ദേഷ്യം വരാത്തയൊരു ജീവിയോ എന്നോർത്ത് ഞാൻ അത്ഭുതപ്പെട്ടുപോയി..! അല്ലെങ്കിലും അവനെ അവന്റെ വീട്ടുകാർ ഇവിടെ കൊണ്ടുവിട്ടത് സദാസമയം ചിരിക്കുന്നുവെന്ന് പറഞ്ഞിട്ടാണ്…….

എഴുത്ത്:- ശ്രീജിത്ത് ഇരവിൽ

ദേഷ്യം വരുമ്പോൾ കൈയ്യിൽ കിട്ടിയ എന്തെങ്കിലുമൊക്കെ എടുത്ത് എറിയുമെന്ന് ഒഴിച്ചാൽ ഞാൻ നോക്കിയിട്ട് എനിക്ക് യാതൊരു കുഴപ്പവുമില്ല. എന്നിട്ടും വീട്ടുകാരെല്ലാം ചേർന്ന് എന്നെ ഈ മാനസികാരോഗ്യ കേന്ദ്രത്തിൽ ചേർത്തൂ…

അന്ന് എന്റെ ദേഷ്യം എന്നെക്കൊണ്ട് ആ മേശയ്ക്ക് മുകളിലിരുന്ന കുപ്പിഗ്ലാസ്സ് എടുപ്പിച്ച് ഭാര്യയ്ക്ക് നേരെ ശക്തമായി എറിയിപ്പിച്ചതാണ്. അവളുടെ തല മഹാഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. അവളിൽ കൊള്ളാതെ ആ ഗ്ലാസ്സ് ചുമരിലിടിച്ച് തകർന്ന് തരിപ്പിടമായിപ്പോയി…

ഹോ…! അതെങ്ങാനും അവളുടെ തലയ്ക്ക് കൊണ്ടിട്ടുണ്ടെങ്കിൽ…! അവളോട് പറഞ്ഞില്ലെങ്കിലും അതിൽ എനിക്കൊരു കുറ്റബോധമുണ്ടായി. അതുകൊണ്ട് തന്നെയാണ് കുടുംബത്തിന്റെ തീരുമാനത്തിന് ഞാൻ വഴങ്ങിയത്. ഭ്രാന്താണ് എനിക്കെങ്കിൽ അത് കണ്ടുപിടിച്ച് പുറം തള്ളിയിട്ട് തന്നെ മറ്റുകാര്യമെന്ന് ഞാനും ചിന്തിക്കുകയായിരുന്നു.

ഒരിക്കൽ ഇവിടുത്തെ എന്റെ അടുത്ത സുഹൃത്തിനോട് നിനക്ക് ദേഷ്യം വന്നാൽ എന്ത് ചെയ്യുമെന്ന് ഞാൻ ചോദിച്ചു. എനിക്ക് ദേഷ്യം വരാറേയില്ലായെന്ന് പറഞ്ഞുകൊണ്ട് അവൻ ആ നേരം ചിരിച്ചു.

ദേഷ്യം വരാത്തയൊരു ജീവിയോ എന്നോർത്ത് ഞാൻ അത്ഭുതപ്പെട്ടുപോയി..! അല്ലെങ്കിലും അവനെ അവന്റെ വീട്ടുകാർ ഇവിടെ കൊണ്ടുവിട്ടത് സദാസമയം ചിരിക്കുന്നുവെന്ന് പറഞ്ഞിട്ടാണ്. പ്രസവത്തിൽ ഭാര്യയും കുഞ്ഞും മരിച്ചെന്ന് അറിഞ്ഞപ്പോൾ തൊട്ട് തുടങ്ങിയ ചിരിയാണ്. വർഷം നാല് കഴിഞ്ഞിട്ടും ആ ചിരി അവനിൽ നിന്ന് പൂർണ്ണമായും വിട്ടുമാറിയിട്ടില്ല.

അടുത്തയൊരു സന്ദർഭത്തിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഒരേ സെല്ലിലെ കുമാരേട്ടനോട് നിങ്ങൾക്ക് ദേഷ്യം വന്നാൽ എന്തുചെയ്യുമെന്ന് ഞാൻ ചോദിച്ചു. അപ്പോൾ അയാൾ കണ്ണുരുട്ടിയെന്നെ പേടിപ്പിച്ചു. ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കാൻ പാടില്ലായെന്ന് അറിയാത്ത വിവരദോഷിയെന്നും വിളിച്ചുകൊണ്ട് അയാൾ ആ സാമ്പാറിലെ മുരിങ്ങാകോലെടുത്ത് ഈമ്പി വലിച്ചു.

അന്ന് മുപ്പത്തിമൂന്നാം നമ്പർ സെല്ലിന് മുന്നിൽ ചുറ്റിത്തിരിഞ്ഞ എന്നെ അറ്റെൻഡർ വിളിച്ച് കണക്കിന് താക്കീത് ചെയ്തു. എന്തുകൊണ്ടാണ് അതിനകത്ത് ഉള്ള ആൾ മാത്രം പുറത്ത് വരാത്തതെന്ന് ഞാൻ ചോദിച്ചപ്പോൾ ആ മനുഷ്യന് മുഴുത്ത വട്ടാണെന്നും, പുറത്തിറക്കിയാൽ കുഴപ്പമാണെന്നും അയാൾ പറഞ്ഞു. ഒരു ദേഷ്യത്തിൽ സ്വന്തം അമ്മയെ കഴുത്ത് ഞെരിച്ച് കൊന്ന ആളാണെന്നും കൂടി അറ്റെൻഡർ പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി..!

കോടതി കൈമാറുന്ന കൊടും കുറ്റവാളികളായ മാനസിക രോഗികളെ പാർപ്പിക്കുന്ന കെട്ടിടത്തിലെ ആദ്യ സെല്ലായിരുന്നുവത്.

ഒരാഴ്ച്ച കഴിഞ്ഞപ്പോൾ മുപ്പത്തിമൂന്നാം നമ്പറിലെ ആ ഭ്രാന്തൻ ഹൃദയാഘാതമേറ്റ് ചികിത്സയിലാകുകയും തുടർന്ന് രണ്ട് നാളുകൾക്കുള്ളിൽ മരണപ്പെടുകയും ചെയ്തു. എന്തുകൊണ്ടോ എനിക്കതിൽ വലിയ സങ്കടമൊന്നും തോന്നിയില്ല.

മാസങ്ങൾക്കുള്ളിൽ ദേഷ്യം വന്നാൽ എന്തുചെയ്യും എന്നതിലുപരി എന്തൊക്കെ ചെയ്യാൻ പാടില്ലായെന്ന ബോധം എനിക്കുണ്ടായി. ദേഷ്യം അതൊരു ഇരുതല മൂർച്ചയുള്ളയൊരു ആ യുധമാണ്. നിരപരാധികളായ നമ്മുടെ സഹജീവനുകളെ ശാരീരികമായി ഉപദ്രവിക്കുന്ന രീതിയിൽ ഒരിക്കലും അത് നമ്മിൽ പ്രകടമാകരുത്.

രാവിലെ പത്രം വായിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഡോക്റ്റർ വിളിപ്പിച്ചത്. നാളെ എന്നെ കൊണ്ടുപോകാൻ വീട്ടിൽ നിന്ന് ആൾ വരുമെന്ന് പറഞ്ഞപ്പോൾ ഞാൻ അതീവ സന്തോഷത്തിലായി. തിരിച്ചുപോകാനുള്ള തയ്യാറെടുപ്പെന്നോണം എല്ലാവരോടും ഞാൻ യാത്ര പറഞ്ഞു.

പിറ്റേന്ന് കാറിൽ കയറി അച്ഛന്റേയും അമ്മാവന്റേയും ഒപ്പം വീട്ടിലെത്തിയ എന്നെ സ്വീകരിക്കാൻ ഭാര്യയും അമ്മയും ഉമ്മറത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു.

അവർ എനിക്കുവേണ്ടി തയ്യാറാക്കിയ വിഭവസമൃദ്ധമായ സദ്യയും കഴിഞ്ഞ് ഞാൻ എന്റെ മുറിയിൽ കിടന്നപ്പോൾ ഭാര്യ അടുത്തേക്ക് വന്ന്, ഒരടി വിട്ടുനിന്നു. അവളെ കണ്ടപ്പോൾ ഞാൻ എഴുന്നേറ്റ് പണ്ട് സംഭവിച്ചതിനൊക്കെ ക്ഷമ പറഞ്ഞു. അതുകേട്ടപ്പോൾ അവളൊരു കൊച്ചുകുട്ടിയെപ്പോലെ എന്റെ നെഞ്ചത്തേക്ക് വീണ് കരഞ്ഞു…

പിറ്റേന്ന് രാവിലെ പുറത്തേക്കിറങ്ങിയ എനിക്ക് നാട്ടിൽ നിന്നുണ്ടായ അനുഭവം വളരേ പ്രകോപനാപരവും സങ്കടകരവുമായിരുന്നു. ദേഹോപദ്രവമൊന്നും ഉണ്ടാകില്ലല്ലോയെന്ന് ചായക്കടയിൽ ഇരിക്കുമ്പോൾ ദാസനും, മെന്റലോസ്പിറ്റലിൽ നിന്ന് ചാടി വന്നതാണോയെന്ന് മുടിവെട്ടുമ്പോൾ മുകുന്ദനും എന്നോട് ചോദിച്ചു. അതുകേട്ട് അടക്കം ചിരിക്കാൻ രണ്ടിടത്തും പത്തിൽ കവിയാത്ത ആൾക്കാരുമുണ്ടായിരുന്നു.

സന്ധ്യക്ക്‌ വീട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ അമ്പലത്തിലേക്ക് പോകാൻ ഭാര്യ കൂടെ വിളിച്ചു. എനിക്ക് താല്പര്യമുണ്ടായിരുന്നില്ല. അമ്മയേയും കൂട്ടി പോകൂവെന്ന് പറഞ്ഞിട്ടും അവൾ വിടുന്ന മട്ടില്ല. അവൾ പിന്നേയും നിർബന്ധിച്ചപ്പോൾ എന്റെ തലയാകെ പെരുകാൻ തുടങ്ങി. ദേഷ്യമെന്റെ നെറ്റിയിൽ പൊള്ളി വിയർത്തപ്പോൾ ടീപ്പോയിൽ നിന്ന് കൈയ്യിൽ കിട്ടിയ കപ്പസോസറെടുത്ത് ഞാൻ ഒറ്റയേറ്……!

കൃത്യം അത് അവളുടെ ത ലയിൽ കൊണ്ട് ചന്നാംപിന്നം പൊട്ടിച്ചിതറി. എനിക്ക് ചുറ്റുമാകെ അപ്പോഴൊരു ഇരുട്ടായിരുന്നു. അല്ലെങ്കിലും ക്ഷിപ്ര കോപങ്ങൾക്ക് കണ്ണുകൾ ഉണ്ടാകില്ലല്ലോ..!

തറയിൽ ചിതറിയ ര ക്തത്തിലേക്ക് അവൾ ചെരിഞ്ഞ് വീഴുന്നത് കണ്ടപ്പോൾ ഞാൻ പരിഭ്രാന്തനായി. വാരിയെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടും അവൾ മരിച്ചുവെന്ന് അവർ തറപ്പിച്ച് പറഞ്ഞു. അതുകേട്ടപ്പോൾ ഞാൻ തല ചുറ്റി വീഴുകയായിരുന്നു…

പിന്നീട് എനിക്ക് ബോധം വരുമ്പോൾ ഞാൻ ഒരു സെല്ലിനകത്തായിരുന്നു. വർഷങ്ങൾ ഏറെ കടന്നുപോയത് പോലെ…! പൂർവ്വകാലം ഓർക്കാൻ ഇഷ്ട്ടപ്പെടാത്ത പാപിയുടെ ഉള്ളുമായി അതിനുള്ളിൽ ഞാൻ വീർപ്പുമുട്ടി കഴിഞ്ഞു. മൂത്രം മണക്കുന്ന ഒരു മൂലയിൽ കൂനിയിരുന്ന് ഒന്നും ഓർക്കാതിരിക്കാൻ ഞാൻ തല ചൊറിഞ്ഞുകൊണ്ടേയിരുന്നു….

ഒരുനാൾ സെല്ലിന്റെ കമ്പി ഇഴകളിൽ പിടിച്ച് പുറത്തേക്ക് നോക്കിയപ്പോൾ ആ കാഴ്ച്ചയും എന്നെ നോക്കി പല്ലിളിക്കുകയായിരുന്നു… ഒരിക്കൽ ഞാനുണ്ടായ അതേ മാനസികാരോഗ്യ കേന്ദ്രം….! ഞാൻ ഉള്ളത് ആ മുഴുഭ്രാന്തൻ ഹൃദയം പൊട്ടി മരിച്ച അതേ മുപ്പത്തിമൂന്നാം നമ്പർ സെല്ലിൽ…! എനിക്ക് ഉറക്കെ ഉറക്കെ ചിരിക്കാൻ അല്ലാതെ മറ്റൊന്നിനും തോന്നിയില്ല…

വിവേകമില്ലാത്ത വികാരമെത്ര വികൃതമാണെന്ന് ഓർത്തുകൊണ്ട് ഞാൻ ആ കമ്പിയിഴകളിൽ കൈവെച്ച് മണിക്കൂറുകളോളം പുറത്തേക്ക് നോക്കി അനങ്ങാതെ നിന്നു. അപ്പോഴും, പൊട്ടിച്ചിരിച്ച് മതിയാകാത്ത ഒരു ഭ്രാന്തിന്റെ ചിരി എന്റെ ചിറിയുടെ തലയിൽ ഉണ്ടായിരുന്നു…..!!!

Leave a Reply

Your email address will not be published. Required fields are marked *