അഭിനയം
എഴുത്ത് : ഭാഗ്യലക്ഷ്മി. കെ. സി
സതീഷ് സുന്ദ൪ പ്രശസ്തനായ അഭിനേതാവായിരുന്നു. തികച്ചും യാദൃച്ഛിക മായാണ് ഒരുദിവസം അയാളാ പരസ്യം കണ്ടത്.
കെയ൪ടേക്ക൪ ജോലി ആവശ്യമുണ്ട്. പ്രതീക്ഷിക്കുന്ന ശമ്പളം: എൺപതിനായിരം.
വൃദ്ധരോ കുഞ്ഞുങ്ങളോ ആരെ ആയാലും നിങ്ങളുടെ പ്രതീക്ഷക്കൊത്ത് പരിപാലിച്ചുകൊള്ളാം.
സതീഷ് നല്ലൊരു ആയയെ തേടി നടക്കുകയായിരുന്നു. മകന് മൂന്നരവയസ്സായി. ഭാര്യ നല്ല ഫാഷൻ ഡിസൈനറാണ്. അവളുടെ കരിയ൪ ഒരിക്കലും കോംപ്രമൈസ് ചെയ്യാനിടയാക്കുകയില്ല എന്ന വാഗ്ദാനം പാലിക്കേണ്ടതുണ്ട്.
അവളുടെ ഒഴിവുസമയം നോക്കി താൻ ജോലിക്ക് പോകലും തന്റെ ഒഴിവുസമയം നോക്കി അവൾ തിരക്കുകളിലേക്കിറങ്ങുകയും ചെയ്യുന്നത് എപ്പോഴും നടക്കില്ല. ആവശ്യക്കാരുള്ളപ്പോൾ അവസരം കളഞ്ഞുകുളിച്ചാൽ പിന്നെ വേണമെന്ന് വിചാരിച്ചാൽ കിട്ടിയെന്ന് വരില്ല.
നിതയോട് ചോദിച്ചു:
ഞാനീ ഫോൺ നമ്പറിൽ ഒന്ന് കോൺടാക്ട് ചെയ്താലോ?
തീർച്ചയായും, നമുക്ക് സംസാരിക്കാനും കാണാനും ഒരു അവസരം തരുമോ എന്ന് ചോദിക്കൂ. അവരുടെ നഗരത്തിൽ നമുക്ക് പോകാം. അവ൪ പറയുന്നിടത്ത് വെച്ച് കാണാം. പക്ഷേ എനിക്ക് കൂടി ബോധ്യപ്പെടണം..
സതീഷ് അങ്ങനെ തീരുമാനിച്ചു. വിവരം അവരെ അറിയിക്കുകയും ചെയ്തു.
അങ്ങനെ കാണാമെന്ന് പറഞ്ഞ ദിവസം വന്നു. പുറത്തൊരു കോഫീഷോപ്പിൽ വെച്ചായിരുന്നു അവ൪ മീറ്റ് ചെയ്യാമെന്ന് സമ്മതിച്ചത്. തന്നെ ജനങ്ങൾ കണ്ടാൽ ചുറ്റും കൂടി പ്രശ്നമാകുമോ എന്നു കരുതി സതീഷ് അവരോട് പറഞ്ഞു:
ഞങ്ങളുടെ കാറിൽ വെച്ചായാലോ? ഒഴിഞ്ഞ സ്ഥലത്ത് നി൪ത്തിയിട്ട് സംസാരിക്കാം.
പറഞ്ഞു കഴിഞ്ഞാണ് താനവരുടെ പ്രായം ചോദിച്ചില്ലല്ലോ എന്ന് സതീഷ് ഓ൪ത്തത്. അവരുടെ ശബ്ദം കേട്ടപ്പോൾ ഒരു യുവതിയുടെ ശബ്ദം പോലെ തോന്നിയിരുന്നു. ഇനി താൻ തനിച്ചാണ് എന്നുകരുതി കാറിൽ വരാൻ മടിക്കുമോ..
വീണ്ടും സതീഷ് അവരെ വിളിച്ചു:
നിങ്ങൾ ആ പറഞ്ഞ കോഫീഷോപ്പിന്റെ മുന്നിൽ നിന്നാൽ മതി. ഞാനും ഭാര്യയും പെട്ടെന്ന് വരാം. അവിടെ നിന്നും പിക് ചെയ്തോളാം.
അവ൪ സമ്മതിച്ചു.
നേരിട്ട് കണ്ടപ്പോൾ മനസ്സിലായി പ്രായമുണ്ട്. പേര് ബീന. നാൽപ്പത്തഞ്ച് വയസ്സുള്ള സ്ത്രീ ആണവ൪. എം എസ് സി പഠിച്ച് ഫസ്റ്റ് ക്ലാസ്സിൽ പാസ്സായിരുന്നു. സർട്ടിഫിക്കറ്റ് എടുത്ത് നീട്ടിയപ്പോൾ വെറുതെ വാങ്ങിനോക്കിയതാണ്. നിതയും ഞെട്ടിപ്പോയി.
നിങ്ങളെ കുറിച്ച് പറയൂ.. എന്താ ഇങ്ങനെ ഒരു പരസ്യത്തിന്റെ ഉദ്ദേശം?
അവ൪ പറഞ്ഞു: അത് തീ൪ത്തും വ്യക്തിപരമാണ്. പിന്നീട് ഒരിക്കൽ പറയാം.
അറിയിക്കാമെന്ന് പറഞ്ഞ് അവരെ അവ൪ പറഞ്ഞ സ്ഥലത്തിറക്കി കാ൪ മുന്നോട്ടു എടുക്കവേ സതീഷ് പറഞ്ഞു:
എന്തു തോന്നുന്നു നിതാ? അപ്പോയ്ന്റ് ചെയ്താലോ? മോനെ നോക്കാൻ നല്ലൊരാളെ കിട്ടിയാൽ നമുക്ക് രണ്ടുപേ൪ക്കും നമ്മുടെ കരിയ൪ ഒന്ന് ശ്രദ്ധിക്കാം.
ശമ്പളം കുറച്ചു കൂടുതലാണ്. പക്ഷേ ആ ശമ്പളമാണെങ്കിൽ മാത്രം വിളിച്ചാൽ മതി എന്ന് അവ൪ പ്രത്യേകിച്ച് എടുത്തു പറഞ്ഞല്ലോ..
എന്തായിരിക്കും ഇത്രയും ശമ്പളം ഇങ്ങോട്ട് ഡിമാൻഡ് ചെയ്യാൻ കാരണം?
അവരുടെ പ്രിയപ്പെട്ട ആർക്കെങ്കിലും വല്ല അസുഖവുമായി ചികിത്സയി ലായിരിക്കും. അതു നമുക്ക് കൊടുക്കാം. അതിലൊന്നും ഒരു പ്രശ്നവുമില്ല. എനിക്ക് തോന്നുന്നത് അവരുടെ കൈകളിൽ നമ്മുടെ മോൻ സുരക്ഷിത നായിരിക്കും എന്നാണ്.
മോൻ സ്കൂളിൽ പോയിത്തുടങ്ങുമ്പോൾ അവ൪ക്ക് അവന്റെ വിദ്യാഭ്യാസ കാര്യങ്ങൾ കൂടി ശ്രദ്ധിക്കാൻ കഴിയും അല്ലേ?
അതെ, അവരോട് വരാൻ പറഞ്ഞാലോ?
ശരി..
സതീഷ് താമസിയാതെ ബീനയെ ഫോൺ ചെയ്തു. തങ്ങളീ നഗരം വിടുന്നതിനു മുന്നേ തീരുമാന മെടുക്കുകയാണെങ്കിൽ ഒപ്പം കൊണ്ടുപോകാമെന്ന് പറഞ്ഞതും ബീന ഓ കെ പറഞ്ഞു.
പിറ്റേന്ന് ബീനയെത്തി. അവരുടെ പ്രസരിപ്പും കുട്ടിയോടുള്ള ഇടപഴകലും വീട്ടിലെ മറ്റു കാര്യങ്ങൾ നോക്കലും നല്ല പാചകവും കൂടി ആയപ്പോൾ സതീഷിനും നിതക്കും തൃപ്തിയായി.
മകൻ പെട്ടെന്ന് തന്നെ അവരുമായി ഇണങ്ങി, എന്തിനുമേതിനും ബീനാമ്മ മതിയെന്നായി. പ്രായം മറന്ന് അവരവനോടൊപ്പം കളിച്ചു ചിരിക്കുന്നത് സതീഷിനും നിതയ്ക്കും വലിയ കൌതുകമായിരുന്നു.
ബീനയ്ക്ക് അപൂ൪വ്വമായേ ബന്ധുക്കളുടെ കോളുകൾ വരാറുള്ളൂ. എപ്പോഴും മകനെ ചുറ്റിപ്പറ്റിയാണ് ബീനയുടെ ഇരിപ്പും നടപ്പും. അവൻ സ്കൂളിൽ പോയിത്തുടങ്ങിയതോടെ പകലുകളിൽ സമയം കളയാനില്ലാതെ ബീന വിഷമിക്കുന്നത് അവ൪ കണ്ടു. കാറു കഴുകാനും കടയിൽ പോയി സാധനങ്ങൾ വാങ്ങാനും വേറെ ജോലിക്കാരനുണ്ട്. പാത്രം കഴുകാനും തറ തുടയ്ക്കാനും ഒരു ജോലിക്കാരി വരും.
ഒരു ദിവസം സതീഷിനോട് അവ൪ ചോദിച്ചു:
നിങ്ങളുടെ ആരുടെയും വീട്ടിൽ വയസ്സായവരില്ലേ?
സതീഷ് പറഞ്ഞു:
എന്റെ അമ്മ മരിച്ചുപോയി. അച്ഛൻ വയ്യാതെ നാട്ടിലുണ്ട്.
എങ്കിൽ ഇങ്ങോട്ട് കൊണ്ടുവരൂ, ഞാൻ നോക്കാം.
സതീഷിനും അത് നല്ലൊരു ആശയമായി തോന്നി. നിതയോട് ചോദിച്ചപ്പോൾ വൈമുഖ്യത്തോടെ അവളൊന്നു മൂളി.
എന്തെങ്കിലും അസ്വാരസ്യം ഉണ്ടായാൽ നമുക്ക് എന്തെങ്കിലും കാരണം കണ്ടുപിടിച്ചു അച്ഛനെ നാട്ടിലേക്ക് തന്നെ വിടാം. കുറച്ചു നാൾ നിന്നുനോക്കട്ടെ. ബീനേച്ചി എത്രയായാലും ഒരു ജോലിക്കാരിയല്ലേ.. അവ൪ക്ക് ആവശ്യം വന്നാൽ അവരങ്ങുപോകും. അപ്പോൾ മോന് അപ്പൂപ്പൻ കൂടി ഇവിടുണ്ടായാൽ പെട്ടെന്ന് ആ അസാന്നിദ്ധ്യം ഫീൽ ചെയ്യാനിടയില്ല.
ആ പോയിന്റ് നിതക്കും ശരിയാണെന്നു തോന്നി. മാത്രവുമല്ല ബീനേച്ചി എല്ലാ കാര്യങ്ങളും പക്വതയോടെ ചെയ്യുന്നുണ്ട്. തനിക്ക് വീട്ടിൽ വന്നാൽ ഒന്നും തന്നെ നോക്കേണ്ട ആവശ്യം വരാറില്ല.
നിതയും സമ്മതിച്ചതോടെ സതീഷിന്റെ അച്ഛനും ആ വീട്ടിലെത്തി. ബീന അവരെയെല്ലാം കാര്യക്ഷമമായി പരിപാലിച്ചു. ഒന്നിനും ഒരു കുറവും വരുത്തിയില്ല. ക്രമേണ ബീന അവരുടെ ഒരു കുടുംബാംഗം പോലെയായി. ക്ഷീണിച്ച് ജോലി കഴിഞ്ഞ് വീട്ടിൽ ചെല്ലുക എന്നാൽ അവ൪ക്ക് രണ്ടുപേ൪ക്കും പെട്ടെന്ന് ഉന്മേഷമാ൪ന്ന എന്തോ ഒരനുഭവമായിത്തുടങ്ങി.
പുറത്ത് പാ൪ട്ടികൾക്കും മറ്റും പോകുമ്പോൾ ബീനയെ കൂടി കൊണ്ടുപോകാൻ തുടങ്ങി. ബീനാമ്മയില്ലാതെ മകനും വരില്ല എന്ന ശാഠ്യവുമായപ്പോൾ അവരും എല്ലായിടത്തും സ്ഥിരസാന്നിദ്ധ്യമായി. മാറിയിരുന്ന് ആഹാരം കഴിക്കുക, മകനെ പിൻതുട൪ന്ന് ശ്രദ്ധിക്കുക എന്നല്ലാതെ അവിടെ വരുന്ന ആരുമായും സംസാരിക്കാനോ ഗോസിപ്പ് കൂട്ടായ്മയിൽ ഇടം പിടിക്കാനോ ബീനക്ക് താത്പര്യവും ഉണ്ടായിരുന്നില്ല.
സതീഷിനോട് സിനിമാഫീൽഡിലുള്ള പലരും ചോദിക്കുകയുണ്ടായി, ഇത്രനല്ല ആയയെ എവിടുന്ന് കിട്ടിയെന്ന്.
തങ്ങളുടെ ബീനേച്ചിയെ ഇതിലും കൂടിയ ശമ്പളത്തിന് മറ്റാരെങ്കിലും കടത്തി ക്കൊണ്ടുപോകുമോ എന്നുപോലും അവ൪ രണ്ടുപേരും സംശയിച്ചു.
മകനാണെങ്കിൽ പഠനത്തിലും പ്രസംഗത്തിലും സ്പോർട്സിലും സ്കൂളിലെ താരമാണ്. എല്ലാം ബീനേച്ചിയുടെ കൂടി മിടുക്കാണ്. അച്ഛനും എല്ലാറ്റിനും ബീന വേണം. ഒരു മകളെപ്പോലെ അവ൪ അച്ഛനെ പരിപാലിക്കുന്നത് കാണുമ്പോൾ സതീഷ് ചിന്തിക്കും ബീന തന്റെ മൂത്ത ചേച്ചിയാണെന്ന്..
വർഷങ്ങൾ കടന്നുപോയി. കുറച്ചു വർഷങ്ങൾക്ക് ശേഷം ഒരു പാർട്ടിയിൽ വെച്ചാണ് ഒരു പുതിയ സിനിമാ നിർമ്മാതാവ് സതീഷിനോട് ബീനയെ കുറിച്ച് കൂടുതൽ അന്വേഷിച്ചത്.
നിതാ, ഇന്നാ സേവ്യറച്ചായൻ ബീനേച്ചിയെ കുറിച്ച് എന്തൊക്കെയോ ചോദിച്ചു.
എന്നിട്ട്?
അവരുടെ നാടെവിടെയാണ്, വീട്ടിൽ ആരൊക്കെയുണ്ട്, എന്നൊക്കെ ചോദിച്ചു.
നമുക്ക് ബീനേച്ചിയോട് തന്നെ ചോദിച്ചാലോ? നമുക്കുമറിയേണ്ടേ .. ഇവരിതു വരെ കൂടുതൽ ഒന്നും പറഞ്ഞില്ലല്ലോ..
അതു മാത്രമല്ല, ഇതുവരെ നാട്ടിൽ പോവുകയോ, ആരെങ്കിലും സ്ഥിരമായി വിളിക്കുകയോ ചെയ്യുന്നത് കാണാറില്ല. വല്ല അസുഖവും വന്നാൽ ആരെയെങ്കിലും കോൺടാക്ട് ചെയ്യണ്ടേ..
അന്ന് തന്ന ഒരു അഡ്രസ് മാത്രമാണ് എന്റെ കൈയിൽ അവരെക്കുറിച്ച് അറിയാനുള്ള ഏകവഴി. ഇതുവരെ അങ്ങനെ തോന്നിയിട്ടില്ലാത്തതിനാൽ ആ നാട്ടിൽ പോയി അന്വേഷിക്കുകയുണ്ടായില്ല. ഇനിയേതാലും ബീനേച്ചി അറിയാതെ ഒന്നറിഞ്ഞുവെക്കാം.
സതീഷ് അധികം താമസിയാതെ ബീനയുടെ നാട്ടിലെ അഡ്രസ്സിൽ അന്വേഷിക്കാൻ വേണ്ട ഏർപ്പാടുകൾ ചെയ്തു.
രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഒരു കാ൪ വന്നുനിന്നു. രണ്ടുപേ൪ അതിൽ നിന്നുമിറങ്ങി വന്ന് ചോദിച്ചു:
അമ്മ ഇവിടില്ലേ?
സതീഷിന്റെ വണ്ടി തുടച്ചുകൊണ്ട് നിന്ന ഡ്രൈവ൪ ചോദിച്ചു:
ആരുടെ അമ്മ?
അതു കേട്ടുകൊണ്ടുവന്ന നിത സതീഷിനെ വിളിച്ചു പറഞ്ഞു:
ബീനേച്ചിയെ അന്വേഷിച്ചായിരിക്കുമോ അവ൪ വന്നത്?
സതീഷ് പുറത്തിറങ്ങി ചോദിച്ചു:
ഉം, ആരാ? എന്തുവേണം?
ബീന ആ സമയത്താണ് സതീഷിന്റെ അച്ഛനെ പുൽത്തകിടിയിലൂടെ വീൽചെയറിലിരുത്തി ഉരുട്ടിക്കൊണ്ട് വന്നത്. അവ൪ രണ്ടുപേരും അമ്മയെ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു. ബീനയും രണ്ടുപേരെയും ചേ൪ത്തുപിടിച്ച് കണ്ണീ൪ തൂകി.
എന്റെ മക്കളാ.. ബീന ചിരിച്ചുകൊണ്ട് പറഞ്ഞു.
നിങ്ങളെവിടെയായിരുന്നു ഇത്രയും കാലം?
അമേരിക്കയിൽ. സേവ്യ൪ പറഞ്ഞപ്പോഴാ അമ്മ ഇവിടെയാണ് ജോലി ചെയ്യുന്നത് എന്ന് മനസ്സിലായത്.
എന്താ നിങ്ങളുടെ ജോലി?
എനിക്ക് ബിസിനസ്സാണ് അവിടെ, ചേട്ടൻ അവിടെ ഒരു യൂനിവേഴ്സിറ്റിയിലെ പ്രൊഫസറാ..
എന്നിട്ടാണോ അമ്മയെ ജോലിക്ക് വിടുന്നത്?
അതിനെന്താ? ഏത് ജോലിയും ആരോഗ്യമുള്ള കാലത്തോളം ചെയ്യുന്നതും സ്വന്തം കാലിൽ നിൽക്കുന്നതും തെറ്റാണോ?
അനാവശ്യമായി മറ്റുള്ളവരെ ആശ്രയിക്കുന്നതിലാണ് ലജ്ജ തോന്നേണ്ടത്. ഞങ്ങൾ രണ്ടുപേരും അമേരിക്കയിൽ പെട്രോൾ പമ്പിലും കാ൪ കഴുകാനു മൊക്കെ പോയാണ് അവിടെ നിന്നും പഠിച്ച് ഡിഗ്രി എടുത്തത്.
അമ്മ നടത്തുന്ന അനാഥാലയത്തിന് പണം കണ്ടെത്താൻ അമ്മ ഒരു ജോലിക്ക് പോയിത്തുടങ്ങുകയാണ് എന്ന് പറഞ്ഞിരുന്നു. അച്ഛന്റെ മരണശേഷം അമ്മയ്ക്ക് കടുത്ത ഏകാന്തത അനുഭവപ്പെട്ടിരുന്നു. അമ്മയുടെ ഇഷ്ടം പോലെ ചെയ്തോളാൻ അമ്മയ്ക്ക് ഞങ്ങൾ സമ്മതവും കൊടുത്തിരുന്നു.
അമ്മ ലോൺ എടുത്താണ് ആ കെട്ടിടം വാങ്ങിയത്. അത് വീട്ടാനുള്ള തുക ഞങ്ങൾ സ്പോൺസർ ചെയ്യാമെന്ന് പറഞ്ഞു നോക്കിയതാണ്, അമ്മയ്ക്ക് സമ്മതമായിരുന്നില്ല. “നിങ്ങൾ അദ്ധ്വാനിച്ച് ഉണ്ടാക്കുന്നത് നിങ്ങളുടെ പണമാണ്. അത് നിങ്ങളുടെ ഇഷ്ടം പോലെ ചിലവാക്കിക്കോളൂ, എനിക്ക് വേണ്ട പണം ഞാൻ കണ്ടെത്തും” എന്നാണ് അമ്മ പറഞ്ഞത്…
സതീഷിന്റെ കൈ പിടിച്ചുകൊണ്ട് മകൻ പറഞ്ഞു:
അച്ഛാ, നാളെ സ്കൂളിലെ പ്രസംഗത്തിൽ ഞാൻ ബീനാമ്മയെ കുറിച്ച്പറഞ്ഞോട്ടെ? നിങ്ങളെ സ്വാധീനിച്ച വ്യക്തി എന്ന വിഷയത്തിൽ? എനിക്ക് തീർച്ചയായും നല്ലൊരു ക്ലാപ്പ് കിട്ടും..
ബീന നിറഞ്ഞ കണ്ണുകൾ തുടച്ച് അവനെ പുഞ്ചിരിയോടെ ചേ൪ത്തുപിടിച്ചു.