എഴുത്ത്:- ശ്രീജിത്ത് ഇരവിൽ
സുന്ദരിയായ ആ പെണ്ണിനെ അയാളുടെ മുറിയിൽ വിട്ട് സഹായി പുറത്തേക്ക് പോയി. അവളൊരു നനഞ്ഞ പക്ഷിയെ പോലെ തലകുനിച്ചു നിന്നു.
‘എന്താണ് പേര്…?’
‘നിർമ്മല .. ‘
“കാര്യങ്ങളൊക്കെ പറഞ്ഞിരുന്നുവല്ലോ…?”
പേര് പറയാൻ ഉയർത്തിയ തല വീണ്ടും കുനിച്ചുകൊണ്ട് അവളൊന്ന് മൂളുക മാത്രം ചെയ്തു. അയാൾ എഴുന്നേറ്റ്, നിർമ്മലയുടെ ചുറ്റും നടന്ന് നിരീക്ഷിച്ചു. ചുണ്ടിലും മാറിലും അയാളുടെ കണ്ണുകൾ വീണപ്പോഴേക്കും അവൾ വല്ലാതെ വിയർത്തിരുന്നു.
പതിയേ നിർമ്മലയുടെ മുടിയിൽ തലോടിയ അയാളുടെ വിരലുകൾ ഊർന്ന് നെറ്റിയിലേക്കും, അവിടെ നിന്ന് മൂക്ക് വഴി ആ മലർന്ന അ ധരങ്ങളിലേക്കും വന്നുതൊട്ടു. അവൾ ആ നേരങ്ങളിൽ ഒരു ആലില പോലെ വിറച്ചു.
ആക്രിലിക് നിറങ്ങളുടെ അമ്ല മണം വമിക്കുന്ന അയാളുടെ വര മുറിയായിരുന്നുവത്. അതിനകത്ത് എത്തിപ്പെട്ടാൽ എപ്പോൾ വേണമെങ്കിലും ആക്രമിക്കപ്പെട്ടേക്കാമെന്ന പ്രതീതിയാണ്.
പ്രധാന കാരണം തുറിച്ച് നോക്കുന്ന നിരവധി പുരുഷന്മാരുടെ കണ്ണുകളുണ്ട് ആ ചുമരിൽ. വിളഞ്ഞ് നിൽക്കുന്ന പാടത്തിലാരോ ഒരു മെലിഞ്ഞ കർഷകനെ കെട്ടിത്തൂക്കിയിരിക്കുന്നു. അതും പരസ്പരം കെട്ടിപ്പിടിക്കുന്ന പഴുത്ത മുളന്തണ്ടിന്റെ നടുവിൽ..! ചിറക് മുറിഞ്ഞ് ചോ ര വീശി പാറുന്നയൊരു ചെമ്പോത്തിനേയും അരികിൽ കാണാം.
നിർമ്മലയിൽ ഭയം വിറച്ചു. കണ്ണുകൾ ചൂഴ്ന്നെടുക്കപ്പെട്ട കുഞ്ഞുങ്ങളേയും , ര ക്തം ചുരത്തുന്ന മു ലകളുമായി മൂന്ന് പെണ്ണുങ്ങളേയും കൂടി അവൾ കണ്ടു. കൈകൾ കൊണ്ട് തു ടയിടുക്ക് മറച്ച് നിൽക്കുന്ന ആ ചിത്രങ്ങളിലൊന്നും തലകൾ ഉണ്ടായിരുന്നില്ല..!
ര ക്തമിറ്റ് വീഴുന്ന മൂർച്ചയുള്ള ക ത്തിയും കു ന്തവും കോ ടാലി നിറങ്ങളും നിറഞ്ഞ് നിൽക്കുന്ന ആ വലിയ മുറിയുടെയൊരു മൂലയിൽ അയാൾക്ക് ഇരിക്കാനൊരു ചാരുകസേരയുമുണ്ട്.
‘പേടിയൊന്നും വേണ്ട. ഇവിടെ നമ്മൾ രണ്ടുപേർ മാത്രമേയുണ്ടാകൂ… പൂർണ്ണ ന ഗ്നയായി ഇതുമെടുത്താണ് ആ പീഠത്തിൽ ഇരിക്കേണ്ടത്…’
അയാളുടെ കൈകളിൽ വിടർന്ന് നിൽക്കുന്ന ആ പനിനീർ പൂവിന്റെ ദളങ്ങളെ നോക്കിക്കൊണ്ട് ഉ ടുത്തിരിക്കുന്ന വേഷങ്ങൾ ഓരോന്നായി നിർമ്മല അഴി ച്ചുമാറ്റി.
ഒരു കടുകട്ടി ചുകന്ന പൂവുമായൊരു പെണ്ണ് പൂർണ്ണ ന ഗ്നയായി തന്റെ മുന്നിലെ ആ പീഠത്തിലിരുന്നപ്പോൾ അയാളും തയ്യാറായി. അഴിച്ചിട്ട മുടിയുമായി ഇടത് വശത്തേക്ക് ചാഞ്ഞിരിക്കുന്ന അവളുടെ വലത് കയ്യിൽ മൂക്കോട് ചേർന്നാണ് ആ പനിനീർ പുഷ്പ്പം.
‘ഹാ….അനങ്ങല്ലേ …!’
ബ്രഷ് മുക്കാൻ വെള്ളം നിറച്ച് വെച്ച മൊന്ത തട്ടിത്തെറിപ്പിച്ചുകൊണ്ട് അയാൾ പറഞ്ഞു. ഭയന്ന് സ്തംഭിച്ച് പോയ അവൾക്ക് വീണ്ടുമൊരു ശ്വാസമെടുക്കാൻ തന്നെ നേരം ഏറെ വേണ്ടി വന്നു.
അയാൾ നിർമ്മലയെ തന്റെ ക്യാൻവാസിലേക്ക് പകർത്തുന്നത് വീണ്ടും തുടർന്നു. സസൂഷമം നിരീക്ഷിച്ച് അവളുടെ കണ്ണുകളിൽ നിന്ന് അടർന്ന് വീഴാനൊരുങ്ങിയ ഒരു നീർത്തുള്ളികൂടി വരച്ചപ്പോൾ അയാളുടെ സമനില തെറ്റി.
സ്റ്റാന്റിൽ നിന്ന് ക്യാൻവാസ് വലിച്ചിളക്കി നിർമ്മലയുടെ ദേഹത്തേക്ക് അയാൾ ചുരുട്ടിയെറിഞ്ഞു.
‘കണ്ണുകളിൽ കണ്ണീരല്ല…! കനലാണ് വേണ്ടത്. അതാ കയ്യിലെ പൂവിൽ ജ്വലിക്കണം.!’
അവളുടെ തൊട്ടടുത്തേക്ക് ചെന്നാണ് അയാളത് പറഞ്ഞത്. അതുപറയുമ്പോൾ ആ പുകപിടിച്ച ചുണ്ടുകൾ തന്റെ കൺ പുരികത്തിൽ തോട്ടോയെന്ന് വരെ നിർമ്മല സംശയിച്ചു. വല്ലാത്തയൊരു ദേഷ്യത്തോടെ അയാൾ ആ മുറി വിട്ട് പുറത്തേക്ക് പോയി.
നിർമ്മല ധൃതിയിൽ തന്റെ ന ഗ്നതയിലേക്ക് ഉടുപ്പിട്ടു. തുടർന്നൊരു പ്രാപ്പിടിയൻ റാഞ്ചിയ കോഴിക്കുഞ്ഞിനെ പോലെ പിന്നേയും ആ പീഠത്തിൽ പതുങ്ങി അങ്ങനെയിരുന്നു.
അൽപ്പ നേരത്തിനുള്ളിൽ ചുണ്ടിലൊരു നീളൻ ചിരിയുമായി അയാൾ മുറിക്കകത്തേക്ക് വന്നു. തത്സമയം അവൾ എഴുന്നേറ്റ് തനിക്ക് വീട്ടിലേക്ക് പോകണമെന്ന് പറയുകയും ചെയ്തു. എന്തിനാണ് പിന്നെ ഇങ്ങോട്ട് വന്നതെന്ന് അയാൾ നിർമ്മലയോട് ചോദിച്ചു.
‘ചിത്രം വരക്കാൻ നിന്ന് കൊടുത്താൽ പണം തരുമെന്ന് പറഞ്ഞു..’
“അപ്പോൾ പണം വേണ്ടേ..?”
‘വേണ്ട…!’
ശേഷം, തന്റെ പാഴായി പോയ നേരത്തിനെന്ത് സമാധാനമെന്ന് അയാൾ ചോദിച്ചപ്പോൾ നിർമ്മല തലകുനിച്ചു. ചിത്രം പൂർത്തികരിക്കാതെ നിനക്ക് ഇവിടെ നിന്ന് പോകാൻ കഴിയില്ലെന്ന് കൂടി അയാൾ പറഞ്ഞപ്പോൾ അവൾ വീണ്ടും ന ഗ്നയായി.
പെട്ടെന്ന് വരച്ചിട്ടെന്നെ വിടൂയെന്നും പറഞ്ഞ് അവൾ തന്റെ മുടിക്കെട്ടഴിച്ചു. തുടർന്ന് വലതുകയ്യിൽ പൂവുമായി ഇടത്തോട്ട് ചാഞ്ഞ് ആ പീഠത്തിലേക്ക് ഇരുന്നു..
ലൈം ഗീക രുചികൾക്ക് തന്നെ സമീപിക്കുന്ന എത്രയോ പുരുഷന്മാരെ അവൾ കണ്ടിട്ടും കൊണ്ടിട്ടുമുണ്ട്. വഴങ്ങിയിട്ടും തന്നെ ബലമായി ഉപയോഗിക്കുമ്പോൾ അനുഭവപ്പെടുന്നയൊരു വേദനയോട് കൂടിയാണ് അവൾ പിന്നീട് ആ മുറിയിലിരുന്നത്.
ജീവിതത്തിൽ തനിച്ചായ ഘട്ടത്തിൽ ലോകം വിൽക്കുന്നവരുടേയും വാങ്ങുന്നവരുടേയും മാത്രമാണെന്ന ബോധം നിർമ്മലയിൽ ഉറച്ചിട്ടുണ്ട്. താൻ ഇന്നു മുഴുവൻ വിൽക്കപ്പെട്ടിരിക്കുന്നു. വാങ്ങിയ ആൾ തന്നെ യഥേഷ്ട്ടം ഉപയോഗിക്കട്ടേയെന്ന് അവൾ കരുതി.
ധൈര്യം വീണ്ടെടുത്തുകൊണ്ട് അയാൾ പറയുന്ന എല്ലാ കാര്യങ്ങളും അക്ഷരം പ്രതി നിർമ്മല അനുസരിച്ചു. ഓരോ നിറങ്ങളായി അയാൾ അവളെ ഒപ്പിയെടുക്കുന്നത് അവൾ പോലും കാണുന്നുണ്ടായിരുന്നില്ല.
നിർമ്മലയുടെ കണ്ണുകൾ കനൽ പോലെ ജ്വലിച്ചപ്പോൾ അയാൾ അതീവ സന്തോഷവാനായി. പനിനീർ പൂവുമായി രാത്രി മാനം നോക്കിയൊരുവൾ ജ്വലിക്കുന്ന കണ്ണുകളുമായി ശൂന്യതയിൽ ഇടം വശം ചാഞ്ഞിരിക്കുന്നു…
പ്രണയവും പകയും ഒരു പോലെ കൊമ്പ് കോർക്കുന്നയൊരു അത്യപൂർവ്വ ചിത്രമായിരുന്നുവത്. തന്നെ ഭയപ്പെടുത്തിയും കൽപ്പിച്ചും തന്റെ മുഖമുള്ള പെണ്ണിനെ, താനൊരിക്കലും തന്റെ തലയിൽ കൊള്ളാത്ത വികാരതലത്തിലേക്ക് പറിച്ച് പകർത്തിയത് കണ്ടപ്പോൾ അവൾ ആശ്ചര്യത്തോടെ സംശയിച്ചു.
നിറഞ്ഞ് കവിയുന്ന പുഴയെ നോക്കി വരണ്ട് പാറുന്ന മണൽ കുന്നുകളെ വരച്ചയൊരു വിരോധാഭാസമാണ് മിക്ക സൃഷ്ട്ടികളുമെന്ന് നിർമ്മലയ്ക്ക് അന്ന് തോന്നിയിട്ടുണ്ടാകും. അവൾക്ക് പറഞ്ഞ പണവും കൊടുത്ത് തന്റെ പൂർത്തീകരിച്ച ചിത്രത്തെ കണ്ണുകൾ കൊണ്ട് തൊട്ടും തലോടിയും അയാൾ ആസ്വദിച്ചു.
‘ ഇതില് ഏടെയാണ് സാറെ ഞാൻ…!?’
ആ ചിത്രത്തിലേക്ക് ചൂണ്ടി നിർമ്മല ചോദിച്ചു. അയാൾ മറുപടിപോയിട്ട് അവളെ കേട്ടതായിട്ട് പോലും ഭാവിച്ചില്ല. എല്ലാത്തിനും ഉത്തരമെന്നോണം അയാൾ കാണാത്തയൊരു കാഴ്ച്ചയിലേക്ക് നിർമ്മല ശ്രദ്ധ കൊളുത്തി.
‘കണ്ടുസാറേ…. ആടെയാണ് ഞാൻ…!’
അതുപറയുമ്പോൾ, താൻ ഇരുന്ന പീഠത്തിന്റെ അരികിലായി വാടി ദളം വിട്ടടർന്ന ആ പനിനീർ പുഷ്പ്പത്തിലായിരുന്നു അവളുടെ കണ്ണുകൾ….!!!

