സോറി!! അന്നൊന്നും പറയാതെ പോയതിന്..!! ബട്ട് എനിക്കറിയില്ലായിരുന്നെടാ.. അന്നങ്ങനൊക്കെ നടക്കും വരെ, നിന്നോടെന്തോ സ്പെഷ്യലായിട്ട് തോന്നി എന്നല്ലാതെ….

Story written by Sony P Asokan

“മനൂ നീയറിഞ്ഞാ ഡാ.. മറ്റേ അർജുൻ യു കേ ന്ന് വന്നെടാ..”

“ഏത് അർജുൻ..” കൈലി മുറുക്കി വായനശാലയിൽ വന്നപ്പോൾ സുധി പറഞ്ഞതാണ്.

“ഡാ നമ്മടെ കൂടെ പത്തിൽ പഠിച്ചില്ലേ.. ഏറ്റവും ലാസ്റ്റ് അഡ്മിഷൻ ആയിരുന്നെടാ.. എന്നിട്ട് രണ്ട് മാസം കഴിഞ്ഞപ്പൊ അവൻ സ്‌കൂള് മാറി പോകേം ചെയ്ത്..”

“ഓ അവൻ.. അവനപ്പോഴും എന്നോട് കമ്പനി ആയിരുന്നില്ലല്ലോ.. നിങ്ങളൊക്കെ അല്ലായിരുന്നോ കമ്പനി.. പിന്നെ ഞാനെങ്ങനെ ഓർക്കാനാ..” തീരെ താല്പര്യമില്ലാതെ ഞാൻ ടീപ്പോയിൽ കിടന്ന പത്രമെടുത്ത് നിവർത്തി.

“അവനെന്തോ പെണ്ണ് നോക്കാൻ പോവാണെന്ന് അവന്റമ്മച്ചി രാവിലെ എന്റ തള്ളയോട് പറയണ കേട്ടു.. ആ ഗ്യാപ്പില് എനിക്കും കൂടിയൊരു കൂട്ട് വേണംന്ന് എന്റ പോരാളിയ്ക്കും കൂടി തോന്നിക്കണേ ദൈവമേ..!

അളിയാ പറയും പോലെ നിനക്കൊന്നും നോക്കുന്നില്ലേ ടാ.. ഇങ്ങനൊക്കെ നിന്നാ മൂത്ത് നരച്ച് പോവുവേ അളിയാ..”

“എന്ത്..”

“പോടാ അവിടുന്ന്..” അവൻ്റെ മുഖം നാണത്തിൽ തിളയ്ക്കുന്ന കണ്ടപ്പൊ മോന്തയ്ക്കിട്ടൊന്ന് കൊടുക്കാനാണ് തോന്നിയത്. മുൻകോപം! ചെറുപ്പം മുതലുള്ള മുൻകോപം! അത് കൊണ്ടാവും ഇനിയൊരു പെണ്ണിൻ്റെ കൂടി പ്രാക്ക് കേക്കണ്ടെന്ന് അമ്മയ്ക്ക് തോന്നിയത്.

പിന്നവിടെ ഇരിക്കാൻ തോന്നിയില്ല. പത്രം ചുരുട്ടിക്കൂട്ടി കസേരയിലെറിഞ്ഞ് കുറുക്കെടുത്ത് വീട്ടിലേക്കുള്ള വഴി നടക്കുമ്പോൾ മനസ് വല്ലാതെ കലങ്ങി മറിഞ്ഞു..

അന്ന്.. ക്ലാസിലൊരു പുതിയ പയ്യൻ വന്നെന്ന് പറഞ്ഞ് സുധി കമ്പനിയടിക്കാൻ വിളിച്ചോണ്ട് പോയ ദിവസം..

“ചെക്കൻ ബാസ്ക്കറ്റ്ബോളിൽ പൊളിയാന്നാ ടാ കേട്ടെ.. അത് ഒള്ളതാണേൽ അവനെ വേറാരേലും മടക്കും മുന്നേ എങ്ങനേം നമ്മള സൈഡാക്കണം ടാ മനൂ..” തോളിൽ കയ്യിട്ട് സുധി ക്ലാസിലേക്ക് നടത്തിച്ചു.

ഐറിസ് മിസ് ഓൾറെഡി ക്ലാസിൽ തൊഴിച്ച് മറിക്കുന്നുണ്ട്. “ഔട്ട്!!” ഞങ്ങളെ നോക്കാതെ പറഞ്ഞ് അവര് പ്രസംഗിച്ച് തകർത്തു.

“ദോ ലാ സെക്കന്റ് ബെഞ്ചിൽ ഇരിക്കുന്നവനാടാ മനൂ..”

എണ്ണ തേച്ച് ചീകിയ ചുരുണ്ട മുടി കണ്ണിലേക്ക് വീണ് അവന്റെ മുഖം നേരെ കാണാൻ കഴിഞ്ഞില്ലെങ്കിലും ആകെ മനസിലായത് ഒന്നാണ്, “കണ്ടിട്ട് നല്ല പഴം പോലുണ്ട്.. കളിക്കോ ഡേയ് ഇവനൊക്കെ..?”

“നമ്മള് കളിപ്പിക്കും അളിയാ..”

ഐറിസ് മിസ് പോയതിന് പിറകെ സുധി എന്നെ തള്ളിയവന്റടുത്ത് കൊണ്ട് പോയി. അപ്പോഴേക്കും അത്യാവശ്യം എല്ലാരോടുമവൻ കമ്പനിയായി മിണ്ടുന്നത് എനിക്കെന്തോ ദഹിച്ചില്ല.

“അർജുൻ..” കൈ നീട്ടി അവൻ എണീറ്റ് നിന്നപ്പോൾ അവന് എന്റത്രേം പൊക്കം.! ബാസ്ക്കറ്റ്‌ബോളിൽ തുടരെ തുടരെ ഡങ്കടിക്കുന്ന എന്റെ സ്ഥാനം അങ്ങനെ പുതിയതായിട്ട് വന്നൊരുത്തൻ കൊണ്ട് പോകോ?

“അവന്റ എണ്ണ തേച്ച മുടി! ഈ പഴമൊന്നും ശരിയാവില്ല സുധീ!!” ഒച്ചയിൽ തന്നെ വിളിച്ച് കൂവി ഞാൻ ബാക്സീറ്റിൽ പോയിരുന്നു. പഴം! വീണ്ടും വീണ്ടും ഞാൻ മനസ്സിൽ ആണിയടിച്ചു.

കുറെ ദിവസം സുധി പിന്നെ അതിന്റെ പിറകെ ആയിരുന്നു.

“ഡാ അവന് നല്ല ഇന്ററസ്റ്റ് ഉണ്ടെടാ നമ്മള ടീമിൽ ചേരാൻ..”

“പറ്റില്ലന്ന് പറഞ്ഞാ പറ്റില്ല സുധീ! അങ്ങന പുതിയ ഒരുത്തനും വന്ന് രക്ഷിക്കേണ്ട ഗതികേടൊന്നും നമ്മള ടീമിനില്ല.. അതും.. അവൻ വെറും പഴമാ ടാ.. കണ്ടാലറിഞ്ഞൂടെ..”

“ഞങ്ങക്കൊന്നും തോന്നീലല്ലോ..”

ഇല്ല.. ആർക്ക് തോന്നീലെങ്കിലും എനിക്ക് തോന്നി.. ഞാനവനെ ടീമിലെടുക്കേം ഇല്ല..

ഒന്നര മാസം ഇങ്ങനെ തന്നെ പോയി. അർജുനെ കാണുമ്പോ മോന്ത ചുളിക്കാനും അവനെ ടീമിലെടുത്താൽ ബാക്കിയുള്ളോരെ ഇടിക്കുമെന്നും പറഞ്ഞു. അത് കിട്ടി ശീലമുള്ള കൊണ്ട് ഒരുത്തനും എതിർത്തില്ല.

അങ്ങനിരിക്കെ ഒരു ദിവസം ഐറിസ് മിസിന്റെ ക്ലാസാണെന്നറിഞ്ഞ് കട്ട് ചെയ്ത് വാഷ്റൂമിൽ മുടി ചീകി നിൽക്കുമ്പോഴാണ് പെട്ടെന്ന് അർജുൻ കയറി വരുന്ന കാണുന്നെ. മുടിഞ്ഞ മൊട കാണിച്ചവൻ അടുത്ത് വന്ന് പോക്കറ്റിന്ന് ചീപ്പെടുത്ത് അടുത്ത് നിന്ന് തന്നെ ചീകാൻ തുടങ്ങി. മിററിൽ കൂടി ഇടയ്ക്കെന്നെ ചെറയും പോലെയും തോന്നി.

എന്തിനാ ആവശ്യമില്ലാത്ത കുരിശ്. പെട്ടെന്ന് ഞാൻ പോകാനിറങ്ങിയതും “മനു..!” ന്നൊരു വിളി.

ഞാൻ നിന്നു.

“നിനക്കെന്താ എന്നെ ടീമിലെടുത്താൽ..?” തൊട്ട്മുന്നേ കയറി വാതിലടച്ചവൻ വാതിലിൽ ചാരി കൈ കെട്ടി.

“വാതിൽ തുറക്ക് അർജുൻ!” ഞാനും കൈ കെട്ടി.

“തുറന്നില്ലെങ്കിൽ..?”

“തുറക്കാനല്ലേ ഡാ പറഞ്ഞെ..!!” അവന്റെ ചെ കിളയ്ക്ക് കു ത്തിപിടിച്ച് ഞാൻ വാതിലിൽ ചേർത്തു.

“വേദനിക്കുവാ ഡാ പുല്ലേ!!” എന്റെ കോളറിൽ വലിച്ച് പിടിച്ചവൻ മുഖമടുപ്പിച്ചതും ഒരു വേള അവനിൽ കണ്ണുടക്കി നിന്നു ഞാൻ. എന്തൊക്കെയോ വികാരങ്ങൾ.. ഹൃദയ മിടിപ്പ് വല്ലാതുയർന്നു. അവന്റെ നിശ്വാസമെന്നിൽ പടർന്ന് കയറി. ക്രോധഭാവം അലിഞ്ഞില്ലാതായ ആ നിമിഷം അവന്റെ അധരത്തിൽ പടർന്നിരുന്നു ഞാൻ…

സ്വബോധം വരുമ്പോൾ ഞാൻ ഐറിസ് മിസിന്റെ ക്ലാസിലാണ്. അർജുൻ എത്തിയിട്ടില്ല. കൈയാകെ വിറച്ച് ഭയപ്പെടുത്തി. അവനെന്താകും കരുതിക്കാണ? ഞാനെന്തിനാ അങ്ങനെ ചെയ്തേ..? ചോദ്യങ്ങളെല്ലാം ഞാൻ ശരിക്കും ആരാന്ന് വിരൽ ചൂണ്ടി.

ഇത് വരെയൊരു പെണ്ണിനെ നോക്കിയിട്ടില്ല. കൂട്ടുകാർ ഗേൾസിനെ വച്ച് കളിയാക്കുമ്പോഴും പ്രത്യകിച്ചൊന്നും തോന്നിയിട്ടില്ല. സിനിമയിലൊക്കെ കാണും പോലെ യഥാർത്ഥ പ്രേമം എനിക്ക് വേണ്ടി ജനിച്ചവളോട് മാത്രേ തോന്നൂ എന്ന് കരുതി. പക്ഷെ ഇപ്പോൾ…

കണ്ട മുതൽ എന്തിനാ അർജുനെ അകറ്റി നിർത്തിയെ..? മനസ് വീണ്ടും വീണ്ടും അത് ചോദിച്ച് കൊണ്ടിരിക്കയാണ്. എന്തിനാ അവനെ പഴമെന്ന് വിളിച്ചെ..? ഒരു തരം അകറ്റി നിർത്തൽ.. അതായിരുന്നില്ലേ അർജുനോട് കാണിച്ചത്.. പക്ഷെ എന്തിന്..?

എപ്പോഴൊക്കെയോ തോന്നിയൊരു ഭയം.. അവനെ കാണുമ്പോഴൊക്കെ അവൻ തന്റെ ആരോ ആണെന്നൊരു തോന്നലിൽ ഉദിച്ച ഭയം.. അതായിരുന്നില്ലേ ഇത്രേം നാൾ അവനോട് കാണിച്ചത്..?

അപ്പൊ ഞാനാരാ.. വീണ്ടുമതേ ചോദ്യം..

“ശേ ഞാൻ ഇന്നെങ്കിലും നിങ്ങളെ മിണ്ടിക്കാമെന്ന് വിചാരിച്ചതാ.. അത് പൊളിഞ്ഞു.” സുധി എന്തൊക്കെയോ പുലമ്പി കൊണ്ടിരുന്നത് പതിയെ കാതിൽ വീണു.

“എന്താ ഡാ..”

“ആ ചെക്കൻ പോയെടാ ആ അർജുൻ.. അവൻ നേരത്തെ വീട്ടീ പോയേക്കണ്..” ഉള്ളിലൊരു കഠാര കുത്തിയിറങ്ങി. അത് തന്നെ.. അവനെന്നെ ഫേസ് ചെയ്യാൻ പറ്റുന്നുണ്ടാവില്ല.. എല്ലാർക്കും അറിയാവുന്ന മനുവിനെ പറ്റിയുള്ള അവന്റെ ധാരണ തെറ്റിയില്ലേ..

“സോറി പറയണോ ടാ ഞാൻ.. സുധീ.. ഞാനറിയാതെയാടാ അവനെ…”

“അയ്യേ.. ഒരു ബാസ്ക്കറ്റ്ബോൾ മാച്ചിന് സോറി പറയാനാ.. നീ പോയേടാ..”

എന്തൊക്കെയോ സ്വയമാശ്വസിപ്പിച്ച് വീട്ടിലേക്ക് വിട്ടു. പക്ഷേ പറയണം.. നാളെയെങ്കിലും അവനോട് സോറി പറയണം.. ഞാനിങ്ങനെയല്ല അപ്പൊഴെന്തോ പേടിപ്പിക്കാൻ വേണ്ടി ചെയ്തതാണെന്ന് പറയാം.. ഇല്ലേൽ അവൻ തെറ്റിദ്ധരിക്കും.. സ്‌കൂളിലും പറയും.. അതുണ്ടാകരുത്..

എന്നാൽ പിറ്റേന്ന് ഐറിസ് മിസ് വന്ന് പറഞ്ഞത് അർജുൻ സ്‌കൂൾ മാറി എന്നാണ്. അവന്റെ അച്ഛനൊപ്പം യുകേയിലെ സ്‌കൂളിൽ പഠിക്കാൻ തീരുമാനിച്ചുത്രേ!

ആകെ തകർന്ന് പോയ നിമിഷം.. എന്നോടും അവനോടും ഒരു പോലെ ദേഷ്യം തോന്നിയ നിമിഷം.. അതിനും മാത്രം ഞാനെന്ത് ചെയ്തിട്ടാ.. അറിയാതെ പറ്റി പോയതല്ലേ.. അവനെന്താ മനസ്സിലാകാത്തെ..!!

“മനു….!” അമ്മയുടെ വിളിയാണ് ചിന്തകളിൽ നിന്ന് മനസിനെ പറിച്ചെടുത്തത്. “എന്താലോച്ചിരിക്കാടാ അവിടെ..”

ഞാനൊന്നും മിണ്ടീല.

“നിന്റ ഫ്രണ്ടല്ലേ ടാ ഇപ്പം വിദേശത്തിന്ന് വന്നെന്ന് സുധി പറഞ്ഞെ.. നിനക്കും കൂടി അവനോട് പറഞ്ഞൊരു ജോലി വാങ്ങി രക്ഷപ്പെടാൻ നോക്കിക്കൂടെ മനൂ ഇങ്ങനെ വായനശാല കേറി നിരങ്ങാതെ..?

ആ കൊച്ചിന്റെ അമ്മയെ എനിക്കറിയാം.. ഞാനൊന്ന് ചോദിച്ച് നോക്കണോ ഡാ അവരോട്..”

“അതൊന്നും വേണ്ട.. അമ്മ അമ്മേട പണി നോക്കി പോയെ.. മനുഷ്യനിവിടെ നൂറ് കൂട്ടം കാര്യങ്ങള് കിടക്കുമ്പോഴാണ്..!”

“പിന്നേ വല്യ കളക്റ്ററല്ലേ നീ..! ഇങ്ങനെ നടന്നാ നിനക്കൊരു കാലത്തും പെണ്ണ് കിട്ടൂല മനൂ!! യു കെ ക്കാർക്കൊക്കെ നല്ല ഡിമാൻ്റാ ഡാ ചെക്കാ..”

സമാധാനം തരില്ലാരും..! ദേഷ്യം തോന്നി ഞാൻ മുറ്റത്തിരുന്ന മുറം തട്ടിത്തെറിപ്പിച്ച് പോകുമ്പോൾ എന്തൊക്കെയോ ചീത്ത വിളിക്കുന്നുണ്ടമ്മ.!

തലയ്ക്കാകെ പ്രാന്തെടുത്തു. എങ്ങോട്ട് പോണമെന്നറിയില്ല.

അർജുൻ നാട്ടിലുണ്ടേൽ അവൻ മിക്കവാറും എല്ലാരേയും കാണാൻ ശ്രമിക്കും.. വെറുതെ യെങ്കിലും പോയി മിണ്ടാൻ സുധി നിർബന്ധിക്കേം ചെയ്യും.. ഇല്ല.. അങ്ങനെ അവനെ കാണാൻ പോണില്ല.

ഇടവഴിയിലൂടെ കൈലി പിടിച്ച് വേഗത്തിൽ നടന്ന് വന്ന് നിന്നത് വഴി നിറഞ്ഞ് നിൽക്കുന്ന ബുള്ളറ്റ് കണ്ടാണ്. അതിൽ കൈ കെട്ടി തുറുപ്പിച്ച് നോക്കി അർജുൻ!

മനസ്സിലാകാത്ത മട്ടിലവനെ മറികടന്ന് രണ്ടടി വച്ചതും “മനു…!” ന്ന് പണ്ട് കേട്ട അതേ ശബ്ദം. കാലുകൾ വിളി കേട്ടു.!

എന്നിട്ടും ഞാനൊന്ന് തിരിഞ്ഞ് നോക്കാതെ നിൽക്കുന്ന കണ്ടിട്ടാവണം അവൻ മുന്നിൽ കയറി നിന്നു. എന്റെ അതേ പൊക്കം! ഞാനാരാ എന്ന ചോദ്യത്തിനുത്തരം ഇപ്പൊ ഞാനറിയുന്നുണ്ട്. പണ്ട് ചെയ്തത് വെറുമൊരു അബദ്ധമല്ലെന്ന് ചികഞ്ഞെടുക്കയാണ് മനസ്. ഒരു തരം ഇഷ്ടം.. അത് തന്നെയാണ് മനസ്സിൽ കിടന്ന് പിടയ്ക്കുന്നത്..

അന്നോടി പോയവനെന്തിനാ ഇന്ന് മുന്നിൽ.. പകവീട്ടാനാണോ.. അല്ലേൽ കളിയാക്കാൻ..

“നിന്റമ്മ പറഞ്ഞു നീ എൻജിനീയറിങ് കഴിഞ്ഞ് നിൽക്കയാന്ന്.. കണ്ടിട്ടാ ലുക്കൊന്നും ഇല്ലല്ലോ മനു!” എന്റെ ചുറ്റും നടന്നവൻ അടിമുടി നോക്കുന്നുണ്ടെന്റെ കോലം.

“നിനക്കെന്താ വേണ്ടേ.. എനിക്ക് പോയിട്ട് വേറെ പണിയുള്ളതാ!!” ഒരു ക്രൂശിക്കലിനും നിന്ന് കൊടുക്കാൻ വയ്യ തന്നെ.!

“നിനക്കെന്താ ജോബ് ഒന്നും സെറ്റാകാത്തെ..?” വീണ്ടുമവൻ നേരെ മുന്നിൽ വന്ന് നിന്നു. എനിക്കങ്ങ് ദേഷ്യം വന്നു.

“ഞാനെന്ത് ചെയ്‌താൽ നിനക്കെന്താ..!! മാറ് വഴീന്ന്!!” ഒഴിഞ്ഞ് മാറി നടക്കാൻ തുടങ്ങിയതും അവനെന്റെ വഴി തടഞ്ഞ നിമിഷം അവന്റെ കiഴുത്തിൽ പിടിച്ച് ഞാൻ മiതിലിനോട് ചേർത്തിരുന്നു. “പറഞ്ഞാൽ മനസിലാവില്ല നിനക്ക്?? എന്റെ കാര്യം നോക്കാനെനിക്കറിയാം..!!”

“വേദനിക്കുവാ ഡാ *& !!” കൈ തട്ടി തെiറിപ്പിച്ചവൻ ചുറ്റും നോക്കി. “ഇതിന് തിരിച്ച് തരാനറിയാഞ്ഞിട്ടല്ല *& പക്ഷേ നിന്നെ കാണാനാ ഡാ ഞാൻ വന്നത്..!! നിന്നെ കാണാൻ മാത്രം!!”

എന്നെയോ.. ഉള്ളം തുടിച്ചു..

“സോറി!! അന്നൊന്നും പറയാതെ പോയതിന്..!! ബട്ട് എനിക്കറിയില്ലായിരുന്നെടാ.. അന്നങ്ങനൊക്കെ നടക്കും വരെ, നിന്നോടെന്തോ സ്പെഷ്യലായിട്ട് തോന്നി എന്നല്ലാതെ, അന്നാ നിമിഷം വരെ എനിക്കറിയില്ലാരുന്നു മനു ഞാൻ ഇങ്ങനാന്ന്!! എനിക്കറിയില്ലാരുന്നു ഈ ലോകത്ത് എന്നേം നിന്നേം പോലെ മനുഷ്യന്മാരുണ്ടെന്ന്..!!”

ആ കണ്ണുകളെന്നെ കൊളുത്തി. തൊണ്ട വറ്റി! വർഷങ്ങൾക്ക് മുൻപ് ഇത് പോലെ ചേർന്ന് നിന്നൊരു ഈവനിങ്.. അന്ന് കലർന്ന നിശ്വാസം.. ഒടുവിലവൻ പോയെന്നറിഞ്ഞപ്പോഴുള്ള വീർപ്പ് മുട്ടൽ.. സ്വയം പഴിക്കൽ.. ഒക്കെ ഉള്ളിൽ യുദ്ധമാണ്..

“മനൂ….”

ചിന്തകളിൽ ഉഴറി ഞാനവനെ നോക്കി നിന്നു. “നിനക്ക് വീട്ടിൽ.. പെണ്ണ് നോക്കാന്ന് പറഞ്ഞു സുധി..?”

“അച്ഛൻ പ്രവാസം നിർത്തി നാട്ടിലേക്ക് വരാ.. എനിക്കപ്പൊ അവിടൊരു കൂട്ട് വേണ്ടേന്ന് അച്ഛൻ ചോദിച്ചപ്പോ വേണമെന്ന് പറഞ്ഞത് നേരാ, ബട്ട് പെണ്ണ് വേണമെന്ന് പറഞ്ഞിട്ടില്ല.. അല്ലേലും എനിക്കുള്ള കൂട്ട് ഞാൻ പണ്ടേ കണ്ട് പിടിച്ചതല്ലേ.. പറയാനുള്ള ധൈര്യം വന്നില്ലെന്ന് മാത്രം..”

“ഇപ്പൊ ധൈര്യം വന്നോ..” ഒളിപ്പിക്കാൻ ശ്രമിച്ചിട്ടും കഴിയാത്തൊരു പുഞ്ചിരി എന്നിൽ തഞ്ചി വന്നു.. അതിനെ ചുണ്ടാൽ ഒപ്പിയെടുത്തവനെന്നെ മതിലിൽ തറച്ചു. ചുറ്റും കണ്ണോടിച്ച് വീണ്ടുമവൻ ചേർന്ന് നിന്നു. “നീ പോരുന്നോ മനു എന്റെ കൂടെ..? ആരും ജഡ്ജ് ചെയ്യാനില്ലാതെ ആരെയും പേടിക്കാതെ നീയായിട്ട് ജീവിക്കാൻ..?”

“ഹയ്യോ ഹയ്യോ!! കൂട്ടുകാരനെ ഞെക്കിക്കൊiല്ലാൻ നോക്കുന്നേ….!!” എവിടുന്നോ സുധിയുടെ ഒച്ച! അർജുൻ പല്ല് ഞെരിച്ചു. “ഈ തെണ്ടിയെന്തിനാ ഡാ 24 മണിക്കൂറും നിന്റ കൂടെ? കഷ്ട്ടപ്പെട്ടാ മനുഷ്യൻ അന്നാ വാഷ്റൂമിൽ കയറി പറ്റിയെ!! ഇപ്പ ദാ വീണ്ടും!!”

“മാറെടാ!!” സുധി ഓടി വന്ന് ഇടയ്ക്ക് കയറി. ഒന്ന് പൊട്ടിക്കാൻ തോന്നി അർജുൻ കൈ ഓങ്ങിയപ്പോഴാണ് എന്നതാ ടാ ഇവിടെ പ്രശ്നമെന്ന് ചോദിച്ചൊരു കിളവൻ! ഞങ്ങൾ പകച്ച് മാറിപ്പോയി..ചെറഞ്ഞ് നോക്കിക്കൊണ്ടാണ് അങ്ങേർ പോയത്.

“ഓ അപ്പൊ സദാചാiരവാദികൾ കണ്ടാ തiല്ലിക്കൊiല്ലുമെന്നറിയാം രണ്ടിനും!!? എന്നിട്ടാണ് ഇവിടെ കിടന്ന്…”

പരസ്പരം ഞെട്ടി നോക്കി ഞങ്ങൾ.

“ഞെട്ടണ്ട.. കൂടെ നടക്കണവൻ മിനിമം പെണ്ണുങ്ങളെ സൈറ്റടിക്കോ ഇല്ലേന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയൊക്കെ ഒണ്ടെടാ എനിക്ക്!!”

“സുധീ.. ഞങ്ങള്..” മുഴുമിക്കും മുന്നേ സുധി കൈ ഉയർത്തി. “കൂടുതൽ മെഴുകി ബുദ്ധിമുട്ടണ്ട.. ഇതെനിക്ക് പണ്ടേ മനസിലായതാ.. കയ്യോടെ പൊക്കാനിരുന്നതാ ഞാൻ.. അപ്പോഴാ ദിവൻ രാജ്യം വിട്ടത്!

ഹാ എന്തായാലും കല്യാണ മാർക്കറ്റിൽ രണ്ട് മുറ്റൻമാർ കുറഞ്ഞല്ലോ എനിക്കത് മതി!

എന്നിട്ടെങ്ങനാ.. കാമുകൻ കാമുകനെ എഴുന്നള്ളിക്കയല്ലേ യു കേ യിലോട്ട്..?”

അതിനുത്തരം ഞങ്ങളിൽ പുഞ്ചിരിയായ് മൊട്ടിട്ട് തുടങ്ങയായിരുന്നു അപ്പോൾ…..💞

Leave a Reply

Your email address will not be published. Required fields are marked *