഞ കാരണം.. ചിലത് നിർത്തൂല്ല്യാ…. ഇപ്പോ ഓടിക്കിതച്ചാ വരണേ, സന്തോഷായില്ലേ, പന്ത്രണ്ടുമണിയാവാറായി, ക്ടാവ് എഴുന്നേൽക്കണേനു മുൻപ് കാര്യം കഴിഞ്ഞു കിടക്കാൻ നോക്കാം.”

വീണ്ടും, ഉടലുകൾ പിണഞ്ഞു.

പ്രഭാതം,

“ഹര്യേട്ടാ, ഞാൻ നിങ്ങടെ കൂടെ ബസ് സ്റ്റാൻഡു വരേ വരണുണ്ട്, നാളെ, മ്മടെ രതീഷിൻ്റെ മോളുടെ പിറന്നാളല്ലേ, സ്റ്റാൻഡിൻ്റെ ഓപ്പോസിറ്റുള്ള തുണിക്കട ഒമ്പതു മണിക്ക് തുറക്കില്ലേ? ഡ്രസ് എടുത്ത്, ഞാൻ ഓട്ടോക്കു തിരിച്ചു പോന്നേക്കാം. പത്തു മിനിറ്റു നേരത്തേ ഇറങ്ങാം, നിങ്ങള് കടേ കേറാൻ നിക്കണ്ടാ, ഞാൻ എറങ്ങണ വരേ, ഒന്നു വെയ്റ്റ് ചെയ്താ മതി, എനിക്ക് നിങ്ങടെ പരിചയത്തിലുള്ള ഒരോട്ടോ പിടിച്ചു തരാനാ.. തിരിച്ചു വരാൻ… നിങ്ങള്, ഓഫീസിന്നു വരുമ്പോ മുഷിഞ്ഞല്ലേ വര്വാ, ഇത്, കയ്യോടെ വാങ്ങാം… ക്ടാവ്, അമ്മേരെ അടുത്തിരുന്നോളും, വാ, മ്മക്ക് പൂവാം”

ബസ് സ്റ്റാൻഡ്, ഷീല തുണിക്കടേന്നു ഇറങ്ങിവരണുണ്ട്, സാധാരണ നേരത്തിനേക്കാളും പത്തു മിനിറ്റു നേരത്തേ ഇറങ്ങീത് നന്നായി. വേഗം, ഇവളെ ഓട്ടോയിൽ കേറ്റി വിടണം. ഇവള് റോഡ് ക്രോസ് ചെയ്യാൻ എന്തോരം നേരാ എട്ക്കണ്, എല്ലാ വണ്ട്യോളും പോയിട്ട് കടക്കാനാണെങ്കിൽ നാളെ നേരം വെളുക്കും…

പൊടുന്നനേ ബൈക്കൊന്നുലഞ്ഞു. വീഴാനാഞ്ഞ ബൈക്കിനേ ബാലൻസ് ചെയ്തു നിർത്തി. ഒരു ബ്ലൂലേഡി പെർഫ്യൂം ഗന്ധം ഉടലാകെപ്പൊതിഞ്ഞു. ഈശ്വരാ, പ്രിയാ….

“എൻ്റെ ഹര്യേട്ടാ, ഞാൻ വൈക്യോ..? പതിവു നേരത്താണല്ലോ ഞാനെറങ്ങീത്,.ഈ ഹെൽമറ്റും തൂക്കിപ്പിടിച്ച് കാത്ത് നിക്കാണ്ട് കഴിഞ്ഞല്ലോ, മഹാഭാഗ്യം… വാ, പൂവാം…”

അവളുടെ ജീൻസിലൊതുങ്ങാത്ത തുടകൾ, ഹരിയേ ഇറുക്കിപ്പിടിച്ചു. റോഡിന്ന പ്പുറത്തേക്കു നോക്കി, ഷീലയേ കാണാനുണ്ടായിരുന്നില്ല. അപ്പുറത്തേ ഓട്ടോസ്റ്റാൻഡിൽ നിന്നും, ഒരോട്ടോ മുരണ്ടു നീങ്ങി, അതിൽ നിന്നും, ഷീലയുടെ തീക്കണ്ണുകൾ ഹരിയേ പൊള്ളിച്ചു കടന്നുപോയി.

“എന്തൂട്ടാ, ഹര്യേട്ടാ ആലോചിക്കണേ? ആകെ വെയർത്തൂലോ, നമുക്ക് പോകാം,” പ്രിയ ഒന്നുകൂടെ, ചേർന്നിരുന്നു. ഹെൽമെറ്റുകൾ കൂട്ടിമുട്ടി.

ബൈക്ക് പതിയേ മുന്നോട്ടു നീങ്ങി. ശേഷം, അചിന്ത്യം……

*********************

Related Posts

Leave a Reply

Your email address will not be published. Required fields are marked *