അമ്മുച്ചേച്ചി വലുതായാല് ഡോക്ടറാവും. പക്ഷേ എനിക്ക് അത്രയൊന്നും പഠിക്കാൻ പറ്റാത്തോണ്ട് ഞാനൊരിക്കലും ഡോക്ടറാവില്ല. അപ്പോ….

സ്വപ്നങ്ങൾ പൂക്കുമ്പോൾ.

എഴുത്ത്:- ഭാഗ്യലക്ഷ്മി. കെ. സി.

അപ്പൂപ്പാ, അപ്പൂപ്പന്റെ കുട്ടിക്കാലത്ത് ആരായിരുന്നു ബെസ്റ്റ് ഫ്രണ്ട്?

സമയ് ചോദിച്ചു. അവന്റെ കള൪പെൻസിൽ കൊണ്ട് അവനൊരു ചിത്രം വരച്ചു കൊടുക്കുകയായിരുന്നു ശ്യാം.

എന്റെ അപ്പൂപ്പൻ.

ശ്യാം ഉത്തരം പറഞ്ഞു.

അപ്പൂപ്പൻ പിന്നെ എന്തൊക്കെയാ ചെയ്യാ?

എനിക്ക് അമ്മൂമ്മ, അപ്പൂപ്പൻ കാണാതെ‌ മധുരമുള്ള പലഹാരങ്ങൾ ഉണ്ടാക്കിത്തരുമായിരുന്നു.

എന്നിട്ടോ?

ഞാനത് അപ്പൂപ്പനുമായി പങ്കിട്ടു കഴിക്കും.

അതെന്താ ആ അപ്പൂപ്പനു അമ്മൂമ്മ ഒന്നും കൊടുക്കൂല്ലേ?

അതല്ല, അപ്പൂപ്പന് ഷുഗറിന്റെ അസുഖമുള്ളതുകൊണ്ടാ.. മധുരമുള്ളതൊന്നും കഴിച്ചൂടാ..

അപ്പോ അമ്മൂമ്മ കണ്ടാൽ രണ്ടുപേരെയും വഴക്ക് പറയില്ലേ?

ഏയ്, അമ്മൂമ്മക്കറിയാം ഞങ്ങൾ രണ്ടുപേരും ഭയങ്കര കൂട്ടാണെന്ന്.. ഒരു കൊച്ചുകുട്ടി കഴിക്കുന്നത്രയും മാത്രമല്ല എന്റെ പ്ലേറ്റിൽ തരിക… നിറയെ ഉണ്ടാവും…

എന്നിട്ടോ? അമ്മൂമ്മയെന്താ പറയ്യ്വാ?

അപ്പൂപ്പന് കൊടുക്കല്ലേ, അപ്പൂപ്പൻ കാണാതെ കഴിച്ചോ എന്ന്..

ശ്യാം സമയിന്റെ കുഞ്ഞുചിരി നോക്കിനിന്നു. എന്നിട്ട് ആ നിഷ്കളങ്കമായ ചിരിയും നക്ഷത്രക്കണ്ണുകളും അതുപോലെ വരച്ചു വെച്ചു. അപ്പൂപ്പന്റെ മടിയിൽ കുഞ്ഞുസമയ് ഇരിക്കുന്ന ചിത്രം.

സമയ് അതുമെടുത്ത് എല്ലാവരെയും കാണിച്ചിട്ടുവന്നു. അവന് ആ ചിത്രം നല്ല ഇഷ്ടമായി എന്ന് ശ്യാമിന് മനസ്സിലായി. സമയ് ചേച്ചി അമേയയുമായി എപ്പോഴും ഗുസ്തിയാണ്. അവന്റെ അമ്മ ചോദ്യങ്ങൾ ചോദിക്കുമ്പോൾ വേഗം വേഗം ഉത്തരം പറയുന്നത്കൊണ്ടാകണം സമയ് ഇടയ്ക്കിടെ ചേച്ചിയോട് പരിഭവിക്കും, പിണങ്ങും. ഒരു ദിവസം അവൻ ശ്യാമിനോട് പറഞ്ഞു:

അപ്പൂപ്പാ ആ൪ക്കും എന്നോട് ഇഷ്ടമില്ല ഇവിടെ..

ആരാ പറഞ്ഞത്? എനിക്ക് നിന്നെ വലിയ ഇഷ്ടമാണല്ലോ.

അപ്പയ്ക്കും അമ്മയ്ക്കും അമ്മുച്ചേച്ചിയെ ആണ് ഇഷ്ടം. അതോണ്ടല്ലേ ചേച്ചി പറയുന്ന സ്ഥലത്തൊക്കെ കൊണ്ടോണത്.. എന്ത് പറഞ്ഞാലും വാങ്ങിക്കൊടുക്കുകയും ചെയ്യും.

അതെന്താ, നീ പറയുന്നതൊക്കെ അപ്പ വാങ്ങിത്തരാറില്ലേ? പോരെങ്കിൽ അപ്പൂപ്പനോട് പറയ്, ഞാൻ വാങ്ങിത്തരാലോ..

സമയ് കുറച്ചുനേരം ആലോചിച്ചു. എന്നിട്ട് പറഞ്ഞു:

വലുതാവുമ്പോ എനിക്കൊരു കാറ് വാങ്ങിത്തര്വോ അപ്പൂപ്പാ..? അപ്പേടെ കാ൪ പോലൊരെണ്ണം..

അതെന്താ, നിനക്ക് പഠിച്ചു വലിയ ആളായിട്ട് സ്വന്തമായി കാറ് വാങ്ങിയാല്?

അമ്മുച്ചേച്ചി വലുതായാല് ഡോക്ടറാവും. പക്ഷേ എനിക്ക് അത്രയൊന്നും പഠിക്കാൻ പറ്റാത്തോണ്ട് ഞാനൊരിക്കലും ഡോക്ടറാവില്ല. അപ്പോ എന്റെ കൈയില് പൈസയൊന്നും കാണില്ലാന്ന് അമ്മുച്ചേച്ചി പറഞ്ഞല്ലോ..

നിനക്കും വേണമെങ്കിൽ പഠിച്ചു ഡോക്ടറൊക്കെ ആകാം. നന്നായി പരിശ്രമിച്ചാൽ മതി.

ഏയ്, എനിക്ക് തവളയെയും പല്ലിയെയുമെല്ലാം പേടിയല്ലേ, എനിക്ക് ഡോക്ടറാവണ്ട…

എന്നാ വേണ്ട, വേറെ എന്തെല്ലാം ജോലി കിടക്കുന്നു ചെയ്യാൻ…

അതെന്തൊക്കെയാ അപ്പൂപ്പാ? അമ്മുച്ചേച്ചിയെക്കാൾ വലിയ പൈസക്കാരനാവാൻ പറ്റ്വോ?

പിന്നില്ലേ…. അമ്മുച്ചേച്ചി ഡോക്ടറായി ജോലി ചെയ്യുന്ന ഹോസ്പിറ്റൽ നിന്റേതായാൽ പോരെ?

അതെങ്ങനെയാ അപ്പൂപ്പാ?

അതിനും നല്ലോണം പഠിക്കണം. സ്വന്തമായി പണമുണ്ടാക്കി വലിയ ഹോസ്പിറ്റൽ പണിയണം. നീ അവിടെ നടക്കുന്ന കാര്യങ്ങൾ ഒക്കെ നോക്കിനടത്തണം. നല്ല ഹോസ്പിറ്റൽ ആയാൽ ധാരാളം രോഗികൾ വരും. നല്ല കാശുണ്ടാകും.

അപ്പൂപ്പാ, എവിടെയാ ഹോസ്പിറ്റൽ പണിയാ?

അതിനല്ലേ അപ്പൂപ്പൻ വലിയ സ്ഥലം വാങ്ങിവെച്ചിട്ടുള്ളത്.

ആണോ? എന്താ ഹോസ്പിറ്റലിന് പേരിടുക?

ബാലകൃഷ്ണൻ മെമ്മോറിയൽ ഹോസ്പിറ്റൽ എന്ന്..

അതാരാ അപ്പൂപ്പാ?

എന്റെ അപ്പൂപ്പനാ.. ഞാനും കുട്ടിയായിരുന്നപ്പോൾ അങ്ങനെ ഒരു സ്വപ്നം കണ്ടിരുന്നു. ഒരിക്കൽ അങ്ങനെ ഒരു ഹോസ്പിറ്റൽ ഉണ്ടാക്കും ന്ന്… അപ്പൂപ്പന് നെഞ്ചുവേദന വന്നപ്പോൾ ഹോസ്പിറ്റലിൽ പോകാൻ പറ്റാതെ വല്ലാതെ വിഷമിച്ചു. കുറേ വൈകിയാണ് ഡോക്ടറെ കാണിക്കാൻ പറ്റിയത്. അപ്പോഴേക്കും അപ്പൂപ്പൻ മരിച്ചു പോയിരുന്നു. അപ്പോഴേ മനസ്സിൽ തീരുമാനിച്ചതാ, അപ്പൂപ്പന്റെ പേരിൽ ഒരു ഹോസ്പിറ്റൽ പണിയണംന്ന്. എനിക്ക് അതു പണിയാനുള്ള സ്ഥലമുണ്ടാക്കാനേ കഴിഞ്ഞുള്ളൂ. മോന് പറ്റിയാൽ അവിടെ ഒരു ഹോസ്പിറ്റൽ പണിയൂ ട്ടോ…

ശരി അപ്പൂപ്പാ.. അവനതും പറഞ്ഞു ഉറങ്ങാൻ പോയി. പിന്നീടാക്കാര്യം ശ്യാമിനും ഓ൪മ്മയുണ്ടായില്ല.

ഇന്ന് വീണ്ടും അവനാക്കാര്യം പറഞ്ഞു:

അപ്പൂപ്പാ, നമ്മുടെ ഹോസ്പിറ്റലിന്റെ മുമ്പിൽ ഈ ചിത്രം വെക്കാം അല്ലേ?

ഏത് ഹോസ്പിറ്റൽ?

ബാലകൃഷ്ണൻ മെമ്മോറിയൽ ഹോസ്പിറ്റൽ!

ഹാ, അതൊക്കെ നീയോ൪ത്തിരിക്കുന്നോ? നീ കാര്യമായി പരിശ്രമിക്കാൻ ഉദ്ദേശമുണ്ടോ?

പിന്നില്ലേ… എന്റെ അപ്പൂപ്പന് നെഞ്ചുവേദന വന്നാൽ വേഗം ഡോക്ടറെ കാണിക്കണം. എന്റെ അപ്പൂപ്പൻ മരിക്കാനേ പാടില്ല…

സമയ് തന്റെ സ്പൈഡ൪മാനെക്കൊണ്ട് ആപ്പുപ്പനെ കോരിയെടുത്ത് പറന്ന് ഹോസ്പിറ്റലിൽ പോകുന്ന ആക്ഷൻ കാണിച്ച് കളിച്ച് ചിരിച്ച് ഉറങ്ങാൻ പോയി.

ശ്യാം തന്റെ സ്വപ്നങ്ങൾ പൂക്കുന്നുതും സങ്കൽപ്പിച്ച് ചാരുകസേരയിൽ ഇത്തിരിനേരം കൂടി കിടന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *