അന്നവൻ അമ്മയെ കാണാൻ വാശി പിടിച്ചു. ഒടുവിൽ ബന്ധുക്കളാരോ അവനെ ഒരു ദിവസം അമ്മയെ കാണിക്കാൻ കൊണ്ടുപോയി . അന്ന് മുതലാണത്രെ അവന്റെ മനോനിലയും……

താളം തെറ്റിയ താരാട്ട്

എഴുത്ത്:-ബിന്ദു എൻ പി

എന്തോ കാര്യത്തിനായി ടൗണിൽ പോയി തിരിച്ചു വരികയായിരുന്നു ഞാൻ. വീടിനടുത്തുള്ള ബസ്സ്റ്റോപ്പിന് മുന്നിലെത്തിയപ്പോഴാണ് പെട്ടെന്നൊരു ചോദ്യം എന്നെ തേടിയെത്തിയത് . ഞാൻ ശബ്ദം കേട്ട ഭാഗത്തേക്ക്‌ തലയുയർത്തി നോക്കി . കിച്ചനാണ് . ഞങ്ങളുടെ നാട്ടിലുള്ള ഒരു കൗമാരക്കാരനാണവൻ. പഠിത്തത്തിൽ അവൻ മിടുക്കനായിരുന്നു . മാത്രവുമല്ല മറ്റെല്ലാ കാര്യങ്ങൾക്കും നല്ല ഉത്സാഹത്തോടെ സജീവമായി പങ്കാളിയാവുന്ന കുട്ടി .പക്ഷേ ഇപ്പൊ കുറച്ചു നാളായി അവന് മാനസീക അസ്വാസ്ഥ്യമുണ്ടെന്ന് എല്ലാരും പറയുന്നത് കേട്ടിട്ടുണ്ട് . ചില സമയങ്ങളിൽ രോഗം കൂടുതലാവും . ആ അവസരത്തിൽ അവൻ ആരോട് എങ്ങനെ പെരുമാറുമെന്നൊന്നും പറയാൻ വയ്യാ . അതു കൊണ്ട് തന്നെ അവന്റെ ശബ്ദം കേട്ടപ്പോൾ ഞാനൊന്ന് പേടിച്ചു . ബസ്സ്റ്റോപ്പിൽ നിന്നും എഴുന്നേറ്റ് അവൻ നേരെ എന്റടുത്തേക്ക് വന്നു .

“ഒരു പത്തു രൂപ ഉണ്ടോ ചേച്ചീ എടുക്കാൻ? “അവനെന്നോട് ചോദിച്ചു.. എന്നെ എന്തെങ്കിലും ഉപദ്രവിച്ചാലോ എന്ന് ഭയന്ന് ഞാൻ വേഗം ബാഗ് തുറന്ന് അവന് പത്തു രൂപ എടുത്തു കൊടുത്തു. എന്റെ കൈയ്യിൽ നിന്നും അവൻ ആ പൈസയും വാങ്ങി നേരെ അടുത്തുള്ള കട ലക്ഷ്യമാക്കി നടന്നു. പാവം വിശന്നിട്ടാവും . വലതും വാങ്ങാനാവു മെന്നാണ് ഞാൻ കരുതിയത്. എന്നാൽ അവൻ നേരെ പോയി ആ പൈസയ്ക്ക് സി iഗരറ്റ് വാങ്ങി വലിക്കുകയാണ് ചെയ്തത്.

എല്ലാ കുഞ്ഞുങ്ങളെയും പോലെ മിടുക്കനായ കുട്ടിയായിരുന്നു അവനും. പക്ഷേ അവന്റെ അമ്മ ഒരു മനോ രോഗിയായിരുന്നു . കിച്ചൻ കുഞ്ഞായിരിക്കുമ്പോ തന്നെ അവന്റെ അമ്മ കുതിരവട്ടത്തുള്ള മാനസീകാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ലായിരുന്നു.ഈ കുഞ്ഞൊന്നും അറിഞ്ഞിരുന്നില്ല.. അമ്മ ജീവിച്ചിരിപ്പില്ലെന്നായിരുന്നു വളർന്നു വരുന്ന കിച്ചൻ കരുതിയിരുന്നത്. വളർച്ചയുടെ ഏതോ ഒരു ഘട്ടത്തിൽ ആരിൽ നിന്നോ ഒരിക്കൽ അവനറിഞ്ഞു തന്റെ അമ്മ ജീവിച്ചിരിപ്പുണ്ടെന്ന് . അന്നവൻ അമ്മയെ കാണാൻ വാശി പിടിച്ചു. ഒടുവിൽ ബന്ധുക്കളാരോ അവനെ ഒരു ദിവസം അമ്മയെ കാണിക്കാൻ കൊണ്ടുപോയി . അന്ന് മുതലാണത്രെ അവന്റെ മനോനിലയും തെറ്റിത്തുടങ്ങിയത്.അന്ന് മുതൽ ചില സമയങ്ങളിൽ ആ കുട്ടി ഇങ്ങനെയാണ്. ചിലപ്പോൾ ലക്ഷ്യമില്ലാതെ എങ്ങോട്ടെന്നില്ലാതെ നടക്കും . ചിലപ്പോൾ അക്രമ സ്വഭാവം പ്രകടിപ്പിക്കും..

ആ സംഭവത്തിന്‌ ശേഷം പിന്നെയും ദിവസങ്ങൾ കുറേ കടന്നുപോയി .. ആതൊരു വിഷുത്തലേന്നായിരുന്നു.വൈകുന്നേരം ഞാൻ മുറ്റമടിക്കുമ്പോഴാണ് ആരോ ഫോണിൽ കാര്യമായി സംസാരിച്ചു കൊണ്ട് അതുവഴി വന്നത്. ശബ്ദം കേട്ട് ഞാൻ തലയുയർത്തി നോക്കി. അത് കിച്ചനായിരുന്നു. കൈയ്യിൽ കുറേ കണിക്കൊന്നപ്പൂക്കളുണ്ട് . എന്നെക്കണ്ടപ്പോൾ അവൻ ഫോൺ ഹോൾഡ് ചെയ്തു കൊണ്ട് എന്നോട് ചോദിച്ചു..?”പിള്ളേരൊക്കെ എവിടെപ്പോയി ചേച്ചീ.?
ചേച്ചിക്ക് കൊന്നപ്പൂ വേണോ .?

അതും പറഞ്ഞ് എന്റെ മറുപടിക്ക് കാത്തു നിൽക്കാതെ അവൻ കുറച്ചു കൊന്നപ്പൂക്കളെടുത്ത് എന്റെ നേർക്കു നീട്ടി. അതുവാങ്ങുന്ന തിനിടയിൽ ഞാനവനോട് ചോദിച്ചു.” നീ വല്ലതും കഴിച്ചോ .?” “ഇല്ല ചേച്ചീ .. അമ്മ എന്നെ   ഭക്ഷണം കഴിക്കാനായി കാത്തിരിക്കുന്നുണ്ടാവും . ഞാൻ പോവ്വാ ..”അവന്റെ വാക്കുകൾ കേട്ടപ്പോൾ എന്ത് പറയണമെന്നറിയാതെ ഞാൻ നിന്നുപോയി.

അതിനിടയിൽ അവൻ ഫോണെടുത്തെന്തൊക്കെയോ കാര്യമായി സംസാരിക്കാൻ തുടങ്ങി .”അമ്മ ചോറ് വിളമ്പിക്കോ . ഞാനിതാ എത്തി ..” ഞാനവന്റെ കൈയ്യിലുള്ള ഫോണിലേക്ക് നോക്കി. അത് വെറുമൊരു വാഴയിലയായിരുന്നു . അതും കാതോട് ചേർത്തു പിടിച്ച് ഉറക്കെ സംസാരിച്ചു പൊട്ടിച്ചിരിച്ചും കൊണ്ട് നടന്നു പോകുന്ന അവനെ ഞാൻ സങ്കടത്തോടെ നോക്കി നിന്നു..

Leave a Reply

Your email address will not be published. Required fields are marked *