പുതിയ അധ്യായം
Story written by Sheeba Joseph
അച്ഛനും മക്കളും കൂടി കഴിക്കാൻ കയറിയാൽ ഒരു ബഹളം തന്നെയാണ്.
“എല്ലാവർക്കും ചൂട് പാലപ്പം തന്നെ വേണം. അതും നല്ല മൊരുമൊരാന്ന് ഇരിക്കണം.”
“ബീനയ്ക്ക് മൂന്ന് മക്കളാണ്.”
“രണ്ടാണും ഒരു പെണ്ണും.”
“രണ്ടുപേർ കോളേജിലും ഒരാള് സ്കൂളിലുമാണ് പഠിയ്ക്കുന്നത്.”
ഭർത്താവ് വിനോദ്, വലിയ ഒരു കമ്പനിയിലെ മാനേജരാണ്.
ബീനയ്ക്കു, രാവിലെ പിടിപ്പതു പണിയാണ്. രാവിലെ കഴിക്കാൻ ഉള്ളതും ഉച്ചയ്ക്ക് ഉള്ളതും എല്ലാം ഉണ്ടാക്കണം. എല്ലാവരെയും ഒന്ന് പറഞ്ഞു വിട്ടു വരുമ്പോൾ തന്നെ ബീന ഒരു പരുവം ആകും.
അമ്മേ, എനിയ്ക്ക് ഒരപ്പം കൂടി താ. ?
“ഡിഗ്രിക്ക് പഠിക്കുന്ന മകൾ ആണ്.”
വരുന്നു… ഇപ്പൊ തരാം…എനിയ്ക്ക് രണ്ടു കൈയേ ഒള്ളൂ.?
” ഒന്നു വേഗം താമ്മേ.. എനിക്ക് സമയം പോകും..”
അമ്മയ്ക്കിവിടെ പ്രത്യേകിച്ച് പണി ഒന്നും ഇല്ലല്ലോ.? ഇവിടെ വെറുതേ ഇരുന്നാൽ പോരെ..?
ഇപ്പോൾ തന്നെ പല പ്രാവശ്യം ആയി അവളുടെ ഇതുപോലെയുള്ള സംസാര രീതി കേൾക്കാൻ തുടങ്ങിയിട്ട്..
“അമ്മയ്ക്കിവിടെ ഒരു പണിയുമില്ല എന്നത്..”
ബീന തിരിച്ചൊന്നും പറയാറില്ല.. ഇപ്പോഴത്തെ പിള്ളേരല്ലേ. ?
“മറ്റുള്ളവരെ മനസ്സിലാക്കാനുള്ള കഴിവ് ഇപ്പോഴത്തെ കുട്ടികൾക്കില്ല.”
എല്ലാവരെയും യാത്രയാക്കി എന്തേലും കഴിച്ചെന്ന് വരുത്തി ബീന ഒരിടത്ത് വന്നിരുന്നു. നാലഞ്ച് മണിക്കൂർ ഒരേ നിൽപ്പാണ് അടുക്കളയിൽ.
ഇരുപത്തിരണ്ട് കൊല്ലമായി ബീന ആ വീട്ടിൽ എത്തിയിട്ട്. ആദ്യത്തെ പത്തു കൊല്ലം വിനോദിൻ്റെ അപ്പനും അമ്മയും ഉണ്ടായിരുന്നു. അന്നൊക്കെ അവരുടെ കാര്യവും നോക്കണമായിരുന്നു.
“ഇപ്പോൾ അവരില്ല. മക്കൾ വളർന്നു അത്രേ ഉള്ളൂ വ്യത്യാസം.”
ബീന, ബാക്കി പണികളെല്ലാം ഒതുക്കി ഒന്നു നടു നിവർത്തി.
വൈകുന്നേരമായപ്പോൾ, എല്ലാവരും കൂടി ചായകുടിയും ബഹളവും ആയി പിന്നെയും തിരക്കായി. ചായ കുടിയൊക്കെ കഴിഞ്ഞ് എല്ലാവരും അവരവരുടെ ലോകത്തേയ്ക്ക് പോയി.
ഒരു അടുക്കളക്കാരി എന്നതിലപ്പുറം, ആരും അവളെ ഒന്നു പരിഗണിക്കുന്നത് പോലും ഉണ്ടായിരുന്നില്ല.
അമ്മേ, ഇന്ന് എൻ്റെ ഫ്രണ്ടിൻ്റെ ബർത്ത് ഡേ പാർട്ടി ഉണ്ട്.?
രാത്രിയിൽ എനിക്കൊന്നും വേണ്ടാ കേട്ടോ..?
രാത്രിയിലോ..!
നീ പോകണ്ട..?
അമ്മ എന്താ ഈ പറയുന്നത്.. !
ഞാൻ ചെല്ലാമെന്ന് വാക്ക് പറഞ്ഞതാണ്.?
” ഈ അടുക്കളയിൽ കിടന്ന് നിരങ്ങുന്ന അമ്മയ്ക്കിതൊന്നും പറഞ്ഞാൽ മനസ്സിലാകില്ല. “
അവള് പോട്ടെടി, നിന്നെപ്പോലെയാണോ അവള്.?
“നീയോ ഇങ്ങനെ അടുക്കളയിൽ ആയിപ്പോയി.”
“വിനോദ് മോളുടെ ഭാഗം ന്യായീകരിച്ച് എത്തി…”
നിങ്ങൾ അച്ഛനും മക്കളും കൂടി എന്താന്ന് വച്ച ചെയ്യ്. ഞാൻ ഒന്നും പറയുന്നില്ല. ?
ആൺമക്കൾ പിന്നെ പ്രത്യേകിച്ച് ഒന്നും പറയില്ല..അവർക്ക് നാലു നേരം വല്ലോം കഴിക്കാൻ കിട്ടിയാൽ മതി.
ബീനയ്ക്കു ശരിക്കും സങ്കടം ആയി.. ഒരു അടുക്കളക്കാരി എന്നതിനപ്പുറം , ഒരു ഭാര്യയുടെയോ, അമ്മയുടെയോ ഒരു വിലയും വിനോദും മക്കളും അവൾക്ക് കൊടുത്തിരുന്നില്ല.
വിനോദിൻ്റെ കമ്പനിയിൽ ഫാമിലി മീറ്റ് ഒക്കെ നടക്കാറുണ്ട്.. ഇതുവരെയും അവളെ അവിടെ കൊണ്ട് പോയിട്ടില്ല.
“ചോദിച്ചാൽ പറയും… അവിടെയൊക്കെ വലിയ വലിയ ആളുകൾ ഒക്കെയാണ് വരുന്നത്. നീ അവരോടൊക്കെ എന്ത് സംസാരിക്കാനാണ്.”
മീനും ഇറച്ചിയും ഉണ്ടാക്കുന്ന കാര്യമോ.?
“എനിയ്ക്ക് കൂടി നാണക്കേടാണ്.”
“വിനോദിൻ്റെ ആ വാക്കുകൾ ഒരു തീ പൊള്ളൽ പോലെ അവളുടെ നെഞ്ചില് ഇപ്പോഴും ഉണ്ട്..”
പിന്നെ അവൾ ഒന്നും ചോദിച്ചിട്ടില്ല. അവളെ കൊണ്ട് പറ്റുന്ന പണികൾ ഒക്കെ ചെയ്ത് വീട്ടിൽ തന്നെ ഒതുങ്ങി കൂടി..
അടുത്ത ദിവസം, എല്ലാവരെയും യാത്രയാക്കിയിട്ടു ബീന തൻ്റെ അലമാരയ്ക്കുള്ളിൽ ആരും കാണാതെ സൂക്ഷിച്ചു വച്ച ഫയൽ പുറത്തെടുത്തു.
“അതിൽ അവളുടെ കോളേജ് സർട്ടിഫിക്കറ്റുകളും, നേട്ടങ്ങളും ഒക്കെ ആയിരുന്നു. “
എല്ലാം എടുത്ത് പുറത്തിട്ടു. ഓരോന്നായി നോക്കുന്നതിനിടയിലാണ് അവളത് കണ്ടത്.
“ബെസ്റ്റ് എംബ്ലോയി അവാർഡ് കിട്ടിയ ബാഡ്ജ്.”
“പോസ്റ്റ് ഗ്രാജുവേഷൻ കഴിഞ്ഞ് ഒരു കമ്പനിയിൽ ജോലിയ്ക്ക് കയറുമ്പോൾ അഭിമാനം ആയിരുന്നു. “
ജോലി ചെയ്ത് ആദ്യത്തെ ശമ്പളം കൊണ്ട് അഛനും അമ്മയ്ക്കും കൂടപിറപ്പുകൾക്കും തുണികളും മധുരവും വാങ്ങി കൊണ്ടു പോയതും. ശമ്പളം കിട്ടിയ പൈസ അച്ഛൻ്റെ കയ്യിൽ വച്ചു കൊടുക്കുന്നതും എല്ലാം ഓർത്ത് ബീന പൊട്ടിക്കരഞ്ഞു..
ഓഫീസിൽ ബെസ്റ്റ് എംപ്ലോയി അവാർഡ് തന്നിട്ട് വിശ്വനാഥൻ സാർ പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു.
“ഒരു ഓഫീസ്, ബീനയുടെ കയ്യിൽ കൊടുത്താൽ പിന്നെ ഒരു ടെൻഷനും ഇല്ലാതെ നമുക്ക് തലപ്പത്ത് ഇരുന്നാൽ മാത്രം മതി എന്ന്.. “
“എല്ലാ കാര്യങ്ങളും പെർഫെക്റ്റ് ആയി നോക്കി നടത്താൻ ഒരു പ്രത്യേക കഴിവ് തന്നെയാണ് ബീനയ്ക്കെന്ന്.”
വിവാഹത്തിന്, ഒരു വർഷം മുൻപ് തന്നെ അവൾക്ക് ആ ജോലി ഉപേക്ഷിക്കേണ്ടി വന്നു. അമ്മയ്ക്ക് തീരെ സുഖമില്ലാതെയായി. നോക്കാൻ ആരുമില്ലായിരുന്നു.
“ബീനയ്ക്ക് ജോലിയെക്കാളും വലുത് അവളുടെ അമ്മയുടെ ജീവനായിരുന്നു.”
അമ്മ ആരോഗ്യവതിയൊന്നും ആയില്ലെങ്കിലും ജീവിതത്തോട് മല്ലടിച്ച് കുറച്ചുനാൾ കൂടി അമ്മ ജീവിച്ചിരുന്നു.
അതിനുശേഷം ആയിരുന്നു ബീനയുടെ കല്യാണം.?
വലിയൊരു കമ്പനിയിൽ ജോലിചെയ്യുന്ന വിനോദ് പെണ്ണുകാണാൻ വന്നപ്പോൾ, അവൾ ജോലിയില്ലാത്ത ഒരു പെണ്ണ് മാത്രമായിരുന്നു.
വിനോദിന് പ്രായമായ അവരുടെ അപ്പനെയും അമ്മയെയും വീട്ടുകാര്യവും ഒക്കെ നോക്കാൻ ഒരു പെണ്ണ് മതിയായിരുന്നു. പെട്ടെന്ന് തന്നെ കല്യാണം നടന്നു…
ബീന ജോലി ചെയ്തിട്ടുള്ള കാര്യമൊന്നും ആ കുടുംബത്തിൽ ആർക്കും തന്നെ അറിയില്ലായിരുന്നു. ഭാര്യയ്ക്ക് ജോലി വേണമെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയായിരുന്നില്ല വിനോദ്.
ഭാര്യ എന്നാൽ, ഭർത്താവിൻ്റെയും മക്കളുടെയും കാര്യങ്ങളും, വീട്ടുകാര്യങ്ങളും ഒക്കെ നോക്കി വീട്ടിലിരിക്കുന്ന ആളായിരിക്കണം എന്നാണ് വിനോദിൻ്റെ കാഴ്ചപ്പാട്.
അച്ഛൻ്റെയും അമ്മയുടെയും കാലശേഷം, അവൾ ജോലി ചെയ്ത കാലഘട്ടം ഒക്കെ ഒരു സ്വകാര്യ ദുഃഖം മാത്രമായി മാറി.. സർട്ടിഫിക്കറ്റുകൾ എല്ലാം ഒരു ഫയലിൽ അടച്ച്, അലമാരയ്ക്കുള്ളിൽ ആരും കാണാതെ സൂക്ഷിച്ചു വച്ചു.
“സങ്കടങ്ങൾ ഒരുപാട് ആകുമ്പോൾ അതൊക്കെ എടുത്ത് നോക്കി അവൾ പൊട്ടിക്കരയുമായിരുന്നു. “
“വിനോദേട്ടനും മക്കൾക്കും എപ്പോഴും പാലപ്പം ചുട്ടും, മീൻ കറി വച്ചും ഒക്കെ കഴിയുന്ന ഒരു സാധാരണ പെണ്ണ് മാത്രമായിരുന്നു അവൾ.”
” ഓർമ്മകൾ അവളുടെ കണ്ണ് നനയിച്ചു കൊണ്ടിരുന്നു. “
“വൈകുന്നേരം ആയി…എല്ലാവരും ഇപ്പോൾ വരും. “
എല്ലാവരും വരുന്നതിനു മുൻപ് തന്നെ ബീന തൻ്റെ സ്വകാര്യ ദുഃഖങ്ങളൊക്കെ ഫയലിൽ അടച്ചു തിരിച്ചു വച്ചു.
അങ്ങനെയിരിക്കെയാണ് വിനോദിന്റെ കമ്പനിയിൽ ഒരു ഫാമിലി മീറ്റ് കൂടി വന്നത്. വലിയൊരു കമ്പനിയായിരുന്നു അത്. ഇതുവരെയും ബീനയെ അങ്ങനെയുള്ള മീറ്റിങ്ങുകൾക്കൊന്നും വിനോദ് കൊണ്ടുപോയിരുന്നില്ല…
“പക്ഷെ, ഇത്തവണ എല്ലാവരും ഫാമിലിയെ നിർബന്ധമായിട്ടും കൊണ്ടു വരണമെന്ന് അവർ ശാഠ്യം പറയുന്നുണ്ടായിരുന്നു. അങ്ങനെ, അവളെയും കൊണ്ടുപോകാൻ തീരുമാനിച്ചു. “
“സ്റ്റാറ്റസ് കീപ് ചെയ്യാൻ ആണേലും വിലകൂടിയ സാരിയും ഓർണമെൻസും ഒക്കെ വാങ്ങി കൊടുത്തു.”
“ഭാര്യയെ, മറ്റുള്ളവരുടെ മുന്നിൽ പ്രദർശിപ്പിക്കാനുള്ള ഒരു നീക്കം.” അതിലപ്പുറം അവളതിന് ഒരു പ്രാധാന്യവും കൊടുത്തില്ല.”
ഫാമിലി മീറ്റ് നടക്കുന്ന സ്ഥലം…
ആദ്യം, ഒരു മീറ്റിംഗ് ആയിരുന്നു.
മീറ്റിംഗ് തുടങ്ങി….
അവിടെ പ്രസംഗിക്കാൻ വന്ന ആളെ കണ്ടിട്ട് അവൾക്ക് എവിടെയോ കണ്ടു നല്ല പരിചയം പോലെ തോന്നി. കുറച്ചു കൂടി അടുത്ത് ചെന്ന് സൂക്ഷിച്ചു നോക്കി.
“വിശ്വനാഥൻ സാർ”
“ബീന, ആദ്യമായി ജോലിയ്ക്ക് കയറിയ ഓഫീസിലെ മാനേജർ ആയിരുന്നു വിശ്വനാഥൻ സാർ.”
“അവൾക്ക് ബെസ്റ്റ് എംപ്ലോയ്ക്കുള്ള ബാഡ്ജ് കുത്തി കൊടുത്തത് വിശ്വനാഥൻ സാർ ആയിരുന്നു. “
സാറിനവളെ കണ്ടാൽ മനസ്സിലാകാൻ, സാധ്യത തീരെ കുറവായിരുന്നു.
പത്തിരുപത്തിരണ്ട് വർഷങ്ങൾക്കിപ്പുറമായില്ലേ. ?
എന്നാലും സാറിൻ്റെ മുന്നിൽ പെടാതെ അവൾ ഒഴിഞ്ഞു മാറി നിന്നു.
“വിശ്വനാഥൻ സാർ കമ്പനിയിലെ വലിയ പൊസിഷനിലായിരുന്നു. “
ഒരുപാട് പേർ ജോലി ചെയ്യുന്ന വലിയ കമ്പനിയായിരുന്നു അത്. ഓഫീസിലുള്ള എല്ലാവർക്കും വിശ്വനാഥൻ സാറിനെ ഒരുപാട് ഇഷ്ട്ടമാണ്. “നല്ല ഒരു മനസ്സിന് ഉടമയായിരുന്നു അദ്ദേഹം.”
മീറ്റിംഗിന് വന്നവർ ഓരോരുത്തരായി തങ്ങളുടെ ഫാമിലിയെ പരിചയപ്പെടുത്താൻ തുടങ്ങി.?
” ആ കമ്പനിയിലെ മാനേജർ ആയിരുന്നു വിനോദ്. “
അടുത്തത് വിനോദിൻ്റെ ഊഴം ആയിരുന്നു. ബീനയെ, ഇതുവരെയും അവരാരും തന്നെ കണ്ടിട്ടുണ്ടായിരുന്നില്ല.
വിനോദ് അവളെയും കൂട്ടി സ്റ്റേജിലേയ്ക്ക് കയറി. അവളെ പരിചയപ്പെടുത്തി.
“ഇതെൻ്റെ ഭാര്യ ബീന.”
“പ്രത്യേകിച്ച് ജോലി ഒന്നും ഇല്ല.”
“വീട്ടുകാര്യങ്ങളും പിള്ളേരുടെ കാര്യങ്ങളും ഒക്കെ നോക്കി വീട്ടിൽ തന്നെ ഇരിക്കുന്നു.”
ബീനയ്ക്കു എന്തോ പോലെ തോന്നി…
അവിടെയുള്ള മിക്കവർക്കും പറയാൻ ഭാര്യമാർക്ക് ഒരു ജോലി ഉണ്ടായിരുന്നു..
താൻ മാത്രം പിള്ളേരുടെയും, വീട്ടുകാര്യങ്ങളും ഒക്കെ നോക്കി വീട്ടിൽ ഇരിക്കുന്ന വീട്ടമ്മ…
വിശ്വനാഥൻ സാർ അവളെ നോക്കി ചിരിച്ചു കൊണ്ട് അവളുടെ അടുത്തേയ്ക്ക് ചെന്നു…
“ബീന… ” “അല്ലേ..”
“അതേ സാർ…”
“തന്നെ ഞാൻ എവിടെയോ കണ്ട് നല്ല പരിചയം. അങ്ങോട്ട് ഓർമ്മ കിട്ടുന്നില്ല.”
“സാർ, ഞാൻ ബീനയാണ്..”
“സാറിൻ്റെ കയ്യിൽ നിന്നും എനിക്കൊരു സമ്മാനം ഒക്കെ കിട്ടിയിട്ടുണ്ട്.”
” ഒരു ബെസ്റ്റ് എംപ്ലോയ് അവാർഡ്.”
മൈ ഗോഡ് , വാട് എ സർപ്രൈസ്.. !
എൻ്റെ ബീനാ, നീ ആയിരുന്നോ വിനോദിന്റെ അടുക്കളക്കാരി ഭാര്യ.?
എൻ്റെ വിനോദേ, താൻ എന്തൊരു മനുഷ്യനാടോ.?
വിനോദ് അന്താളിച്ച് നിൽക്കുകയാണ്.
ഒരു മാണിക്യത്തിനെ ആണോടോ താൻ ഇത്രനാളും അടുക്കളയിലെ ചവറ്റുകുട്ടയിൽ ഇട്ട് നശിപ്പിച്ചു കൊണ്ടിരുന്നത്.?
” എല്ലാവരും അവരെ തന്നെ ഉറ്റു നോക്കിക്കൊണ്ടിരുന്നു.”
വിശ്വനാഥൻ സാർ, ബീന ജോലി ചെയ്തിരുന്ന കാലഘട്ടത്തിലെ കാര്യങ്ങൾ എല്ലാം അവിടെ വിശദീകരിച്ചു.
“എൻ്റെ ഇതുവരെയുള്ള ജീവിതത്തിൽ ബീനയെ പോലെ ഇത്ര എഫീഷ്യന്റ് ആയ ഒരാളെ ഞാൻ കണ്ടിട്ടില്ല എന്ന് സാർ പറഞ്ഞപ്പോൾ അവളുടെ കണ്ണു നിറഞ്ഞു പോയി. “
“അവളുടെ ജീവിതത്തിലെ ഇരുപത്തി രണ്ട് വർഷം അവൾ അനുഭവിച്ച ശ്വാസംമുട്ടൽ ഒരു ഒറ്റമൂലി കൊണ്ട് മാറുന്ന പ്രതീതി ആയിരുന്നു വിശ്വനാഥൻ സാറിൻ്റെ വാക്കുകൾക്ക്. “
മീറ്റിംഗ് കഴിഞ്ഞു തിരിച്ചു വീട്ടിലേക്കുള്ള യാത്രയിൽ അവർ പരസ്പരം ഒന്നും സംസാരിച്ചിരുന്നില്ല…
ബീനയുടെ ഉള്ളിൽ മുഴുവൻ ഒരു അവാർഡും വാങ്ങി തിരിച്ചു വരുന്നതിന്റെ സന്തോഷം ആയിരുന്നു…
വീടെത്തി കാറിൽ നിന്ന് ഇറങ്ങുമ്പോൾ വിനോദ് അവളുടെ കയ്യിൽ പിടിച്ചിട്ട് “സോറി” എന്നൊരു വാക്ക് മാത്രം പറഞ്ഞു.
“ഇരുപത്തിരണ്ട് വർഷം അവളനുഭവിച്ച അടുക്കളക്കാരിയുടെ ജീവിതത്തിൽ നിന്ന് ഒരു റിലീഫ് കിട്ടിയ പോലെ സന്തോഷം ആയിരുന്നു ആ വാക്കുകൾക്ക്.”
ഇനിയും ഒരു ജോലി വേണമെന്നൊന്നും ബീനയ്ക്ക് ആഗ്രഹമില്ലായിരുന്നു. അമ്മ ജോലി ചെയ്തിരുന്ന കാലഘട്ടത്തിലുള്ള വിശേഷങ്ങൾ അറിയാനുള്ള ആകാംഷയോടെ മക്കൾ അവളുടെ അടുത്ത് വന്നിരുന്നു.
ആദ്യമായി, അമ്മയെ അവർ അഭിമാനത്തോടെ നോക്കുന്നത് അവൾ കണ്ടു.
“ഇനിയും, ഒരു ജോലി വേണമെന്നൊന്നും ബീനയ്ക്ക് ആഗ്രഹം ഇല്ലായിരുന്നു. തന്റെ മക്കളുടെയും കുടുംബത്തിൻ്റെയും കാര്യങ്ങൾ ഇത്ര ഭംഗിയായി നിർവഹിക്കുന്നത് തന്നെ ഒരു വീട്ടമ്മ എന്ന നിലയിൽ ഏറ്റവും മഹത്തായ ജോലിയായി അവൾ കരുതിയിരുന്നു .”
” ആ അടുക്കളക്കാരിയുടെ സ്ഥാനത്ത് നിന്നുകൊണ്ട് തന്നെ, വിനോദേട്ടനും മക്കളും തന്നെ അംഗീകരിക്കാൻ തുടങ്ങിയിരിക്കുന്നു, എന്നുള്ളത് തന്നെയാണ് ഒരു ഭാര്യ എന്ന നിലയിലും അമ്മയെന്ന നിലയിലും തനിയ്ക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം. അതിലവൾ സന്തോഷവതി ആയിരുന്നു..
അടുത്തദിവസം ഓഫീസിൽ നിന്നും വരുമ്പോൾ വിനോദിന്റെ കയ്യിൽ, ഒരു കവർ ഉണ്ടായിരുന്നു. അതവളെ ഏൽപ്പിച്ചു.
ഇതെന്താ വിനോദേട്ടാ?
താൻ അതൊന്ന് തുറന്നു നോക്ക്.?
ബീന കവർ തുറന്ന് അതിനകത്തുള്ള പേപ്പർ എടുത്ത് വായിച്ചു. അവളുടെ കണ്ണുകൾക്കത് വിശ്വസിക്കാൻ പറ്റിയില്ല.
” വിനോദേട്ടന്റെ കമ്പനിയിൽ, വിശ്വാനാഥൻ സാറിൻ്റെ അസിസ്റ്റൻറ് ആയി തന്നെ നിയമിച്ചിരിക്കുന്നു.”
“അയ്യോ വിനോദേട്ടാ എനിക്കിനി ജോലി ചെയ്യാൻ ഒന്നും പറ്റില്ല. ” “ബീന ഒഴിഞ്ഞു മാറാൻ നോക്കി.”
അതൊന്നും, ഒരു കുഴപ്പവുമില്ല. നീ ജോലി ചെയ്യണം.?
ഇത്രയും നാളും നീ അടുക്കളയിൽ കിടന്ന് നരകിച്ചില്ലെ.?
“ഇനിയെങ്കിലും നീ സ്വതന്ത്രയാകണം.”
വിനോദേട്ടാ, അപ്പോൾ മക്കളുടെയും കുടുംബത്തിന്റേയും കാര്യം ആരു നോക്കും.?
“നമുക്കൊരു സർവന്റിനെ വയ്ക്കാമടോ.”
” നീ ജോലി ചെയ്തിട്ടു വരുന്ന ബാക്കി സമയം കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധിക്കുകയും ചെയ്യാം. “
“അവൾ അഭിമാനത്തോടെ വിനോദിനെ നോക്കി. “
“എൻ്റെ വിനോദേട്ടൻ, എന്നെ അംഗീകരിച്ചിക്കുന്നു. “
“വിനോദ് അവളെ ചേർത്തുപിടിക്കുമ്പോൾ, രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. “
തൻ്റെ വിനോദേട്ടന് തന്നെ അംഗീകരിച്ചിരിക്കുന്നു എന്നുള്ള സന്തോഷം കൊണ്ടാണ് ബീനയുടെ കണ്ണ് നിറഞ്ഞത്.
തന്റെ ഭാര്യയുടെ മനസ്സറിയാതെ താൻ ഇതുവരെയും അവളെ കഷ്ടപ്പെടുത്തിയല്ലോ എന്നോർത്താണ് വിനോദ് കരഞ്ഞത്.
“ബീനയുടെ ജീവിതത്തിൽ പുതിയ ഒരു അധ്യായം അവിടെ തുടങ്ങുകയായിരുന്നു.”

