എനിക്കറിയില്ല മനസ്സിന് എന്തൊരു ഭാരമാണെന്ന് അറിയോ എന്ത് സംഭവിച്ചാലും എനിക്കിതൊക്കെ ഒന്നിറക്കി വെക്കണം വയ്യെടോ…. മതിയായി…

തുടരുമോ………

Story written by Suresh Menon

” സാറെ എനിക്ക് നല്ല ഉറപ്പാ അവൻ ലiഹരി ഉപയോഗിക്കില്ല.”

അത് കേട്ട പോലീസുദ്യോഗസ്ഥൻ ഒന്ന് ചിരിച്ചു

“അവൻ ഇന്ന് വരെ ലiഹരി ഉപയോഗിച്ച് ഞാൻ കണ്ടിട്ടില്ല”

നിറകണ്ണുകളോടെ സുമതി അത് പറഞ്ഞപ്പോൾ സർക്കിൾ ഇൻസ്പക്ടർ റഷീദ് ആ അമ്മയുടെ മുഖത്തേക്ക് വെറുതെ നോക്കിയിരുന്നു

“നിങ്ങളുടെ മകൻ്റെ പാൻ്റിൻ്റെ പോക്കറ്റിൽ കiഞ്ചാവിൻ്റെ പൊതി യുണ്ടായിരുന്നു പോലീസിനെ കണ്ട് പേടിച്ച് അവൻ പാലത്തിൽ നിന്ന് എടുത്ത് ചാടിയതാണ്”

“നീന്തലറിയാത്ത കുഞ്ഞാണവൻ അങ്ങിനെയുള്ള അവൻ വെള്ളത്തിലേ ക്കെടുത്തു ചാടുമൊ സാറെ “

“അങ്ങിനെയൊന്നും പറയാൻ പറ്റില്ല പോലീസിനെ കണ്ട് ഭയന്ന് പെട്ടെന്നുള്ള വെപ്രാളത്തിൽ ചാടിയതാകാം, “

” ഇല്ല സാറെ അവനെയാരൊ കൊiന്നതാ” റഷീദ് ഒരു നിമിഷം ഒന്നും മിണ്ടിയില്ല.

“അതെന്താ അവന് വല്ല ശത്രുക്കളുമുണ്ടൊ “

” അതൊന്നും എനിക്കറിയില്ല . പക്ഷെ എന്റെ മനസ്സ് പറയുന്നു എന്റെ മോനെ ആരോ കൊന്നതാ”

റഷീദ് ആ അമ്മയുടെ മുഖത്ത് നോക്കിയിരുന്നു ഒന്നും മിണ്ടിയില്ല

” എന്തെങ്കിലും പരാതി എഴുതി കൊണ്ടുവന്നിട്ടുണ്ടൊ “

“എനിക്ക് ഈ കേസ് ഒന്നൂടെ അന്വേഷിക്കണം. സാറന്മാര് അത് ചെയ്തില്ലെങ്കി ഞാൻ കോടതിയിൽ പോകും സാറെ”

റഷീദ് സുമതിയിൽ നിന്ന് പരാതി എഴുതി വാങ്ങി.?വായിച്ചു നോക്കി

” ധൈര്യമായി പൊക്കോളു. ഞാൻ വേണ്ടത് ചെയ്യാം”

സുമതി കൈകൾ കൂപ്പി

” എനിക്കെന്തൊ സാറിൽ ഒരു വിശ്വാസം തോന്നുന്നു”

സുമതി ഒരു നിമിഷം ആലോചിച്ച് പതിയെ പുറത്തിറങ്ങി…..

പോർച്ചിൽ കാർ പാർക്ക് ചെയ്ത് റഷീദ് കാളിംഗ് ബല്ലടിച്ചു …….. സബീന വാതിൽ തുറന്നു…..

അകത്ത് കയറി സോഫയിൽ ഇരുന്ന് യൂണിഫോമിൻ്റെ ഒന്ന് രണ്ട് ബട്ടണുകൾ ഊരി കൈകൾ രണ്ടും സോഫക്ക് മേൽ നീട്ടി വെച്ച് കണ്ണടച്ച് തല ചായ്ച്ചിരുന്നു

“ആ ഫാൻ ഒന്നിട്ടെ”

സബീന ഫാൻ ഓൺ ചെയ്തു ……..

നിമിഷങ്ങൾക്കകം അടുക്കളയിൽ നിന്ന് ചായയുമായി വന്നു . റഷീദിൻ്റെ അടുത്തിരുന്നു

“എന്താ പറ്റിയെ …….. ഓഫീസിൽ എന്തെ ങ്കിലും പ്രശ്നം “

റഷീദ് ഒന്നും മിണ്ടാതെ കണ്ണടച്ചിരുന്നു….

” ഇന്ന് അവർ വന്നിരുന്നു ” റഷീദ് പതിയെ പറഞ്ഞു

“ആര് “

” സുമതി …… മരിച്ചു പോയ മോഹനകൃഷ്ണൻ്റെ അമ്മ ” സബീന ഒരു നിമിഷം ഒന്നും മിണ്ടിയില്ല

“എന്താ അവർക്ക് വല്ല സംശയവുമുണ്ടൊ “

” അറിയില്ല. വരവിൻ്റെ ഉദ്ദേശം ഏതാണ്ട് അത് പോലെയാണ് അതൊരു കൊiലപാതകമാണെന്നാ അവർ പറയുന്നത് “

രണ്ടു പേരും ഒന്നും മിണ്ടയില്ല കുറച്ചു നേരം

” പോയി ഡ്രസ്സൊക്കെ മാറി കുളിച്ച് ഫ്രഷ് ആയി വാ ഒന്നും സംഭവിക്കില്ല”

റഷീദ് കുറച്ചു നേരം കൂടി കണ്ണടച്ച് അവിടെ തന്നെയിരുന്നു……..

♡♡♡♡♡♡♡♡♡♡♡♡

ബാൽക്കണിയിൽ ഇരുന്നു താഴെ മതിലിനു മുകളിൽ വെച്ചിരിക്കുന്ന തെച്ചി പൂവിലേക്ക് റഷീദ് കണ്ണുകൾ പായിച്ചു….

“ഇക്കാ ” സബീനയുടെ വിളി റഷീദിനെ ചിന്തയിൽനിന്നുയർത്തി…

“ഇക്ക അത് തന്നെ ആലോചിച്ചു മനസ്സ് വിഷമിപ്പിക്കല്ലേ…അതെല്ലാം കഴിഞ്ഞ കാര്യങ്ങളല്ലേ.. കേസ് ക്ലോസ് ചെയ്തു പോയില്ലേ”

“കേസ് വീണ്ടും തുറക്കാൻ അധിക സമയമൊന്നും വേണ്ട “

“അങ്ങിനെയൊന്നും സംഭവിക്കില്ല “

“പക്ഷെ എന്റെ മനസ്സ് നേരെ തിരിച്ചാണ് പറയുന്നത്…. എല്ലാത്തിനും നിമിഷങ്ങൾ മതി “

സബീന ഒന്നും മിണ്ടിയില്ല

“നമുക്ക് അവരെ യൊന്നു ചെന്ന് കണ്ടാലോ എല്ലാം തുറന്നു പറയാം “

“ഇക്ക അത് കൂടുതൽ പ്രശ്നമാകില്ലേ “

റഷീദ് വീണ്ടും മൗനം പൂണ്ടു

“ഒരു തുടരന്വേഷണത്തിനു ഉള്ള സാധ്യത യുണ്ടോ”

“മിക്കവാറും”

“അവർ അതിനുള്ള ഒരുക്കത്തിലാണ്… അത് അവർ കോടതി വഴി നേടിയെടുത്താൽ അറിയാലോ നമ്മൾ വിചാരിച്ചിടത്തു കാര്യങ്ങൾ
നിൽക്കില്ല പോരാത്തതിന് മീഡിയ വേറെയും”

“ഇക്കാ അത് കൂടുതൽ പ്രശ്ന ങ്ങൾ ഉണ്ടാക്കില്ലേ”

“എനിക്കറിയില്ല മനസ്സിന് എന്തൊരു ഭാരമാണെന്ന് അറിയോ എന്ത് സംഭവിച്ചാലും എനിക്കിതൊക്കെ ഒന്നിറക്കി വെക്കണം വയ്യെടോ…. മതിയായി…”

സബീന ഒന്നും മിണ്ടിയില്ല..

“ഇക്ക ചെന്നൊന്നു കിടക്കു കുറച്ചു നേരം കണ്ണടച്ച് ഉറങ്ങു മനസ്സ് ഒന്ന് ശാന്തമാകട്ടെ….”

♡♡♡♡♡♡♡♡♡♡

ആ കൊച്ചു വീടിന്റെ വഴിയിലേക്ക് കാറ് കയറില്ല… മെയിൻ റോഡിന്റെ ഒരരിക് പിടിച്ചു റഷീദ് വണ്ടി പാർക്ക്‌ ചെയ്തു… സബീനയും റഷീദും കാറിൽ നിന്നിറങ്ങി…. വലതു വശത്തുള്ള ചെറിയ വഴിയിലൂടെ സുമതിയുടെ വീട്ടിലേക്കു നടന്നു..

ചെറിയ ഗേറ്റ് കടന്നു മിറ്റത്തേക്ക് കയറി…. ഒരു കൊച്ചു പഴയ വീട്.. ഉമ്മറത്ത് രണ്ടു പ്ലാസ്റ്റിക് കസേര ഇട്ടിരിക്കുന്നു… ഒന്നമർന്നിരുന്നാൽ ഒരു പക്ഷെ കസേര രണ്ടും പൊട്ടി വീണേക്കാം…

വീട്ടിൽ ആളനക്കമൊന്നും കേൾക്കാത്തതിനാൽ റഷീദും സബീനയും മുഖത്തോട് മുഖം നോക്കി….. കുറച്ചു നേരം കഴിഞ്ഞപ്പോഴേക്കുംദൂരെ നിന്ന് നടന്നു വരുന്ന സുമതിയെ കണ്ട് സബിന കണ്ണുകൊണ്ടു ആംഗ്യം കാണിച്ചു…റഷീദ് അതു കണ്ടു.. വീട്ടു മിറ്റത്ത് നിൽക്കുന്നവരെ കണ്ടപ്പോൾ സുമതി അമ്പരന്നു

“അയ്യോ സാറെ . ഇതെന്താ . ഞങ്ങടെ വീട്ടു മുററത്ത് . ഞാൻ റേഷൻ മേടിക്കാൻ പോയതാ നിൽക്കാതെരണ്ടു പേരും ഇരിക്ക്……”

റഷീദും സബീനയും. ആ പഴയ പ്ലാസ്റ്റിക്ക് കസേരയിലിരുന്നു

“ഞാൻ കുടിക്കാൻ കട്ടൻ ചായ എടുക്കാം. പാലില്ല സാറെ”

“ഒന്നും വേണ്ട ” സബീന പെട്ടെന്ന് പറഞ്ഞു

” ഞങ്ങള് വന്നത് മറ്റൊരു കാര്യം പറയാനാണ്”

സുമതിക്ക് ഒന്നും മനസ്സിലായില്ല

“ങ്ങങ്ങളിനി പറയാൻ പോകുന്നത് അമ്മ ശ്രദ്ധിച്ചു കേൾക്കണം “

♡♡♡♡♡♡♡♡♡♡

സാമാന്യം തിരക്കുള്ള റോഡിൽ ബൈക്കിലെത്തിയ റഷീദ് വണ്ടി സ്റ്റാൻഡിലിട്ട് ഇറങ്ങിയ നേരം ഒരു ചെറുപ്പക്കാരൻ ഒരു കുഞ്ഞു മൈക്കും കയ്യിലേന്തി റഷീദിന്റെ മുന്നിലേക്ക് ചാടിയിറങ്ങി

“സാറെ സാറൊരു പോലീസ് ഉദ്യോഗസ്ഥനല്ലെ “

“അതെ”

“എന്നിട്ടാണൊ സാറ് ഹെൽമറ്റില്ലാതെ വണ്ടിയോടിക്കുന്നത്”

റഷീദ് എന്ത് പറയണമെന്ന് അറിയാതെ കുഴങ്ങി അപ്പോഴാണ് റഷീദ് അത് ശ്രദ്ധിച്ചത്മ റ്റൊരു ചെറുപ്പക്കാരൻ വീഡിയൊ എടുക്കുന്നു
സംഗതി ഇത് സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റ് കളാണെന്ന് റഷീദ് പെട്ടെന്ന് മനസ്സിലായി

“സർ ഇതിപ്പൊ ഒരു സാധാരണ യാത്രക്കാരൻ ആയിരുന്നെങ്കിൽ എന്തെല്ലാം പുകിലായേനെ”,

“സാറ് ഇതിനൊരു മറുപടി പറഞ്ഞിട്ട് പോയാ മതി. സംഭവം ലൈവാണ് യു ആർ ടേക്കൺ”

സോഷ്യൽ മീഡിയായുടെ മുന്നിൽ താൻ . എക്സ്പോസ്ഡ് ആയെന്ന് റഷീദിന് മനസ്സിലായി പിന്നെ കൂടുതൽ ചിന്തിക്കാൻ നിന്നില്ല. മുഖം രക്ഷിക്കാൻ അയാൾ ക്യാമറ നോക്കി പറഞ്ഞു

“ശരിയാണ് ഉത്തരവാദിത്വമുള്ള ഒരു പോലീസ് കാരൻ എന്ന നിലക്ക് ഞാനൊരിക്കലും ചെയ്യാൻ പാടില്ലാത്തതാണ്… മകന് സുഖമില്ല എന്ന് ഭാര്യയുടെ ഫോൺ വന്നപ്പോൾ ഒന്നും നോക്കിയില്ല. പെട്ടെന്ന് വണ്ടിയെടുത്ത് ഇറങ്ങുകയായിരുന്നു. തീർച്ചയായും ഇതിന് ഞാൻ നിയമപരമായുളള പെനാൽട്ടി അടക്കുന്നതായിരിക്കും”

ആ ഒരു സംഭവത്തിന് ശേഷം റഷീദ് ചെറുതായൊന്ന് രണ്ടു ദിവസ ത്തേക്ക് ഒരു വല്ലാത്ത അവസ്ഥയിലായിരുന്നു.

“അവനിട്ട് ഞാനൊരു പണി കൊടുക്കും സാറ് വിഷമിക്കാതിരി .നമ്മുടെ കയ്യില് അവനെ കിട്ടും

പൊതുവെ ചൂടനായ എസ് ഐ അരുൺ റഷീദിന്റെ മുഖത്ത് നോക്കി പറഞ്ഞു

” അതൊന്നും വേണ്ടെടോ …… സോഷ്യൽ മീഡിയ വലിയ പ്രശ്നമാണ് വേണ്ടാത്ത വയ്യാവേലിക്കൊന്നും നിൽക്കണ്ട:”

“എന്ന് വെച്ച് പോലീസിനെ അങ്ങിനെയങ്ങ് ഒതുക്കാം എന്ന് കരുതിയാൽ ചുമ്മാ കൈയും കെട്ടിയിരിക്കാൻ പറ്റുമൊ”

റഷീദ് ഒന്നും മിണ്ടിയില്ല……

പോലീസ് ക്ലബിൽ അന്നൊരു മീറ്റിംങ്ങുണ്ടായിരുന്നു അത് കഴിഞ്ഞ് ജീപ്പിൽ റഷീദും അരുണും തിരിച്ചു വരുമ്പോൾ …… ടോൾ കഴിഞ്ഞുള്ള പാലത്തിലേക്ക് ജീപ്പ് കയറി കുറച്ചു മുന്നോട്ട് പോയപ്പോൾ അരുൺ പെട്ടെന്ന് ഡ്രൈവറോട് പറഞ്ഞു

“ആ സൈഡിലേക്കൊന്ന് വണ്ടി നിർത്തിക്കെ……” ജീപ്പ് സൈഡിലേക്കൊതുക്കി.

“സാറെ ആ നിൽക്കുന്നത് മറ്റേ പയ്യനല്ലേ അന്ന് സാറിനിട്ട് താങ്ങിയവൻ”

“അത് വിട്ടേക്ക് എന്റെ അരുണെ”

“സാറെ ഞാനൊന്നും ചെയ്യാൻ പോകുന്നില്ല. ചുമ്മാ ഒന്ന് പരിചയപ്പെടാൻ….. മ്മളെ ഈ സാറ് പോലീസുകാരനാവേണ്ടതല്ല വല്ല ആശ്രമത്തിൽ സന്യാസി ആവേണ്ടതായിരുന്നു “

ഇത് കേട്ട ഡ്രൈവർ പൊട്ടി ചിരിച്ചു

മുന്നോട്ട് നീങ്ങിയ അരുണും ആ പയ്യനുമായി എന്തൊക്കെയൊ സംസാരിക്കുന്നതായി റഷീദ് കണ്ടു പെട്ടെന്ന് അരുൺ ആ പയ്യന്റെ പാന്റിന്റെ പോക്കറ്റിൽ കയ്യിടുന്നതും എന്തൊ പൊതി പുറത്തേത്തേക്കെടുക്കുന്നതും

“സാറെ ഒന്നിങ്ങ് വന്നെ” എന്ന് ഉറക്കെ വിളിച്ച് പറഞ്ഞതും ഒരുമിച്ചായിരുന്നു.

റഷീദ് അവരുടെ അടുത്തേക്ക് ചെന്നു

“സാറെ ഇവൻ വ്ലോഗർ മാത്രമല്ല ട്ടൊ ഒരു കiഞ്ചാവിസ്റ്റ് കൂടിയാണ്. ടാ വീട്ടിൽ എത്ര കിലോ ഉണ്ടെടാ”

അരുണിന്റെ ചോദ്യത്തിന്റ പയ്യൻ ഒന്നും മിണ്ടിയി മിണ്ടിയില്ല.

“പറയെടാ” അരുൺ അവന്റെ മുഖം നോക്കി ഒരെണ്ണം കൊടുത്തു

” ദേ എന്റെ ശരീരത്തിൽ തൊട്ടാൽ വിവരം അറിയും”

ആ പയ്യൻ കൈകൾ ചുരുട്ടി .

“ങ്ങാഹാ ഇവൻ ആള് കൊള്ളാലൊ….. ഞാൻ നിന്നെ തiല്ലുന്നത് വീഡിയൊ എടുത്ത് പോസ്റ്റ് ചെയ്യടാ മiലരെ”

ദേഷ്യം സഹിക്കാനാവാതെ അരുൺ അവനെ അടിക്കാനായി കൈകൾ പൊക്കി പൊക്കിയതും. പാന്റിന്റെ പോക്കറ്റിൽ നിന്ന് ഒരു കiത്തിയെടുത്ത് അരുണിനെ കുiത്താൻ ആഞ്ഞതും പെട്ടെന്നായിരുന്നു

നോ എന്നലറികൊണ്ട് പൊടുന്നനെ റഷീദ് ആ പയ്യനെ തള്ളി മാറ്റി. തള്ളലിന്റെ വീഴ്ചയിൽ പാലത്തിന്റെകൈ വരികളി ൽ തട്ടിആ പയ്യൻ
പുഴയിലേക്ക് വീണതും ഒരുമിച്ചായിരുന്നു

റഷീദ് പെട്ടെന്ന് പകച്ചു പോയി

“സാർ വിഷമിക്കാതിരി അവൻ നീന്തി കയറിക്കോളും….”

” ഡോ അവന് . നീന്തൽ അറിയാമൊi” അരുൺ പൊട്ടിച്ചിരിച്ചു

“എന്റെ സാറെ നീന്തലറിഞ്ഞില്ലെങ്കിൽ . രണ്ടു ദിവസം കഴിഞ്ഞാ പൊങ്ങും. സാറ് വാ….. കiഞ്ചാവ് കയ്യിലുള്ളതിനാൽ പോലീസിനെ പേടിച്ച് അവൻ പുഴയിലേക്ക് എടുത്തു ചാടി:… നീന്തലറിയാത്തകാരണം ചiത്ത് പൊങ്ങി അത്ര തന്നെ……” ഒന്നു നിർത്തി അരുൺ തുടർന്നു

” അല്ലേലും സാറെ ഈ യുട്യൂബ് വ്ലോഗർ മോട്ടിവേഷൻ എന്നതിന്റെ പേരും പറഞ്ഞ് കുറെയെണ്ണം ഇറങ്ങിയിട്ടുണ്ട്. മിക്കതും കiഞ്ചാവും ലiഹരിയുമാ…… എന്ന് വച്ച് നല്ലവന്മാരും ഉണ്ട് കെട്ടൊ : സാറ് ധൈര്യമായിരി”

♡♡♡♡♡♡♡♡♡♡♡

സബീന നടന്ന കാര്യങ്ങൾ പറഞ്ഞു. കഥ കേൾക്കുന്ന പോലെ സുമതി തൂണും ചാരി നിന്നു

” ഇത് സാറിന് ഇവിടെ പറയണമെന്ന് ഒരേ നിർബ്ബന്ധം……ആ സംഭവത്തിന് ശേഷം സാറ് മാനസികമായി ആകെ തകർന്ന അവസ്ഥയിലാ “

തൂണും ചാരിനിന്ന സുമതി അപ്പോഴും ഒന്നും മിണ്ടിയില്ല.

“ഞങ്ങൾക്കറിയാം ഒരു മകന്റെ നഷ്ടം നികത്താ നാവാത്ത ഒന്ന് തന്നെയാണ്…. ഒന്നുമില്ല അതിന് പകരം വെക്കാൻ . മനപൂർവ്വ മല്ലായിരുന്നു : പറ്റി പോയതാണ്….. ഒരു കൈ അബന്ധം”

കാര്യങ്ങൾ പറഞ്ഞു കഴിഞ്ഞ് സബീനയും റഷീദും എഴുന്നേറ്റ് യാത്ര പറഞ്ഞ് വണ്ടിയിലേക്ക് നീങ്ങി വണ്ടിക്കകത്ത് കയറുമ്പോൾ സുമതി പിന്നിൽ നിന്ന് വിളിച്ച് പറഞ്ഞു

“സാറെ ഒരു കാര്യം ചോദിച്ചോട്ടെ എന്റെ മകന്റെ ഒരു കൈയ്യബന്ധം കൊണ്ട് സാറിനൊ സാറിന്റെ മകനൊ മരണപ്പെട്ടിരുന്നെങ്കിൽ എന്തായിരിക്കും അവസ്ഥ….. ചിന്തിക്കാൻ പോലും കഴിയില്ല…..തൽക്കാലം നിങ്ങൾ വീട്ടിലേക്ക് ചെല്ല്”

റഷീദ് ഒന്നും മിണ്ടാതെ വണ്ടിയിൽ കയറിയിരുന്നു. സുമതിയുടെ വാക്കുകൾ കേട്ട സബീന വണ്ടിയിൽ കയറാതെ തിരിച്ച് പതിയെ സുമതിയുടെ അടുത്തേക്ക് നടന്നു ചെന്നു

“ഇവിടെ വന്ന് യാചിക്കാനല്ല അദ്ദേഹം വന്നത് മറിച്ച് എല്ലാം തുറന്ന് പറഞ്ഞ് മനസ്സിനെ ഒന്ന് ശാന്തമാക്കാൻ മാത്രം……പിന്നെ മകനെ നഷ്ടപെട്ട ദുഃഖം….. ഞങ്ങൾക്കതു ശരിക്കും മനസ്സിലാകും….ഞങ്ങളും ഇതേപോലെ ഒരു കൈ അബദ്ധത്തിന്റെ തീരാനഷ്‌ടം സഹിക്കുന്ന അച്ഛനും അമ്മയുമാണ്…. അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോ ഒരു കൂട്ടുകാരന്റെ കൈ അബദ്ധം… ഇന്നവന് ഇരുപത്തിനാല് വയസ്സായി…. ഒന്ന് സംസാരിക്കാനൊ . എഴുന്നേൽക്കാനൊ കഴിയാതെ ഒരേ കിടപ്പാ എന്റെ മകൻ……”

മനസ്സിന്റെ ദുഖം കണ്ണിൽ ഊറി വന്നപ്പോൾ സബീന സുമതി കാണാതെ കണ്ണുതുടച്ച് വണ്ടിയിലേക്ക് കയറി……

☆☆☆☆☆☆☆☆

സമയം രാവിലെ പത്ത് മണിയായിക്കാണും . റഷീദ് യൂണിഫോമിട്ട് ബ്രേക്ക്ഫാസ്റ്റ് കഴിക്കാനായി ഇരുന്നു.

” തീരുമാനിച്ചു ല്ലെ”

“ഞാൻ സാറിനോട് എല്ലാം തുറന്ന് പറയാൻ പോകയാണ്……പിന്നെ ന്താന്ന് വച്ചാൽ അതിന്റെ വഴിക്ക് .നടക്കട്ടെ”

“ഇക്കായുടെ ഷ്ടം”

പ്ലേറ്റിൽ വെള്ളയപ്പവും മുട്ടക്കറിയും സബീനവെക്കുന്നതിനിടയിൽ കാളിംഗ് ബൽശ ശബ്ദിച്ചു.. രണ്ടു പേരും മുഖത്തോട് മുഖം നോക്കി. സബീന പ്ലേറ്റ് അവിടെ വെച്ച് സാരിയുടെ കോന്തല കൊണ്ട് .കൈതുടച്ച് വാതിൽ തുറന്നു . ഒരു ചെറു പുഞ്ചിരിയോടെ സുമതി പുറത്ത് നിൽക്കുന്നു. എന്ത് പറയണമെന്നറിയാതെ സബീന ഒരു നിമിഷം പരുങ്ങി

“വരു അകത്തേക്ക് വരു”

“വേണ്ട ഞാനിവിടെ നിന്നോളാം.”

“അതല്ല . വരു അകത്തിരിക്കാം”

മനസ്സില്ലാ മനസ്സോടെ സുമതി സബീനയെ അനുഗമിച്ചു സുമതിയെ കണ്ട റഷീദ് എഴുന്നേറ്റു

“ഇരിക്കു”

“വേണ്ട സാറെ ഞാനിവിടെ നിന്നോളാം….. ഞാൻ ഒരു കാര്യം പറയാൻ വന്നതാ ഞാൻ ഇവിടം വിട്ട് ഇടുക്കിയിലേക്ക് പോകയാണ്. അവിടെ എനിക്ക് ഒരു ചെറിയ വീടും കുറച്ച് സ്ഥലവും ഉണ്ട് . പിന്നെ എന്റെ ബന്ധുക്കളും . മോൻ പോയി….. ശിഷ്ടകാലം അവരുടെ കൂടെ കഴിയാം എന്ന് കരുതി…..പിന്നെ അവൻ ലiഹരി ഉപയോഗിക്കുന്നത് എനിക്ക് ഒരു പുതിയ അറിവായിരുന്നു……” കണ്ണുകൾ തുടച്ച് സുമതി തുടർന്നു

“എനിക്ക് നിങ്ങടെ മോനെ ഒന്നു കാണണം”

“വരു”

സുമതി അത് പറഞ്ഞപ്പോൾ അകത്തെ മുറിയിലേക്ക് സബീന കൂട്ടി കൊണ്ട് പോയി നിശ്ചലമായി മിണ്ടാൻ പറ്റാതെ കിടക്കുന്ന റഷീദിന്റെ മകനെ കുറച്ചു നേരം സുമതി നോക്കി…..ആ നെറ്റിയിൽ തലോടി…..

“എല്ലാം നേരെയാകും. അമ്മ പ്രാർത്ഥിക്കാം ട്ടൊ”

അത് പറഞ്ഞ് കണ്ണുകൾ തുടച്ച് സുമതി മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി

“സാറെ ഇനി ഈ കഥക്ക് ഒരു തുടർച്ചയില്ല….. ശരിയാണൊ തെറ്റാണോ എന്നൊന്നും എനിക്കറിയത്തില്ല. പക്ഷെ . ഇപ്പൊ എന്റെ ശരി ഇതാണ് . ഒരമ്മയുടെ കണ്ണീർ തുടക്കാൻ മറ്റൊരമ്മയുടെ കണ്ണീർ വീഴ്ത്തണ മെന്ന വാശിയൊന്നും എനിക്കില്ല എന്ന് മാത്രം…വരട്ടെ സാറെ..”

വാതിലും തുറന്ന് പുറത്തേക്കിറങ്ങിയ . സുമതിയെ നിറകണ്ണുകളോടെ സബീന നോക്കി നോക്കി നിന്നു: കൂടെ റഷീദും

☆☆☆☆☆☆☆☆

ആട്ടോറിക്ഷയിൽ ഇരിക്കുമ്പോ സുമതി ഓർത്തു

“അമ്മേ അല്ലേലും അവനു ഇച്ചിരി ഗമ കൂടുതലാ. പോലീസുകാരന്റെ മകനല്ലേ… ഒന്നും രണ്ടും പറഞ്ഞപ്പോ എനിക്ക് ദേഷ്യം വന്നു… ഒരൊറ്റ ചവിട്ടു ….ആ കലുങ്കിൽ തലയിടിച്ചു അവൻ തെറിച്ചു വീണു…..”വർഷങ്ങൾക്കു മുൻപ് മോഹനകൃഷ്ണൻ തന്നോട് പറഞ്ഞത്

ആട്ടോ റിക്ഷക്കാരനു കാശു കൊടുത്തു പുറത്തേക്കിറങ്ങിയപ്പോൾ സുമതി ഓർത്തു… മലയാളം പഠിപ്പിക്കുന്ന ദിവാകരൻ സാറ് പറഞ്ഞ
വാക്കുകൾ

“അതേയ് ഇനിയെങ്കിലും മോഹനകൃഷ്ണനോട്പ റയണം. ഈ അനാവശ്യ ദേഷ്യവും ശുണ്ഠി യുമൊക്കെ മാറ്റി വെക്കാൻ… ആ സാറ് ഒരു നല്ല മനുഷ്യനാ… കുട്ടികളല്ലേ കേസെടുത്തു അവന്റെ ഭാവിയും കൂടി കളയുന്നില്ല എന്നാ പറഞ്ഞത്”

ആ സാറിനെ കണ്ടു മാപ്പ് പറയണമെന്ന് തോന്നി… പക്ഷെ അപ്പോഴേക്കും ആ സാറ് സ്ഥലം മാറി പോയെന്നും കേട്ടു

വീട്ടിലെത്തിയ സുമതി കുറച്ചു നേരം കണ്ണടച്ചിരുന്നു…. ശരിയേത് തെറ്റേതു എന്നു ചിന്തിക്കയായിരുന്നില്ല….മറിച്ചു ജീവിതത്തിൽ നടക്കുന്ന ഓരോ കാര്യങ്ങൾക്കും ഒരു തുടർച്ച ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ ഉണ്ടാകുന്നോ എന്ന സുമതി സ്വയം ചോദിച്ചു കൊണ്ടിരിക്കയായിരുന്നു……

(അവസാനിച്ചു)

Leave a Reply

Your email address will not be published. Required fields are marked *