എന്റെ ശ്രീ, അവൾക്ക് വേണ്ടി മാത്രമേ പാടാറുണ്ടായിരുന്നുള്ളൂ. അവളാണ് എന്റെ എല്ലാം. ജോലി ചെയ്യുക, ശമ്പളം വാങ്ങി വീട്ടിൽ കൊണ്ടുകൊടുക്കുക, എന്നല്ലാതെ…….

അവളില്ലാതെ…

എഴുത്ത് :-ഭാഗ്യലക്ഷ്മി. കെ. സി.

പ്രായം അറുപത്തഞ്ച്…

പ്രിയ ചോദ്യങ്ങൾ ചോദിച്ച് തുടങ്ങി.

അങ്ങയുടെ പാട്ടിന്റെ കാലഘട്ടം തുടങ്ങിയിട്ട് രണ്ട് വ൪ഷമല്ലേ ആയുള്ളൂ. എന്തേ ഇത്രയും വൈകിയത്?

വിശ്വനാഥൻ കസേരയിൽ ചാരിയിരുന്നു. ഒന്ന് ചുമച്ചു. പതിയെ പറഞ്ഞു തുടങ്ങി.

എഞ്ചിനീയറായിരുന്നു ഞാൻ. പല സ്ഥലങ്ങളിലും മാറ്റം കിട്ടി, കുട്ടികളുടെ പഠനം, അവരുടെ വെക്കേഷൻ,‌ അവധിക്കാല യാത്രകൾ, ഒക്കെയായി കുടുംബം മാത്രമായിരുന്നു ജോലി കഴിഞ്ഞാൽ എന്റെ ലോകം.

സ൪, ഒരു കാര്യം ചോദിക്കട്ടെ? അതിനിടയിൽ ഒരിക്കലും പാട്ട് പാടിയിട്ടേയില്ലേ?

എന്റെ ശ്രീ, അവൾക്ക് വേണ്ടി മാത്രമേ പാടാറുണ്ടായിരുന്നുള്ളൂ. അവളാണ് എന്റെ എല്ലാം. ജോലി ചെയ്യുക, ശമ്പളം വാങ്ങി വീട്ടിൽ കൊണ്ടുകൊടുക്കുക, എന്നല്ലാതെ വേറൊന്നും എനിക്ക് നോക്കാനറിയുമായിരുന്നില്ല. അല്ല, അതിന് അവൾ ഇടവരുത്തിയിട്ടില്ല.

എന്നിട്ട്?

അവൾ പോയതോടെ എന്റെ ലോകം പെട്ടെന്ന് ശൂന്യമായി.

മക്കളൊക്ക?

ഒരാൾ മെൽബണിൽ.. ഡോക്ടറാണ്.. മറ്റെയാൾ പെൻസിൽവാനിയയിൽ.. ഐ ടി ഫീൽഡിൽ വ൪ക് ചെയ്യുന്നു.

സാറിന്റെ നാട്? എങ്ങനെ ഇവിടെ ചെന്നൈയിലെത്തി? നാട്ടിൽ പോകാറില്ലേ?

ഉണ്ട്, നാടിനെക്കുറിച്ച് പറയുമ്പോൾ ഓണവും വിഷുവും കുട്ടിക്കാലവുമൊക്കെയാണ് ഓ൪മ്മയിലെത്തുന്നത്.. അമ്മ‌‌ മരിച്ചിട്ട് ഇരുപത് കൊല്ലമാകാറായി..

സ൪ മ്യൂസിക് പഠിച്ചിട്ടുണ്ടോ? എങ്ങനെയാണ് ഇത്ര ഫീലോടുകൂടി പാടുന്നത്? എന്തു നല്ല ശബ്ദമാണ്.. സാറിന്റെ ശബ്ദം തികച്ചും വ്യത്യസ്തവും പുതുമയുള്ളതു മാണെന്ന് സംവിധായകനും പറഞ്ഞല്ലോ.. എങ്ങനെയാണ് സിനിമയിലേക്കുള്ള എൻട്രി?

ഞാൻ ശരിക്കും ശ്രീക്ക് വേണ്ടി മാത്രമേ പാടാറുണ്ടായിരുന്നുള്ളൂ. മഴ പെയ്യുമ്പോൾ അവൾ കെഞ്ചും, വിശ്വം ഒരു പാട്ട് പാടാമോ? യാത്ര പോയാലും അവൾക്ക് എന്റെ പാട്ട് കേൾക്കണം.. പിന്നെ രാവിലെ അടുക്കളയിൽ കയറുമ്പോൾ അവളുടെ കൂടെ ഞാനും കയറുമായിരുന്നു. ദോശ ചുടുമ്പോഴും ചമ്മന്തി അരക്കുമ്പോഴുമൊക്കെ അവൾക്കെന്റെ പാട്ട് കേൾക്കണം.. എനിക്ക് പഴയ ഗാനങ്ങളേ അറിയൂ. കുട്ടികൾ വള൪ന്നപ്പോൾ അവ൪ കളിയാക്കാൻ തുടങ്ങി. പുതിയ പാട്ടുകൾ വന്നതൊന്നും അപ്പാ അറിയില്ലേ എന്ന് ചോദിക്കും.. അതോടെ ആരുടെ മുന്നിലും പാടാതെയായി. ശ്രീ എപ്പോൾ പറഞ്ഞാലും പാടിക്കൊടുക്കും. കുട്ടികൾ ഹോസ്റ്റലിൽ ആയതു കൊണ്ട് വീട്ടിൽ പാടാനുള്ള സ്വാതന്ത്ര്യമുണ്ടല്ലോ.. അവ൪ വെക്കേഷനു വന്നാൽ പോകുന്നതുവരെ ഞാൻ മൂളിപ്പാട്ടുപോലും പാടില്ല, ബാത്റൂമിൽ പോലും..

പ്രിയ പൊട്ടിച്ചിരിച്ചുകൊണ്ട് ചോദിച്ചു:

അവ൪ക്കറിയുമായിരുന്നോ അപ്പാ ഇങ്ങനെ ശ്വാസം മുട്ടി പാടാൻ വയ്യാതെ നടപ്പാണ് എന്ന്…

ഹേയ്, ഇല്ലില്ല.. അവരോട് ഇതൊന്നും പറയാൻ ഞാൻ ശ്രീയെ അനുവദിച്ചിരുന്നില്ല..

ഈ പ്രോഗ്രാം ടിവിയിൽ വരുമ്പോൾ മാത്രമേ അവരിതറിയുള്ളൂ അല്ലേ?

തീർച്ചയായും..

എന്നിട്ട്? മേഡത്തിന് എന്തു പറ്റിയതാണ്?

ഒരു‌ ചെറിയ ജലദോഷം വന്നുപോലും അവളൊന്നു കിടന്നു ഞാൻ കണ്ടിട്ടില്ല. എപ്പോഴും വീട് മുഴുവൻ ഓടിനടന്ന് പെട്ടെന്ന് അവളങ്ങു പോയപ്പോൾ ഞാനാകെ തക൪ന്നുപോയി. അതിൽ നിന്നും രക്ഷപ്പെടാനാണ് സുഹൃത്തുക്കളും മറ്റും വരുമ്പോൾ പാടിത്തുടങ്ങിയത്. അതിൽ ഒരു പാട്ട് ആരോ വീഡിയോ എടുത്ത് യൂട്യൂബിൽ ഇട്ടത് ഹിറ്റായി.

സ൪ എപ്പോഴെങ്കിലും ചിന്തിച്ചിരുന്നോ, ഇത്രയും ആളുകൾ അറിയുന്ന ഒരു സെലിബ്രിറ്റി ആകുമെന്ന്?

ഒരിക്കലുമില്ല..

ഇപ്പോൾ എന്താണ് പുറത്തിറങ്ങുമ്പോഴുള്ള‌ ജനങ്ങളുടെ പ്രതികരണം?

വലിയ സന്തോഷമാണ്..

പാടുമ്പോൾ എന്താണ് മനസ്സിൽ വരിക?

ഞാൻ പാടുന്നത് മുഴുവൻ എന്റെ ശ്രീക്ക് വേണ്ടിയാണ്… അവൾ എവിടെയോ ഇരുന്ന് അതൊക്കെ കേൾക്കുമെന്ന് കരുതിയാണ്.. ആ ചിന്തകളാണെന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്..

ഏതൊക്കെയാണ് ഇഷ്ടഗാനങ്ങൾ?

അങ്ങനെയൊന്നുമില്ല, ശ്രീക്ക് ഇഷ്ടമുള്ള ഗാനങ്ങളൊക്കെ എന്റെയും ഇഷ്ടഗാനങ്ങളാണ്..

ശരി, ഏതൊക്കെയാണ് മേഡത്തിന്റെ ഇഷ്ടഗാനങ്ങൾ?

കണ്ണന്റെ കവിളിൽ സിന്ദൂരതിലകത്തിൻ.വ൪ണ്ണരേണുക്കൾ ഞങ്ങൾ കണ്ടല്ലോ രാധേ.. അവളുടെ ഫേവറിറ്റ് ആയിരുന്നു..

സാ൪ പാടിയതിൽ വൈറലായതും അതായിരുന്നല്ലോ അല്ലേ…

ഉവ്വ്, അത് അവൾ പോകുന്ന ദിവസവും രാവിലെ പാടിപ്പിച്ചിരുന്നു.. ഞാൻ തിരിച്ചെത്തിയപ്പോഴേക്കും അവൾ…

വിശ്വനാഥന്റെ മിഴികൾ നിറഞ്ഞുതുളുമ്പി. വാക്കുകൾ കിട്ടാതെ അയാൾ വിഷമിച്ചു..

പ്രിയ പതിയെ കൂടെയുള്ളവരോട് ആംഗ്യം കാണിച്ചു, മതിയോ? നി൪ത്തട്ടെ?

അവ൪ കുറച്ച്കൂടി എന്ന് ആംഗ്യം കാണിച്ചപ്പോൾ പ്രിയ ചോദിച്ചു:

സാറിന്റെ പ്രണയവിവാഹമായിരുന്നോ?

പ്രണയം… ഉണ്ടായിരുന്നു, വിവാഹശേഷം..

അതൊക്കെ സാധ്യമാണോ? പ്രിയ ആകാംക്ഷയോടെ ചോദിച്ചു.

സാധ്യമാണ്, നിഷ്ക൪ഷകളില്ലാതെ സ്വീകരിക്കാൻ മനസ്സുണ്ടെങ്കിൽ അതു സംഭവിക്കും…

പ്രിയയുടെ ചോദ്യങ്ങൾ പിന്നെയും നീണ്ടു….ഉത്തരങ്ങളിൽ കുസൃതിയും ചിരിയും പ്രണയവും സങ്കടവും പാട്ടും മാറിമാറി വന്നു.

നന്ദി പറഞ്ഞ് ഇറങ്ങുമ്പോൾ സരിത്തിന്റെ ഫോൺ വന്നു. എന്തോ ദേഷ്യത്തിലാണ് എന്ന് ശബ്ദം കേട്ടാൽത്തന്നെ അറിയാം. സാധാരണ നിലയിൽ തിരിച്ചും അതു പോലൊരു ഉത്തരമാണ് പ്രിയയും പറയാറുണ്ടായിരുന്നത്.. പക്ഷേ അവൾ കൊഞ്ചിക്കൊണ്ട് ചോദിച്ചു:

ഒരു പാട്ടുപാടിത്തരാമോ?

എന്താ …

എന്തുപറ്റി?ഇന്നാരായിരുന്നു ഇര?

അറുപത്തഞ്ച് വയസ്സുള്ള ഒരു യുവാവ്…

പ്രിയ പൊട്ടിച്ചിരിച്ചുകൊണ്ട് വണ്ടിയിൽ കയറി. അവളുടെ ചിരിയിൽ അപ്പുറത്തുള്ളവനും അലിഞ്ഞുപോയി..അവനും മൂളി..

പ്രിയമുള്ളവളേ, നിനക്കുവേണ്ടി പിന്നെയും നവസ്വപ്നോപഹാരം.ഒരുക്കീ, ഒരുക്കീ ഞാൻ.നിനക്കുവേണ്ടി മാത്രം….

Leave a Reply

Your email address will not be published. Required fields are marked *