എന്നാൽ നിനക്ക് ഇത് പെണ്ണ് കാണാൻ വന്നപ്പോൾ എഴുന്നെള്ളിച്ചു കൂടായിരുന്നോ ,” ദേഷ്യത്തോടെ ഞാൻ മാളുവിന് നേരെ തിരിഞ്ഞു…

ദാമ്പത്യം

എഴുത്ത്:- ഭാവനാ ബാബു

“എടാ , ഇന്ന് നിന്റെ ഫസ്റ്റ് നൈറ്റ് അല്ലെ , കണക്കും കാര്യങ്ങളുമൊക്കെ അങ്ങോട്ട് മാറ്റി വച്ചു വേഗം റൂമിലേക്ക് ചെല്ലാൻ നോക്ക് …അവൾ അവിടെ ഒറ്റക്കല്ലേ ” ?

ചങ്ക് ആയ ഉണ്ണിയുടെ ഓർമ്മപ്പെടുത്തൽ കേട്ടപ്പോഴാണ് ഞാനും അതിനെക്കുറിച്ചു ചിന്തിച്ചത്….

ഈ വലിയ വീട്ടിൽ അവളെ റൂമിലേക്ക് കൂട്ടി കൊണ്ട് പോകാനോ , ഗ്ലാസിൽ പാൽ നിറച്ചു കൊടുക്കാനോ വേറെ ആരുമില്ല.

“ഹരീഷേ , നീ ഓരോന്ന് ഓർത്ത് സമയം കളയേണ്ട… റൂം ഒക്കെ ഞങ്ങൾ അടിപൊളി ആക്കിയിട്ടുണ്ട്…നിങ്ങൾക്കുള്ള പാലും , ഫ്രൂട്സും ഒക്കെ സെറ്റ് ആണ്”.

എന്റെ മനസ്സ് കണ്ടപോലെ ഉണ്ണി പറഞ്ഞു.സന്തോഷം കൊണ്ട് ഞാനപ്പോൾ വല്ലാത്ത അവസ്ഥയിലായി….

” ഒത്തിരി താങ്ക്സ് അളിയാ”.

“താങ്ക്സ് , മണ്ണാങ്കട്ട…ഒന്ന് പോടാപ്പാ”…

” അല്ല ,നീ ഇപ്പൊ പോകുമോ…?”

“ഞാനും ഇറങ്ങുകയായി .എന്നെ കാത്തിരിക്കാൻ വയസ്സായ തള്ള മാത്രമല്ലേ ഉള്ളൂ.

ഒരു ചെറു ചിരിയോടെ അവനത് പറഞ്ഞപ്പോൾ ആ വാക്കുകൾ കൊണ്ടത് എന്റെ ഹൃദയത്തിലാണ്…

കാത്തിരിക്കാൻ ഒരു അമ്മയില്ലാത്തതിന്റെ വേദന അത് അനുഭവിച്ചവർക്കെ അറിയൂ…

എന്റെ കണ്ണുകൾ അറിയാതെ തുളുമ്പിയപ്പോൾ , അവനെന്റെ തോളിൽ ചെറുതായൊന്ന് തട്ടി…

“നീയിപ്പോൾ കഴിഞ്ഞതൊന്നും ഓർക്കേണ്ട.റൂമിലേക്ക് ചെല്ലാൻ നോക്ക്…ഇന്ന് മുതൽ അതാണ് നിന്റെ ലോകം”…

അവനോട് യാത്ര പറഞ്ഞു ഞാൻ റൂമിലേക്ക് നടന്നു…

മുല്ലപ്പൂവും , റോസാപ്പൂവും കൊണ്ട് കട്ടിൽ മനോഹരമായി അലങ്കരിച്ചിരിക്കുന്നു.അതിന്റെ ഓരത്തായി തലയും കുമ്പിട്ടു അവൾ ഇരിപ്പുണ്ട്.

മാളുവിനോട് അധികമൊന്നും സംസാരിക്കാൻ അവസരം ഉണ്ടായിട്ടില്ല…പട്ടാളക്കാരനായ അച്ഛന്റെ ഒറ്റ മകൾ…പെണ്ണുകാണലും , കല്യാണവുമൊക്കെ വേഗത്തിൽ ആയിരുന്നു.

“മാളു , ഞാൻ പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു….

എന്റെ ശബ്ദം കേട്ടതും അവൾ പിടഞ്ഞെഴുന്നേറ്റു.

എന്തിനാ ഇവൾക്ക് ഇത്ര വെപ്രാളം…അലമാരയിലെ കണ്ണാടിയിലേക്ക് ഞാനെന്നെ സ്വയമൊന്നു നോക്കി…ഏയ് കുഴപ്പമൊന്നുമില്ലല്ലോ.

എന്നോടടുക്കാനുള്ള പ്രയാസം ഉണ്ടാകും.ആദ്യം അവളുടെ പേടിയൊന്ന് മാറ്റണം.

ഞാൻ ഗ്ലാസ്സിലെ പാൽ അവൾക്ക് നേരെ നീട്ടി….

മറ്റൊന്നും ഓർക്കാതെ ഒറ്റവലിക്ക് അവളത് മുഴുവൻ കുടിച്ചു….

“ശോ , ഞാൻ ഒരൽപ്പം കുടിച്ചിട്ട് അവൾക്ക് കൊടുത്താൽ മതിയായിരുന്നു…ചെയ്‌ത അബദ്ധം ഞാൻ അപ്പോഴാണ് ഓർത്തത്…

മാളുവിനു എന്ത് പറ്റി , ഒരു പേടിയും , വെപ്രാളവും…എ. സി ഇട്ടിട്ടും വിയർക്കുന്നുണ്ടല്ലോ.ഞാൻ അവളുടെ നെറ്റിത്തടം തുടയ്ക്കാനായി മെല്ലെ വിരൽ നീട്ടി…

“തൊട്ടു പോകരുതെന്നെ… എന്റെ നേർക്ക് ചൂണ്ടുവിരൽ നീട്ടി അവൾ ആജ്ഞാപിച്ചു….

ഒറ്റ നിമിഷം കൊണ്ട് ഞാൻ ആകെ ഇല്ലാതെ ആയത് പോലെ…

“മാളൂ…ഞാൻ അവളെ നീട്ടി വിളിച്ചു….

“സോറി ഹരീഷേട്ടാ , എനിക്ക് ഇപ്പോൾ ഒരു ദാമ്പത്യ ജീവിതം നയിക്കുവാൻ കഴിയില്ല.എന്നോട് ക്ഷമിക്കണം.”

“എന്താണ് നിന്റെ പ്രശ്നം ?അത് നീയാദ്യം തുറന്നു പറയ്”.

“പറയാം.എല്ലാം പറയാം…”
ഒരു നിമിഷം ദീർഘമായി നിശ്വസിച്ചുകൊണ്ട് ഉള്ളിലുള്ളതെല്ലാം അവൾ പറയാൻ തുടങ്ങി…

“ആദിത്യൻ അതായിരുന്നു അയാളുടെ പേര്…എന്റെ കെമിസ്ട്രി മാഷ് ആയിരുന്നു…ആദ്യ കാഴ്ച്ചയിൽ തോന്നിയ പ്രണയം എന്നൊന്നും പറയാൻ കഴിയില്ല.വളരെ ഗൗരവമായി ഞാൻ ആലോചിച്ചു ഉറപ്പിച്ചെടുത്ത തീരുമാനം…ഡിഗ്രി രണ്ടാം വർഷം ഞാൻ ഈ ബന്ധം വീട്ടിൽ പറഞ്ഞു…അച്ഛനും അമ്മയ്ക്കും എതിർപ്പ് ഒന്നും ഉണ്ടായിരുന്നില്ല.ഡിഗ്രി കഴിഞ്ഞു വിവാഹം നടത്താമെന്ന് പറഞ്ഞപ്പോൾ ആദിത്യനും സമ്മതിച്ചു…. പക്ഷെ അതിന് മുമ്പ് ഒരു എൻഗേജ്മെന്റ് നടത്തണം എന്നു അച്ഛന് തോന്നി…അതിന് തിയതി കുറിപ്പിച്ചു വന്നപ്പോഴായിരുന്നു ആദിത്യനു മറ്റൊരു വിവാഹം ശരി ആയെന്ന് അവന്റെ വീട്ടുകാർ പറയുന്നത്…

ഒരുപാട് സ്നേഹിച്ചിരുന്നു ഞാൻ അയാളെ.എന്തിനാണ് എന്നെ വിട്ടേച്ചു പോയതെന്ന് പറഞ്ഞിരുന്നെങ്കിൽ എനിക്കും ഒരു സമാധാനം ആയേനെ.വൈകാതെ അയാൾ മറ്റൊരു കോളേജിലേക്ക് ട്രാൻസ്‌ഫർ വാങ്ങി പോയി…

ആ ടെൻഷൻ കാരണം എനിക്ക് പരീക്ഷ എഴുതാനും കഴിഞ്ഞില്ല…കോളേജിലെ ടോപ്പ് സ്‌കോറർ ആയ ഞാൻ അങ്ങനെ ഡിഗ്രി മുഴുവൻ ആക്കിയില്ല.”

ആ ദേഷ്യത്തിന് അച്ഛൻ ഹരീഷേട്ടനുമായുള്ള വിവാഹവും ഉറപ്പിച്ചു…

“എന്നാൽ നിനക്ക് ഇത് പെണ്ണ് കാണാൻ വന്നപ്പോൾ എഴുന്നെള്ളിച്ചു കൂടായിരുന്നോ ,” ദേഷ്യത്തോടെ ഞാൻ മാളുവിന് നേരെ തിരിഞ്ഞു…

“ഞാൻ എല്ലാം പറയാൻ ഇരുന്നതാണ്…അപ്പോഴാണ് , അച്ഛന്റെ ആത്മഹത്യാ ഭീഷണി”

“യുദ്ധമുഖത്ത് വെടിയൊച്ചകൾക്ക് മുൻപിൽ തല കുനിക്കാത്ത അഭിമാനിയായ അച്ഛൻ ഞാൻ കാരണം ജീവൻ വെടിയുമെന്നു പറഞ്ഞപ്പോൾ വിവാഹത്തിന് സമ്മതിക്കുക അല്ലാതെ മറ്റൊരു വഴിയും എന്റെ മുൻപിൽ ഇല്ലായിരുന്നു…എനിക്ക് ഇനിയും പഠിക്കണം.സ്വന്തം കാലിൽ നിൽക്കണം.അതിന് ശേഷം മാത്രമേ എനിക്കൊരു ജീവിതത്തെ കുറിച്ചു ചിന്തിക്കാൻ കഴിയൂ….”

“ആ അച്ഛന്റെ മകളാണ് ഞാനും.എടുത്ത തീരുമാനം ഉറച്ചതായിരിക്കും.”

മാളവികയുടെ കണ്ണുകളിൽ നിന്നും തീ പാറുന്നുണ്ടായിരുന്നു…ആ ദൃഢ നിശ്‌ചയത്തിന് മുന്നിൽ എന്റെ തല താണു പോയി…

“മാളു , നീ ഇപ്പോൾ ഉറങ്ങാൻ നോക്ക്…നേരം ഒത്തിരി വൈകി…ഞാൻ ഈ സോഫയിൽ കിടന്നോളാം.”

അവൾ വേഗം ലൈറ്റ് ഓഫാക്കി കിടന്നു.ഞാൻ അപ്പോൾ എന്നെ കുറിച്ചുള്ള ഓർമ്മകളിൽ ആയിരുന്നു…എന്റെ ഇത് വരെയുള്ള ജീവിതതിലൂടെ ഞാൻ മനസ്സോടിച്ചു…

ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ , ഉച്ചയൂണിന് ബെൽ അടിച്ചപ്പോഴാണ് , രവി മാഷ് എന്നെ ഓട്ടോറിക്ഷയിൽ “ഒരിടം വരെ പോയി വരാം എന്ന് പറഞ്ഞു കൂട്ടികൊണ്ട് പോയത്…ആ വാഹനം നിന്നത് ഒരു ആശുപത്രി മോർച്ചറിക്ക് മുൻപിലാണ്.അവിടെ വെള്ള പുതച്ച , ചേതനയറ്റ രണ്ടു ശരീരങ്ങൾ.എന്റെ അച്ഛനും അമ്മയും.

ഒരു ബസ് ആക്സിഡന്റിൽ എനിക്ക് നഷ്ടമായത് എന്റെ ജീവിതമായിരുന്നു. ചോർന്നൊലിക്കുന്ന ചെറ്റ കുടിലിൽ ഒന്ന് കരയാൻ പോലും ആകാതെ ഞാൻ വിറങ്ങലിച്ചിരുന്നു… ആദ്യമൊക്കെ ആരൊക്കെയോ കാണാൻ വന്നു…പതുക്കെ അതും നിലച്ചു.

ഏഴാം ക്ലാസ്സോടെ എന്റെ പഠിപ്പും നിന്നു.പിന്നെ ഒരു കുതിപ്പ് ആയിരുന്നു. വിശപ്പിനു എതിരെയുള്ള ഒറ്റയാൾ പോരാട്ടം.കിട്ടിയ പണികൾ ഒക്കെ കൂലി നോക്കാതെ ചെയ്തു.ജീവിതത്തിൽ ഉയരാൻ പഠിപ്പ് വേണ്ട , വെറും കഠിനാധ്വാനവും , ഇത്തിരി ബുദ്ധിയും മതിയെന്ന് ഞാൻ വിശ്വസിച്ചിരുന്ന നാളുകൾ.

പതിനെട്ട് വയസ്സ് ആയപ്പോൾ , ചങ്ക് ആയ ഉണ്ണിയും ഒപ്പം കൂടി. പിന്നെ ഒരു കട വാങ്ങി , അതിൽ നിന്നും ഒട്ടേറെ കടകൾ.അങ്ങനെ ഞാനൊരു ധനികനായി.

പണം വരിക്കൂട്ടിയപ്പോഴാണ്”എന്ത് ഉണ്ടായിട്ടെന്താ , അവനൊരു ഏഴാം ക്ലാസ്സുകാരനല്ലേ” എന്ന് പലരും പിറു പിറുക്കാൻ തുടങ്ങിയത്.

വിദ്യാഭ്യാസത്തിന്റെ വില ഞാൻ അറിയാൻ തുടങ്ങിയ നിമിഷങ്ങൾ.പഠിപ്പ് ഇല്ലെങ്കിൽ അവൻ വെറും ഏഴാം കൂലി മാത്രമാണെന്ന് ഞാൻ തിരിച്ചറിഞ്ഞ ദിവസങ്ങൾ.

ഇരുപത്തെട്ടാമത്തെ വയസ്സിലാണ് ഉണ്ണിയുടെ നിർബന്ധം കൊണ്ട് പെണ്ണ് കാണൽ തുടങ്ങിയത്.ഏഴാം ക്ലാസ്സുകാരൻ എന്നറിഞ്ഞപ്പോൾ പല പെണ്കുട്ടികളും മുഖം തിരിച്ചു.

എന്നിട്ടും , ഞാൻ തോറ്റു പിന്മാറിയില്ല…ഒടുവിലാണ് മാളവികയുടെ ആലോചന വന്നത്…അത് വിവാഹത്തിലെത്തിയപ്പോൾ , വല്ലാത്തൊരു അഹങ്കാര മായിരുന്നു.എല്ലാം നേടിയ ഒരു ജേതാവിന്റെ ഭാവം..

പക്ഷെ ആ സന്തോഷത്തിന്റെ ആയുസ്സ് ഒരു നീർക്കുമിള പോലെ ആയിരുന്നു എന്ന് കുറച്ചു മുൻപേ മനസ്സിലായി….

നേരം പുലർന്നിട്ടും മാളു ഉറക്കം വിട്ടെഴുന്നേറ്റിട്ടില്ല…ഞാൻ അവളെ വിളിച്ചുണർത്തി.

“വേഗം കുളിച്ചു റെഡിയാക്. നീ ഇങ്ങോട്ട് കൊണ്ട് വന്ന എല്ലാ സാധനങ്ങളും എടുത്തോ”.

അവൾ മറുത്തൊന്നും ചോദിക്കാതെ എല്ലാം അനുസരിച്ചു.

ഏഴു മണി ആയപ്പോൾ ഞാനും അവളും അവളുടെ വീട്ടിലെത്തി.

ബാഗും തൂക്കി പടി കടന്നു വരുന്ന അവളെ കണ്ടപ്പോൾ അവളുടെ അമ്മയുടെ ഉള്ളൊന്നു പിടഞ്ഞ പോലെ.

“എന്താ മോനേ കാര്യം… അവർ ആശങ്കയോടെ ചോദിച്ചു

“ഒന്നുമില്ലമ്മേ , അമ്മ ചെന്ന് അച്ഛനെ വിളിക്ക്”

ഞാൻ സിറ്റ് ഔട്ടിലെ കസേരയിൽ ഇരുന്നു കൊണ്ട് അമ്മയോട് പറഞ്ഞു.

“എന്താ ഹരീഷേ , മാളു എന്തെങ്കിലും അവിവേകം കാട്ടിയോ”? അച്ഛന്റെ ശബ്ദത്തിന് അൽപ്പം മൂർച്ച ഏറിയിരുന്നു.

“അച്ഛന് അറിയാമല്ലോ ഞാനൊരു അനാഥൻ ആണെന്ന്.മാളുവിനെ സ്വന്തമാക്കിയതോടെ എനിക്കൊരു അച്ഛനെയും അമ്മയെയും കിട്ടി.ഈ മനസ്സുകൾ വിഷമിപ്പിക്കരുതെന്ന് എനിക്ക് ആഗ്രഹവുമുണ്ട്… പക്ഷേ…”

“എന്ത് പക്ഷെ , നീ കാര്യം തെളിച്ചു പറയ് ഹരീഷേ ,

“ഞാൻ വല്ലാത്തൊരു ധർമ്മ സങ്കടത്തിലാണ്.എന്റെ ഭാര്യക്ക് ഇനിയും പഠിക്കണം.അവൾക്ക് സ്വന്തം കാലിൽ നിന്നൊരു ജോലി തേടണം.അവളെ പഠിപ്പിക്കാൻ ഞാൻ തയ്യാറാണ്.വിദ്യാഭ്യാസത്തിന്റെ മൂല്യം എന്നെക്കാൾ മനസ്സിലാക്കിയ മറ്റാരുണ്ട്.അവൾ പഠിച്ചോട്ടെ അച്ഛാ”.

“നീയും അവളുടെ താളത്തിന് തുള്ളുകയാണോ ഹരീഷേ “?

“അവളെ പഠിപ്പിക്കാനുള്ള തീരുമാനം എന്റേതാണ്. അതിൽ ഇനിയൊരു മാറ്റവുമില്ല അച്ഛാ “.

മാളുവിന്റെ അച്ഛൻ പിന്നെ എതിർത്തു ഒരക്ഷരം മിണ്ടിയില്ല…

“ഞാൻ ഇറങ്ങട്ടെ അച്ഛാ..ഷോപ്പ് തുറക്കാൻ നേരമായി”.

കാറിൽ കേറാൻ തുടങ്ങിയപ്പോഴാണ് , മാളു ഓടിക്കിതച്ചു ഡോറിനടുത്ത് എത്തിയത്.

“അതേ , ഈ താലി എന്റെ കഴുത്തിൽ കെട്ടിയത് , ഒരു ആണൊരുത്തൻ ആണെന്ന് കുറച്ചു മുൻപ് എനിക്ക് മനസ്സിലായി”

“അതിന് ,?
ഗൗരവം ഒട്ടും ചോരാതെ ഞാൻ ചോദിച്ചു.

“ഒറ്റ നിമിഷം കൊണ്ട് ഞാനാ ഹൃദയം മോഷ്ടിച്ചെന്ന്.

അത് പറയുമ്പോൾ , അവളുടെ കണ്ണുകൾ വല്ലാതെ തിളങ്ങുന്നുണ്ടായിരുന്നു.

“ഞാൻ വരും പെണ്ണേ”. കണ്ണുകൾ മെല്ലെ അടച്ചു കൊണ്ട്‌ ഞാൻ പറഞ്ഞു.

വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ എന്റെ ഹൃദയം പ്രണയം കൊണ്ട് വല്ലാതെ തുടിക്കുന്നുണ്ടായിരുന്നു. ഒരു പക്ഷെ ഇതല്ലേ യഥാർഥ ദാമ്പത്യം. ?

ചെമ്പകം.

Leave a Reply

Your email address will not be published. Required fields are marked *