എഴുത്ത്:-ശ്രീജിത്ത് ഇരവിൽ തെരുവ് കാഥികൻ
ഇതിപ്പോൾ നാലാമത്തെ തവണയാണ് കൂട്ടുകാരന്റെ ഭാര്യയായ ശാലിനി വീട്ടിലേക്ക് വരുന്നത്. അമ്മയും പെങ്ങളും പരമാവധി ശ്രമിച്ചിട്ടും അവളെ ആശ്വസിപ്പിക്കാൻ സാധിച്ചില്ല. പെണ്ണ് കരച്ചിലോടെ കരച്ചിൽ തന്നെ. മരിക്കാനുള്ള ധൈര്യം മനസ്സിന് ഇല്ലാത്തോണ്ടാണ് ഇങ്ങോട്ട് കയറി വരുന്നതെന്നൊക്കെ, മൂക്കളയിൽ നാക്ക് തട്ടിച്ച് ഇടയ്ക്ക് പറയുന്നുണ്ട്.
‘നീ എവിടുത്തേക്കാടാ പോകുന്നേ…?’
ബൈക്ക് സ്റ്റാർട്ട് ചെയ്ത എന്നോട് അമ്മ നീട്ടി ചോദിച്ചു. ഞാനൊന്നും മിണ്ടാതെ അവിടം വിടുകയായിരുന്നു. ആദ്യമായി ശ്യാലിനി വീട്ടിലേക്ക് വന്ന നാളിൽ മാത്രമാണ് അവളോട് ഞാൻ സംസാരിച്ചിട്ടുള്ളത്. അന്ന് നേരിട്ട ചോദ്യങ്ങൾ ക്കൊന്നും ഉത്തരമില്ലാതെ വരാന്തയിലെ ചുമരിൽ ചാരിപ്പോയി ഞാൻ… ആ എന്നെ ഇപ്പോഴും ഓർത്തെടുക്കാം..
‘നിങ്ങളല്ലേ എന്നെ വീട്ടിൽ നിന്ന് ഇറക്കിക്കൊണ്ട് വന്നത്?
നിങ്ങളും കൂടി ചേർന്നിട്ടല്ലേ എന്നെക്കൊണ്ട് വീട്ടുകാർക്കെതിരെ കേസ് കൊടുപ്പിച്ചത്,?
അവനോടൊപ്പമുള്ള ജീവിതം സുന്ദരമായിരിക്കുമെന്നും നിങ്ങള് പറഞ്ഞിരുന്നു…’
ശരിയാണ്. ഇങ്ങനെയൊക്കെ ശാലിനിയോട് ഞാൻ പറഞ്ഞിട്ടുണ്ട്. അല്ലെങ്കിൽ ചത്ത് കളയുമെന്ന് പറഞ്ഞ് നിരത്തിലേക്ക് ഇറങ്ങാൻ തുനിഞ്ഞ കൂട്ടുകാരനെ എനിക്ക് പിന്തിരിപ്പിക്കാൻ പറ്റില്ലായിരുന്നു. പ്രേമിച്ച പെണ്ണിന്റെ കല്ല്യാണം നടക്കാൻ പോകുന്നതറിഞ്ഞ് തകർന്ന് പോയ ഹൃദയമായിരുന്നു അവനന്ന്. സാമ്പത്തിക ചുറ്റുപാട് നോക്കാതെയുള്ള മകളുടെ ഇഷ്ടമൊന്നും ശാലിനിയുടെ അച്ഛൻ പ്രോത്സാഹിപ്പിച്ചില്ല. അങ്ങനെ പിരിയേണ്ടി വന്നവരാണവർ.
അവളില്ലാതെ തനിക്കൊരു ജീവിതം ഇല്ലെന്ന് പറഞ്ഞ് കൂട്ടുകാരൻ കരഞ്ഞപ്പോൾ മറ്റൊന്നും ഞാൻ ചിന്തിച്ചില്ല. അവർ തമ്മിലുള്ള സ്നേഹത്തിന് പലതവണ സാക്ഷിയായത് കൊണ്ട് ശാലിനിയെ കാണാൻ ചെല്ലുകയും ചെയ്തു. ധൈര്യ പ്പെടുത്താൻ ഏറെ പ്രതീക്ഷകളും കൊടുത്തു. ഗുരുവായൂരിൽ വെച്ച് കെട്ടും ഏർപ്പാട് ചെയ്തു.
ശാലിനിയുടെ വീട്ടുകാർ വെറുതേ ഇരുന്നില്ല. ഒരു വണ്ടി ആൾക്കാരെ പറഞ്ഞയച്ച് ആ തന്തപ്പടി കൊലവിളി നടത്തുകയാണ് അഭയം എന്നോണമാണ് അവരേയും കൂട്ടി ഞാൻ പോലീസ് സ്റ്റേഷനിലേക്ക് പോകുന്നത്. വീട്ടുകാർക്കെതിരെ കേസ് കൊടുക്കേണ്ട സാഹചര്യവും അങ്ങനെയാണ് അവൾക്ക് നേരിടേണ്ടി വന്നത്. വേണ്ടായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു. എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കുള്ളിൽ ആ കൂട്ടുകാരൻ മറ്റാരോ ആയത് പോലെ…
‘നീ നിന്റെ കാര്യം നോക്കി പോയെ…’
ശാലിനി ആദ്യമായി വന്ന നാൾ രാത്രിയിൽ അവനെ കാണാൻ ഞാൻ ചെന്നപ്പോഴുള്ള മറുപടിയായിരുന്നു. തന്റെ മiദ്യപാനത്തിലും, കറക്കത്തിലും, കുടുംബ കാര്യത്തിലും ഇടപെടാൻ നീയാരാണെന്നും ചോദിച്ചു. യാതൊന്നും പറയാനാകാതെ ഞാൻ തിരിഞ്ഞ് നടക്കുകയായിരുന്നു. ഏതൊരു ബന്ധവും പോലെ സൗഹൃദവും മനുഷ്യരിൽ നിരന്തരമല്ലെന്ന് മനസിലാക്കിയ നിമിഷമായിരുന്നുവത്.
കൂട്ടുകാരൻ പറഞ്ഞതിൽ എന്താണ് തെറ്റ്! ജീവിതമെന്ന് വന്നാൽ പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കാൻ സ്വയം പ്രാപ്തനാകണം. പ്രത്യേകിച്ച്, തുണയായി മാറുന്ന വിവാഹമെന്നൊക്കെ വരുമ്പോൾ തിരഞ്ഞെടുപ്പ് തനിയേയായിരിക്കണം. ഞാനൊരു മരമണ്ടൻ…! കൂട്ടുകാരന് വേണ്ടി ഇറങ്ങിപ്പുറപ്പെട്ട് പെണ്ണൊരുത്തിയുടെ ജീവിതം കളഞ്ഞതിന്റെ കുറ്റബോധം ഈയിടെയായി വല്ലാതെയുണ്ട്.
‘ ഇക്കാ… പാല് കൂട്ടിയൊരു ചായ…’
കവലയിലെ ചായക്കടക്ക് മുമ്പിൽ ബൈക്ക് നിർത്തിയതിന് ശേഷം ഞാൻ പറഞ്ഞതാണ്. പതിവ് പരിചയമുള്ളത് കൊണ്ട് ഇക്കയുടെ മുഖത്തെ സന്തോഷത്തിന്റെ വെളിച്ചം ഞാൻ ശ്രദ്ധിച്ചു. ചോദിച്ചപ്പോ,ൾ പണ്ട് ഒളിച്ചോടിപ്പോയ മകൾ തിരിച്ച് വന്നുപോലും. ശരിയാണ്. എനിക്ക് ഓർമ്മയുണ്ട്. ആറേഴ് വർഷങ്ങൾ ആയിക്കാണും. അന്നൊക്കെ, കടയിൽ വരുന്നവരോടൊക്കെ ഇക്ക ദേഷ്യപ്പെടുമായിരുന്നു. പിന്നീട് ആ ദേഷ്യം ശാപ വാക്കുകളായി മാറി. എപ്പോഴോ അത് സങ്കടപ്പറച്ചിലുകളായി പരിണാമപ്പെട്ടു. ശേഷം മറന്നു. ഇപ്പോൾ സന്തോഷപ്പെടുത്തുന്നു.
കാലമെത്ര കൗതുകപരമായാണ് മനുഷ്യരെ മറക്കാനും പൊറുക്കാനും പഠിപ്പിക്കുന്നതെന്ന് ആശ്ചര്യത്തോടെ ഞാൻ ഓർത്തുപോയി. ആ തെളിച്ചത്തിൽ ശാലിനിയെ സുരക്ഷിതമാക്കാനുള്ള മാർഗ്ഗം തലയിൽ തെളിയുകയായിരുന്നു. ചായയുടെ കാശ് പിന്നീട് തരാമെന്ന് പറഞ്ഞ് ഞാൻ നേരെ പോയത് അവളുടെ വീട്ടിലേക്കാണ്. പണ്ടൊരു കല്ല്യാണ ഒരുക്കങ്ങൾ മുളയിലേ നുള്ളിക്കളഞ്ഞ ആ മുറ്റത്തേക്ക് എത്തിയപ്പോൾ ശരീരം വിറച്ചിരുന്നു…
‘ശാലിനിയുടെ അച്ഛനെ കാണണമായിരുന്നു…’
കാളിംഗ് ബെല്ലടി കേട്ട് കതക് തുറന്ന സ്ത്രീയോട് ഞാൻ പറഞ്ഞു. എന്നോട് ഇരിക്കാൻ മൊഴിഞ്ഞിട്ട് അവർ അകത്തേക്ക് പോയി. ആരാണെന്ന് ചോദിച്ച് ശാലിനിയുടെ അച്ഛൻ ഉടനെ വരുകയും ചെയ്തു. സംഭവിച്ചതെല്ലാം തുറന്ന് പറഞ്ഞപ്പോൾ ചാടി കടിക്കാനെന്നോണം അയാൾ മുരളുകയായിരുന്നു.
ഞാൻ പിൻവാങ്ങിയില്ല.ആ കാലുകളിൽ പിടിച്ച് ക്ഷമയ്ക്കായി കെഞ്ചി. അയാൾ വലിയ മനുഷ്യനായിരുന്നു. അല്ലായിരുന്നുവെങ്കിൽ പെങ്ങളെ വിളിച്ച് ശാലിനിയെ അവിടെ നിന്ന് വിടരുതെന്ന് എനിക്ക് പറയാൻ പറ്റുമായിരുന്നില്ലല്ലോ. കൊiന്ന് കൊiലവിളിക്കാൻ പണ്ടൊരു വണ്ടി ആളെ വിട്ട ആ അച്ഛൻ എന്നോടൊപ്പം വരുമായിരുന്നില്ലല്ലോ…!!!