അളിയൻ പറഞ്ഞത് പോലെ പോകുന്നതിന് മുമ്പ് മൂന്നോ നാലോ വട്ടം കൂടെ ഉപ്പയുടെ അടുത്ത് പോയി കാര്യം നെയ്സായി അവതരിപ്പിക്കാൻ നോക്കി തേഞ്ഞു……..

എഴുത്ത്:- നൗഫു ചാലിയം

“ഉപ്പാ…

തൊഴുതൊന്നു വീടിന് മുന്നിൽ നിന്നും മാറ്റി പണിതാൽ വീട് കാണുന്നവർക്കൊരു തൃപ്തി വന്നേനെ…”

വീട് പണി നടക്കുന്നതിനു ഇടയിൽ രണ്ടാഴ്ചതെ ലീവിന് വന്നപ്പോളായിരുന്നു തൊട്ടു മുന്നിൽ എന്ന പോലെ ഒരു നോക്കു കുത്തിയായി നിൽക്കുന്ന ഉപ്പാന്റെ മിണ്ടാപ്രാണികൾ (മിണ്ടിയാൽ പഞ്ചായത്ത് മുഴുവൻ കേൾക്കാൻ കഴിയുന്ന) കഴിയുന്ന തൊഴുത് വീടിന് ചാരി എന്ന പോലെയാണ് നിൽക്കുന്നതെന്ന് മനസിലായത്…

വീടിന് പ്ലാൻ വരച്ച എന്റെ പെണ്ണിന്റെ ആങ്ങള അതായത് എന്റെ ഒരേ ഒരു അളിയൻ വരച്ചു വരച്ചു തൊഴുത്തിനു അടുത്ത് എത്തിയപ്പോൾ ആയിരുന്നു അവിടെ ഒരു തൊഴുത് ഉണ്ടെന്ന് തന്നെ അവൻ അറിഞ്ഞതെന്ന് തോന്നുന്നു..

നൂറ് പ്രാവശ്യമെങ്കിലും അവൻ തിരുത്തിയ പ്ലാൻ ആ തൊഴുത്തിന് വേണ്ടി ഇനി തിരിത്തില്ല എന്ന് കട്ടായം പറഞ്ഞത് കൊണ്ട് മാത്രമാണ് വീട് കൂടലിന് നാട്ടിലേക് വരാൻ പ്ലാൻ ഇട്ടിരുന്ന ഞാൻ രണ്ടാഴ്ചത്തെ ലീവിന് പടച്ചോൻ നേരിട്ട് വന്നു പറഞ്ഞാൽ പോലും അനുസരിക്കാത്ത ഉപ്പയെ കണ്ട് സോപിടാനായി വന്നത് തന്നെ…

വന്ന അന്ന് തന്നെ തൊട്ട് മുന്നിൽ ഉണ്ടായിരുന്ന തറവാട്ടിലേക്കു ചെന്നു ചായകുടിച്ചു പത്രം വായിച്ചു ഇരിക്കുന്ന ഉപ്പയെ കണ്ടു കാര്യം പറഞ്ഞു…

“ഉപ്പാ ആ തൊഴുതൊന്നു വീടിന് മുന്നിൽ നിന്നും മാറ്റിയാൽ വീട് കാണുന്നവർക്കൊരു തൃപ്തി വന്നേനെ…”

“എന്നിട്ട് എന്റെ പൈക്കളെ (പശു) ഞാൻ നിന്റെ പോരെന്റെ ഔത് (വീടിനുള്ളിൽ) കൊണ്ട് കെട്ടേ..”

ചായ ഗ്ലാസ് അടുത്തുള്ള തിണ്ടിലേക് വെച്ച് പേപ്പർ ഒന്ന് മടക്കി എന്റെ നേരെ നോക്കി പിരികം ഉയർത്തി കൊണ്ട് ചോദിച്ചു..

“അതെല്ല ഉപ്പാ…

കുറച്ചു അങ്ങോട്ട് മാറി.. മറ്റെവിടെക്കെങ്കിലും…

അതിനുള്ള ചിലവ് എന്താണെന്ന് വെച്ചാൽ ഞാൻ…”

തല ചൊറിഞ്ഞു ബാക്കി പറയാൻ ഉള്ളത് പൂർത്തിയാക്കാതെ ഞാൻ ഉപ്പയുടെ മുന്നിൽ നിന്നു…

“ഓ…അങ്ങനെ

ഇയ്യിപ്പൊ ബല്യ കായിക്കാരൻ ആണല്ലോ ലെ…

മുയുമനും പറ ബാപ്പ കേക്കട്ടെ…”

അമ്പിനും വില്ലിനും അടുക്കൂല എന്നുറപ്പിച്ച പോലെ ആയിരുന്നു ഉപ്പാന്റെ സംസാരം….

ഞാൻ മറുതൊന്നും പറയാതെ നിന്നു..

“അനക് ഞാൻ എത്ര സെന്റാണ് തന്നത്…പൊര ഉണ്ടാക്കാൻ…”

ഉപ്പ എന്നോട് ചോദിച്ചു..

“പത്ത്.. “

ഞാൻ മറുപടിയായി പറഞ്ഞു .

“ നിന്റെ പൊര ഉണ്ടാകുന്നത് പത്ത് സെന്റിൽ അല്ലെ…”

“അതേ…”

“പുറകിലും…വശങ്ങളിലും ഒരുപാട് സ്ഥലം ബാക്കി ഉണ്ടല്ലോ ബാപ്പാന്റെ മോൻ ഒരു കാര്യം ചെയ്യ്…

പൊര അങ്ങോട്ട് നീക്കി എടുത്തോ..

മാത്രമല്ല…തൊഴുത് നിൽക്കുന്നത് എന്റെ പറമ്പിലാണ്… നിന്റെ പറമ്പിൽ അല്ലല്ലോ…”

ഉപ്പ എന്നോട് വീണ്ടും ചോദിച്ചു…

ഞാൻ അല്ല എന്ന പോലെ തലയാട്ടി…

“തൊട്ടടുത്തുള്ള സ്ഥലം നിന്റെ മൂത്ത ഇക്കയുടെയും..

അങ്ങോട്ടൊന്നും ഇനിയത് മാറ്റി കെട്ടാൻ കഴിയില്ല…അത് കൊണ്ട് അത് അവിടെ തന്നെ കാണും..

നീ കുറെ പാല് കുടിച്ചതാണ് അയറ്റെലുടെ (പശുക്കൾ) ചെറുപ്പത്തിൽ…

എന്ന് പറഞ്ഞാൽ നിനക്ക് പോറ്റുമ്മ പോലെ ആയവർ…

തത്കാലം അവിടെ തന്നെ നിക്കട്ടെ…”

“ഉപ്പ തീരുമാനം പറഞ്ഞു..

ഇനി അത് അനുസരിക്കുക എന്നല്ലാതെ എനിക്കൊരു പോം വഴി ഇല്ലായിരുന്നു…

ഞാൻ അവിടെ നിന്നും ഇറങ്ങി നടന്നു…”

“പിന്നെ…

ഞാൻ പത്തു മുപ്പതു കൊല്ലം മുമ്പ് പാൽ കുടിച്ച പശുക്കൾ അല്ലെ ആ തൊഴുതിൽ ഇപ്പോഴും ഉള്ളത്…

ഉമ്മ യാണത്ര…പോറ്റുമ്മ…

പടച്ചോനെ…

ഇനി ഉപ്പ ആണെന്ന് പറഞ്ഞു വേറെ ആരേലും ഉപ്പ കൊണ്ട് വരുമോ ബാപ്പ…”

മനസിൽ പറഞ്ഞു കൊണ്ട് വീടിനുള്ളിലേക് കയറി..

“അളിയാ എന്തായി…”

വീട്ടിലേക് കയറിയ ഉടനെ തന്നെ അളിയൻ ചോദിച്ചു..

“ അത് നടക്കൂല…വീട് കുറച്ചു നീക്കാൻ ആണ് ബാപ്പ പറയുന്നേ…”

ഞാൻ അളിയനോട് പറഞ്ഞു..

“ അതെങ്ങനെ ശരിയാകും.. നമ്മൾ പ്ലാൻ എല്ലാം പഞ്ചായത്തിൽ സബ്മിറ്റ് ചെയ്തില്ലേ ഇങ്ങള് ഒന്നും കൂടെ സംസാരിക്കൂ…

തൊഴുത് പോയാലെ എന്റെ വർക്കിന്റെ ആ പെർഫെക്ഷൻ കിട്ടൂ…

പ്ലീസ് അളിയാ…”

“ഇവൻ ഇത് എന്തോന്നാണ് പറയുന്നേ… തൊഴുത് അവിടെ ഉള്ളത് അവന്റെ മത്തങ്ങാ പോലുള്ള കണ്ണ് കൊണ്ട് ആദ്യം കണ്ടില്ലായിരുന്നോ…

അവന്റെ ഒരു പെർഫെക്ഷൻ…”

“അളിയൻ പറഞ്ഞത് പോലെ പോകുന്നതിന് മുമ്പ് മൂന്നോ നാലോ വട്ടം കൂടെ ഉപ്പയുടെ അടുത്ത് പോയി കാര്യം നെയ്സായി അവതരിപ്പിക്കാൻ നോക്കി തേഞ്ഞു…

അവസാനം ഇനി ആ തൊഴുത് അവിടെ തന്നെ നിന്നോട്ടെ എന്ന് പറഞ്ഞാണ് ഉപ്പയോട് ദേഷ്യപ്പെട്ട് വീണ്ടും സൗദിയിലേക്കു വിമാനം കയറിയത് തന്നെ..”

“കൃത്യം രണ്ടു മാസം കഴിഞ്ഞപ്പോൾ വീണ്ടും നാട്ടിലേക് തന്നെ തിരിച്ചു..

സ്വന്തമായി ഒരു വീടെന്നെ എന്റെ സ്വപ്നം പൂവണിങ്ങ സന്തോഷത്തിൽ ആയിരുന്നു ഇന്നത്തെ യാത്ര..

പക്ഷെ ഒരു കല്ല് കടി പോലെ വീടിന്റെ മുൻ ഭാഗം ഓർത്തു കാണുമ്പോൾ തൊട്ടടുത്തു തന്നെ ഉപ്പയുടെ തൊഴുത് കാണാം…

അതോടെ മുഴുവൻ മൂടും ഒലിച്ചു പോകും ..”

“വീടിനു മുന്നിൽ എത്തിയതും ഞാൻ ആദ്യം നോക്കിയതും ആ തൊഴുത് തന്നെ ആയിരുന്നു…

അത്ഭുതം…

തൊഴുത് നിന്നിരുന്ന സ്ഥലത്ത് ഒന്നും തന്നെ ഇല്ല…

അവിടുന്നത് മാറ്റി പണിതിരിക്കുന്നു …

എന്നാലും ഇതെങ്ങനെ…???”

“എന്റെ ഉപ്പാക്ക് കൊക്കിൽ ജീവൻ ഉണ്ടെങ്കിൽ നടക്കൂല എന്ന് പറഞ്ഞ കാര്യമാണ്…

ഇനി ആ ജീവൻ എങ്ങാനും പോയോ..

ഹേയ് ഇല്ലില്ല..

വീടിനു മുന്നിൽ തന്നെ അല്ലെ വരുന്നവരോട് മുഴുവൻ കുശലം പറഞ്ഞു നിൽക്കുന്നു…”

“ഉപ്പ….

അസ്സലാമുഅലൈക്കും…”

“ സലാം മടക്കി ഉപ്പ എന്നോട് പറഞ്ഞു…

അതൊക്കെ അവിടെ നിക്കട്ടെ…ആ രാജൻ നാളെ വരും…

അവനാണ് തൊഴുത് മാറ്റി പണിതത്.. ഉറുപ്പിക രണ്ടര ലക്ഷം ആയി… മാറ്റി പണിയാൻ…

അതൊന്നു കൊടുക്കണം.. “

“ഉപ്പാക് നീട്ടിയ കൈ ഞാൻ തിരികെ വലിച്ചു..

രണ്ടര ലക്ഷം രൂപയോ…???

ഇതെന്താ മുഖ്യന്റെ വീട്ടിലെ തൊഴുതോ…”

“ആ… അങ്ങനെയും പറയാം…

നിന്റെ പോറ്റുമ്മ അല്ലേടാ അവർ …

ഞാൻ അവറ്റേക്ക് ചൂട് എടുക്കാതെ ഇരിക്കാൻ ac യൊക്കെ വെച്ചു…

അല്ലറ ചില്ലറ ന്യുജെൻ മാറ്റങ്ങളും വരുത്തി അതാ…”

“എന്നാലും ഉപ്പ…”

എന്ത് പണിയ ഇങ്ങള് കാണിച്ചത് എന്ന പോലെ ഞാൻ ഉപ്പയുടെ മുന്നിൽ നിന്നു..

“ബല്ലാത്ത പണി തന്നെ..

കയ്യിൽ ആകെ ഉണ്ടായിരുന്ന പൈസ മുഴുവൻ ഇനി രാജേട്ടന് കൊടുക്കണം…

മൂപര് ഇനി റേറ്റ് കൂട്ടി ഇട്ടോ എന്റെ വീട് പണി കൊടുക്കാഞ്ഞിട്ട്…”

“പിറ്റേന്ന് രാവിലെ തന്നെ രാജേട്ടന്റെ ശബ്ദം കേട്ടാണ് ഞാൻ ഉണരുന്നത് തന്നെ..

ഉപ്പ രാജേട്ടനോട് ഞാൻ ഇവിടെ ഉണ്ടെന്നും പൈസ പോയി വാങ്ങിക്കാനും പറയുന്നുണ്ട്..

മൂപ്പർക്ക് കുറച്ചു മനസ് അലിവ് ഉണ്ടെന്ന് തോന്നുന്നു..

ഓൻ ഇന്നലെ വന്നല്ലേ ഉള്ളു ഹാജിയാരെ… രണ്ടു ദിവസം കഴിഞ്ഞിട്ട് വാങ്ങിയാൽ പോരെ എന്ന് ചോദിക്കുന്നുണ്ടേലും ഉപ്പ അയാളെ ഇന്ന് തന്നെ വാങ്ങിക്കാൻ വേണ്ടി പറഞ്ഞു വിട്ടു…

പോരാത്തതിന് ഒരു കാര്യം കൂടെ പറഞ്ഞു…

ഇപ്പൊ പോയാൽ നിനക്ക് കായ് കിട്ടും രണ്ടു ദിവസം കഴിഞ്ഞാൽ ഓന് നീ അങ്ങോട്ട്‌ കൊടുക്കേണ്ടി വരും…”

“ അവിടെയും ഉപ്പ എനിക്കിട്ട് നല്ലോണം ഊതി…”

“ടിങ്…. ടോങ് “

കാളിംഗ് ബെൽ അടിക്കുന്നത് കേട്ടതും ഇനി ഇരുന്നിട്ട് കാര്യമില്ല എന്നറിയുന്നത് കൊണ്ട് തന്നെ ഞാൻ ബെഡിൽ നിന്നും എഴുന്നേറ്റ് മുന്നിലെ വാതിൽ തുറന്നു..

“ആ രാജേട്ടനോ…

കയറി ഇരിക്കൂ…”

“വേണ്ട മോനെ ഞാൻ ഇവിടെ നിന്നോളം..”

“ഹേയ് അത് പറ്റില്ല ഇന്നലെ തന്നെ നിങ്ങളെ കണ്ടില്ല പരിപാടിക്ക്… ഇന്നേതായാലും ചായ കുടിച്ചിട്ട് പോയാൽ മതിയെന്നും പറഞ്ഞു നിർബന്ധപൂർവ്വം വീട്ടിലേക് കയറ്റി…”

“ചായ കുടിക്കുന്നതിന് ഇടയിലും മൂപ്പര് പൈസയുടെ വർത്തമാനം ഒന്നും പറയാത്തത് കൊണ്ട് തന്നെ ഇറങ്ങാൻ നേരം ഞാൻ പൈസയും എടുത്തു കൊണ്ട് വന്നു മൂപ്പരുടെ നേരെ നീട്ടി..

രാജേട്ടാ ഇതാ നിങ്ങളുടെ പൈസ…”

മൂപ്പര് ആ അഞ്ഞൂറിന്റെ കെട്ടുകൾക്കു മുകളിലേക്കു കുറച്ചു നിമിഷം നോക്കി..

എന്നിട്ട് എന്നെ നോക്കി ചിരിച്ചു…

“ഇത് എന്താ മോനെ…?”

രാജേട്ടൻ എന്നോട് ചോദിച്ചു..

“ ഏട്ടൻ തൊഴുത് മാറ്റി കെട്ടിയില്ലേ അതിന്റെ പൈസയാണ്…”..

“ ആ…

ഉപ്പ പറഞ്ഞ കായ് അല്ലെ…”

“ ഞാൻ അതേ എന്ന പോലെ തലയാട്ടി…”

“ എനിക് വേണ്ട മോനെ…

അത് നിന്റെ ഉപ്പ ഞാൻ പണി തുടങ്ങുന്നതിനു മുമ്പ് തന്നെ തന്നിരുന്നു…

അതും നീ കരുതുന്നത് പോലെ രണ്ടര ഒന്നും ആയിട്ടില്ല 60000 ആകെ ചിലവ്…”

ഞാൻ രാജേട്ടൻ പറഞ്ഞത് കേട്ടു മൂപ്പരെ തന്നെ നോക്കി നിന്നു..

“ നിന്റെ വീടിന്റെ പണി തുടങ്ങുമ്പോൾ ഞാൻ നിന്റെ ഉപ്പാനോട് പറഞ്ഞിരുന്നു എനിക്കും ഉണ്ടാവില്ലേ ഹാജിയാരെ പണിയെന്ന്..

പക്ഷെ മോൻ വീട് പണി മുഴുവൻ കരാർ കൊടുത്തത് അല്ലായിരുന്നോ…

അത് കൊണ്ട് മൂപ്പർക്ക് ഒരു ഇടങ്ങേറ്…

വീട് പണി കഴിയാൻ നേരത്താണ് എന്റെ അരികിൽ വന്നു പറഞ്ഞെ തൊഴുത് മാറ്റി കെട്ടാൻ…

അതും നിന്റെ ഇക്കാന്റെ പറമ്പ് കായ് കൊടുത്തു വാങ്ങിയ മാറ്റി കെട്ടിയത്…

കുറച്ചു പൈസ ചിലവ് ഉണ്ട് ട്ടോ ഉപ്പാക്..

ഈ വീട്ടിൽ എന്ത് പണി വന്നാലും കുറച്ചു എന്തേലും എനിക്കും ഉണ്ടാവുന്നതാ… അതിങ്ങനെ കിട്ടി എന്ന് മാത്രം…

ഞാൻ പോട്ടേ…”

അത്രയും പറഞ്ഞപ്പോൾ തന്നെ രാജേട്ടന്റെ കണ്ണിൽ ഒരു തിരയിളക്കം ഞാൻ കണ്ടു..

ഞാൻ കാണാതെ ഇരിക്കാൻ എന്ന പോലെ എപ്പോഴും തോളിൽ ഉണ്ടാവാറുള്ള തോർത്ത്‌ മുണ്ട് കൊണ്ട് കണ്ണ് തുടച്ചു..

എന്നോട് മനോഹരമായി ചിരിച്ചു വീട്ടിൽ നിന്നും ഇറങ്ങി പോയി…”

“അയാൾ പോകുന്നതും നോക്കി നിൽക്കുമ്പോൾ തന്നെ എന്റെ കണ്ണുകൾ തറവാടിന്റെ സിറ്റ് ഔട്ടിലേക് പോയി..

അവിടെ ഒരാൾ എന്നെ തന്നെ നോക്കി നിൽക്കുന്നു…

വെളുത്ത താടിക്ക് ഇടയിലൂടെ എന്നെ നോക്കി മനോഹരമായി പുഞ്ചിരിച്ചു കൊണ്ട്…

ആ സമയം എന്തിനാണെന്ന് അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി…”

ഇഷ്ടപെട്ടാൽ 👍👍👍

ബൈ

☺️

Leave a Reply

Your email address will not be published. Required fields are marked *