Story written by Adam John
ചങ്കിനെ കാണുമ്പോഴൊക്കെ എനിക്ക് കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മിയെ ഓർമ്മ വരുവാരുന്നു.
എവിടൊക്കെയോ ഷമ്മിയുടെ ഛായ ഉണ്ടേലും ആള് സ്നേഹ സമ്പന്നനാരുന്നു ശരിക്കും. നാട്ടുകാർക്കിടയിൽ എന്നാ മതിപ്പാന്നോ അവനെ പറ്റി. ആർക്കും എന്നാ സഹായം വേണേലും ഓടിയെത്തും..
ഒട്ടുമിക്ക വീടുകളിലെയും രക്ഷിതാക്കൾ മക്കളെ ഉപദേശിക്കുമ്പോ പറയാറുള്ളത് അവനെ കണ്ട് പഠിക്കെന്നാണ്. അത്രയൊക്കെ സ്വഭാവ ഗുണങ്ങളുള്ള അവന്റെ കൂട്ടുകാരായിരിക്കുന്നതിനേക്കാൾ അഭിമാനകരവായി മറ്റെന്തുണ്ട്.
ഇടക്കൊക്കെ ഞങ്ങളെ അവന്റെ വീട്ടിലോട്ട് ക്ഷണിക്കുവാരുന്നു. എന്നിട്ട് ചായയയും പഴം പൊരിയുവൊക്കെ തന്നോണ്ട് സൽക്കരിക്കും. വല്ലപ്പോഴു വോക്കെ ഊണും അവിടുന്നാവും.
അത്രേം നിർബന്ധിച്ചു ക്ഷണിക്കുമ്പോ ആർക്കും നിരസിക്കാൻ കഴിയത്തില്ലല്ലോ. അവന്റെ ഭാര്യയാന്നേൽ ഒരു പാവം കൊച്ചാരുന്നേ. ആരുടേം മുഖത്ത് നോക്കത്തില്ല.
സത്യം പറഞ്ഞാൽ ആരും കൊതിച്ചു പോവും അവരുടെ സ്നേഹം കണ്ടാൽ. മോളെന്ന് തികച്ചു വിളിക്കുകേല.
ഞങ്ങൾക്ക് ചായയൊക്കെ കൊണ്ട് തരുമ്പോ എങ്ങാനും ചൂട് കുറയുകയോ മധുരം കൂടുകയോ ചെയ്‌താലൊക്കെ എന്നതാ മോളൂസേ ശ്രദ്ധിക്കണ്ടായോ എന്നൊക്കെയെ പറയത്തുള്ളൂ.
ഞാനൊക്കെ ആന്നേൽ പൊട്ടിത്തെറിച്ചേനെ. അല്ലേലും ഭാര്യമാരോട് സ്നേഹത്തോടെ പെരുമാറുന്നതൊക്കെ ഒരു കഴിവാന്നെ.
ഒരു ദിവസം അവൻ ഞങ്ങളെയൊക്കെ ഉച്ചയൂണിന് ക്ഷണിച്ചാരുന്നു. നല്ല വിഭവ സമൃദ്ധവായ സദ്യ. ഒക്കേ അവളൊറ്റക്ക് ഉണ്ടാക്കിയതാന്ന് പറഞ് കേട്ടപ്പോ ശരിക്കും അസൂയ തോന്നിപ്പോയി.
എങ്ങാനും എന്റെ തല വെട്ടം കണ്ടാൽ സവാള അരിയാനും തേങ്ങാ പൊതിക്കാനും വിളിച്ചോണ്ട് വെറുപ്പിക്കുന്ന എന്റെ ഭാര്യയെ ഓർത്ത് ദേഷ്യം തോന്നി. ഭാര്യമാരായാൽ ശരിക്കും ഇങ്ങനെ വേണം. എന്നാ ക്ഷമയാന്നേ. എന്നാ നല്ല സ്വഭാവവാ.
മീൻ കറിക്ക് ഇച്ചിരി ഉപ്പ് കൂടിയാരുന്നതൊഴിച്ചാൽ എല്ലാം കൊണ്ടും നല്ല ഭക്ഷണവാരുന്നു. എന്നതാ മോളൂസേ. ഉപ്പൊക്കെ ഇടുമ്പോ സൂക്ഷിക്കണ്ടായോ. മീൻ ഇത്രേം മൊരിയണ്ടാരുന്നു കേട്ടോ. എന്നൊക്കെ ചങ്ക് പറയുമ്പോ അവള് തലയാട്ടിക്കൊണ്ട് പുഞ്ചിരിച്ചതേയുള്ളൂ.
അപ്പോഴും ഞാൻ എന്റെ വീടിനെ കുറിച്ചോർത്താരുന്നു. അവിടാരുന്നേൽ എന്തായേനെ അവസ്ഥ. കഴിക്കാൻ അത്രക്ക് വിഷമവാന്നേൽ തന്നത്താൻ ഉണ്ടാക്കി കഴിക്കെന്നെ പറയത്തുള്ളു.
അങ്ങനിരിക്കെ ഒരു ദിവസം പതിവ് പോലെ ചങ്കിന്റെ കാൾ വന്നു. വല്ല സദ്യയോ പലഹാരവോ വെച്ചുണ്ടാക്കി വിളിക്കുവാരിക്കും എന്നോർത്ത് ഞാൻ വേഗം കാൾ എടുത്തപ്പോ അങ്ങേ തലക്കൽ നിന്നൊരു പൊട്ടിക്കരച്ചിലാരുന്നു.
ഏതാണ്ട് ചീങ്കണ്ണിക്ക് ചവുട്ട് കൊണ്ട കൂട്ട്. ഒരു രസോവില്ലാരുന്നു. ചുമ്മാതല്ല ആണുങ്ങള് അധികം കരയാതെ. കരച്ചിലിനിടയാക്കിയ കാര്യം കേട്ടപ്പോഴാ ശരിക്കും ഞെട്ടിയത്. അവള് ഇഷ്ടപ്പെട്ട ആളുടെ കൂടേ പോവാന്ന് ഒരെഴുത്തെഴുതി വെച്ചോണ്ട് ഇറങ്ങി പോയത്രേ.
ഞാനപ്പോ തന്നെ അവന്റെ വീട്ടിലോട്ട് ചെന്ന് അവളെഴുതി വെച്ച എഴുത്ത് മുഴുവനും വായിച്ചു നോക്കി. മോളെന്നും ചക്കരെന്നും വിളിച്ചോണ്ട് അവൻ ചെയ്ത ദ്രോഹങ്ങൾ മുഴുവനും ആ എഴുത്തിലുണ്ടാരുന്നു.
അപ്പോഴും ഞാനെന്റെ വീടിനെ കുറിച്ചൊർത്തു. സഹന ശക്തിയില്ലാത്ത മനോഹരവായി പുഞ്ചിരിക്കാൻ അറിയാത്ത ഭാര്യയെ കുറിച്ചോർത്തു. ശരിക്കും അവളാണ് ഭാഗ്യവെന്ന് ഓർത്തൊണ്ട് ആശ്വാസത്തോടെ നെടുവീർപ്പിട്ടു.
അവള് ഒളിച്ചോടിപ്പോയ വിവരമറിഞ്ഞ നാട്ടുകാരും ബന്ധുക്കളുവോക്കെ ഒരൊറ്റ സ്വരത്തിൽ പറഞ്ഞത് അവളെക്കെന്നാത്തിന്റെ കേടാരുന്നെന്നാ.