തൊഴിലാളി ദിനം
എഴുത്ത്:-ബിന്ദു എൻ പി
രാത്രിയിലത്തെ ജോലികളെല്ലാം കഴിഞ്ഞ് അടുക്കള ഒതുക്കിവെച്ചാ ശേഷമാണവൾ ഒന്ന് മേല് കഴുകാനായി ബാത്റൂമിലേക്ക് പോയത്. തണുത്തവെള്ളം ശരീരത്തിൽ വീണപ്പോൾ നല്ല സുഖം തോന്നി. ഇനി വേണം ഒന്ന് നടു നിവർക്കാൻ.
ഭാഗ്യം നാളെ തൊഴിലാളി ദിനമായതിനാൽ കെട്ട്യോനും മക്കൾക്കുമെല്ലാം അവധിയാണല്ലോ. അതുകൊണ്ട്തന്നെ ഇത്തിരി താമസിച്ചെണീറ്റാൽ മതിയല്ലോ.ആശ്വാസത്തോടെ അവളൊന്ന് നിശ്വസിച്ചു.
നേരം പുലർന്ന് ഇരുട്ടുവോളം ഒരു പെന്റുലം പോലെ ചലിച്ചു കൊണ്ടിരിക്കണം. എന്നാലും വീട്ടിലെ ജോലികൾ തീരില്ല. എന്നാണിനി ഇതിനൊരു മാറ്റം വരിക. ചിലപ്പോൾ സങ്കടം കൊണ്ട് എന്തെങ്കിലും പറഞ്ഞുപോയാൽ അപ്പൊ വരും കെട്ട്യോന്റെ മറുപടി “ഇതിനും മാത്രം എന്ത് മലമറിക്കുന്ന ജോലിയാണ് ഇവിടെയുള്ളത്? ഇന്നിവിടെ എല്ലാ സൗകര്യങ്ങളുമില്ലേ? പണ്ടൊക്കെ അമ്മയെല്ലാം എത്ര കഷ്ടപ്പെട്ടിട്ടുണ്ട്. അതിനെ അപേക്ഷിച്ചു നോക്കുമ്പോ ഇപ്പോഴുള്ളവരെല്ലാം ഭാഗ്യം ചെയ്തവരല്ലേ.” അതോടെ അവളുടെ വായടയും.
ഉറങ്ങാനായി ബെഡ്റൂമിലെത്തിയപ്പോഴാണ് ഭർത്തവരോടോ ഫോണിൽ സംസാരിക്കുന്നത് കേട്ടത്. ഫോൺ കട്ട്ചെയ്ത ശേഷം അയാൾ അവളോട് പറഞ്ഞു ” എടീ നാളെ അവധിയല്ലേ.. അതുകൊണ്ട് കൂട്ടുകാരെല്ലാം ഇവിടെ ഒത്തുകൂടമെന്ന് പറഞ്ഞു. കഴിക്കാനെന്താ സ്പെഷ്യൽ ആയി ഉണ്ടാക്കുക.? ” പിന്നെ ഉണ്ടാക്കാനുള്ള ഭക്ഷണസാധനങ്ങളുടെ ഒരു നീണ്ട നിര തന്നെ അവളുടെ മുന്നിൽ നിരന്നു.
അവൾക്ക് കിടന്നെങ്കിലും ഉറക്കം വന്നില്ല. പുലർച്ചെ എണീക്കണം. എന്നാലേ എല്ലാം നേരത്തിനും കാലത്തിനും തയ്യാറാവൂ. രാവിലെ ചെയ്യാനുള്ള കാര്യങ്ങളോർത്തുകൊണ്ട് എപ്പോഴോ അവൾ ഉറക്കത്തിലേക്ക് വഴുതി വീണു.
പുലർച്ചെ അലാറത്തോടൊപ്പം അവളും ഉണർന്നു. തിരക്കിട്ട അടുക്കള ജോലികൾക്കിടയിൽ അവളോർത്തു ഒരു കൈസഹായത്തിന് ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ. അവൾ ബെഡ്റൂമിലേക്ക് പാളി നോക്കി. ഭർത്താവ് ചുരുണ്ടുകൂടി ഉറങ്ങുന്നു.
“എഴുന്നേൽക്കുന്നില്ലേ മനുഷ്യാ. മാർക്കറ്റിൽ പോയി ചിക്കനും മീനും ബീഫും ഒക്കെ വാങ്ങാനുള്ളതല്ലേ.”? അതുകേട്ടിട്ടാവണം അയാൾ മെല്ലെ എഴുന്നേറ്റു. അപ്പോഴേക്കും അവൾ ഒരു കപ്പ് കാപ്പിയുമായി ഓടിയെത്തി. എഴുന്നേറ്റയുടനെ ഒരു കപ്പ് കാപ്പി അയാൾക്ക് നിർബന്ധമാണ്. അണുവിട തെറ്റിയാൽ അയാളുടെ വിധം മാറും. കാപ്പി കൊടുത്തശേഷം അവൾ വീണ്ടും അടുക്കളയിലേക്കോടി.
അയാൾ മാർക്കറ്റിൽ നിന്നും കൊണ്ടുവന്ന സാധനങ്ങൾ എല്ലാം ഒരുവിധം റെഡിയായി വരുമ്പോഴേക്കും അതിഥികളെല്ലാം എത്തിയിരുന്നു. കൂട്ടുകാരും അവരുടെ ഭാര്യമാരും മക്കളും. ആകെ ബഹളമയം.
ഭക്ഷണസാധനങ്ങളെല്ലാം വിളമ്പാനും എടുത്തുവെക്കാനും കൂട്ടുകാരുടെ ഭാര്യമാർ സഹായിച്ചു. അതുതന്നെ ഭാഗ്യം.എല്ലാം കഴിഞ്ഞ് അതിഥികളെല്ലാം പിരിഞ്ഞുപോകുമ്പോഴേക്കും നേരം സന്ധ്യയായി. പത്രങ്ങളെല്ലാം കഴുകിവെച്ച് അടുക്കള വൃത്തിയാക്കി കഴിയുമ്പോഴേക്കും അവൾ നന്നായി തളർന്നിരുന്നു.
ആ തളർച്ച മാറ്റാനായി അവൾ സോഫയിൽ പോയിരുന്നു. അപ്പോഴാണ് അവൾ ഫോൺ കൈയ്യിലെടുത്തത്. ഇന്ന് ഫോൺ നോക്കാനേ നേരമുണ്ടായിരുന്നില്ലല്ലോയെന്ന് അവളോർത്തു. വാട്സ്ആപ്പ് തുറന്നപ്പോൾ അതാ നിറഞ്ഞ് കിടക്കുന്നു കൂട്ടുകാരുടെ തൊഴിലാളി ദിനാശംസകൾ. ഫേസ്ബുക്കിലാണെങ്കിൽ പിന്നെ പറയണ്ട. എല്ലാദിനങ്ങളും തനിക്കൊരുപോലെയാണല്ലോയെന്ന് അവൾ മനസ്സിലോർത്തുകൊണ്ട് അവൾ എഫ്ബിയിൽ ഒരു പോസ്റ്റിട്ടു എല്ലാ കൂട്ടുകാർക്കും എന്റെ തൊഴിലാളി ദിനാശംസകൾ.അതിനുശേഷം അവധിയില്ലാത്ത അടുക്കളതിരക്കിലേക്ക് അവൾ ഇറങ്ങി നടന്നു.

