കുഞ്ഞാറ്റക്കിളികൾ
എഴുത്ത്:-ബിന്ദു എൻ പി
മഹേന്ദ്ര വർമ്മയ്ക്കും ഭാര്യ മാലിനിക്കും രണ്ടാണ്മക്കളാണ്. അനന്തുവും കിഷോറും. അനന്തു എന്ന നന്ദു കോളേജ് അധ്യാപകനാണ്. കിഷോറാവട്ടെ സൈനീക ഉദ്യോഗസ്ഥനും.
കിഷോർ ലീവിന് നാട്ടിലെത്തിയിട്ട് അൽപ്പ നേരമേയായിട്ടുള്ളൂ. ഇത്തവണത്തെ വരവിന് മറ്റൊരു ലക്ഷ്യം കൂടിയുണ്ട്. നന്ദുവിന്റെ കല്യാണം കൂടാനുള്ള വരവാണ്. കോളേജിൽ നിന്നുള്ള ഏട്ടന്റെ വരവിനായി കാത്തിരിക്കുകയാണവൻ.
“ഓ ന്റെ മാലിനിക്കുട്ടി ഒന്ന് മിനുങ്ങിയിട്ടുണ്ടല്ലോ.. അമ്മായിയമ്മ യവാനുള്ള ഒരുക്കത്തിലാ ല്ലേ.. കൊച്ചു കള്ളി ” അവൻ അമ്മയുടെ കവിളിൽ നുള്ളി.
“ഓ! ഈ ചെറുക്കന്റെ കുട്ടിക്കളി ഇനിയും മാറിയിട്ടില്ലല്ലോ എന്റീശ്വരാ.. നന്ദു കഴിഞ്ഞാ അടുത്ത ഊഴം നിന്റെയാ ” മാലിനി അവനെ തള്ളി മാറ്റിക്കൊണ്ട് പറഞ്ഞു..
” ങ്ങാ.. ഏട്ടനിഷ്ടപ്പെട്ട പെണ്ണിനെയല്ലേ ഏട്ടൻ കെട്ടുന്നത്. അതുപോലെ ഈ കിച്ചുവിനുമുണ്ടൊരു പെണ്ണ്. സമായമാവുമ്പോൾ ഞാൻ പറയാം എന്റെ മാലിനിക്കൊച്ചേ “. അവൻ മാലിനിയോട് കളിയായി പറഞ്ഞതാണെങ്കിലും അവന്റെയുള്ളിൽ അപ്പോഴൊരു മുഖം മിന്നിമറിഞ്ഞു.
ലീവിൽ നാട്ടിൽ വന്നുകഴിഞ്ഞാലുള്ള അവന്റെ പ്രധാന വിനോദം കൂട്ടുകാരോടൊപ്പം കറങ്ങിനടക്കലായിരുന്നു . അങ്ങനെ യൊരു യാത്രയിലാണ് ആദ്യമായവളെ കാണുന്നത്. കുന്നിൻ ചെരിവിൽ കാർ പാർക്കുചെയ്ത ശേഷം കൂട്ടുകാരോടൊപ്പം മരത്തണലിൽ ഇരിക്കുകയായിരുന്നു കിഷോർ. അപ്പോഴാണ് കാറിന്റെ ഗ്ലാസിൽ എന്തോ വീഴുന്ന ശബ്ദം കേട്ടത്. നോക്കുമ്പോ ഒരു കല്ലാണ്. ആ കല്ലു വന്ന ഭാഗത്തേക്ക് നോക്കുമ്പോ മൂന്നാല് കുട്ടികളോടൊപ്പം ഒരു പെൺകുട്ടി നിൽക്കുന്നു. അബദ്ധം പറ്റിയ മട്ടിൽ തലയിൽ കൈ വെച്ചാണ് നിൽപ്പ്.അടുത്ത് കണ്ട മാവിലെ മാങ്ങയ്ക്ക് കല്ലെറിഞ്ഞതാണ്.അവൻ കണ്ടെന്നു മനസ്സിലായതും ” ഓടിക്കോടാ എന്ന് പറഞ്ഞ് പിള്ളേരോടൊപ്പം അവൾ ഓടി മറഞ്ഞു.
ഒരു നോക്കേ കണ്ടുള്ളുവെങ്കിലും ആ കരിമിഴികൾ മനസ്സിൽ തറച്ചു നിന്നു. പിന്നീട് അവളെ കാണാനായി മാത്രം വൈകുന്നേരങ്ങളിൽ ആ കുന്നിൻ ചെരിവിൽ പോകുമായിരുന്നു.ഒന്നു രണ്ടുത്തവണ മിന്നായം പോലെ അവളെക്കേണ്ടെങ്കിലും അവളാരെന്നോ എന്തെന്നോ അറിയാനിതുവരെ പറ്റിയിട്ടില്ലെന്നതാണ് സത്യം. എങ്കിലും തന്റെ മറുപാതിയായി അവനെന്നേ അവളെ സങ്കല്പിച്ചു കഴിഞ്ഞിരിക്കുന്നു .
കാറിന്റെ ശബ്ദം കേട്ടാണവൻ ചിന്തയിൽ നിന്നുണർന്നത്. ” ഓ! നമ്മുടെ കല്യാണചെക്കൻ ഇങ്ങെത്തിയോ? ” അവൻ ഓടിപ്പോയി ചേട്ടനെ വട്ടം പിടിച്ചു.
” ഹേയ് കിച്ചൂ.. വിടെടാ.. നന്ദു കുതറി മാറി.
“ഈ ചെക്കന്റെയൊരു കാര്യം.. ഇപ്പോഴും കുട്ടിക്കളി മാറിയിട്ടില്ല..” മാലിനി അവന്റെ ചെവിയിൽ പിടിച്ചു..
” ഓ! എന്റമ്മേ.. വേദനിക്കുന്നു വിടൂ “.. അവൻ ചിണുങ്ങി. നന്ദേട്ടൻ വേഗം ഫ്രഷ് ആയിട്ട് വാ.. എനിക്ക് നമ്മുടെ ഏട്ടത്തിയമ്മയെക്കുറിച്ച് കുറേ കാര്യങ്ങൾ അറിയാനുണ്ട്. എന്റെ ഏട്ടന്റെ മനസ്സ് കീഴടക്കിയ ആ സുന്ദരിയെ കാണാൻ നമുക്കൊന്ന് പോയാലോ?” അവൻ കളിയായി പറഞ്ഞതാണെങ്കിലും എല്ലാവർക്കും കൂടി പോകാമെന്ന് അവർ തീരുമാനിച്ചു.
എല്ലാവരും കൂടി അവിടേക്ക് യാത്ര തിരിച്ചപ്പോൾ ഏറെ ത്രില്ലിലായിരുന്നു കിഷോർ. അൽപ്പദൂരം ചെന്നപ്പോഴാണ് കാറ് പോകുന്ന വഴി തനിക്ക് പരിചിതമാണല്ലോ എന്ന് അവനോർത്തത്. അതെ ആ കുന്നിൻ ചെരിവിനടുത്തുള്ള വഴിയിലൂടെയാണ് കാർ പോകുന്നത്. അവളുടെ ഇനി അവളുടെ വീടിനടുത്തോ മറ്റോ ആണോ?
ഒരു വലിയ വീടിനു മുന്നിൽ വണ്ടി നിർത്തി. നിര നിരയായി പൂത്തു നിൽക്കുന്ന പല നിറത്തിലുള്ള ബോഗാൻവില്ല ചെടികൾ. കൂടാതെ പലതരം ചെടികൾ പൂവിട്ടു നിൽക്കുന്നു. ചുറ്റുമോന്ന് കണ്ണോടിക്കവേ ജനാലഴികൾക്കിടയിലൂടെ എത്തിനോക്കിക്കൊണ്ട് ഓടി മറയുന്ന ഒരു മുഖം മിന്നായം പോലെ അവൻ കണ്ടു. അവൾ.. അന്നത്തെ ആ പെൺകുട്ടി. തന്റെ നല്ല പാതിയാവാൻ മനസ്സിൽ കുറിച്ചിട്ടവൾ. ഈശ്വരാ… അവളെയാണോ നന്ദേട്ടൻ കെട്ടാൻ പോകുന്നത്. അവന്റെ ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി.
എല്ലാവരും അവരെ സ്വീകരിച്ചിരുത്തി. അവൻ പെട്ടെന്ന് നിശബ്ദനായതു കണ്ട് മാലിനി അത്ഭുതപ്പെട്ടു. അപ്പോഴാണ് ചായയുമായി അവൾ മുന്നിലേക്ക് വന്നത്. ഋതു. അതായിരുന്നു അവളുടെ പേര്.അവൾ കിച്ചുവിന് നേരെ ചായ ഗ്ലാസ്സ് നീട്ടിയപ്പോൾ അവനാകെ വിളറിക്കൊണ്ട് ആ മുഖത്തേക്ക് ഒന്നുകൂടെ നോക്കി. പക്ഷേ അവൾക്ക് ഒരു ഭാവമാറ്റവുമില്ല.പരിചിത ഭാവം അശേഷമില്ല.
” എന്തുപറ്റിയെടാ നിനക്ക്? നിനക്കായിരുന്നില്ലേ ഏട്ടത്തിയമ്മയെ കാണാൻ ധൃതി. എന്നിട്ടെന്തേ ഇപ്പൊ ഒന്നും പറയാനില്ലേ? മഹേന്ദ്ര വർമ്മ അവനെ കളിയാക്കി.
കുട്ടികൾക്കെന്തെങ്കിലുമൊക്കെ സംസാരിക്കാൻ കാണും. മക്കള് മുകളിലേക്ക് പൊയ്ക്കോളൂ.. അവളുടെ അമ്മാവനാണ്.
” വാടാ… നന്ദൻ കിച്ചുവിനെയും വിളിച്ചു.അവനൊഴിഞ്ഞു മാറാൻ നോക്കിയെങ്കിലും നന്ദു വിട്ടില്ല.അവൻ ഒരു പ്രതിമ പോലെ കൂടെ നടന്നു. താൻ ഉള്ളിൽകൊണ്ട് നടന്ന സ്വപ്നമാണ് വീണുടയാൻ പോകുന്നത്. അവളെ താനെങ്ങനെ ഏട്ടത്തിയമ്മയുടെ സ്ഥാനത്ത് കാണും. ഏട്ടനെ വേദനിപ്പിക്കാൻ തനിക്കാവില്ലല്ലോ. അവന് തന്റെ തല പെരുക്കുന്നത് പോലെ തോന്നി.
അവർ മുകളിലത്തെ റൂമിലെത്തിയപ്പോ ഋതു പറഞ്ഞു
” കേട്ടോ നന്ദേട്ടാ ഈ കിച്ചു ഇവിടെ കുന്നിൻചെരിവിലെ നിത്യ സന്ദർശകനാണത്രെ.. നമ്മുടെ ശ്രീതു പറഞ്ഞ അറിവാണ് കേട്ടോ.”
അതും പറഞ്ഞ് അവൾ ചിരിച്ചു.
“ശ്രീതു?”
അവൻ ചോദ്യഭാവത്തിൽ അവളെ നോക്കി. അപ്പോഴാണ് ഋതുവിന്റെ അതേ മുഖഛായയുള്ള മറ്റൊരു പെൺകുട്ടി അങ്ങോട്ടേക്ക് വന്നത്.
” ഇതെന്റെ ഇരട്ട സഹോദരി ശ്രീതു. ഇവളന്ന് മാവിൽ കല്ലെറിഞ്ഞപ്പോ കിച്ചുവിന്റെ കാറിന് കൊണ്ട കാര്യമൊക്കെ എന്നോട് വന്നു പറഞ്ഞിട്ടുണ്ടായിരുന്നു കേട്ടോ.”
അപ്പോഴാണവന് ശ്വാസം നേരെവീണത്.ഋതുവിന്റെ വാക്കുകൾ കേട്ടപ്പോൾ മനസ്സിൽ ഒരു മഞ്ഞുതുള്ളി വീണ സുഖം തോന്നി കിച്ചുവിന്. തന്റെ പെണ്ണ്.. താൻ മനസ്സിൽ ചേർത്തെഴുതിയ നല്ല പാതി. അവന് സന്തോഷംകൊണ്ട് തുള്ളിച്ചാടാൻ തോന്നി.
അല്പനേരം കഴിഞ്ഞ് അവർ നാലുപേരും കൂടി താഴേക്ക് ഇറങ്ങി വരുന്നത് കണ്ടപ്പോൾ കിച്ചുവിന്റെ കണ്ണുകളിലെ സന്തോഷം മാലിനി തിരിച്ചറിയുന്നുണ്ടായിരുന്നു.
“ഈ മോളെക്കൂടി ഞങ്ങൾക്ക് തന്നൂടെ?എന്റെ കിച്ചുവിന്റ ഭാര്യയായിട്ട് “എന്ന് മാലിനി അറിയാതെ ചോദിച്ചുപോയി. ഒരുനിമിഷം അവിടമാകെ നിശബ്ദമായി.
തൊട്ടടുത്ത നിമിഷം തന്നെ ഋതുവിന്റെ അച്ഛന്റെ മറുപടിയും വന്നു.. അതിനെന്താ കുട്ടികൾക്ക് സമ്മതമാണെങ്കിൽ… “
ആ വാക്കുകൾ പൂർത്തിയാക്കുന്നതിനു മുമ്പ് തന്നെ ഞങ്ങൾക്ക് സമ്മതമാണെന്ന് രണ്ടാളും പറഞ്ഞതുകേട്ട് ഹാളിൽ ഒരു കൂട്ടച്ചിരിയുയർന്നു. “അമ്പട കള്ളാ ” മാലിനി മകന്റെ ചെവിയിൽ പിടിച്ചുകൊണ്ടവനെ കളിയാക്കി. പിന്നെ രണ്ടു പെണ്മക്കളെയും ചേർത്ത് പിടിച്ചു.അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങുമ്പോൾ പകൽ ഒരു രാത്രിയെക്കൂടി വരവേൽക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.ഒപ്പം ജീവിതമെന്ന സ്വർഗ്ഗത്തിലേക്ക് പറന്നുയരാൻ തയ്യാറായി അവർ നാലുപേരും..

