വിവാഹ ആലോചനയുമായി വന്നയാളോട് അച്ഛന്‍ പറഞ്ഞു, മകൻ സമ്മതിച്ചാൽ മാത്രമേ ഇനിയും മറ്റൊരു ജീവിതം ഉള്ളു എന്ന്…

_lowlight _upscale

അമ്മ

എഴുത്ത്:-ബിന്ധ്യ ബാലൻ

അമ്മയൊഴിഞ്ഞ കൂട്ടിലേക്ക്അ ച്ഛൻ വീണ്ടുമൊരു കൂട്ട് തേടിയിറങ്ങയിപ്പോ അരുതെന്നോ വേണമെന്നോ ഒരു തലയനക്കം കൊണ്ട് പോലും പ്രകടമാക്കാതെ നിസ്സംഗതയോടെ നിന്ന ഒരു പതിനാലുകാരൻ….

വളർച്ചയെത്തിയ മകൻ മുന്നിലെ നീലാകാശത്തിലേക്ക് സ്വതന്ത്രനായി ചിറകു നീർത്തുമ്പോൾ അച്ഛന്റെ തനിച്ചാകലുകളിൽ അച്ഛനൊരു കൂട്ട് വേണമെന്ന് കുടുംബമൊന്നടങ്കം പറയുമ്പോഴും, ഇനിയും ശേഷിക്കുന്ന, ജരാനരകൾ വീണ് തുടങ്ങിയിട്ടില്ലാത്ത അച്ഛന്റെ ജീവിതത്തിന് മകനൊരു തടസം ആകരുതെന്ന് ഓർമ്മപ്പിക്കുമ്പോഴും അമ്മയുടെ മാലയിട്ട ചിത്രത്തിലേക്ക് നോക്കി കണ്ണ് നിറച്ചങ്ങനെ അവനിരുന്നു….

അമ്മയില്ലാത്ത വീടൊരു വിങ്ങലാണെന്നറിഞ്ഞു ഇരുട്ടും വരെ തോട്ട് വക്കത്തും അമ്പലമുറ്റത്തുമിരുന്നു നേരം തള്ളി നീക്കി ഇരുട്ടിനെ കൂട്ട് പിടിച്ചു പടിപ്പുര കയറി വന്നൊരു രാത്രിയിലാണ് അവൻ കേട്ടത്,.വിവാഹ ആലോചനയുമായി വന്നയാളോട്അ ച്ഛൻ പറഞ്ഞു, മകൻ സമ്മതിച്ചാൽ മാത്രമേ ഇനിയും മറ്റൊരു ജീവിതം ഉള്ളു എന്ന്…

അച്ഛനും അങ്ങനെയൊന്നു ആഗ്രഹിക്കുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞ നിമിഷം…

മറുത്തൊന്നും പറയാതെ ഉള്ളം കയ്യിലേക്ക് അച്ഛന്റെ കൈകൾ ചേർത്ത് പിടിച്ച് സമ്മതമറിയിക്കുമ്പോൾ അച്ഛന്റെ മുഖത്തേക്ക് അവൻ നോക്കിയില്ല…

ഏറ്റവും അടുത്ത മുഹൂർത്തം നോക്കി അച്ഛൻ വീണ്ടും മറ്റൊരു പെണ്ണിന്റെ കൈ പിടിക്കുന്നത് കണ്ട് നിർവികരതയോടെ അവനങ്ങനെ നിന്നു…..

അച്ഛന്റെ കൈ പിടിച്ചു വീടിന്റെ പടി കയറിവന്ന പെണ്ണിനെ ഇളയമ്മയെന്ന് വിളിക്കാൻ എല്ലാവരും പറഞ്ഞപ്പോഴാണ് “അമ്മയെന്നു വിളിച്ചാൽ മതി ” എന്നൊരു സ്വരമവന്റെ കാതിൽ വന്ന് തൊട്ടത്..

അന്ന് തൊട്ട് അവർ അവന്റെ അമ്മയായി..

അവന്റെ പ്രഭാതങ്ങളിൽ അവർ അവനേറ്റവും ഇഷ്ടമുള്ള പ്രാതലുകൾ ഉണ്ടാക്കി…

ഉച്ച വിഭവങ്ങളിൽ അവന്റെ പ്രിയപ്പെട്ട ചീര തോരനും മാമ്പഴ പച്ചടിയും നിത്യവും ഉണ്ടായി….

വൈകുന്നേരങ്ങളിൽ അവനേറ്റവും ഇഷ്ടമുള്ള കായ വറുത്തതിന്റെയും കുമ്പിളപ്പത്തിന്റെയും മൊരു മൊരാ മൊരിഞ്ഞ മസാല ദോശയുടെയും മണങ്ങൾ കൊണ്ട് ആ വീടകം നിറഞ്ഞു…

അവന്റെ മുറി എന്നും വൃത്തിയായും ചിട്ടയോടെയും കിടന്നു.. അവന്റെ വസ്ത്രങ്ങൾ തിളക്കമുറ്റതും ചുളിവുകൾ ഇല്ലാതെയും അലമാരയിൽ വൃത്തിയോടെ ഇരുന്നു…

അങ്ങനെ അങ്ങനെ അവനും ആ വീടും വീണ്ടും പഴയത് പോലെ ആയി….

എങ്കിലും രണ്ടാനമ്മയെ അമ്മയായി ഉൾക്കൊള്ളാൻ ആവാതെ അവനങ്ങനെ വഴുതി മാറിക്കൊണ്ടിരുന്നു…

എങ്കിലും അവർ അവനോട് തെല്ലും പരിഭവം കാട്ടിയില്ല….

വൈകിയെത്തുന്ന രാത്രി കാലങ്ങളിൽ അവനായി ആഹാരം വിളമ്പി വച്ച് അവർ ഊണു മേശയ്‌ക്കരികിൽ കൊടു കൈ കുiത്തി അവനെയും നോക്കിയിരിക്കും…..

ഇത്തിരി ഇമ്മിണി വാക്കുകളിൽ സംസാരം ഒതുക്കി മുഖത്തേക്ക് പോലും നോക്കാതെ അവൻ അവരെ മറി കടന്നു പോകും….

അവന്റെ കൗമാരം അവരിലൂടെ, അവനു വേണ്ടാത്ത ആ അമ്മയിലൂടെ കടന്നു പോയി….

അവനോ, അവരെ അവഗണനയുടെ പാതയിലേക്ക് കൂടുതൽ തള്ളി വിട്ടു…

ഒരിക്കൽ, പാതി മുറിഞ്ഞ ഉറക്കത്തിൽ നിന്നെഴുന്നേറ്റ് കുടിക്കാനിത്തിരി വെള്ളമെടുക്കാൻ അടുക്കളയിലേക്ക് പോകുമ്പോഴാണ് അവൻ കേട്ടത് അച്ഛന്റെ മുറിയിൽ നിന്ന് അവരുടെ സംസാരം

“സാരമില്ല… അവൻ നമ്മുടെ കുട്ടിയല്ലേ……ജന്മം കൊണ്ട് അല്ലെങ്കിലും എന്റെ കുഞ്ഞാണ് അവൻ. എന്നെയൊരിക്കൽ അവൻ അമ്മയായി കാണും.. ഞാൻ കാത്തിരുന്നോളാം “

കണ്ണിന്റെ കോണിൽ പൊടിഞ്ഞ ഒരു തുള്ളി കണ്ണീർ മുണ്ടിന്റെ തുമ്പ് കൊണ്ട് തുടച്ച് അവൻ തിരിഞ്ഞു നടന്നു……

അവനുറങ്ങാൻ കഴിഞ്ഞില്ല…

രണ്ടാനമ്മ ഒരിക്കലും സ്വന്തം അമ്മയെപ്പോലെ ആവില്ല എന്ന അവന്റെ പൊട്ട വിശ്വാസത്തിനു ആ രാത്രി ഇളക്കം തട്ടി…

പിറ്റേന്ന് രാവിലെ, ജോലിക്കായി ഇന്റർവ്യൂവിനു പോകാൻ കുളിച്ചൊരുങ്ങി സർട്ടിഫിക്കറ്റുകളുമായി അവൻ അടുക്കളയിലേക്ക് ചെന്നു.. അവന്റെ കാൽപെരുമാറ്റം കേട്ട് അവർ തിരിഞ്ഞു നോക്കി….

ഒന്നും മിണ്ടാതെ നിന്ന അവർക്കരുകിലേക്ക് ചെന്ന്, ഉള്ളിയും മഞ്ഞളും മണക്കുന്ന അവരുടെ കൈകൾ കൂട്ടിപ്പിടിച്ചു അവൻ പറഞ്ഞു

“പോയിട്ട് വരാം…അമ്മ പ്രാർത്ഥിക്കണം.. അമ്മേടെ പ്രാർത്ഥന മാത്രം മതി എനിക്ക് ഈ ജോലി കിട്ടാൻ “

ഒരു തേങ്ങലോടെ ഇരു കൈകൾ കൊണ്ടും അവനെ പൊതിഞ്ഞു പിടിച്.”അമ്മേടെ മോൻ തോൽക്കാൻ അമ്മ സമ്മതിക്കില്ല.. അമ്മേടെ പ്രാർത്ഥന എന്നും എന്റെ മോന്റെ കൂടെ ഉണ്ട് ” എന്ന് പറയുമ്പോൾ

ആ അമ്മയെ കെട്ടിപ്പിടിച്ചു ആ മൂർദ്ധാവിൽ ചുiണ്ടമർത്തി അവൻ പറയുന്നുണ്ടായിരുന്നു

“ന്റെ അമ്മയാട്ടോ… ന്റെ സ്വന്തം അമ്മ…”

Leave a Reply

Your email address will not be published. Required fields are marked *