എഴുത്ത്:-Sowmya Sahadevan
എട്ടു മണിയുടെ ജനശധാബ്‌ദി പോവുന്ന ശബ്ദം അവസാനിക്കുമ്പോൾ അച്ഛന്റെ സൈക്കിളിന്റെ ബെല്ലടി കേൾകാം.ബ്രാiണ്ടിയിൽ ആടി കുഴഞ്ഞിട്ടാണ് വരുന്നതെങ്കിലും സൈക്കിളിന്റെ ഹാൻഡിലിലെ സഞ്ചിയിൽ രാവിലെ വാങ്ങാൻ പറഞ്ഞതെല്ലാം കാണും. വീട്ടിലേക്കു കയറാനൊരു മേട് കയറണം. താഴത്തെത്തിയാൽ അച്ഛൻ ബെല്ലടിക്കും,ബെല്ലടി കേൾക്കുമ്പോൾ ഞാൻ ഓടി ചെല്ലും. സൈക്കിൾ വീണാലും അച്ഛൻ വീണാലും അന്നം മുട്ടും.
അമ്മയുള്ളപ്പോഴൊക്കെ എട്ടു മണിയുടെ ട്രെയിനിന്റെ ഒച്ചക്കൊപ്പം തന്നെ അച്ഛനെ പ്രാകാൻ തുടങ്ങും. എന്തു കൊണ്ടു വന്നാലാടി,നിന്റെ മോന്ത ഒന്നു തെളിയാ അച്ഛൻ ചോദിക്കും.ചോദിച്ചതൊരു അബദ്ധം പോലെ തോന്നും, പിന്നെ അച്ഛന്. ഇല്ലാത്തതും സ്വന്തമാക്കാൻ കഴിയാത്തതുമായ നീണ്ടൊരു ലിസ്റ്റ് അമ്മ പുച്ഛത്തോടെ പറയും. അതങ്ങനെ നീളുമ്പോൾ അച്ഛന്റെ കണ്ണങ്ങു നിറയും. എന്നെ ചേർത്തു പിടിച്ചു പറയും നമുക്കെല്ലാം ഉണ്ടാക്കാം പെണ്ണെ….
നിങ്ങൾ അതൊക്കെ ഉണ്ടാക്കി വരുമ്പോഴേക്കും മൂക്കിൽ പല്ലും വരും. നിസ്സഹായതയോടെ നോക്കുന്ന എന്റെ കണ്ണുകളെ കാണാതിരിക്കാൻ അച്ഛൻ കുളിമുറിയിലേക്ക് നടക്കും.
കുളിച്ചു വരുന്ന അച്ഛന്റെ കണ്ണുകൾ ചുവന്നു തുടുത്തിരിക്കുന്നത് കാണാം.
കിടക്കുമ്പോഴും അച്ഛൻ മൗനത്തിലായിരിക്കും. നെഞ്ചിൽ കിടന്നു കൊണ്ട് ഞാൻ ചോദിക്കും, അച്ഛാ, അച്ഛനെന്താ ഒന്നും മിണ്ടാത്തെ, ഒരു കഥ പറയോ?
ഇന്ന് വയ്യ പൊന്നെ, നാളെ പറയാം. എന്തുപറ്റി അച്ഛാ? പിന്നേം പിന്നേം ഞാൻ ചോദിക്കും അപ്പോൾ അച്ഛൻ പറയും അമ്മയെ കാണാൻ തോന്നുന്നു പൊന്നെ എന്ന്. ഇനി എങ്ങനെയാ അച്ഛാ അച്ഛമ്മനെ കാണാൻ പറ്റാ??അപ്പോഴേക്കും അമ്മ കിടക്കാൻ വന്നിട്ടുണ്ടാവും.
പിന്നെ ചiത്തു പോയവരെ ഒക്കെ ഇപ്പോൾ കാണാൻ പറ്റല്ലേ… കിടന്നുറങ്ങു പെണ്ണെ….
മാധവട്ടന്റെ വർക്ക് ഷോപ്പിലായിരുന്നു അച്ഛന് പണി. ഓയിലിന്റെയും ഗ്രീസിന്റയും മണമായിരുന്നു അച്ഛന്.വിയർപ്പ് പോലും ഓയിൽ മണക്കുന്നു എന്നു തോന്നും.അച്ഛന് കൂടപ്പിറപ്പുകളോ അച്ഛനമ്മമാരോ ഉണ്ടായിരുന്നില്ല.അമ്മക്കാണെങ്കിൽ ആങ്ങളമാരും, ചേച്ചിമാരും അങ്ങനെ വീട് നിറയെ ആളുകളുണ്ടായിരുന്നു.അമ്മ വെളുത്തു സുന്ദരി പെണ്ണായിരുന്നു, ഞാൻ അച്ഛനെ പോലെ കറുത്തിട്ടും. ഇടയ്ക്കു അമ്മ അതും വിളിച്ചു പറയും.അമ്മയുടെ ഓരോ അവഗണനയിലും അച്ഛൻ അച്ഛമ്മയെ ഓർത്തു കണ്ണു നനക്കുന്നത് കാണാം. അച്ഛന്റെ കണ്ണു നനയുമ്പോൾ എന്റെ കണ്ണും നിറയും.
നിങ്ങളെ പോലെ കറുത്ത് കരിക്കട്ട പോലെ ഇരിക്കുന്ന ഈ പെണ്ണിന് എന്തെങ്കിലും ഒന്നു ഉണ്ടാക്കി വക്കണ്ടേ. എന്നും ഇങ്ങനെ ആരാന്റെ പണിയും എടുത്തു കiള്ളും കുiടിച്….
നീ ഒന്നു നിർത്തുണ്ടോ എന്റെ മോളെ ഞാൻ പോന്നു പോലെ നോക്കും,അവളെ നീ ഇനി എന്തെങ്കിലും പറഞ്ഞാലുണ്ടല്ലോ….പിന്നെ അച്ഛൻ അമ്മയോട് അധികം മിണ്ടാറില്ല.
നൂൽ കമ്പനിയിൽ നാളെ തൊട്ട് പണിക്കു പോണു ഞാൻ,ഒരു രാത്രി അമ്മ ഞങ്ങളോട് പറഞ്ഞുകൊണ്ട് ലൈറ്റ് ഓഫാക്കി തിരിഞ്ഞു കിടന്നു.എതിർത്താലും കാര്യമില്ലെന്നറിഞ്ഞിട്ടായിരികാംഅച്ഛനൊന്നു മൂളുക മാത്രം ചെയ്തു.
അമ്മ ഞങ്ങളിൽ നിന്നും ഒരുപാട് ദൂരെ ആയി തുടങ്ങിയിരുന്നു.അച്ഛനും ഞാനും അമ്മക്ക് ചേർന്നതല്ല എന്നു തോന്നിയതിന്റെ അന്നായിരിക്കാം അമ്മ ഞങ്ങളെ വീട്ടു കമ്പനിയിലെ സൂപ്പർവൈസറുടെ കൂടെ ഇറങ്ങി പോയത്…
പോലീസ് സ്റ്റേഷനിൽ വച്ചു ഒന്നും പറയാതെ ഇറങ്ങി വന്ന അച്ഛനെ പലരും കുറ്റപ്പെടുത്തി. ഞങ്ങളെ വേണ്ടാത്ത അവളോട് ഞങ്ങൾ എന്ത് പറയാനാണ് അതായിരുന്നു അച്ഛന്റെ മറുപടി.കൂടിനിന്നവരെയും കൂട്ടുവന്നവരെയും പറഞ്ഞു വിട്ടുകൊണ്ട് അച്ഛൻ കുളിക്കാൻ കയറി 8 മണിയുടെ ട്രെയിനിന്റെ ഒച്ചക്കൊപ്പം അച്ഛൻ കുളിച്ചിറങ്ങി. തുടുത്ത കണ്ണുകളിൽ അന്നു സമാധാനം മാത്രം തിളങ്ങിയിരുന്നു.അച്ഛനന്ന് ഓയിലും മണത്തില്ല, ബ്രാiണ്ടിയും മണത്തില്ല, ചന്ദ്രിക സോപ്പിന്റെ മണത്തിൽ അച്ഛനെ എനിക്ക് പച്ച മനുഷ്യനായി തോന്നി ചന്ദ്രിക സോപ്പ് പോലെ പച്ചയായ മനുഷ്യൻ….