മഞ്ഞുരുകുമ്പോൾ
എഴുത്ത്:- ബിന്ദു എൻ പി
മനസ്സിന്റെ പിടി വിട്ടപ്പോൾ കവിളിലൂടെ നിർത്താതെ ചാലുകൾ തീർത്തൊഴുകിയ കണ്ണുനീർ അയാൾ കൈലിത്തുമ്പുകൊണ്ട് മെല്ലെ തുടച്ചു . നെഞ്ചിലൊരു ഭാരം എടുത്തു വെച്ചത് പോലെ . മരുമകൾ ഇപ്പോഴും കലിപ്പിലാണ് . വായിൽ തോന്നിയതെന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട് .മകനെയാണെന്ന് തോന്നുന്നു ഫോൺ വിളിച്ച് എന്തൊക്കെയോ പറയുന്നുണ്ട് . ഇനി മകൻ വന്നാലുള്ള പുകിലിനെക്കുറിച്ചോർത്തപ്പോൾ മനസ്സ് ഒന്നുകൂടെ ആസ്വസ്ഥമായി .
ഭാര്യയുണ്ടായിരുന്നെങ്കിൽ അവളോടെങ്കിലും സങ്കടം പറയാമായിരുന്നു . അതെങ്ങനെയാ അതിന് മുന്നേ തന്നെ തനിച്ചാക്കി അവളങ്ങു പോയില്ലേ ..
ഭാര്യ കൂടിപ്പോയതിൽപ്പിന്നെയാണ് മരുമകൾ ഇത്ര ക്രൂiരയായതെന്ന് തോന്നുന്നു . മകനൊരു പാവമായിരുന്നു . പക്ഷേ ഇപ്പൊ അവനും ഏറെ മാറിപ്പോയി . ഭാര്യ പറയുന്നതിനപ്പുറം അവന് മറ്റൊന്നുമില്ലാതായിരിക്കുന്നു . മകനൊരു കുഞ്ഞു പിറന്നപ്പോൾ ഏറെ സന്തോഷിച്ചിരുന്നു . സന്തോഷത്തോടെ ആശുപത്രിയിൽ ഓടിച്ചെന്നപ്പോ അതിനും കേട്ടു കുറേ പഴി . പ്രസവ രക്ഷ കഴിഞ്ഞ് വീട്ടിലെത്തി യപ്പോൾ കുഞ്ഞിനെ അടുത്ത് കാണാമല്ലോ .. എടുക്കാമല്ലോ എന്നൊക്കെയോർത്തു സന്തോഷിച്ചു . എന്നാൽ കുഞ്ഞിന്റെ ഏഴയലത്തു പോലും അവൾ അടുപ്പിച്ചില്ല . അകലെ നിന്നു കുഞ്ഞിന്റെ കളിയും ചിരിയും കണ്ടു നിൽക്കാനേയയുള്ളൂ . ഇത്ര കാലമായിട്ടും ആ കുഞ്ഞിനെ ഒന്നെടുക്കാനുള്ള ആശ ബാക്കി തന്നെയായിരുന്നു ഇപ്പോഴും .
അയാൾ മെല്ലെ മുറിയിലേക്ക് നടന്നു . കിടക്കയിൽ തളർന്നിരുന്നു . കഴിഞ്ഞുപോയ സംഭവങ്ങളോരോന്നും മനസ്സിലൂടെ കടന്നുപോയി . കുഞ്ഞ് തൊട്ടിലിൽ കിടന്നുറങ്ങുകയായിരുന്നു . മരുമകൾ ഫോണിലെന്തോ കാണുകയോ കേൾക്കുകയോ ചെയ്യുന്നു . തന്നെ കാണുമ്പോൾ തന്നെ അവൾ മുറുമുറുപ്പ് തുടങ്ങും . അതുകൊണ്ട് തന്നെ മെല്ലെ എഴുന്നേറ്റ് വെളിയിലേക്ക് നടന്നു . വീടിനടുത്തൊരു ഷെഡ്ഡുണ്ട് . അവിടെ പോയിരുന്ന് ഉറങ്ങി പോയതറിഞ്ഞില്ല . അപ്പോഴാണ് ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടത് . നോക്കുമ്പോ ഏതോ ഒരു നാടോടി സ്ത്രീയാണ്.. തന്റെ വീടിനു മുന്നിലുള്ള വഴിയിൽക്കൂടിയാണല്ലോ വരുന്നത് എന്നോർത്തുകൊണ്ട് മുഖം തിരിക്കവേ പെട്ടെന്നാണ് ആ സ്ത്രീയുടെ കൈയ്യിലുള്ള കുഞ്ഞിനെ ശ്രദ്ധിച്ചത് . ഞെട്ടിപ്പോയി..തൊട്ടിലിൽ കിടന്നുറങ്ങുകയായിരുന്ന തന്റെ മകന്റെ കൊച്ചതാ ആ സ്ത്രീയുടെ കൈയ്യിൽ . ഉച്ചത്തിൽ ബഹളമുണ്ടാക്കി ചുറ്റുമുള്ളവർ ഓടി വരുന്നത് കണ്ടപ്പോൾ ആ സ്ത്രീ കുഞ്ഞിനെ നിലത്തു കിടത്തി എങ്ങോട്ടോ ഓടിമറഞ്ഞു.. ആളുകൾ അവരെ പിന്തുടർന്നെങ്കിലും അവരെ കിട്ടിയില്ല . അങ്ങനെയാണ് കുഞ്ഞിനേയും കൊണ്ട് വീട്ടിലേക്ക് വന്നത് . വീട്ടിലെത്തുമ്പോഴും തൊട്ടിലിൽ നിന്നും കുഞ്ഞ് നഷ്ടപ്പെട്ട വിവരമൊന്നും മരുമകൾ അറിഞ്ഞിട്ടേയില്ലായിരുന്നു . യാദൃശ്ചികമായി പുറത്തേക്ക് വന്ന മരുമകൾ കണ്ടത് കുഞ്ഞിനേയും കൊണ്ട് തൊട്ടിലിനടുത്തേക്ക് നടക്കുന്ന തന്നെയാണ് . മരുമകൾ കാണാതെ താൻ കുഞ്ഞിനെയെടുത്തതാണെന്ന് കരുതി അവൾ കുഞ്ഞിനെ പിടിച്ച് വാങ്ങി വായിൽ തോന്നിയതൊക്കെ വിളിച്ചു പറയാൻ തുടങ്ങി.. അപ്പോഴും മറുത്തൊന്നും പറയാതെ നിശബ്ദനായി ഇരുന്നതേയുള്ളൂ .
പുറത്ത് മകന്റെ ബൈക്കിന്റെ ശബ്ദം അയാൾ കേട്ടു . അതിന് പിന്നാലെ അകത്ത് നിന്നും എന്തൊക്കെയോ ബഹളവും . താൻ കുഞ്ഞിനെ എടുത്തവിവരം അവൾ അവനോട് പറയുന്നതാവും . ഇനി മകൻ എന്താവും പറയുക . അയാൾ കണ്ണുകളച്ച് കിടന്നു . അടുത്ത് വരുന്ന കാൽപ്പെരുമാറ്റംകേട്ടെങ്കിലും കണ്ണ് തുറക്കാൻ തോന്നിയില്ല . ആ കാല്പെരുമാറ്റം നിലച്ചു . ശബ്ദമൊന്നും കേൾക്കുന്നിലോല്ലോ.. അപ്പോഴാണ് തന്റെ കാലിൽ ആരോ പിടിച്ചതായി അയാൾക്ക് തോന്നിയത് . കാലിൽ നനവ് പടരുന്നു . അയാൾ കണ്ണ് തുറന്ന് നോക്കുമ്പോൾ മകനാണ് .. അവൻ കരയുകയാണ് ..
“എന്നോട് ക്ഷമിക്കൂ അച്ഛാ .. ഞാൻ വഴിയിൽവെച്ച് വിവരങ്ങളെല്ലാം അറിഞ്ഞു . അച്ഛനില്ലായിരുന്നെങ്കിൽ ഇന്നെന്റെ കുഞ്ഞ്…”
“മോനേ .. “അയാൾ മകനെ പിടിച്ചെഴുന്നേൽപ്പിച്ചു .. തൊട്ടടുത്ത് പകച്ചു നിൽക്കുന്ന മരുമകളുമുണ്ടായിരുന്നു .മകൻ വേഗം കുഞ്ഞിനെ അവളുടെ കൈയ്യിൽ നിന്നു വാങ്ങി അച്ഛന്റെ മടിയിൽ വെച്ച് കൊടുത്തു .. അയാൾ അമ്പരപ്പോടെ മകന്റെ മുഖത്തേക്ക് നോക്കി . ഒപ്പം മരുമകളേയും .. അവളുടെ കണ്ണുകളും അപ്പോൾ നിറഞ്ഞിട്ടുണ്ടായിരുന്നു . ആ കണ്ണുനീർത്തുള്ളിയിൽ അവളുടെ അനിഷ്ടങ്ങൾ മുഴുവൻ അലിഞ്ഞലിഞ്ഞില്ലാതാവുന്നതയാളറിഞ്ഞു.അയാളാ കുഞ്ഞിനെ മാറോടു ചേർത്തു . അപ്പോ അയാളുടെ കണ്ണും നിറഞ്ഞൊഴുകുകയായിരുന്നു …