പിറന്നാൾ സമ്മാനം
Story written by Bindhu NP
ഉണ്ണിയപ്പത്തിനുള്ള മാവ് തയ്യാറാക്കി വെച്ച ശേഷം അവൾ മുറിയിലേക്ക് നടന്നു. അപ്പോഴേക്കും അപ്പേട്ടനും മോനും ഉറക്കം തുടങ്ങിയിരുന്നു. അവൾ താൻ എംബ്രോയ്ഡറി ചെയ്തുവെച്ച സാരി ഒന്നുകൂടി എടുത്തു നോക്കി. ഈ സാരി മുത്തശ്ശിക്ക് നന്നായി ചേരും. പക്ഷേ ഇത് മുത്തശ്ശി വാങ്ങുമോ? മറ്റുള്ളവരുടെ വിലകൂടിയ ഗിഫ്റ്റിനൊപ്പം തന്റെയീ വിലകുറഞ്ഞ സമ്മാനം മുത്തശ്ശിക്കു കൊടുക്കുന്നതിൽ അവൾക്ക് വിഷമം തോന്നി.
നാളെ മുത്തശ്ശിയുടെ എഴുപതാം പിറന്നാളാണ്.തന്റെ സാമീപ്യം മറ്റുള്ളവർക്ക് ഇഷ്ടപ്പെടില്ലെന്നറിയാം. ഇവിടെ ചെറിയച്ഛൻ പിറന്നാൾ വിളിക്കാൻ വന്നപ്പോൾ പറഞ്ഞതും അതാണ്.
” അമ്മ പറഞ്ഞത് കൊണ്ട് മാത്രമാണ് വന്നത്. അങ്ങോട്ട് വന്നില്ല്യാ ച്ചാ അത്രേം സന്തോഷം. ക്ഷണിക്കാത്തത് കൊണ്ടാണ് വരാതിരുന്നതെന്ന അമ്മയുടെ പരാതി മാറിക്കിട്ടാൻ വേണ്ടി മാത്രം പറയുന്നുവെന്നേയുള്ളൂ.”
മുറ്റത്തു നിന്ന് അത്രയും പറഞ്ഞ ശേഷമാണ് ചെറിയച്ഛൻ തിരിച്ചു പോയത്.
ആ വലിയ ചടങ്ങിലേക്ക് പോകാൻ മാളുവിന് മടിയുണ്ടായിരുന്നു. എങ്കിലും മുത്തശ്ശിയെക്കുറിച്ചോർക്കുമ്പോൾ പോകാതിരിക്കാൻ തോന്നിയില്ല. ആ വീട്ടിൽ തന്നോട് അല്പമെങ്കിലും കരുണയുള്ളയാൾ മുത്തശ്ശി മാത്രമാണ്.അപ്പേട്ടനും പറഞ്ഞു
“നിന്റെ മുത്തശ്ശിയുടെ ആഗ്രഹമല്ലേ നീ പോകണം.”
എല്ലാവരും വില കൂടിയ സമ്മാനങ്ങൾ കൊടുക്കുമ്പോ താനെന്തു കൊടുക്കും. മുത്തശ്ശിക്ക് ഉണ്ണിയപ്പം ഏറെ ഇഷ്ടമാണെന്നറിയാം. അതുകൊണ്ടാണ് ഉണ്ണിയപ്പം ഉണ്ടാക്കാമെന്ന് കരുതിയത്. ഒപ്പം ഒരു സാരി വാങ്ങാമെന്ന് കരുതി വില ചോദിച്ചപ്പോ അത് തനിക്ക് താങ്ങനാവില്ലെന്ന് മനസ്സിലായപ്പോൾ കൈയ്യിലുള്ള പൈസയ്ക്ക് ഒരു കോട്ടന്റെ വെള്ള സാരി വാങ്ങി. അതിൽ പൂക്കളുടെ ഡിസൈൻ തുന്നിപ്പിടിപ്പിച്ചതും അവൾ തന്നെയായിരുന്നു. വർക്ക് പൂർത്തിയായപ്പോ അവൾ ആ സാരി നിവർത്തി നോക്കി. കൊള്ളാം ഇപ്പൊ ഇത്തിരി വില മതിക്കുന്നുണ്ട്. സാരി മടക്കിവെച്ച ശേഷം അവൾ വന്നു കിടന്നു. പുലർച്ചെ എഴുന്നേൽക്കണം. എന്നിട്ടുവേണം ഉണ്ണിയപ്പം ഉണ്ടാക്കാൻ.
ഉറങ്ങാൻ കിടന്നെങ്കിലും ഉറക്കം വന്നില്ല.അവളോർക്കുകയായിരുന്നു ആ പഴയ കാലത്തെ പറ്റി. ചന്ദ്രോത്ത് തറവാട്ടിലെ പാർവ്വതിയമ്മയുടെ മൂത്തമകനായ ബാലനായിരുന്നു അവളുടെ അച്ഛൻ. തറവാട്ടിലെ ല്ലാവർക്കും അച്ഛനെ വല്ല്യ ബഹുമാനമായിരുന്നു. ഒപ്പം പേടിയും. അതുകൊണ്ട് തന്നെയാണ് ഇഷ്ടപ്പെട്ട പെണ്ണിനെ വിവാഹം കഴിച്ചു കൊണ്ടുവന്നപ്പോൾ ആരും എതിർക്കാതിരുന്നതും. ഒരു വർഷ മാവുമ്പോഴേക്കും മാളു ജനിച്ചു. അതില്പിന്നെയാണ് അച്ഛന്ഒ രപകടം സംഭവിക്കുന്നത്. അതോടെ അച്ഛൻ ഒരു വശം തളർന്ന് കിടപ്പിലായി. അതിനൊക്കെ തറവാട്ടിലുള്ളവർ അമ്മയെ പഴി ചാരി. എന്നാൽ മുത്തശ്ശി മാത്രം അവളോടും അമ്മയോടും സ്നേഹത്തോടെ പെരുമാറി. അങ്ങനെയിരിക്കെയാണ് അച്ഛൻ മരിക്കുന്നത്. അതോടെ അമ്മയെയും അവളെയും അച്ഛന്റെ സഹോദരന്മാർ ആ വീട്ടിൽ നിന്നും ഇറക്കിവിട്ടു. നിസ്സഹായയായി നിൽക്കാനേ അന്ന് പാർവ്വതിയമ്മയ്ക്കയുള്ളൂ. അതില്പിന്നെ അമ്മയുടെ വീട്ടിലായിരുന്നു അവളുടെ താമസം.
അതിന് ശേഷം അമ്മയുടെ കൂടെ അവൾ തറവാട്ടിലേക്ക് പോയത് അവളുടെ വിവാഹം നിശ്ചയിച്ചപ്പോഴായിരുന്നു. അവിടെയെത്തൊയപ്പോ ആരും അവരോട് മിണ്ടിയില്ല. മുത്തശ്ശി മാത്രം അവളെ ചേർത്ത് പിടിച്ചു. മുത്തശ്ശിയുടെ കൈയ്യിലുണ്ടായിരുന്ന വള ഊരി അവളുടെ കൈകളില ണിയിച്ചു. മറ്റൊന്നും തരാനില്ലല്ലോ എന്റെ മോൾക്കെന്ന് സങ്കടപ്പെട്ടു. നന്നായി വരുമെന്ന് അനുഗ്രഹിച്ചു.ഇതൊക്കെക്കണ്ട്ചെ റിയമ്മമാർ മുറുമുറുക്കുന്നുണ്ടായിരുന്നു. അന്നാണ് അവസാനമായി മുത്തശ്ശിയെ കണ്ടത്.
കല്യാണം കഴിഞ്ഞ് ഒരു വാടക വീട്ടിലായിരുന്നു അപ്പേട്ടനോടൊപ്പം അവൾ താമസിച്ചത്. അയാൾക്ക് കൂലിപ്പണിയാണ്. നല്ല സ്നേഹ മുള്ളവൻ. അധികം താമസിയാതെ മോനുണ്ടായി. ആ സമയത്താണ് അമ്മ മരിക്കുന്നത്. അതില്പിന്നെ അവർ മാത്രമായി.
അവൾ പുലർച്ചെ ഉണർന്നു. അപ്പേട്ടനും മോനും എണീക്കുമ്പോഴേക്കും അവൾ അപ്പമുണ്ടാക്കി കഴിഞ്ഞിരുന്നു.അവളും മോനും കൂടിയാണ് തറവാട്ടിലേക്ക് പോയത്. എത്ര വിളിച്ചിട്ടും അപ്പേട്ടൻ വന്നില്ല. ആള് വല്ല്യ അഭിമാനിയാണേ. ഇഷ്ടമില്ലാത്തിടത്തൊന്നും വലിഞ്ഞുകയറിച്ചെല്ലില്ല.
“മുത്തശ്ശി ഏറെ ആഗ്രഹിച്ചതല്ലേ അതുകൊണ്ട് നീ പോകണം എന്ന് നിർബന്ധം പിടിച്ചതും അപ്പേട്ടനാണ്.”
തറവാട്ടിലെത്തുമ്പോ ചടങ്ങുകൾ തുടങ്ങിയിട്ടുണ്ടായിരുന്നില്ല. അവളെയും മോനെയും കണ്ടപ്പോൾ പലരും ഇഷ്ടക്കേടോടെ മുഖം തിരിച്ചു. ചെറിയ മ്മമാർ പരസ്പരം എന്തൊക്കെയോ പിറുപിറുക്കുന്നത് കണ്ടു. അതൊന്നും കാണാത്ത ഭാവത്തിൽ അവൾ മുത്തശ്ശിയുടെ അടുത്തേക്ക് പോയി. അവളെ കണ്ടിട്ടും മുത്തശ്ശിക്ക് വല്ല്യ ഭവമാറ്റമൊന്നും കണ്ടില്ല. ചടങ്ങ് തുടങ്ങിയില്ലെങ്കിലും അവൾ താൻ കൊണ്ടുവന്ന സമ്മാനം മുത്തശ്ശിയുടെ കൈയ്യിൽ കൊടുത്തു. അവരതുമായി ഒന്നും മിണ്ടാതെ അകത്തേക്ക് പോയി.തന്റെ ഇല്ലായ്മയിൽ അന്നദ്യമായവൾക്ക് സങ്കടം തോന്നി. മറ്റുള്ളവരുടെ വിലകൂടിയ സമ്മാനങ്ങൾക്കിടയിൽ തന്റെ സമ്മാനം മുങ്ങിപ്പോകുമല്ലോ എന്നവളോർത്തു.
അവൾ മോനെയും കൊണ്ട് ഒരരികിലേക്ക് മാറിയിരുന്നു. അപ്പോഴേക്കും ക്ഷണിക്കപ്പെട്ടവരെല്ലാം എത്തിയിരുന്നു. പരിപാടികൾ തുടങ്ങാൻ പോകുകയാണെന്ന് ആരോ പറയുന്നത് കേട്ടു. ചുറ്റും പൂക്കൾക്കൊണ്ട് അലങ്കരിച്ച സ്റ്റേജിന്റെ നടുക്കായി വെച്ച ടേബിളിൽ വലിയൊരു കേക്ക് ആരോ കൊണ്ടുവച്ചു. പെട്ടെന്ന് സദസ്സ് നിശബ്ദമായി. അതാ മുത്തശ്ശി സ്റ്റേജിലേക്ക് വരുന്നു.
മുത്തശ്ശിയെക്കണ്ടപ്പോൾ ചെറിയമ്മമാരും ചെറിയച്ഛന്മാർക്കും എന്തോ മുറുമുറുപ്പ്. അപ്പോഴാണ് അവൾ മുത്തശ്ശിയുടുത്ത സാരിയിലേക്ക് നോക്കിത്. അവൾക്ക് വിശ്വസിക്കാനായില്ല. താൻ കൊടുത്ത സാരി. അത് ഏതെങ്കിലും മൂലയിൽ സ്ഥാനം പിടിച്ചിട്ടുണ്ടാവുമെന്നാണ് കരുതിയത്. മുത്തശ്ശി അതുടുക്കുമെന്നൊന്നും സ്വപ്നത്തിൽ പോലും കരുതിയില്ല.
“അമ്മയ്ക്ക് ഈ ചടങ്ങിനുടുക്കാനെടുത്ത ഇരുപതിനായിരത്തിന്റെ സാരിയേക്കാൾ വിലയുണ്ടോ ഈ ഒരുiമ്പെട്ടോള് കൊണ്ടുവന്ന സാരിക്ക്.”
ശേഖരൻ ചെറിയച്ഛനാണ്. അത് കേട്ടിട്ടാവണം മുത്തശ്ശി പറഞ്ഞു
” ഇന്നെന്റെ ബാലനുണ്ടായിരുന്നെങ്കിൽ ഈ ചടങ്ങിന് മുന്നിൽ നിൽക്കുന്നതും നടത്തുന്നതും അവനായിരിക്കില്ലേ.. അവനില്ലാത്ത സ്ഥിതിക്ക് അവന്റെ മോള് കൊണ്ടുവന്ന സാരി എനിക്കവൻ കൊണ്ടു വന്നതുപോലെ തന്നെയാണ്. ഇതിനേക്കാൾ യോജിച്ചതൊന്നും ഈയവസരത്തിൽ ഇനി വേറെ കിട്ടില്ല. ” എന്താ ശേഖരാ നിനക്ക് വല്ലതും പറയാനുണ്ടോ? “
മുത്തശ്ശിയുടെ ചോദ്യം കേട്ടപ്പോൾ ചെറിയച്ഛൻ ഇല്ലെന്ന് തലയാട്ടി.
പിന്നെ കേക്ക് മുറിയായിരുന്നു. കേക്ക് മുറിക്കാറായപ്പോൾ മുത്തശ്ശി ജോലിക്കാരിയെ അടുത്തേക്ക് വിളിച്ച് എന്തോ സ്വകാര്യം പറയുന്നത് കണ്ടു. ഉടനെ അവർ അകത്തേക്ക് പോയി തിരിച്ചു വരുമ്പോൾ അവരുടെ കൈയ്യിൽ ഒരു വലിയ പാത്രത്തിൽ ഉണ്ണിയപ്പം ഉണ്ടായിരുന്നു. കേക്ക് മുറി കഴിഞ്ഞപാടേ മുത്തശ്ശി അതിൽ നിന്നൊരു ഉണ്ണിയപ്പം എടുത്തു വായിൽ വെച്ചു. ഒരു നിമിഷം കണ്ണടച്ചു. പിന്നെ അവളെ അടുത്തേക്ക് വിളിച്ചു..
“നിന്റെ അമ്മേടെ അതേ കൈപ്പുണ്യം.. നന്നായിട്ടുണ്ട് ട്ടോ. അവർ വീണ്ടും ഒരപ്പം കൂടിയെടുത്തു.”
“അമ്മയ്ക്ക് ഷുഗറുള്ളതല്ലേ ” ചെറിയമ്മമാർ ആരോ ആണ്. “
“സാരോല്ല ഇതെന്റെ മോള് കൊണ്ടുവന്നതല്ലേ.. ഇത് കഴിച്ചിട്ട് ഷുഗർ കൂടുന്നെങ്കിലങ് കൂടട്ടെ “
പിന്നെയാരും ഒന്നും പറഞ്ഞില്ല. പെട്ടെന്നാണ് ഞാനിപ്പോ വരാമെന്ന് പറഞ്ഞ് മുത്തശ്ശി അകത്തേക്ക് പോയത്. തിരിച്ചു വരുമ്പോൾ കയ്യിലൊരു കവറുണ്ടായിരുന്നു.
“എനിക്കെല്ലാവരോടുമായി ഒരു കാര്യം പറയാനുണ്ട്.”
പെട്ടെന്ന് സദസ്സ് നിശബ്ദമായി. എല്ലാ കണ്ണുകളും അകാംക്ഷയോടെ മുത്തശ്ശിയുടെ നേർക്ക് തിരിഞ്ഞു.
” എന്റെ മോളിങ്ങോട്ട് വാ.. “
മുത്തശ്ശിയാവളെ അടുത്തേക്ക് വിളിച്ചു. അവൾ മകന്റെ കയ്യും പിടിച്ച് സ്റ്റേജിലേക്ക് കയറി.
മുത്തശ്ശിയവളെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു.
” ഇവളരാണെന്ന് ഞാൻ നിങ്ങൾക്ക് പറഞ്ഞ് തരേണ്ട കാര്യമില്ലല്ലോ. എന്റെ ബാലനുണ്ടായിരുന്നെങ്കിൽ ഇവിടെ രാജകുമാരിയെപോലെ കഴിയേണ്ടവൾ. ഇവളോട് നിങ്ങൾ ചെയ്ത ദ്രോiഹമൊന്നും ഞാനിപ്പോ പറയുന്നില്ല. അന്നെനിക്ക്എ പ്രതികരിക്കാൻ കഴിയാതെ പോയി. എങ്കിലും ഇന്ന് ഞാനൊരു തീരുമാനമെടുത്തിട്ടുണ്ട്. അത് പറയാനാണ് നിങ്ങളോട് നിൽക്കാൻ പറഞ്ഞത്.”
” ബാലനുണ്ടായിരുന്നെങ്കിൽ ഈ സ്വത്തിന്റെയൊക്കെ ഒരവകാശം അവനുകൂടി ഉണ്ടാകുമായിരുന്നു. അതുകൊണ്ട് ആ തെക്കേതൊടിയിലുള്ള വീടും പറമ്പും ഞാൻ മാളുവിന് കൊടുക്കുകയാണ്. അതിന്റെ പ്രമാണിത്. “
” ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ ഇപ്പൊ പറയണം “
” അത്… അമ്മേ.. ” ശേഖരൻ ചെറിയച്ഛൻ എന്തോ പറയാനിരുങ്ങി യപ്പോൾ മുത്തശ്ശി ഉം… എന്ന് ചോദ്യഭാവത്തിൽ ഒന്ന് നോക്കിയതും ചെറിയച്ഛൻ പിന്നെ നിശബ്ദനായി. മുത്തശ്ശി അവളെ ചേർത്ത് പിടിച്ച് പ്രമാണം കൈയ്യിൽ വെച്ച് കൊടുത്തപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞുപോയി. കൃഷ്ണനെ കാണാൻ ഒരുപിടി അവലുമായി വന്ന കുചേലനെ അവളോർത്തു പോയി. അവൾ കരഞ്ഞുകൊണ്ട് കൈകൂപ്പി. മുത്തശ്ശി അവളെയും മകനെയും ചേർത്ത് പിടിച്ചു.ജീവിതത്തിൽ സ്നേഹത്തിന്റെ പച്ചപ്പ് കൈയ്യെത്തിത്തൊടുകയായിരുന്നു അവളപ്പോൾ.

