ഈ ഫോർമാലിറ്റി മാറ്റി നിർത്തിക്കൂടെ. നമ്മൾ രണ്ടു പേര് മാത്രം ഉള്ളപ്പോൾ തനിക്ക് പേര് വിളിക്കാം.. ‘ അയാൾ ഒരു നിമിഷം നിർത്തിയിട്ട് തുടർന്നു’ അല്ലെങ്കിൽ പണ്ടത്തെ പോലെ വൈശു……

_upscale

Story Written by Vasudha Mohan

മാനേജറിൻ്റെ ക്യാബിനിൽ നിന്ന് ഇറങ്ങി വരുമ്പോൾ ഇന്ദുവിൻ്റെ മുഖം കടന്നൽ കുത്തിയത് പോലെ വീർത്തിരുന്നു.

‘ കൃഷ്ണവേണിയോട് ചെല്ലാൻ പറഞ്ഞു ‘ കൃഷ്ണ ക്യാബിനിൽ കയറി പോകുന്നത് കണ്ട് ഇന്ദു പല്ലു കടിച്ചു .

‘ എന്തേ ഇന്ദു… പുതിയ മാനേജർ വീണില്ല അല്ലേ?’ അടുത്തിരുന്ന ശ്യാമ അവളെ കളിയാക്കി.

‘ എന്നെക്കാൾ മുൻപേ വീഴ്ത്താൻ ആളുണ്ടല്ലോ ‘ ഇന്ദു കലിപ്പിൽ പറഞ്ഞു.

‘ ആര്?’

എല്ലാവരും ആകാംഷയോടെ ചെവി കൂർപ്പിച്ചു’

‘ ഇപ്പൊ കേറി പോയില്ലേ. അവൾ തന്നെ ‘

‘ എൻ്റെ ഇന്ദു, ദൈവദോഷം പറയരുത്. ഇന്നലെ വന്ന അയാളോട് കൃഷ്ണ മര്യാദക്ക് സംസാരിച്ചിട്ടു പോലും ഉണ്ടാവില്ല ‘

‘ ഹാ… എന്നെക്കാൾ വിശ്വാസം എല്ലാർക്കും അവളെ ആണല്ലോ. എന്നോട് അയാൾ എന്താ പറഞ്ഞേന്ന് അറിയോ? മിസ്സ് ഇന്ദു വേണിയോട് ഒന്ന് വരാൻ പറയൂ എന്ന്. അതെങ്ങനാ ഞാൻ മിസ്സ് ഇന്ദുവും അവൾ വേണിയും ആവുക. മിസ്സ് കൃഷ്നവേണി എന്നല്ലേ പറയേണ്ടേ? ‘

‘ സാർ എന്നെ വിളിപ്പിച്ചെന്ന് പറഞ്ഞു ‘.കൃഷ്ണ മാനേജർ വൈശാഖിൻ്റെ മുന്നിൽ നിന്നു..

‘ വേണി ഇരിക്കൂ’ അയാൾ കസേരയിലേക്ക് കൈ ചൂണ്ടി. അവൾ ഇരുന്നു. അയാളുടെ കണ്ണുകളിൽ നോക്കിയുള്ള അവളുടെ ഇരുത്തം അയാളെ അസ്വസ്ഥനാക്കി. രണ്ടു നിമിഷങ്ങൾക്ക് ശേഷവും അയാൾ ഒന്നും പറയാത്തപ്പോൾ അവൾ വീണ്ടും ചോദിച്ചു.

‘ സാർ.. എന്തിനാണ് വിളിപ്പിച്ചത്?’

‘ വേണീ..’ അയാൾ ദയനീയമായി വിളിച്ചു.

‘ യെസ് സാർ’

‘ഈ ഫോർമാലിറ്റി മാറ്റി നിർത്തിക്കൂടെ. നമ്മൾ രണ്ടു പേര് മാത്രം ഉള്ളപ്പോൾ തനിക്ക് പേര് വിളിക്കാം.. ‘ അയാൾ ഒരു നിമിഷം നിർത്തിയിട്ട് തുടർന്നു’ അല്ലെങ്കിൽ പണ്ടത്തെ പോലെ വൈശു എന്ന്….’

‘ സോറി സർ. ഞാൻ എന്തോ ഒഫീഷ്യൽ കാര്യത്തിനാണ് സാർ വിളിച്ചതെന്ന് കരുതി.’ അവൾ എഴുന്നേറ്റു

‘ വേണി പോകരുത്. എന്നെ അറിയാത്ത പോലെ എന്തിനാ ഭാവിക്കുന്നത് ‘

‘ എനിക്ക് നിങ്ങളെ അറിയാത്തത് കൊണ്ടു തന്നെ. ഒരു നാല് വർഷം മുൻപ് എനിക്ക് അറിയാവുന്ന ഒരു വൈശാഖ് ഉണ്ടായിരുന്നു. അയാൾ മരിച്ചു. ‘.വൈശാഖ് ചൂളി.

‘ വേണി, ഞാൻ ഇങ്ങോട്ടേക്കു ട്രാൻസ്ഫർ വാങ്ങി വന്നത് തന്നെ നിന്നെ കാണാൻ ആണ്. എന്നോട് ക്ഷമിച്ചൂടെ ‘.അയാൾ ദയനീയമായി പറഞ്ഞു.

‘നാല് വർഷങ്ങൾക്ക് മുൻപ് നിങ്ങൾ എന്നെ ഉപേക്ഷിച്ചു പോകുമ്പോൾ ഞാൻ എന്തോ തെറ്റു ചെയ്തെന്ന് കരുതി ഞാൻ. പിന്നെ മനസ്സിലായി സമ്പന്നയായി ജനിക്കാത്തതാണ് അതെന്ന്.  ഇപ്പോൾ ആദ്യ ഭാര്യ ഉപേക്ഷിച്ചപ്പോൾ എൻ്റെ ആ കുറവ് നിങ്ങൾ മറന്നോ?’ അയാളും എഴുന്നേറ്റു.

‘നിനക്കെന്നെ മറക്കാൻ പറ്റില്ല എന്ന് എനിക്കറിയാം. നാല് വർഷങ്ങൾ ആയി നീ സിംഗിൾ ആയി ജീവിക്കുന്നത് അതിൻ്റെ തെളിവല്ലേ?’

‘ശരിയാണ് സാർ. എനിക്ക് നിങ്ങളെ മറക്കാൻ കഴിയില്ല. പക്ഷേ അതൊരു പ്രണയ കാലത്തിന്റെ ഓർമ്മയല്ല. അതിനുശേഷം താണ്ടിയ ദുരിത പർവ്വതത്തിന്റെയാണ്. ഓർത്തു ദുഃഖിക്കാൻ മാത്രം മേന്മ നിങ്ങൾക്കില്ലെന്ന് പിന്നീട് മനസ്സിലായി. പിന്നെ ഞാൻ സിംഗിൾ ആണെന്നത്. അടുത്ത മാസം എൻ്റെ കല്യാണമാണ്. ഇവിടുന്ന് സ്വന്തം നാട്ടിലേക്ക് ട്രാൻസ്ഫർ ആയ നിങ്ങള്ക് മുൻപുള്ള മാനേജർ ആണ് വരൻ. എനിക്കും വൈകാതെ അങ്ങോട്ട് ട്രാൻസ്ഫർ ആവും. സാർ വരണം.’ മറുപടിക്ക് കാക്കാതെ അവൾ പുറത്തേക്ക് നടന്നു.

‘കൃഷ്ണാ പുതിയ മാനേജറിനെ അറിയോ?’ ‘ഹാ. ഞങ്ങൾ നാട്ടുകാരാണ്. സ്കൂളിൽ എൻ്റെ സീനിയർ ആയിരുന്നു.’

കൂടുതൽ ചർച്ചകൾ വകവെക്കാതെ അവൾ  ജോലിയിലേക്കു തിരിഞ്ഞു. അസ്വസ്ഥയായ ഇന്ദു അടുത്ത പരദൂഷണ കഥയിലേക്കും.

Leave a Reply

Your email address will not be published. Required fields are marked *