അങ്ങനെ ഞാൻ ചോദിക്കുമെന്ന് അജയൻ ഒരിക്കലും കരുതിക്കാണില്ല. അയാൾ രാജേട്ടന്റെ മുഖത്തു നോക്കി. നിന്നോടു പറഞ്ഞത് അബദ്ധമായി പോയല്ലോയെന്ന അർത്ഥത്തിൽ രാജേട്ടൻ എന്നെയും നോക്കി…….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

രാജേട്ടന്റെ കൂടെ തുടർച്ചയായി രണ്ടുമൂന്ന് തവണകളിൽ കണ്ടതിൽ പിന്നെയാണ് അയാളെ ഞാൻ ശ്രദ്ധിക്കുന്നത്. തീരേ കട്ടിയില്ലാത്ത മീശയും താടിയുമൊക്കെയായി കാണുമ്പോഴെല്ലാം ചിരിക്കുന്നയൊരു മുഖമാണ് കക്ഷിക്ക്. കൂട്ടുകാരന്റെ കാര്യത്തിനായി കൂട്ടു വന്ന് മാറിയിരിക്കുന്ന യൊരു പാവമാണെന്നേ എനിക്കു തോന്നിയുള്ളൂ…

ഒരിക്കൽ രാജേട്ടനോട് ആളെ കുറിച്ച് ഞാൻ ചോദിച്ചു. പേര് അജയൻ. അവനൊരു പ്രേമ നൈരാശ്യത്തിൽ ആണെന്ന് മാത്രമേ രാജേട്ടൻ പറഞ്ഞുള്ളൂ…

ആദ്യമായിട്ടാണ് ഞാനൊരു നിരാശാകാമുകനെ നേരിട്ടു കാണുന്നത്. ആ അനുഭവത്തിന് പുള്ളിയെപ്പോലെ എപ്പോഴും ചിരിക്കുന്ന മുഖമാണെങ്കിൽ നിരാശപ്പെടണമെന്ന് എനിക്കും തോന്നി. അതിനു വേണ്ടി എന്റെ തല കണ്ടെത്തിയതും അജയനെ ആയിരുന്നു. മനുഷ്യരുടെ സ്നേഹ സങ്കൽപ്പങ്ങൾ എത്ര വിചിത്രമാണെന്ന് ഞാൻ അറിഞ്ഞു തുടങ്ങുക യായിരുന്നു.

അമ്മാവന്റെ മോളായതു കൊണ്ട് എന്നെ കെട്ടണമെന്ന ആഗ്രഹം രാജേട്ടനുണ്ട്. എന്റെ അച്ഛനും അതു അറിയാം. പഠിത്തം കഴിയാതെ കല്ല്യാണമെന്ന് മിണ്ടിപ്പോകരുതെന്ന എന്റെ കർശനമായ അറിയിപ്പുള്ളത് കൊണ്ട് ആരുമത് പറയുന്നില്ലായെന്നേയുള്ളൂ…

‘ചുമ്മാ അങ്ങു തീരുമാനിക്കല്ലേ രാജേട്ടാ..’

എന്നായാലും നീ എനിക്ക് ഉള്ളതല്ലേയെന്ന് പറഞ്ഞ് എന്റെ തോളിൽ കൈയ്യിടാൻ വന്ന രാജേട്ടനോട് ഞാൻ ഒരിക്കൽ പറഞ്ഞതാണ്. എനിക്ക് നിങ്ങളോട് അങ്ങനെയൊന്നുമില്ലെന്നു കൂടി ചേർത്തപ്പോൾ രാജേട്ടന്റെ മുഖം ഇരുണ്ടു പോയി. എന്നാലും ഓരോ കാരണങ്ങൾ പറഞ്ഞ് തെളിഞ്ഞ മുഖവുമായി ആ മനുഷ്യൻ വീണ്ടും ഹോസ്റ്റലിലേക്ക് വരും. കുട്ടിക്കാലം തൊട്ടേ അറിയുന്നതുകൊണ്ട് കാണണ്ടായെന്ന് പറഞ്ഞ് രാജേട്ടനെ വിഷമിപ്പിക്കാനും എനിക്ക് തോന്നിയില്ല. പിന്നെയൊരു ലക്ഷ്യം എന്തെന്നാൽ കൂടെ വരുന്ന ആ കക്ഷിയെ കൂടി കാണാമല്ലോ…

അന്നും തീരെ പ്രതീക്ഷിക്കാതെ ഒരുനാൾ രാജേട്ടൻ വന്നു. കൂടെ അജയനുമുണ്ട്. ഹോസ്റ്റലിന്റെ അടുത്തുള്ള കാപ്പിക്കടയിൽ തിന്നും കുടിച്ചും ഞങ്ങൾ ഇരിക്കുകയായിരുന്നു. മറ്റൊരു ടേബിളിലായിരുന്നു അജയൻ ഇരുന്നിരുന്നത്. അയാളെ കൂടെ ഒപ്പം ഇരുത്തെന്ന് രാജേട്ടനോട് ഞാൻ പറഞ്ഞു. മറ്റൊന്നും ചിന്തിക്കാതെ ആ മനുഷ്യൻ അജയനോടും അടുത്തു വന്ന് ഇരിക്കാൻ പറഞ്ഞു.

‘എന്റെ പേര് രാധ. എം എസ് സി ഫിസിക്സാണ് പഠിക്കുന്നത്. ‘

ഞാൻ സ്വയം പരിചയപ്പെടുത്തി. തന്റെ പേര് അജയനാണെന്ന് പറയാൻ മാത്രമൊന്ന് അയാൾ തലയുയർത്തി. പെണ്ണുങ്ങളുടെ മുഖത്തേക്ക് നോക്കി സംസാരിക്കാൻ പോലും പറ്റാത്ത വിധം നിരാശയിൽ അജയന്റെ തല താഴ്ന്നു പോയിരിക്കുന്നുവെന്ന് എനിക്കു തോന്നി.

‘എത്ര കാലത്തെ ബന്ധമായിരുന്നു…?’

അങ്ങനെ ഞാൻ ചോദിക്കുമെന്ന് അജയൻ ഒരിക്കലും കരുതിക്കാണില്ല. അയാൾ രാജേട്ടന്റെ മുഖത്തു നോക്കി. നിന്നോടു പറഞ്ഞത് അബദ്ധമായി പോയല്ലോയെന്ന അർത്ഥത്തിൽ രാജേട്ടൻ എന്നെയും നോക്കി. ബുദ്ധിമുട്ടാണെങ്കിൽ പറയണ്ടായെന്ന് പറഞ്ഞ് ഞാൻ തല താഴ്ത്തുക യായിരുന്നു.

‘പറയാൻ ബുദ്ധിമുട്ടുണ്ട്..’

എന്നും പറഞ്ഞ് അജയൻ എഴുന്നേറ്റു പോയി. നീയിതു എന്തു പണിയാണ് കാണിച്ചതെന്ന് എന്നോടു പറഞ്ഞ് രാജേട്ടനും അജയന്റെ പിന്നാലെ ചെന്നു. എന്നെ കുറിച്ച് എന്തു കരുതിക്കാണും ആ നിരാശാകാമുകൻ! എനിക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ പറ്റുന്നയൊരു ഉള്ളല്ല അജയനുള്ളതെന്ന് എനിക്ക് ആ നേരം മനസ്സിലാകുകയായിരുന്നു.

‘നിന്നോടിനി ഒരു കാര്യവും പറയില്ല…’

എന്നും പറഞ്ഞാണ് രാജേട്ടൻ വന്നത്. ഞാൻ കാര്യമാക്കിയില്ല. മുഖത്തോടു മുഖം നോക്കി ഇരിക്കുമ്പോൾ ആരായാലും എന്തെങ്കിലു മൊക്കെ ചോദിച്ചു പോകും. അതിന് ഇത്രയും ഗമയൊന്നും കാണിക്കേണ്ട ആവിശ്യമില്ലെന്ന തോന്നലിൽ ആയിരുന്നു ഞാൻ. അടുക്കാൻ കൂടിയായിരിക്കില്ലേ ആരെങ്കിലും ആരോടെങ്കിലുമൊക്കെ വെറുതേ ചില വിവരങ്ങൾ തിരക്കുന്നത്..

‘അവന്റെ പെണ്ണ് മരിച്ചു പോയതാണ്..നീ ചോദിക്കേണ്ടായിരുന്നു….’

ഞാൻ മിണ്ടിയില്ല. വേണ്ടായിരുന്നുവെന്ന് തോന്നുകയും ചെയ്തു. അല്ലെങ്കിലും, പറഞ്ഞു തുടങ്ങിയാൽ പെട്ടെന്നൊന്നും നിർത്താൻ പറ്റാത്ത കാര്യങ്ങൾ പലർക്കും തുടങ്ങാൻ തന്നെയൊരു പ്രയാസമായിരിക്കും. ഓർക്കുന്തോറും വിങ്ങേണ്ടി വരുന്നവയെ കുറിച്ചാണ് ചോദിച്ചതെങ്കിൽ പിന്നെ പറയാനുണ്ടോ..!

‘എനിക്ക് അജയനെ ഇഷ്ട്ടമാണ് രാജേട്ടാ…’

എന്നു പറഞ്ഞാണ് ആ കാപ്പിക്കടയിൽ നിന്നും അന്നുഞാൻ ഹോസ്റ്റലിലേക്ക് പോയത്. തിരിഞ്ഞു നോക്കാത്തതു കൊണ്ട് രാജേട്ടന്റെ ഭാവം എന്തായിരുന്നുവെന്ന് എനിക്ക് കാണാൻ പറ്റിയില്ല. കുട്ടിക്കാലം തൊട്ടേ എന്നെ മനസ്സിൽ വളർത്തുന്നതു കൊണ്ട് കൊടും ദുഃഖം തന്നെ ആ മനുഷ്യന് അനുഭവപ്പെടുമെന്നത് തീർച്ചയാണ്. എനിക്ക് അതിൽ യാതൊന്നും ചെയ്യാൻ സാധിക്കില്ല. ഒരു ജീവിത പങ്കാളിയുടെ സ്ഥാനത്തേക്ക് ഒരിക്കലും രാജേട്ടനെ എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല. അമ്മാവന്റെ മോനാണെന്ന അടുപ്പവും സ്നേഹവുമൊക്കെ ഉണ്ടെങ്കിലും പ്രണയപൂർവ്വം നിലവിൽ അജയനെ നോക്കാനേ എന്റെ കണ്ണുകൾക്ക് ആകുന്നുള്ളൂ…

പിന്നീട് പഠിത്തം കഴിയുന്നതു വരെ രാജേട്ടൻ എന്നെ കാണാനായി ഹോസ്റ്റലിലേക്ക് വന്നിട്ടില്ല. കാണാതിരിക്കുന്ന ഓരോ നാളിലും അജയൻ എന്റെ ആലോചനകളിൽ വളരുകയായിരുന്നു. എന്തുകൊണ്ടാണെന്ന് ആരെങ്കിലും ചോദിച്ചാൽ എന്തു പറയണമെന്നു പോലും എനിക്ക് അറിയില്ല. നമ്മളെ പരിഗണിക്കാത്ത ആൾക്കാരെ പിന്തുടരുന്നയൊരു സ്വഭാവം പ്രേമത്തിനുണ്ടെന്ന് ആ കാലയളവിലാണ് ഞാൻ പഠിക്കുന്നത്…

അവസാന വർഷ പരീക്ഷയും കഴിഞ്ഞ് വീട്ടിലേക്ക് പോയതിന്റെ പിറ്റേനാൾ എല്ലാം കൊണ്ടും രാജേട്ടനെ കാണാൻ ഞാൻ തീരുമാനിച്ചു. എനിക്ക് അജയനെ കുറിച്ച് അറിയണമായിരുന്നു. രാജേട്ടൻ എങ്ങനെയാണ് എന്നോട് പ്രതികരിക്കുകയെന്ന് പോലും എനിക്ക് നിശ്ചയമുണ്ടായിരുന്നില്ല. എന്തായാലും ദേഷ്യപ്പെടില്ലായെന്ന് ഞാൻ ഊഹിച്ചു.

‘പഠിത്തമൊക്കെ കഴിഞ്ഞല്ലേ…?’

മുറ്റത്തേക്ക് എത്തിയപ്പോഴേക്കും അമ്മാവൻ ചോദിച്ചു. അമ്മായിയെയും കണ്ട് രാജേട്ടന്റെ മുറിയിലേക്ക് പോയപ്പോൾ ആള് എന്തോ കണക്ക് എഴുതുകയായിരുന്നു. മൂപ്പർക്ക് സ്വന്തമായി കടയൊക്കെ ഉള്ളതാണ്. എന്നെ കണ്ടപ്പോൾ രാജേട്ടൻ ചിരിക്കുക പോലും ചെയ്തില്ല. എനിക്ക് വിഷമം തോന്നി. അതു മനസ്സിലായതു പോലെ വന്ന കാര്യം പറയൂയെന്ന് ആ മനുഷ്യൻ എന്നോടു പറഞ്ഞു.

‘അജയനോട്‌ സംസാരിക്കണം.’

മറുത്തൊന്നും പറയാതെ രാജേട്ടൻ എഴുന്നേറ്റ് മേശ മുകളിലെ ലാന്റ് ഫോണിൽ ഡയറി നോക്കി കറക്കി. ഇതായെന്ന് പറഞ്ഞ് എനിക്കു നേരെ റിസീവർ നീട്ടിയപ്പോഴാണ് അജയനാണ് അപ്പുറമെന്ന് എനിക്ക് മനസിലായത്. രാധയാണെന്ന് പറഞ്ഞപ്പോൾ പറയൂയെന്ന് അജയനും പറഞ്ഞു. എനിക്കൊന്ന് കാണണമെന്ന ശബ്ദത്തിൽ ഞാൻ വിങ്ങിയപ്പോൾ രാജേട്ടൻ മുറിയിൽ നിന്ന് ഇറങ്ങി പോകുകയായിരുന്നു…

‘രാധേ… എനിക്ക് നിന്നെ അത്തരത്തിൽ സങ്കൽപ്പിക്കാൻ പോലും പറ്റില്ല. ഇങ്ങനെയെന്നെ വിളിക്കരുത്….’

എന്നും പറഞ്ഞ് അജയനും ഫോൺ വെച്ചുവെന്ന് തോന്നുന്നു. കാതിൽ കണക്ഷൻ വേർപെട്ടു പോയതിന്റെ മൂളക്കം മാത്രമായിരുന്നു…

കണ്ണുകളിൽ കരഞ്ഞൂവെന്നതിന്റെ യാതൊരു ലക്ഷണങ്ങളും ഇല്ലായെന്ന് ഞാൻ ഉറപ്പു വരുത്തി. ശേഷമൊരു ചിരി ചിറികളിലും പിടിപ്പിച്ചാണ് രാജേട്ടന്റെ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയത്. നിരാശരുടെ മുഖമെന്നും പുറമേ ചിരിക്കുന്നത് എങ്ങനെയാണെന്ന് ഞാൻ ആ വേളയിൽ അറിയുകയായിരുന്നു…

എല്ലാവരോടും യാത്ര പറഞ്ഞ് ഞാൻ ഇറങ്ങി. മുറ്റം താണ്ടുമ്പോൾ തന്റെ സ്കൂട്ടറിൽ തൊട്ട് രാജേട്ടൻ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കൊണ്ടു വിടണോ രാധേയെന്ന് ആ മനുഷ്യൻ എന്നോടു ചോദിക്കുകയും ചെയ്തു. മുഖത്തു നോക്കാതെയാണ് വേണ്ടായെന്ന് ഞാൻ പറഞ്ഞത്. അല്ലെങ്കിലും, മനുഷ്യരിലെ സ്നേഹ സങ്കൽപ്പങ്ങളൊക്കെ വളരേ വിചിത്രമാണെന്ന് ഞാൻ പറഞ്ഞുവല്ലോ. അതിൽ പ്രധാനം നമ്മളെ സ്നേഹിക്കുന്ന ആൾ ആയിരിക്കില്ല നമ്മളാൽ ഏറ്റവും കൂടുതൽ സ്നേഹിക്കപ്പെടുകയെന്നതു തന്നെയാണ്…

Leave a Reply

Your email address will not be published. Required fields are marked *