ഇനി ഇപ്പോൾ പറഞ്ഞിട്ട് എന്തിനാണ്. എല്ലാം എൻ്റെ തെറ്റാണ്. പ്രണയം തുറന്നു പറയാതെ ഒരാൾ മനസ്സിലാക്കും എന്നൊക്കെ വിചാരിച്ച എൻ്റെ തെറ്റ്…….

_lowlight _upscale

കളിക്കൂട്ടുകാരി

Story written by Suja Anoop

“എന്തേ വരാൻ ഇത്രയും വൈകിയേ മോനെ, ഞാൻ ആകെ പേടിച്ചു പോയി..?” അല്ലെങ്കിലും അമ്മ അങ്ങനെ ആണ്. എന്നെ ഫോണിൽ വിളിച്ചിട്ടു കിട്ടിയില്ലെങ്കിൽ, എനിക്ക് ഒരു പനി വന്നാൽ, എൻ്റെ കണ്ണൊന്നു നിറഞ്ഞാൽ അതൊന്നും സഹിക്കുവാൻ ആ പാവത്തിന് ആകില്ല.

അമ്മയുടെ ആ ചോദ്യത്തിന് എനിക്ക് മറുപടി ഉണ്ടായിരുന്നില്ല. മനസ്സു മുഴുവൻ അപ്പോൾ അവൾ ആയിരുന്നൂ. എന്നും അവളെ മാ റോടു ചേർത്ത് അണക്കുവാൻ ആയിരുന്നൂ ഇഷ്ടം. പക്ഷേ, വിധി അതെന്നും എൻ്റെ പ്രണയത്തിനു എതിരായിരുന്നൂ.

കളിക്കൂട്ടുകാരിയെ എപ്പോഴാണ് പ്രണയിച്ചു തുടങ്ങിയത് എന്നെനിക്കറിയില്ല. അവളോട്‌ ഒരിക്കലും ഇഷ്ടം ആണെന്നു തുറന്നു പറയുവാൻ ഉള്ള ധൈര്യം എനിക്ക് ഉണ്ടായിരുന്നില്ല. പക്ഷേ, മനസ്സിൻ്റെ ഒരു കോണിൽ വെറുതേ ഞാൻ അവൾക്കായി ഒരുപാട് സ്വപ്നങ്ങൾ നെയ്തു കൂട്ടി. പഠിക്കണം എന്ന് തോന്നിയത് പോലും അവളെ സ്വന്തം ആക്കുവാൻ വേണ്ടി മാത്രമായിരുന്നൂ. അവളോട്‌ ഒരിക്കൽ എങ്കിലും അത് തുറന്നു പറയണമായിരുന്നൂ. അത് ഞാൻ ചെയ്തില്ല. ഇനി ഇപ്പോൾ പറഞ്ഞിട്ട് എന്തിനാണ്. എല്ലാം എൻ്റെ തെറ്റാണ്. പ്രണയം തുറന്നു പറയാതെ ഒരാൾ മനസ്സിലാക്കും എന്നൊക്കെ വിചാരിച്ച എൻ്റെ തെറ്റ്.

രണ്ടു ദിവസ്സം മുൻപേ അമ്മ വിളിച്ചിട്ടു പറഞ്ഞു “മോനെ, മീനൂട്ടിയുടെ കല്യാണം ഉറപ്പിച്ചു കേട്ടോ. ചെറുക്കൻ ബാംഗ്ലൂർ ആണ് കേട്ടോ. ഇനി ഇപ്പോൾ നിനക്കൊരു കൂട്ടായല്ലോ അവിടെ.” അവളുടെ കല്യാണം ഉറപ്പിച്ചു. അത് മാത്രമേ പക്ഷേ ഞാൻ കേട്ടുള്ളൂ. അത് അറിഞ്ഞപ്പോൾ തന്നെ മനസ്സു തകർന്നൂ. നാട്ടിലേക്കു പോകുവാൻ ബുക്ക് ചെയ്തിരുന്ന ടിക്കറ്റ് ക്യാൻസൽ ചെയ്യാം എന്നാണ് ആദ്യം കരുതിയത്. പിന്നെ അമ്മയെ വിഷമിപ്പിക്കുവാൻ വയ്യാത്തത് കൊണ്ട് അത് ചെയ്തില്ല.

****************

“മോനെ നീ എന്താ ഒന്നും മിണ്ടാത്തത്..?” അമ്മയുടെ സ്വരം ഉച്ചത്തിൽ ആയപ്പോൾ ആണ് സ്വബോധം വന്നത്. കഴിഞ്ഞ മാസം വന്നു പോയപ്പോഴും അമ്മ അവൾക്കു കല്യാണം നോക്കുന്ന കാര്യം പറഞ്ഞിരുന്നൂ. അപ്പോഴും ഞാൻ ഒന്നും മിണ്ടിയില്ല.

ഒരു പ്രണയം ഉണ്ടെന്നു അമ്മയോട് തുറന്നു പറയുവാനുള്ള ധൈര്യo പോലും എനിക്ക് ഉണ്ടായിരുന്നില്ല. അമ്മ വീണ്ടും ചോദിച്ചു.. “എന്താ മോനെ വൈകിയത്?” “ബസ് വൈകിയതാണ് അമ്മേ. ഇന്നലെ നല്ല മഴ ആയിരുന്നല്ലോ..”
“ആ ശരി, നീ പോയി കുളിച്ചിട്ടു വാ. നല്ലൊരു ദിവസ്സം ആയിട്ട് പള്ളിയിൽ ഒന്ന് പോകണം. നേർച്ച ഇട്ടിട്ടു വാ..” “അതിനു ഇനി വൈകീട്ടല്ലേ കുർബ്ബാന ഉള്ളൂ അമ്മേ” “അത് സാരമില്ല. നീ ഉണ്ണീശോയുടെ പള്ളിയിൽ പോയി ഞാൻ വാങ്ങി വച്ചിരിക്കുന്ന ഈ മോതിരം ഉണ്ണീശോയ്ക്കു ഇട്ടിട്ടു വരണം. ഇതു നിൻ്റെ ഇരുപത്തി അഞ്ചാമത്തെ പിറന്നാൾ അല്ലെ. നിനക്ക് അമ്മ നല്ലൊരു സമ്മാനം കരുതിയിട്ടുണ്ട്.”

ഞാൻ ഒന്നും മിണ്ടിയില്ല. ആകെ മനസ്സു തകർന്നിരിക്കുവാണ് എന്ന് അമ്മയോട് എങ്ങനെ പറയുവാൻ ആണ്. അമ്മ എങ്കിലും സന്തോഷിക്കട്ടെ. അമ്മ എന്തൊക്കെ സമ്മാനം നൽകാം എന്ന് പറഞ്ഞാലും അതൊന്നും അവൾക്ക് പകരം ആകില്ലല്ലോ. നേരെ മുറിയിൽ ചെന്നൂ. തോർത്തെടുത്തു കുളക്കടവി ലേക്കു നടന്നൂ. നല്ലൊരു കുളിയും പാസ്സാക്കി വരുമ്പോഴും പറമ്പിൻ്റെ അതിരിലുള്ള അവളുടെ വീട്ടിലേക്കാണ് നോട്ടം പോയത്. ആരെയും പുറത്തു കണ്ടില്ല.അവൾ ഉണ്ടെങ്കിൽ “അനിലേട്ടാ എപ്പോ വന്നൂ” എന്ന് ചോദിക്കും.

അവളെക്കാളും മൂന്ന് വയസ്സിന് മൂത്തത് ആണ് ഞാൻ. എപ്പോഴും എന്നെ ഏട്ടാ എന്ന് വിളിച്ചാൽ മതി എന്ന് പഠിപ്പിച്ചത് അവളുടെ അമ്മ ആയിരുന്നൂ..അവളെ സ്കൂളിൽ വിട്ടിരുന്നത് എനിക്കൊപ്പം ആയിരുന്നൂ. തിരിച്ചു അവളെ കൊണ്ടുവന്നു ആക്കുന്നതും ഞാൻ ആയിരുന്നൂ. അവളുടെ പിറന്നാൾ പായസം ആദ്യം കഴിക്കുന്നതും ഞാൻ ആയിരുന്നൂ. ഇനി എല്ലാം ഒരോർമ്മ. അവളെ സ്നേഹിച്ചത് പോലെ ഇനി മറ്റൊരു പെണ്ണിനെ എനിക്ക് സ്നേഹിക്കുവാൻ ആകില്ല എന്ന് മനസ്സു പറഞ്ഞു.

അമ്മ പറഞ്ഞത് പോലെ മോതിരവും വാങ്ങി പള്ളിയിൽ പോയി. നന്നായി പ്രാർത്ഥിച്ചു..”കേട്ടതൊന്നും സത്യം ആകരുതേ, അവളെ എനിക്ക് തന്നെ തരണേ” എന്നാണ് പ്രാർത്ഥിച്ചത്. വീട്ടിൽ തിരിച്ചെത്തിയപ്പോൾ അമ്മ എന്നെ തിരുസ്വരൂപത്തിനു അടുത്തേക്ക് കൂട്ടികൊണ്ടു പോയി. അവിടെ അമ്മ തിരി കത്തിച്ചു വച്ചിരുന്നൂ. എല്ലാ പിറന്നാളുകൾക്കും അങ്ങനെ ആണ്. ആദ്യം തിരുസ്വരൂപത്തിനു മുന്നിൽ നിർത്തി പ്രാർത്ഥിപ്പിക്കും. പിന്നെ അപ്പയുടെ ഫോട്ടോയ്ക്ക് മുൻപിൽ നിർത്തി പ്രാർത്ഥിപ്പിക്കും.

എനിക്ക് ആറു വയസ്സുള്ളപ്പോൾ ആണ് അപ്പ പെട്ടെന്ന് മരണപ്പെട്ടത്. ഒരു പനി വന്നതാണ്. എന്താണ് എന്ന് തിരിച്ചറിയും മുൻപേ തന്നെ അപ്പ പോയത്രേ. പിന്നീട് അമ്മ ആണ് എന്നെ വളർത്തിയത്. അത്യാവശ്യം സാമ്പത്തികം ഉള്ള കുടുംബം ആയിരുന്നൂ. ഒരു കുറവും എനിക്ക് വരുവാൻ അമ്മ സമ്മതിച്ചിട്ടില്ല ഇതു വരെ.
ഊണ് വിളമ്പി കഴിഞ്ഞപ്പോൾ അമ്മ വിളിച്ചു. ഊണ് മുറിയിൽ ചെന്നിരുന്നപ്പോൾ ആണ് അവളെ ഞാൻ അവിടെ കണ്ടത്. അത്രയും നേരം അവൾ ആ വീട്ടിൽ ഉള്ള കാര്യം ഞാൻ അറിഞ്ഞില്ല. ഭക്ഷണം എടുത്തു വയ്ക്കുവാൻ അവൾ അമ്മയെ സഹായിക്കുന്നൂ. അപ്പോൾ ആണ് അമ്മ പറഞ്ഞത്..

“ഈ പിറന്നാളിന് ഇവൾ മാത്രം മതി” എന്ന് ഞാൻ തീരുമാനിച്ചു. ഞാൻ മനസ്സിൽ ഓർത്തു. “ഓ, വിവാഹം കഴിഞ്ഞു പോകുവല്ലേ. ഇനി ഇപ്പോൾ എൻ്റെ പിറന്നാളിന് എല്ലാം അവൾ വരികയില്ലല്ലോ” അമ്മ അവളോട് പറഞ്ഞു “മോൾ അവനു ആവശ്യം ഉള്ളതെല്ലാം വിളമ്പി കൊടുക്കെട്ടോ. ഞാൻ പായസം എടുത്തിട്ട് വരാം. മോളെ, അവൻ അറിയട്ടെ എന്താണ് എൻ്റെ പിറന്നാൾ സമ്മാനം എന്ന്.” പിന്നെ എന്നോട് അമ്മ പറഞ്ഞു “പറയുവാൻ ഉള്ളതെല്ലാം ഇപ്പോൾ പറഞ്ഞേക്കണം. കേട്ടോ മോനെ. ഒന്നും ബാക്കി വയ്ക്കരുത് നാളത്തേക്ക്. പത്തു മിനിട്ടു ഞാൻ തരും.”

അതും പറഞ്ഞു അമ്മ അകത്തേക്ക് പോയി. എനിക്കൊന്നും മനസ്സിലായില്ല. അവൾ പറഞ്ഞു തുടങ്ങി. “കഴിഞ്ഞ ആഴ്ച എന്നെ കാണുവാൻ ഒരു കൂട്ടർ വന്നിരുന്നൂ. അവർ പോയതും അനിലേട്ടൻ്റെ അമ്മ എൻ്റെ വീട്ടിലേക്കു വന്നൂ. അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നൂ. എൻ്റെ മകൻ്റെ പെണ്ണാണ് അവൾ. അവളെ എനിക്ക് വേണം എന്ന് പറഞ്ഞു. അപ്പനും അമ്മയും ഒന്നും മറുത്തു പറഞ്ഞില്ല. അല്ലെങ്കിലും എൻ്റെ മനസ്സു അവർക്കുo അറിയാമായിരുന്നൂ.”

ഞാൻ അവൾ പറഞ്ഞത് മുഴുവൻ കേൾക്കുവാൻ നിന്നില്ല. നേരെ അടുക്കളയി ലേക്കു ചെന്നൂ. അപ്പോൾ അമ്മ അവിടെ നിന്നു കരയുകയായിരുന്നൂ. ഞാൻ അമ്മയെ ചേർത്ത് പിടിച്ചു. അപ്പോൾ അമ്മ പറഞ്ഞു. “അദ്ധേഹം പോയപ്പോൾ ഞാൻ കൊടുത്ത വാക്കാണ് നിനക്ക് ഒരു കുറവും വരുത്തില്ല എന്നത്. നിൻ്റെ മനസ്സൊന്നു പിടഞ്ഞാൽ ഞാൻ അവിടെ ചെല്ലുമ്പോൾ അദ്ധേഹം ചോദിക്കില്ലേ”

ഞാൻ ഒന്നും പറഞ്ഞില്ല. അല്ലെങ്കിലും മക്കളെ മനസ്സിലാക്കുവാൻ അമ്മയോളം ആരുണ്ട് ഈ ലോകത്തിൽ.

അവളും അടുക്കളയിലേക്ക് വന്നൂ. അവരെ രണ്ടുപേരെയും ചേർത്ത് പിടിക്കുമ്പോൾ മനസ്സ് ശാന്തം ആയിരുന്നൂ.

Leave a Reply

Your email address will not be published. Required fields are marked *