പൂക്കാരിപ്പെണ്
എഴുത്ത്:-ബിന്ദു എൻ പി
ആ നാട്ടിൽ ജോലിക്കെത്തിയ ആദ്യ ദിവസമാണ് ഹരി അവളെക്കാണുന്നത്. ചെമ്പകം ഒരു പൂക്കാരിപ്പെണ്ണ്.
വാടകക്കാരൻ ഷണ്മുഖത്തിന്റെ വീട്ടിലേക്കുള്ള വഴി അവളാണ് പറഞ്ഞു തന്നത്. പിറ്റേന്ന് അവളെക്കണ്ടപ്പോൾ ഒന്ന് ചിരിച്ചു. ” സർ പൂവേണമാ? “അവൾ ചോദിച്ചു.
പൂവ് വാങ്ങിയിട്ട് താൻ എന്ത് ചെയ്യാൻ?എങ്കിലും വേണ്ടെന്ന് പറയാൻ തോന്നിയില്ല. 25 രൂപ കൊടുത്ത് അവളുടെ കയ്യിൽ നിന്നും പൂവ് വാങ്ങിച്ചു.
“റൊമ്പ സന്തോഷം സർ” അവൾ ചിരിച്ചു. ബാഗിനടിയിൽ വെച്ച പൂവ് ഓഫീസിലെത്തിയപ്പോൾ അവിടെ വെച്ച് പരിചയപ്പെട്ട റാണിച്ചേച്ചിക്ക് കൊടുത്തു. സംഭവം പറഞ്ഞപ്പോൾ അവർ ചിരിച്ചു.
പിന്നെ നാട്ടിൽ നിന്ന് അമ്മയേയും അനിയത്തിയേയും വാടക വീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ അനിയത്തിയായി ആ പൂവിന്റെ അവകാശി.
അനിയത്തിയെ അവിടെ അടുത്തുള്ള ഒരു കോളേജിൽ ചേർത്തു. അതുകൊണ്ട് എന്നെ ഹരിയുടെ ഓഫീസിൽ പോക്കും അനിയത്തിയുടെ കോളേജിലേക്കുള്ള യാത്രയും ഒരുമിച്ചായിരുന്നു.
എന്നും കവലയിലെത്തുമ്പോൾ മുന്നിലൊരു പൂക്കുടയുമായി ചെമ്പകം ഇരിപ്പുണ്ടാവും. ഹരിയ കാണുമ്പോൾ അവൾ ചോദിക്കാതെ തന്നെ പൂവുകളെടുത്ത് പൊതിയും. ആ പൂവ് അവൻ നേരെ അനിയത്തിക്ക് നീട്ടും. അവൾ രണ്ടുപേരെയും നോക്കി അമർത്തിച്ചിരിക്കും.
ഇടയ്ക്ക് അവൾ ചോദിക്കാറുണ്ട്” എന്തിനാ ഏട്ടാ ദിവസവും ഈ മുല്ലപ്പൂവ് വാങ്ങുന്നത് എന്ന്. പോട്ടെടി അത് അവരുടെ വയറ്റ്പ്പിഴപ്പല്ലേയെന്ന് ഹരി ഉത്തരവും പറയും. എങ്കിലും അവളെ കാണുമ്പോഴൊക്കെ ഹരിയുടെ കണ്ണിലുള്ള തിളക്കം അവളും ശ്രദ്ധിച്ചു തുടങ്ങിയിരുന്നു.
അന്ന് പതിവുപോലെ കവലയിൽലെത്തിയപ്പോൾ ചെമ്പകം ഇരിക്കുന്ന ഇടം ശൂന്യമായിരുന്നു.
എന്തുപറ്റി? അവൻ ആകെ അസ്വസ്ഥനായി. എത്രയോ നാളായുള്ള ശീലമാണ്. ചെമ്പകത്തിന്റെ കയ്യിൽ നിന്നും പൂവ് വാങ്ങി ഓഫീസിലെത്തിയാൽ ഒരു പ്രത്യേക ഉന്മേഷമായിരുന്നു. അവർക്ക് പോകാൻ ഉള്ള ബസ് മുന്നിലെത്തിയിട്ടും ഹരി ചിന്തയിൽത്തന്നെയായിരുന്നു.
അപ്പോഴാണ് സാർ എന്നൊരു വിളികേട്ടത്. കയ്യിൽ നീട്ടിപ്പിടിച്ച പൂക്കളുമായി കിതച്ചുകൊണ്ട് അവൾ മുന്നിൽ. ” അപ്പാവുക്ക് പനിയായിരുന്നു സർ. പൂവ് കൊടുക്കുന്നതിനിടയിൽ അവൾ പറഞ്ഞു. ചിരിച്ചുകൊണ്ട് അവളുടെ കൈയിൽ നിന്നും പൂക്കൾ വാങ്ങുമ്പോൾ നഷ്ടപ്പെട്ടുപോയതെന്തോ തിരിച്ചു് കിട്ടിയ സന്തോഷമായിരുന്നു ഹരിക്ക് .
അവളുടെ കണ്ണുകളിലും ഒരു തിരയിളക്കം മിന്നിമറയുന്നുണ്ടായിരുന്നു. തനിക്കത്രമേൽ ഇഷ്ടമാണവളെയെന്ന് തിരിച്ചറിയുകയായിരുന്നു അവനപ്പോൾ.

