സത്യത്തിൽ ഞാനിന്ന് ആത്മഹiത്യ ചെയ്യാൻ വന്നതാണ് ഈ തിരമാലകളുമായി കുശലം പറഞ്ഞു മുന്നോട്ടങ്ങനെ പതിയെ പതിയെ……

ബ്ലഡ് റഡ്

Story written by Suresh Menon

ഇന്ന് മഴയുടെ ലക്ഷണമില്ല. സൗമ്യ ആകാശത്തേക്ക് നോക്കി. ഒരു പക്ഷെ കലക്ടർ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി കൊടുത്തതു കൊണ്ടായിരിക്കുമൊ സൗമ്യ വെറുതെ ഒന്നു പുഞ്ചിരിച്ചു……

ബസ്സ് വരാൻ ഇനിയും സമയമുണ്ട് .ആട്ടോ വന്നാലും മതിയായിരുന്നു.

അപ്പോഴാണ് സൗമ്യ അത് ശ്രദ്ധിച്ചത്. ഒരു കറുത്ത ബൈക്കിൽ വരുന്ന ഒരു ചെറുപ്പക്കാരൻ….. രണ്ടു പ്രാവശ്യം ആലോചിച്ചില്ല ലിഫ്റ്റിനായി കൈ പൊക്കി….. ബൈക്ക് മെല്ലെ കടന്നു പോയി. സ്വൽപ്പം മാറി നിർത്തി….. തിരിഞ്ഞൊരു ചോദ്യം

“എവിടെക്കാ”

“ബീച്ചിലേക്കാ “

“ആണോ ഞാനും അങ്ങോട്ടാ കയറിക്കൊ”

ബീച്ചിലെത്തും വരെ രണ്ടു പേരും മിണ്ടിയില്ല…..പാർക്കിങ് സ്പേസിൽ ബൈക്ക് നിർത്തി. രണ്ടു പേരും ഇറങ്ങി

” ബീച്ചിൽ നിത്യവും വരുമൊ”

സൗമ്യആ ചെറുപ്പക്കാരനോട് ചോദിച്ചു

“മിക്കവാറും”

“പേര്”

“സൗമ്യ”

” ഞാൻ അനന്തു”

രണ്ടു പേരും മുന്നോട്ട് നടന്നു. തിരമാലകൾ കാൽവിരലുകളെ തൊട്ടപ്പൊ പതിയെ നിന്നു.

“ഇത്രയും മതി”

അനന്തു കുനിഞ്ഞു നോക്കി പറഞ്ഞു. സൗമ്യ ചിരിച്ചു.

“സത്യത്തിൽ കാൽ തഴുകിയതല്ല.ഇതിനപ്പുറത്തോട്ട് വരണ്ട എന്ന് നമ്മെ ഓർമ്മപെടുത്തിയതാണ്. പക്ഷെ നമ്മൾ അനുസരിക്കാറില്ല”

” അതെ അതാണ് സത്യം”

അനന്തുവിന്റെ വാക്കുകൾ കേട്ട സൗമ്യ മറുപടി നൽകി.

കുറച്ചപ്പുറത്ത് മാറിയിരുന്ന് പരസ്പരം പരിചയപെടലും വിശേഷങ്ങൾ പങ്കുവെക്കലും കഴിഞ്ഞപ്പോൾ സമീപത്തെത്തിയ പയ്യന്റെ കയ്യിൽ നിന്ന് കടല മേടിച്ച് കൊറിക്കാൻ ആരംഭിച്ചു

“ഇവിടുത്തെ അസ്തമയത്തിന് നല്ല ഭംഗിയാ ….നല്ല കടും ചുമപ്പ് .ബ്ലഡ്‌ റെഡ് എന്നൊക്കെ പറയില്ലേ… അത് പോലെ”

അനന്തു അത് പറഞ്ഞപ്പോൾ സൗമ്യ ദൂരേക്ക് നോക്കി. സൂര്യന് നിറവ്യത്യാസങ്ങൾ വന്നു തുടങ്ങി

” ബ്ലഡ് റഡ് ഇഷ്ടമുള്ള നിറമാണോ .ചോരയുടെ നിറം”

സൗമ്യയുടെ ചോദ്യം കേട്ട അനന്തു കപ്പലണ്ടി കൊറിക്കുന്നതിനിടയിൽ ചിരിച്ചു

“എന്റെ ഒരു അഗ്രഹമെന്താണെന്ന് അറിയാമൊ . ഒരു തുള്ളി ചോiരവീഴാതെ മരിക്കണം. അനന്തുവിനൊ……”

” മരണത്തെ കുറിച്ച് പ്രത്യേക അഗ്രഹങ്ങളൊന്നുമില്ല….. പിന്നെ തോന്നും വെറുതെയിരിക്കുമ്പോൾ ഒന്നും അറിയാതെ മരിക്കണമെന്ന്…..എ പെയിൻ ലെസ്സ് ഡെത്ത്”

രണ്ടു പേരും കുറച്ചുനേരം ഒന്നും മിണ്ടിയില്ല…..

“അനന്തു……” സൗമ്യ പതിയെ വിളിച്ചു. അനന്തു സൗമ്യയുടെ മുഖത്തേക്ക് നോക്കി

“സത്യത്തിൽ ഞാനിന്ന് ആത്മഹiത്യ ചെയ്യാൻ വന്നതാണ് ഈ തിരമാലകളുമായി കുശലം പറഞ്ഞു മുന്നോട്ടങ്ങനെ പതിയെ പതിയെ……”

അനന്തുവിന്റെ നെറ്റി ചുളിഞ്ഞു.

“ദൈവമെ ഈ ആത്മഹiത്യക്ക് അവസാനം ഞാൻ സമാധാനം പറയേണ്ടി വരുമൊ”

” ങ്ങേയ് അനന്തു പേടിക്കണ്ട . വിശദമായ അത്മഹiത്യാ ക്കുറിപ്പ് ഞാൻ വീട്ടിൽ എഴുതി വെച്ചേച്ചാ പോന്നേക്കു ന്നെ”

” സൗമ്യാ എന്തായി പറയുന്നെ ആർ യു മാഡ് “

കുറച്ചു നേരം സൗമ്യ ഒന്നും മിണ്ടിയില്ല

” പ്രണയ നൈരാശ്യമാണൊ എന്ന് ചോദിച്ചാൽ നിരാശയൊന്നുമില്ല…. പക്ഷെ നഷ്ടപെട്ടു എന്നറിഞ്ഞപ്പോൾ പിന്നെ വല്ലാത്ത ഒരു ഒറ്റപെടൽ ആയിരുന്നു. ഡിപ്രഷനിലേക്ക് പോയോ എന്ന് ചോദിച്ചാൽ പോയി എന്ന് തന്നെ പറയേണ്ടി വരും…..”

അനന്തു ശ്രദ്ധിച്ച് കേട്ടുകൊണ്ടിരുന്നു.

“സത്യത്തിൽ എനിക്കങ്ങ് മടുത്തു…..അവനില്ലാതെ… ഒന്നു സംസാരി ക്കാൻ കഴിയാതെ ഹോ….. ഇതിനെക്കാളും അസഹനീയമായിരുന്നു വീട്ടുകാർ….. റിയലി ഡിസ്ഗസ്റ്റിങ്ങ് . എന്നും ഓരോ പ്രൊപ്പോസൽസു മായി വരും…..നല്ല പയ്യനല്ലെ എന്നും ചോദിച്ചോണ്ട്….. എന്നെ മനസ്സിലാക്കുന്നേയില്ല അവർ…. സത്യം പറയാലൊ ചiത്താ മതി എന്നായി……:”

കുറച്ചുനേരം രണ്ടു പേരും കൈകളിൽ മണൽ വാരി അതിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടിരുന്നു……

സൗമ്യ ആകാശത്തേക്ക് നോക്കി……

“അസ്തമയം ആകാറാവുന്നു”

“ആയില്ല ബ്ലഡ് റെഡ് അതാണതിന്റെ ഭംഗി”

അനന്തുവിന്റെ മറുപടി കേട്ട സൗമ്യ കൗതുകത്തോടെ അസ്തമിക്കാൻ പോകുന്ന സൂര്യനെ നോക്കി

” അനന്തു….. “സൗമ്യ പതിയെ വിളിച്ചു.

“അനന്തു ആരേയും സ്നേഹിച്ചിട്ടില്ലെ” “ഉം……”

” ആരെ”

“ഹിമ”

“എന്നിട്ട്”

“ഐ ലോസ്റ്റ് ഹേർ ഷി ഈസ് നോ മോർ”

“ഹോ മൈ ഗോഡ് …..എങ്ങിനെ”

“അങ്ങൾ സ്ഥിരമായി ഓഫീസ് ജോലി കഴിഞ്ഞാൽ വൈകീട്ട് ബീച്ചിൽ വന്നിരിക്കുമായിരുന്നു…… അങ്ങിനെ ഒരു യാത്രയിൽ….. ആക്സിഡന്റ്…. അങ്ങൾ രണ്ടു പേരും തെറിച്ചു വീണു…..”

കുറച്ചു നേരത്തേക്ക് സൗമ്യ ഒന്നും മിണ്ടിയില്ല: നിമിഷങ്ങളുടെ ദൈർഘ്യം കൂടിയപ്പോൾ സൗമ്യ പതിയെ ചോദിച്ചു

” ഒരിക്കൽ പോലും അനന്തുവിന് ആത്മഹiത്യ ചെയ്യാൻ തോന്നിയില്ലെ”

അനന്തു കുറച്ചുനേരം കണ്ണടച്ചിരുന്നു…..

” തോന്നിയിരുന്നു .എന്നാൽ പിന്നീട് വന്ന തോന്നൽ എന്നോട് പറഞ്ഞത് അവളുടെ ഓർമ്മകളിൽ ജീവിക്കാനാണ്”

അനന്തു തുടർന്നു…..

“ചില സമയം പിടിച്ചു നിൽക്കാൻ കഴിയില്ല …. അപ്പോഴും അവളുടെ ഓർമ്മകൾ എന്നെ ജീവിപ്പിക്കയായിരുന്നു”

അനന്തു ആകാശത്തേക്ക് നോക്കി…… ആകാശത്തിന്റെ കോണുകൾ ബ്ലഡ് റഡ്ഡാകുന്നു മനോഹരമായ കാഴ്ച….

” വാ നമുക്ക് മുന്നോട്ട് നടക്കാം ……”

മുന്നോട്ട് നീങ്ങി തിരമാലകൾ കാൽ പാദങ്ങളെ തോണ്ടിയപ്പോൾ അനന്തു പതിയെ പറഞ്ഞു

“വെൽകം”

അത് കേട്ട സൗമ്യ ഒന്നു പുഞ്ചിരിച്ചു

” ആത്മഹiത്യ ചെയ്യാൻ വന്നതല്ലെ ഈ തിരമാലകളിലൂടെ അങ്ങിനെ നടന്ന് നീങ്ങി …..”

“ഉം .സത്യം പക്ഷെ അനന്തുവുമായി കുറച്ചു സംസാരിച്ചപ്പോൾ സത്യത്തിൽ ഞാനത് മറന്ന് പോയി” സൗമ്യ കുലുങ്ങി ചിരിച്ചു

“അല്ലേലും തിരമാലകളിലൂടെ മുന്നോട്ട് നടന്നു നീങ്ങാൻ അറിയണം. ഇല്ലേൽ ആത്മഹiത്യാശ്രമം പാളും”

” ങ്ങേ അങ്ങിനെയൊക്കെയുണ്ടൊ”

” ദേ കണ്ടോ ഞാൻ കാണിച്ചു തരാം” ഒരു കൗതുകത്തോടെ സൗമ്യ തലകുലുക്കി

അനന്തു തിരമാലകളിലൂടെ മുന്നോട്ട് നീങ്ങി ….. ആടിയും ഉലഞ്ഞും കയറിയും ഇറങ്ങിയും മുന്നോട്ട് മുന്നോട്ട്…… വീണ്ടും മുന്നോട്ട്….. ഒരു വലിയ കമ്പിളിപുതപ്പു പോലെ തിരമാലകൾ അനന്തുവിനെ പൊതിഞ്ഞു .അത് വകവെക്കാതെ വീണ്ടും മുന്നോട്ട്…..

” അനന്തു” : സൗമ്യയുടെ വിളിയുടെ ശബ്ദം ഉച്ചത്തിലായി പിന്നെ അതൊരലർച്ചയായി മാറി

” അനന്തു………” പ്ലീസ് അനന്തു………… മടങ്ങി വാ അനന്തു പ്ലീസ്”

അതൊരു പൊട്ടിക്കരച്ചിലായി . അലർച്ചയായി……അവൾ നനവുള്ള മണലിൽ കുത്തിയിരുന്നു….. അലർച്ച കെട്ടടങ്ങി…… ഇറ്റിറ്റു വീഴാൻ മടി കാണിക്കുന്ന കണ്ണീർ തുള്ളികളാൽ അവളുടെ കാഴ്ചക്ക് മങ്ങലേറ്റു…..

അപ്പോഴും അവൾ പിച്ചും പേയും പറയുന്ന പോലെ ആ മണലിൽ കിടന്ന് മന്ത്രിച്ചു കൊണ്ടിരുന്നു

” വേണ്ട അനന്തു….പ്ലീസ് മടങ്ങി വാ മടങ്ങിവാ…….”

♡♡♡♡♡♡♡♡♡♡

സമയം സന്ധ്യയോടടുക്കുന്നു.വാട്സപ്പിന്റെ ബീപ്പ് സൗണ്ട് കേട്ട സൗമ്യ മൊബൈൽ കയ്യിലെടുത്തു….. അമ്മയുടെ വോയ്സ് മെസ്സജ്

“മോളെ ഇതെങ്കിലും നീ വേണ്ട എന്ന് പറയരുത്…. നല്ല പയ്യനാ….. ഒരു വാട്സപ്പ് മാട്രിമോണി ഗ്രൂപ്പിൽ നിന്ന് കിട്ടിയതാ……മോളൊന്ന് നോക്ക് .പ്പൊ അയക്കാം”

നിമഷങ്ങൾക്കുള്ളിൽ വന്ന അമ്മയുടെ മെസ്സജ് അവൾ തുറന്നു

പേര് അനന്തു

ജോലി കമ്പ്യൂട്ടർ എൻ ജീനീയർ

നാള് രോഹിണി

ജനനതിയതി 10 6 1995

പൊക്കം 5’7

ഭാരം 68

വിവരങ്ങൾ എല്ലാം വായിച്ചു….. അവൾആ ഫോട്ടോയിലേക്ക് നോക്കി….. പുഞ്ചിരിച്ചു കൊണ്ടിരിക്കുന്ന അനന്തു

” നീഎന്നെ തേടി വീണ്ടും വന്നൊ”

സൗമ്യ പതിയെ ചോദിച്ചു

” ഞാൻ കൂടെ വരട്ടെ……”

ഉത്തരം നൽകാതെ അനന്തു അപ്പോഴും പുഞ്ചിരിച്ചു കൊണ്ടിരുന്നു

അവൾ പതിയെ ജനലഴികളിലൂടെ പുറത്തേക്ക് നോക്കി…… അസ്തമയം അടുക്കുന്നു . ബ്ലഡ് റഡ് ആകുന്നെയുള്ളു

സൗമ്യ പതിയെ കണ്ണുകളടച്ചു…..തന്റെ രണ്ടു വശങ്ങളിലും മുളച്ച വരുന്ന ചിറകുകൾ . പതിയെ വിടർത്തി…..പിന്നെ ചെറുതായി ചെറുതായി ജനലഴികൾക്കിടയിലൂടെ അവൾ പറന്നു. അനന്തു എന്ന ചൂളം വിളിച്ചു കൊണ്ട്….. അങ്ങ് അസ്തമയ സൂര്യന്റെ അടുത്തേക്ക് നിമിഷങ്ങൾക്കുള്ളിൽ ബ്ലഡ് റഡ്ഡായി മാറുന്ന അവിടെ അനന്തുവുണ്ടെന്ന് അവൾക്കറിയാം

(അവസാനിച്ചു)

Leave a Reply

Your email address will not be published. Required fields are marked *