Story written by Saji Thaiparambu
ഡോ നാരായണാ,, നമുക്കും ഒന്ന് ടൂറ് പോയാലോ ?ഈ പിള്ളേരൊക്കെ ഇങ്ങനെ കൂട്ടുകാരുമൊത്ത് ഊട്ടിയും കൊടൈക്കനാലുമൊക്കെ പോകുന്ന കണ്ടിട്ട് എനിക്കും ഒരു പൂതി
വൈകുന്നേരം ആൽത്തറയിൽ ഒത്ത് കൂടിയ കുറെ വൃദ്ധൻമാർ
നാട്ട് കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനിടയിലാണ് കൂട്ടത്തിലൊരാൾ തൻ്റെ ആഗ്രഹം പ്രകടിപ്പിച്ചത്
അതിനൊക്കെ കുറെ കാശ് ചിലവുണ്ടെടോ മേനോനേ,, തൻ്റെ മക്കളൊക്കെ വിദേശത്തായത് കൊണ്ട് തനിക്ക് കാശിന് പഞ്ഞമുണ്ടാവില്ല, പക്ഷേ എൻ്റെയും ദാമോദരൻ്റെയും പപ്പൻ്റെയുമൊക്കെ മക്കള് കൂലിപ്പണിക്കാരാണ്, ഞങ്ങടെയൊക്കെ നിത്യേനയുള്ള വീട്ട് ചിലവുകൾ നടക്കുന്നത് തന്നെ വലിയ ബുദ്ധിമുട്ടിയാണ്, അപ്പോൾ പിന്നെ അവരോടെങ്ങനാണോ ടൂറിന് പോകാൻ കൂടി കാശ് ചോദിക്കുന്നത്?
നാരായണൻ സന്ദേഹം പ്രകടിപ്പിച്ചു.
അതൊന്നും നിങ്ങളറിയണ്ടാ,, പോകാൻ നിങ്ങള് റെഡിയാണെങ്കിൽ ചിലവൊക്കെ ഞാൻ നോക്കിക്കൊള്ളാം
രാമൻകുട്ടിമേനോൻ, സുഹൃത്തുക്കൾക്ക്ഉ?റപ്പ് കൊടുത്തു
എന്നാൽ പിന്നെ ഞങ്ങള് റെഡി, ഈശ്വരാ,, ആദ്യമായിട്ടാണ് ഒരു ടൂറ് പോകുന്നത്, ഒന്ന് മിന്നിച്ചേക്കണേ,,
സന്തോഷം കൊണ്ട് ,ദാമോദരൻ പറഞ്ഞു.
എങ്കിൽ അടുത്ത ഞായറാഴ്ച നമുക്ക് പോകാം രണ്ട് ദിവസം കറങ്ങിയടിച്ച് ഒന്ന് ഫ്രഷായിട്ട് വരാം
അങ്ങനെ പിറ്റേ ഞായറാഴ്ച വിനോദയാത്ര പോകാമെന്ന് ഉറപ്പിച്ചിട്ടാണ് അവരന്ന് പിരിഞ്ഞത്
അന്ന് രാത്രിയിൽ അമേരിക്കയിലുള്ള മകളെ ഫോൺ ചെയ്ത് ,രാമൻകുട്ടി താൻ കൂട്ടുകാരുമൊത്ത് ടൂറ് പോകുന്ന കാര്യം പറഞ്ഞു
രണ്ട് ദിവസം വീട്ടിൽ നിന്ന് മാറി നില്ക്കാനോ? അച്ഛനെന്താ ഈ പറയുന്നത് ?എൻ്റെ അച്ഛാ ലക്ഷങ്ങൾ വിലയുള്ള സാധനങ്ങളാണ് ആ വീട്ടിലുള്ളത് അച്ഛൻ കറങ്ങാൻ പോയിട്ട് തിരിച്ച് വരുമ്പോഴേക്കും, കള്ളന്മാര് കയറി ഉള്ളതെല്ലാം എടുത്തോണ്ട് പോയിരിക്കും ഞങ്ങളവിടെ കിടന്ന് കഷ്ടപ്പെട്ടുണ്ടാക്കിയതൊക്കെയാണ് അച്ഛനെ ഏല്പിച്ചിട്ട് ഇവിടെ വന്ന് നില്ക്കുന്നത്, അച്ഛൻ ആവശ്യമില്ലാത്ത കൂട്ട് കെട്ടിനൊക്കെ പോയിട്ടാണ് ഈ വയസ്സാംകാലത്ത് വേണ്ടാത്ത പൂതിയൊക്കെ തോന്നുന്നത് ,അത് മറ്റൊന്നുമല്ല അച്ഛനവിടെ പ്രത്യേകിച്ച് ജോലിയൊന്നുമില്ലാത്തത് കൊണ്ടാണ് ,അച്ഛനൊരു കാര്യം ചെയ്യ് ,ആ പുറം പണിക്ക് വരുന്ന കുമാരനും അടുക്കളക്കാരി മറിയാമ്മച്ചേട്ടത്തിയും ഇനി മുതല് വരണ്ടന്ന് പറഞ്ഞേക്ക് ,അച്ഛന് വേണ്ടതൊക്കെ വച്ച് കഴിക്കാനുള്ള ആരോഗ്യമൊക്കെ ഇപ്പോൾ അച്ഛനുണ്ട്, പിന്നെ കുമാരൻ ചെയ്യുന്നത് ചെടി നനക്കലും പറമ്പിലെ പുല്ല് പറിക്കലുമൊക്കെയാണ് ഇതൊക്കെ ഇനി മുതൽ അച്ഛൻ ചെയ്താൽ അച്ഛൻ്റെ ബോറടിയും മാറും അവർക്ക് കൊടുക്കുന്ന ശമ്പളവും ലാഭിക്കാം എന്നാൽ ശരി അച്ഛാ,,, ഞാൻ വയ്ക്കുവാ,,
മോള് ഫോൺ വച്ച് കഴിഞ്ഞപ്പോൾ അയാൾക്ക് സങ്കടം വന്നു
ജീവിതത്തിൽ ഇന്നേ വരെ അയാൾ കൂട്ടുകാരുമൊത്ത് ഒരു യാത്ര പോയിട്ടില്ല ,പണ്ട് സ്കൂളിൽ നിന്ന് മറ്റുള്ളവരൊക്കെ ടൂറ് പോകുമ്പോൾ തൻ്റെ മാതാപിതാക്കൾക്ക് കഴിവില്ലാത്തതിനാൽ അന്നയാൾ, കൂട്ടുകാര് തിരിച്ചെത്തുമ്പോൾ കൊണ്ട് കൊടുക്കുന്ന കന്യാകുമാരി പെൻസിലു കൊണ്ട് തൃപ്തിപ്പെട്ടു പിന്നീട് വലുതായി വിവാഹമൊക്കെ കഴിഞ്ഞപ്പോൾ സാമ്പത്തികമായി അല്പം മെച്ചപ്പെട്ടെങ്കിലും കൂട്ടുകാരുമായി ടൂറ് പോകുന്ന കാര്യം പറഞ്ഞപ്പോൾ ഭാര്യയുടെ മുഖം കറുത്തു ,പിന്നെ അവളെ പിണക്കേണ്ടെന്ന് കരുതി അപ്പോഴും ആ മോഹം ഉപേക്ഷിച്ചു ,ശേഷം മക്കളായപ്പോൾ അവരുടെ കാര്യങ്ങൾ നോക്കാനായി, തല്കാലം അയാൾ തൻ്റെ മോഹങ്ങളൊക്കെ ഉള്ളിലൊതുക്കി, ഒടുവിൽ മക്കളെല്ലാവരും സെറ്റിൽഡായപ്പോഴാണ് വീണ്ടും ആ പഴയ മോഹം അയാളിൽ മൊട്ടിട്ടത്
കൂട്ടുകാരോട് താൻ
വരുന്നില്ലെന്ന കാര്യം എങ്ങനെ പറയുമെന്നുള്ളതായിരുന്നു അയാളുടെ ഏറ്റവും വലിയ ധർമ്മസങ്കടം
ഒരുപാട് ആലോചനകൾക്ക് ശേഷം അയാൾ ഒരു ബാഗിൽ തൻ്റെ വസ്ത്രങ്ങൾ മാത്രം എടുത്തിട്ട് വീട് പൂട്ടി അവിടെ നിന്നിറങ്ങി
നേരം ഇരുണ്ട് തുടങ്ങിയപ്പോൾ അയാളുടെ മൊബൈലിലേയ്ക്ക് മകളുടെ കോള് വന്നു
അച്ഛനിത് എവിടെ പോയതാണ്? വീട്ടിലെ ലാൻഡ് ഫോണിൽ വിളിച്ചിട്ട് കിട്ടാത്തത് കൊണ്ടാണ് മൊബൈലിൽ വിളിച്ചത്, ഞാൻ പറഞ്ഞതല്ലേ സന്ധ്യ കഴിഞ്ഞ് പുറത്തേയ്ക്കൊന്നും പോകരുതെന്ന്?
അവൾ നീരസത്തോടെ ചോദിച്ചു.
നീ പേടിക്കണ്ട മോളേ ,, ഞാൻ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിളിച്ച് ,നമ്മുടെ വീടിന് രണ്ട് ദിവസത്തേയ്ക്ക് അവരുടെ സെക്യൂരിറ്റി വേണമെന്ന് പറഞ്ഞു, അതിനുള്ള ഫീസും ഞാൻ ഓൺലൈനായി അടച്ചിട്ടുണ്ട്,
ആങ്ഹാ, അച്ഛൻ ആള് കൊള്ളാമല്ലോ ?എന്നാലും അച്ഛന് കൂട്ടുകാരുമൊത്ത് കറങ്ങാൻ പോകണമെന്ന് നിർബന്ധമാണല്ലേ ?ശരി നടക്കട്ടെ ,പിന്നേ ,, രണ്ട് ദിവസം കഴിഞ്ഞ് തിരിച്ച് വീട്ടിലേയ്ക്ക് വന്നേക്കണം ,രണ്ട് ദിവസം കഴിഞ്ഞാൽ പോലീസുകാരുണ്ടാവില്ല
പിന്നെ അച്ഛനായിരിക്കും വീട് സൂക്ഷിക്കേണ്ടത്,
അറിയാം മോളേ,, ഞാൻ നിൻ്റെ വീടിൻ്റെയും അതിനുള്ളിലെ വില പിടിപ്പുള്ള വസ്തുക്കളുടെയും സെക്യൂരിറ്റി ഗാർഡായിട്ടാണ് ഇത്രയും നാളും ഇവിടെ കഴിഞ്ഞതെന്ന് അച്ഛന് മനസ്സിലായി, ഇനി വയ്യ, അച്ഛനുമൊന്ന് സന്തോഷിക്കണം മോളേ ,ചെറുപ്രായത്തിൽ ദാരിദ്ര്യമായിരുന്നു എൻ്റെ മോഹങ്ങൾക്ക് വിലങ്ങ് തടിയായി നിന്നതെങ്കിൽ, സമ്പാദ്യമുണ്ടായപ്പോൾ എൻ്റെ കുടുംബത്തോടുള്ള പ്രതിബദ്ധത കൊണ്ട്, ഞാനെൻ്റെ ആഗ്രഹങ്ങളെ പിന്നെയും മാറ്റിവയ്ക്കുകയായിരുന്നു ,
ഇപ്പോൾ എൻ്റെ കടമകളൊക്കെ ഞാൻ നിറവേറ്റിക്കഴിഞ്ഞു ,ഇനി എനിക്കൊന്ന് സ്വാതന്ത്ര്യത്തോടെ ജീവിക്കണം, കൂട്ടുകാരോടൊപ്പം നാട് ചുറ്റി ,വഴിയരികിൽ കിട്ടുന്ന ഭക്ഷണമൊക്കെ രുചിച്ച്, വെള്ളച്ചാട്ടത്തിൽ കുളിച്ച് എൻ്റെ ഒരു പാട് നാളത്തെ ആഗ്രഹം എനിക്ക് തീർക്കണം മോളേ ,, അത് കഴിഞ്ഞ് വീണ്ടും ഒരു അനാഥനെ പോലെ ഈ വലിയ ബംഗ്ളാവിൽ വന്ന് ഒറ്റയ്ക്ക് താമസിക്കാനും, നിധി കാക്കുന്ന ഭൂതത്തെ പോലെ കാവലിരിക്കാനും അച്ഛനിനി വയ്യ മോളേ,,, അത് കൊണ്ട് വിനോദയാത്രയ്ക്ക് ശേഷം ഞാൻ പോകുന്നത്, എന്നെ പോലെ ജീവിതത്തിൻ്റെ അവസാന നാളുകളിൽ എല്ലാവരും ചെന്ന് ചേരുന്ന വൃദ്ധസദനമെന്ന സ്വർഗ്ഗത്തിലേക്കാണ് ,ആ പേര് കേൾക്കുമ്പോൾ മറ്റുള്ളവരുടെ മുഖം ചുളിയുമായിരിക്കും , പക്ഷേ എന്നെ പോലെയുള്ളവർ, ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത്, അങ്ങനെയൊരു ഇടമാണ് ,പരസ്പരം തമാശ പറയാനും ,ചിരിക്കാനും, ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനും, വലിയൊരു ഹാളിൽ നിരന്ന് കിടക്കുന്ന ബെഡ്ഡുകളിൽ, പാതിരാത്രി വരെ നീളുന്ന പഴങ്കഥകൾ പറഞ്ഞും, കേട്ടും ഒടുവിൽ ഉറക്കം കണ്ണുകളെ തഴുകി അടയ്ക്കുമ്പോൾ, കൂർക്കം വലിച്ചുറങ്ങാനും, അച്ഛന് വല്ലാത്ത കൊതിയാവുന്നു മോളേ ,,
അയാൾ ഒരു കിതപ്പോടെ പറഞ്ഞ് നിർത്തി.
അച്ഛനെന്താ ഈ പറയുന്നത് ? അച്ഛൻ പെട്ടെന്നിങ്ങനൊരു തീരുമാനമെടുത്താൽ, വീട്ടിലെ കാര്യങ്ങളൊക്കെ ആര് നോക്കും?
അത് നീ തന്നെ തിരിച്ച് വന്ന് നോക്കിക്കോ ,പിന്നെ പെട്ടെന്ന് തിരിച്ച് വരാൻ കഴിയിലെങ്കിൽ ,
വരുന്നത് വരെ ,നിൻ്റെ വീട് ഇവിടുത്തെ പോലീസ് നോക്കി കൊള്ളും, നീയതിൻ്റെ പേയ്മെൻ്റ് ചെയ്താൽ മതി ,അപ്പോൾ ശരി മോളേ ,, എനിക്ക് ദേ നാരായണൻ്റെ കോള് വരുന്നുണ്ട് ,ഞങ്ങൾക്ക് പോകാനുള്ള വണ്ടി വന്നിട്ടുണ്ടാവും,,
ധൃതിയിൽ മകളോട് യാത്ര പറഞ്ഞിട്ട് ,അയാൾ കോള് കട്ട് ചെയ്തു.