വാർത്തപ്പെട്ടി
എഴുത്ത്:-ബിന്ദു എൻ പി
ആ നാട്ടിലെ പ്രധാന ന്യൂസ് ചാനലായിരുന്നു നാരായണേട്ടന്റെ ചായക്കട. വൈകുന്നേരം ജോലി കഴിഞ്ഞു വന്നാൽ എല്ലാവരും ഒത്തുകൂടുന്നതവിടെയാണ്. നാട്ടിലെ മരണവും ജനനവും അiവിഹിതവും വിഹിതവുമെല്ലാം ചർച്ച ചെയ്യപ്പെടുന്നത് അവിടെ വെച്ചായിരുന്നു.
പതിവ് പോലെ അന്നെല്ലാവരും ഒത്തുകൂടിയപ്പോൾ അന്നത്തെ ചർച്ചാ വിഷയം ഗോപലേട്ടന്റെ മോനെ അന്വേഷിച്ച് പോലീസ് വന്നതിനെ കുറിച്ചായിരുന്നു.
“അല്ലെങ്കിലും അവന്റെ പോക്കത്ര ശരിയല്ല. ഒരു നീട്ടി വളർത്തിയ മുടിയും ഊശാൻ താടിയും കാണുമ്പോ തന്നെയൊരു കiള്ള ലക്ഷണമാണ്”. നാരായണേട്ടന്റെ പീടികയിലെ പതിവ്കാരനായ കുഞ്ഞാപ്പു പറഞ്ഞു.
“അത് ശരിയാ പലപ്പോഴും അവൻ എറണാകുളത്തേക്കെന്നും പറഞ്ഞു പോകുന്നത് കാണാം. വല്ല കiഞ്ചാവോ കiള്ളക്കiടത്തോ എന്താണോ ആവോ..” രഘുവും കുഞ്ഞാപ്പുവിനെ പിന്താങ്ങി. അങ്ങനെ ചർച്ച ചൂട് പിടിക്കവേയാണ് ഗോപലേട്ടൻ കടയിലേക്ക് കയറി വന്നത്. അന്നത്തെ പണിയും കഴിഞ്ഞ് അടുത്തുള്ള കiള്ളുഷാപ്പിൽ കയറിയൊന്നു മിനുങ്ങിയിട്ടാണ് പുള്ളിക്കാരന്റെ വരവ്. ഗോപാലേട്ടനെക്കണ്ടപ്പോൾ എല്ലാവരും സംസാരം നിർത്തി.
അതുകണ്ടപ്പോൾ ഗോപലേട്ടൻ എല്ലാവരോടുമായി ചോദിച്ചു “എന്താടോ എല്ലാവരും എന്നെക്കണ്ടപ്പോൾ നിർത്തിക്കളഞ്ഞത്.. എന്താന്ന് പറയെന്നേ ഞാനും അറിയട്ടെ.. “
“അത്.. പിന്നെ… കുഞ്ഞാപ്പു ഒന്ന് പരുങ്ങി..
” പറയെടോ..”ഗോപലേട്ടൻ വീണ്ടും പറഞ്ഞു..
“അത്.. ഗോപലേട്ടൻ വീട്ടിൽ പോയി പ്രശ്നമൊന്നും ഉണ്ടാക്കരുത്.. ഇന്ന് ഗോപലേട്ടന്റെ മോൻ ഹരീഷിനെ നോക്കിയിട്ട് പോലീസ് വന്നിരുന്നു.. ഇവിടെ നാരായണേട്ടനോടാണ് വഴി ചോദിച്ചത്.. വീട്ടിൽ പോയി തiല്ലും വiഴക്കുമൊന്നും ഉണ്ടാക്കരുത്.. ഇപ്പോഴത്തെ പിള്ളേരല്ലേ.. എങ്ങനെയാ പ്രതികരിക്കുക എന്ന് പറയാൻ പറ്റില്ല.. എന്ത് കാര്യമുണ്ടായാലും അതിനൊരു പരിഹാരമുണ്ടാവുമല്ലോ..”
“അതെ..”മറ്റുള്ളവരും കുഞ്ഞാപ്പുവിനെ പിന്താങ്ങി.
അതുകേട്ടതും ഗോപലേട്ടൻ ശരം വിട്ടപോലെ വീട്ടിലേക്കോടി . ആകെയുള്ള പ്രതീക്ഷയാണ് തന്റെ മോൻ.അവനൊരു വഴിക്കായിട്ട് വേണം തനിക്കൊന്നു കണ്ണടയ്ക്കാൻ. അതുകൊണ്ടാണ് ഇല്ലായ്മയൊന്നുമറിയിക്കാതെ അവനെ പഠിപ്പിക്കുന്നത്. പ്ലസ് ടു കഴിഞ്ഞപ്പോൾ അവന്റെ ആഗ്രഹം Bsc നഴ്സിംഗ് പഠിക്കുക എന്നതായിരുന്നു. ലക്ഷങ്ങൾ വേണമെന്നറിയാമായിരുന്നിട്ടും അവന്റെ ആഗ്രഹത്തിനെതിര് നിന്നില്ല. അവസാന വർഷ പരീക്ഷയും കഴിഞ്ഞ് റിസൾട്ട് കാത്തിരിക്കുന്ന സമയമാണ്. അതിനിടയിലണിപ്പോ അവനെക്കുറിച്ച് ഇങ്ങനെയൊരു വാർത്ത കേൾക്കുന്നത്. ഓർക്കുംതോറും ഗോപലേട്ടന്റെ കണ്ണിൽ ഇരുട്ട് കയറാൻ തുടങ്ങി.
വീട്ടിലെത്തിയതും മുറ്റത്തു കണ്ട ബക്കറ്റ് ചവിട്ടി തെറിപ്പിച്ചു കൊണ്ട് ഗോപലേട്ടൻ അലറി..
“എടീ.. എവിടെടീ അവൻ..?
“എന്താ… എന്താ മനുഷ്യാ നിങ്ങൾക്ക് പറ്റിയത്?”എന്ന് ചോദിച്ചു കൊണ്ട് ഗോപലേട്ടന്റെ ഭാര്യ ശാന്ത ഇറങ്ങി വരുമ്പോൾ കാണുന്നത് ദേഷ്യം കൊണ്ട് വിറയ്ക്കുന്ന ഗോപലേട്ടനെയാണ്.
കാര്യമെന്തെന്നറിയാതെ ശാന്ത പകച്ചു നിന്നു.
“എവിടെടീ നിന്റെ പുന്നാരമോൻ? അവനെ പോലീസ് കൊണ്ടുപോയോ?”
“എന്താ… എന്താ ഗോപലേട്ടാ…”
“എടീ ഇന്നിവിടെ പോലീസ് വന്നിരുന്നോ..?”
അപ്പോഴാണ് ശാന്തയ്ക്ക് സംഭവത്തിന്റെ ഏകദേശ രൂപം പിടികിട്ടിയത്.
“എന്റെ മനുഷ്യാ പോലീസ് വന്നതെന്തിനാണെന്നാ നിങ്ങള് കരുതിയത്. അത് നമ്മുടെ ഹരീഷ് പാസ്സ്‌പോട്ടിനപേക്ഷിച്ചിട്ടുണ്ടായിരുന്നില്ലേ.അതിന്റെ വെരിഫിക്കേഷന് വേണ്ടി വന്നതാ.. അല്ലാതെ നിങ്ങള് കരുതുന്നത് പോലെ…ശാന്ത അർദ്ദോക്തിയിൽ നിർത്തി.
അപ്പോഴാണ് ഗോപലേട്ടന് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത്.. കാള പെറ്റെന്ന് കേട്ടയുടനെ കയറെടുക്കുന്ന നാട്ടുകാരെക്കുറിച്ചൊർത്തപ്പോൾ അയാൾക്ക് ഒരേസമയം ദേഷ്യവും ചിരിയും വന്നു.. എങ്കിലും മല പോലെ വന്നത് മഞ്ഞുപോലെ ഉരുകിയ ആശ്വാസത്തോടെ മുഖത്തുവന്ന ചമ്മൽ മറച്ചു പിടിച്ചുകൊണ്ട് ഗോപലേട്ടൻ അകത്തേക്ക് കയറി..