ഓർമ്മകുറിപ്പ്
എഴുത്ത്:- ബിന്ദു എന്‍ പി
പുറത്ത് തിമിർത്തു പെയ്യുന്ന മഴയാണ്.എന്നും മഴയെനിക്കിഷ്ടമായിരുന്നു. എന്നാൽ ഇന്നും മഴ കാണുമ്പോൾ അറിയാതെ മനസ്സിലേക്ക് ഓടിയെത്തുന്നത് ആ ഒരു കുഞ്ഞു വല്ല്യ ഓർമ്മയാണ്.. അന്ന് ആ കുഞ്ഞു മനസ്സിനെ ഒരുപാട് വേദനിപ്പിച്ചൊരോർമ്മ.
ഓർമ്മവെച്ചനാൾ മുതൽ ഞാനെന്റെ അച്ഛന്റെ വീട്ടിലായിരുന്നു താമസം. എന്റെ വീട്ടിൽ വല്ലപ്പോഴും പോകാറുള്ള ഒരു അതിഥി മാത്രമായിരുന്നു ഞാൻ . അങ്ങനെ ഞാൻ എന്റെ വീട്ടിൽ പോയ ഒരു ദിവസമായിരുന്നു അന്ന്.എനിക്ക് രണ്ടനിയത്തിമാരാണ്. ഞങ്ങൾ മൂന്നുപേരും അന്ന് വല്ല്യ സന്തോഷത്തിലായിരുന്നു. കാരണം അന്ന് ഞങ്ങളുടെ അച്ഛന്റെ അനുജന്റെ മകൾ ഞങ്ങളുടെ വീട്ടിൽ വരുന്നുണ്ടായിരുന്നു.ഒരു ദിവസം ഞങ്ങളോടൊപ്പം താമസിക്കാൻ.
അന്നൊക്കെ ഞങ്ങളുടെ ജീവിതം ഒരുപാട് കഷ്ടപ്പാട് നിറഞ്ഞതായിരുന്നു. അവളാകട്ടെയാതൊരു കഷ്ടപ്പാടുകളും അറിയാതെ വളർന്നൊരു കുട്ടിയും.. ഞാനെന്റെ അച്ഛന്റെ വീട്ടിലായതിനാൽ എന്റെ അനിയത്തിമാർ അറിഞ്ഞത്ര കഷ്ടപ്പാടുകളൊന്നും ശരിക്കും ഞാനറിഞ്ഞിട്ടില്ല എന്നതാണ് സത്യം.
അന്നൊക്കെ മിക്കവാറും വീട്ടിൽ കഞ്ഞിയായിരുന്നു. അന്നവൾ വരുന്നതറിഞ്ഞത് കൊണ്ട് വീട്ടിൽ ചോറുണ്ടാക്കി. എന്തൊക്കെയോ പച്ചക്കറികൾ ചേർത്തുകൊണ്ടൊരു കറിയും. പെട്ടെന്നാണ് ആകാശം ഇരുണ്ടു കൂടിയതും മഴ പെയ്യാൻ തുടങ്ങിയതും.നിനച്ചിരിക്കാതെ വന്ന ആ വേനൽമഴ ഞങ്ങളുടെ സന്തോഷത്തെ അപ്പാടെ തല്ലിക്കെടുത്തിക്കളഞ്ഞു .
മഴ പെയ്യാൻ തുടങ്ങിയതോടെ ഓല മേഞ്ഞ ഞങ്ങളുടെ അടുക്കളയിൽ ഉണങ്ങിയ ഓലക്കീറുകൾക്കിടയിലൂടെ നിറയെ വെള്ളം വീഴാൻ തുടങ്ങി. ഞാനും അനിയത്തിമാരും ഓരോരോ പാത്രങ്ങളെടുത്ത് വെള്ളം വീഴുന്നിടത്ത് നിരത്തി വെക്കുവാൻ തുടങ്ങി.പാത്രങ്ങൾ നിറഞ്ഞു കവിഞ്ഞ് അടുക്കള നിറയെ വെള്ളമായി. ചാണകം മെഴുകിയ അടുക്കള മുഴുവൻ നനഞ്ഞു കുതിർന്നു.ഇതുകണ്ട വിരുന്നുകരിക്ക് വല്ലാത്ത അവജ്ഞ.
അവൾ അനിഷ്ടത്തോടെ പറഞ്ഞു.. ഇങ്ങനെയായിരുന്നെന്നറിഞ്ഞിരുന്നെങ്കിൽ ഞാനിങ്ങോട്ട് വരികയേയില്ലായിരുന്നു. വെറുതെ ഞാൻ ഇങ്ങോട്ട് വന്നുപോയല്ലോ.. അത് കേട്ടപ്പോൾ അതുവരെ ഞങ്ങൾക്കുണ്ടായ സന്തോഷമെല്ലാം ആ മഴയ്ക്കൊപ്പം മറ്റൊരു മഴത്തുള്ളിയായ് പെയ്തിറങ്ങി.
കാലങ്ങളൊരുപാട് കടന്നുപോയി.. അന്ന് ഓല മേഞ്ഞിടത്തൊക്കെ പിന്നീട് ഓട് വെച്ചു. പിന്നെയും കാലങ്ങൾ കടന്നുപോയപോയപ്പോൾ ഞങ്ങളുടെ ജീവിതത്തിലും മാറ്റങ്ങൾ വന്നു.ഞങ്ങളെയോർത്തു സഹതപിച്ചവരുടെ മുന്നിൽ ഞങ്ങളുടെ ജീവിതവും ഹരിതാഭമായി.എങ്കിലും ഇന്നും മഴ കാണുമ്പോഴൊക്കെ ഈ ഓർമ്മകൾ എന്റെയുള്ളിലേക്ക് ഓടിയെത്താറുണ്ട്..നൊമ്പരപ്പെടുത്തുന്നോരോർമ്മയായി..