എഴുത്ത്:- ശ്രീജിത്ത് ഇരവിൽ
ആകെയുള്ള അഞ്ചര സെന്റ് സ്ഥലത്ത് കെട്ടി വെച്ച തറയിൽ നിന്നും കൊല്ലം ഒന്നായിട്ടും ചുമര് ഉയർന്നിട്ടില്ല. അതിന്റെയൊരു വിഷമം മാത്രമേ കൽപ്പണിക്കാരനായ അയാൾക്കുള്ളൂ…
സർക്കാരിന്റെ സൗജന്യ വീടിനുള്ള അർഹതയില്ലെന്ന് പറഞ്ഞ പഞ്ചായത്തിനോടും, ഇടത്തേക്ക് വാഹനങ്ങൾക്ക് വരാനുള്ള വഴിയില്ലായെന്ന് പറഞ്ഞ് ഭവന വായ്പയുടെ കാര്യത്തിൽ കൈമലർത്തിയ ബാങ്കുകളോടും, അയാൾക്ക് യാതൊരു പരിഭവവുമില്ല.
വാടകവീട്ടിൽ തന്റെ പെണ്ണിനേയും കുഞ്ഞിനേയും പൊത്തിപ്പിടിച്ച് കിടക്കുമ്പോഴെന്നും അയാൾ അവളോട് അതുപറയും… നമ്മുടെ വീടും ഒരിക്കൽ കുടപോലെ ഉയരുമെന്ന പ്രതീക്ഷ പങ്കുവെക്കും… അതുകേൾക്കുമ്പോൾ നിങ്ങൾ ഉള്ളപ്പോൾ എനിക്കെന്തിന് മറ്റൊരു മേൽക്കൂരയെന്ന അർത്ഥത്തിൽ അവളൊന്ന് കൂടി അയാളിലേക്ക് അമരും. ആ നിമിഷങ്ങളിൽ ആറുവയസ്സുള്ള തന്റെ കുഞ്ഞ് ഉണരാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്…
നാട്ടുകാരുമായി എത്രതന്നെ സമ്പർക്കം പുലർത്തിയാലും അയാളുടെ ജീവിതം തന്റെ പെണ്ണും കുഞ്ഞും മാത്രമായി ബന്ധപ്പെട്ട് കിടക്കുന്നയൊരു സുന്ദരമായ ത്രികോണമാണ്. സാമ്പത്തികമായി മറികടക്കാൻ പറ്റാത്ത വിധത്തിലുള്ള പ്രായോഗിക പ്രതിസന്ധികളുടെ മൂന്നുകോണുകളിലും ഇരുട്ടാണ്. അതുബന്ധപ്പെട്ട് കിടക്കുന്ന വഴികളിലെല്ലാം അവരുടെ കലർപ്പില്ലാത്ത സ്നേഹത്തിന്റെ ത്രിമാന ചിത്രങ്ങൾ തൂങ്ങിയാടിയിരുന്നു…
അന്ന് വീട് പണിയാനുള്ള കണക്കുകൂട്ടലുകളിൽ ചേർന്ന ചിട്ടി അളിയനെ ഗൾഫിലേക്ക് അയക്കാൻ പെങ്ങള് കരഞ്ഞ് വന്ന് ചോദിച്ചപ്പോൾ കൊടുത്തതാണ്. വീട് വെക്കുമ്പോൾ തിരിച്ച് തരാമെന്ന് പറഞ്ഞത് കൊണ്ട് അയാൾ രണ്ടാമതൊന്ന് ആലോചിച്ചതുമില്ല.
പച്ചയുടുപ്പിട്ട കരയുടെ നെറ്റിയിൽ പുൽപ്പൂക്കൾ മൊട്ടിട്ടത് പോലെ പെങ്ങളുടെ ജീവിതം പതിയേ മനോഹാരിതയിലേക്ക് മാറപ്പെട്ടു. അയാളും കുടുംബം അപ്പോഴേക്കും കൊടും വരൾച്ചയിലേക്ക് നടന്ന് തുടങ്ങിയിരുന്നു…
അത്തറും പലഹാരവുമായി പിന്നീട് പല തവണ പെങ്ങളും അളിയനും അയാളുടെ വാടകവീട്ടിലേക്ക് എത്തിയിരുന്നു. എങ്കിലും കൊടുക്കാനുള്ള പണത്തെക്കുറിച്ച് മാത്രം അവർ യാതൊന്നും പറഞ്ഞില്ല. താൻ കാരണം പെങ്ങൾക്കൊരു മെച്ചപ്പെട്ട ജീവിതമുണ്ടായല്ലോയെന്ന് ഓർത്തുകൊണ്ട് അയാൾ അവരോട് ചോദിച്ചതുമില്ല.
സ്നേഹമായാലും സമ്പത്തായാലും കൊടുത്തത് തിരിച്ച് ചോദിക്കാൻ കഴിവില്ലാത്ത മനുഷ്യരിൽ കൂട്ടിച്ചേർക്കാൻ പറ്റുന്ന ഒരാളായിരുന്നു അയാളും. മര്യാദയ്ക്കൊന്ന് ഉറങ്ങുവാൻ പറ്റാത്തവിധം വീടെന്ന സ്വപ്നം അയാളുടെ കൺപോളകളിലേക്ക് അപ്പോഴേക്കും കുത്തി തടഞ്ഞ് നിന്നിരുന്നു.
ഒരിക്കലൊരു രാത്രിയിൽ നിങ്ങൾ ഇത്രയും പാവമായി പോയല്ലോയെന്ന് പറഞ്ഞുകൊണ്ട് അവൾ അയാളോട് പരിഭവപ്പെട്ടു. വീടെന്ന ഭാഗ്യം അനുഭവിക്കാനുള്ള യോഗം നമുക്ക് ആയിട്ടുണ്ടാകില്ലെന്ന് മാത്രം പറഞ്ഞുകൊണ്ട് അയാൾ തിരിഞ്ഞുകിടന്നു.
‘അതേയ്…. ഞാനൊരു കാര്യം പറഞ്ഞാൽ നിങ്ങള് കേൾക്കുമോ…?’
“കേൾക്കും… “
നമുക്ക് ആ തറയിൽ രണ്ട് ഷീറ്റ് വലിച്ച് കെട്ടിയിട്ട് താമസം മാറാമെന്ന് അവൾ പറഞ്ഞു. കേൾക്കുമെന്ന് പറഞ്ഞ അയാൾ കേൾക്കാത്തത് പോലെ കിടന്നു. അതിനാണോ നമ്മൾ ഇത്രയും കാലം കാത്തിരുന്നതെന്ന് ചോദിക്കും മുമ്പേ, ഇവിടുത്തെ വാടകയെങ്കിലും നമുക്ക് ലഭിക്കാമല്ലോയെന്നും അവൾ പറഞ്ഞു. ആലോചിച്ചപ്പോൾ അയാൾക്കും അത് ശരിയാണെന്ന് തോന്നി.
പിറ്റേന്ന് നൂല് പോലെയുള്ള താലിമാലയൂരി അവൾ അയാൾക്ക് കൊടുത്തിട്ട്, മഴയും വെയിലും കൊള്ളാതിരുന്നാൽ മതിയെന്ന് മാത്രം പറഞ്ഞു. തീയിൽ പൊള്ളി മിനുസമായ കളിമൺ കല്ലുകൾ രണ്ടടി ഉയരത്തിൽ തറയിൽ നിന്ന് അയാൾ കെട്ടിയുയർത്തി.. അവളും സഹായിച്ചു… രണ്ടുനാളിനുള്ളിൽ നിർമ്മാണം കഴിയുകയും ചെയ്തു…
സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്നറിയില്ല… രണ്ടുപേരുടേയും കണ്ണുകളിൽ നിന്ന് മൂന്നുനാല് തുള്ളികൾ ആ കൂരയിലെ മൺ തറയിലേക്ക് വീണ് കലർന്നിരുന്നു. കൗതുകത്തോടെ എല്ലാം നോക്കി നിന്ന അവരുടെ ആറുവയസ്സുള്ള കുഞ്ഞ് അതുമാത്രം കണ്ടില്ല…
വാടക വീട്ടിലേക്ക് പോയപ്പോഴാണ് കാര്യങ്ങളൊക്കെ അറിയുന്നതെന്നും പറഞ്ഞ് നാളുകൾക്കുള്ളിൽ പെങ്ങളും അളിയനും അയാളെ കാണാനായി ആ കൂരയിലേക്ക് വന്നു. അയാൾ അവരെ ചിരിച്ചുകൊണ്ട് സ്വാഗതം ചെയ്തു. അവൾ അവിടെ ഉണ്ടായിരുന്ന പാൽപ്പൊടിയെല്ലാം തട്ടി ചായയുമിട്ടു. അത് ഊതിയൂതി കുടിച്ചുകൊണ്ടാണ് അളിയനൊരു കവറെടുത്ത് അയാൾക്ക് കൊടുത്തത്… ഉണ്ടായിരുന്ന വീട് ഇടിച്ചു വീഴ്ത്തി പുതുക്കി പണിതെന്നും, രണ്ടുപേരും തലേ നാൾ തന്നെ വരണമെന്നും അളിയൻ പറഞ്ഞു..
പെങ്ങൾ ആ നേരം അയാൾക്ക് മുഖം കൊടുക്കാതെ ഇവനങ്ങ് മെലിഞ്ഞുപോയല്ലോയെന്ന് പറഞ്ഞ് കുഞ്ഞിനെ അമർത്തി തലോടുകയായിരുന്നു….
മറ്റ് കുശലങ്ങളും പറഞ്ഞ് പോകാൻ നേരം നിങ്ങൾ എങ്ങനെയാണ് വന്നതെന്ന് അയാൾ വെറുതേ അവരോട് ചോദിച്ചു. അതിന് ദൂരേക്ക് കൈചൂണ്ടി നമ്മള് പുതിയ കാറ് വാങ്ങി ഏട്ടായെന്ന് പറയാൻ ആ പെങ്ങൾക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല. അത് ഏതായാലും നന്നായിയെന്ന് പറഞ്ഞ് സന്തോഷത്തോടെ പുഞ്ചിരിക്കാൻ അയാൾക്കും…!!!

