എഴുത്ത്:-സജി തൈപ്പറമ്പ്
രാവിലെ പാല് വാങ്ങാനായി കവലയിലേയ്ക്ക് ചെന്നപ്പോഴാണ് വീടിനടുത്തുള്ള ഹംസ കാക്കാൻ്റെ മോളെ കണ്ടത്, എളിയിൽ അവളുടെ കുട്ടിയുമുണ്ട്
മോളെന്താ ഇവിടെ നില്ക്കുന്നത് ?
ജിജ്ഞാസയോടെ ഞാൻ ചോദിച്ചു
കുഞ്ഞിന് തീരെ സുഖമില്ല ഹോസ്പിറ്റലിൽ പോകാൻ ബസ്സ് കാത്ത് നില്ക്കുവാണ്,,
കറുത്ത പർദ്ദയ്ക്കുള്ളിൽ ആകെ പുറത്തു കാണുന്ന ആറിഞ്ച് വിസ്തീർണ്ണമുള്ള വട്ട മുഖത്ത് പരമാവധി വിനയവും ആദരവും നിറച്ച് അവളെന്നോട് പറഞ്ഞു
ഇന്ന് ആശുപത്രി കവലയിലേക്കുള്ള ബസ്സൊന്നും കാണില്ല മോളേ ,, അവരൊക്കെ സമ്മേളനത്തിന് പോയിരിക്കുവാ , അല്ല, കുഞ്ഞിന് സുഖമില്ലാത്ത വിവരം നീ റഫീഖിനെ അറിയിച്ചില്ലേ?
ഭർത്താവുമായി പിണങ്ങി അവള് വീട്ടിൽ വന്ന് നില്ക്കുവാന്ന് ഉമ്മ പറഞ്ഞ് ഞാനറിഞ്ഞിരുന്നു.
എന്നോടും കുഞ്ഞിനോടും അങ്ങനെയുള്ള കമ്മിറ്റ്മെൻസൊന്നും പുള്ളിക്കാരനില്ല, ജാബിർക്കാ ,,
ഉം നീയൊരു കാര്യം ചെയ്യ്, ബൈക്കിൻ്റെ പിന്നിലോട്ട് കയറ്, ഞാനെന്തായാലും ഫ്രീയാണ്, ഹോസ്പിറ്റലിലേക്ക് ഞാനും വരാം,,
എന്നെക്കാൾ പതിനഞ്ച് വയസ്സിന് ഇളയതാണവൾ , എൻ്റെ ഉപ്പാൻ്റെ കടയിലെ മുൻ ജോലിക്കാരനായിരുന്ന ഹംസ കാക്കാൻ്റെ മോൾക്ക് ഒരത്യാവശ്യം വരുമ്പോൾ സഹായിക്കേണ്ടത് എൻ്റെ കടമയാണെന്ന് എനിക്ക് തോന്നിയത് കൊണ്ടാണ് ഞാനങ്ങനെ പറഞ്ഞത്,
ചുറ്റിലും നോക്കി തെല്ല് മടിയോടെ അവളെൻ്റെ പുറകിൽ കയറിയിരുന്നു, ബൈക്ക് മുന്നോട്ടെടുക്കുന്നതിന് മുമ്പ്, അവളുടെ തോളിൽ തൂക്കിയിരുന്ന ബാഗ്, എൻ്റെയും അവളുടെയും ഇടയിൽ വച്ച്, എന്നെ ടച്ച് ചെയ്യാതിരിക്കാൻ അവൾ ശ്രദ്ധിച്ചത് ,എന്നിൽ ചിരിയുണർത്തി,
അപ്പോൾ എൻ്റെ മനസ്സിൽ കുറച്ച് നാൾ മുമ്പ് വരെ ബെറ്റിക്കോട്ടുമിട്ട് ഞങ്ങടെ പറമ്പിലും മുറ്റത്തുമൊക്കെ കൂട്ടുകാരുമായി വന്ന് ഹൈഡ് ആൻറ് സീക്ക് കളിച്ചിരുന്ന ആ ഞാഞ്ഞൂല് പെണ്ണായിരുന്നു,
ഓ പി ടിക്കറ്റെടുത്ത്, ജനസമുദ്രമായി മാറിയ കൺസൾട്ടിങ്ങ് റൂമിൻ്റെ മുന്നിലെ പാതി തുരുമ്പിച്ച ഇരുമ്പ് ബഞ്ചിൽ, തൻ്റെ അവസരവും കാത്ത് വാടിയ മുഖവുമായി അവളിരിക്കുമ്പോൾ, തൊട്ടടുത്തെ ചുമരിൽ ചാരി, ഞാനും നിന്നു.
രണ്ട് കൊല്ലം മുൻപ്, വിവാഹ തലേന്നുള്ള സത്ക്കാര ചടങ്ങിൽ മൈലാഞ്ചിയിട്ട് കടും ചുവപ്പ് നിറത്തിൽ ഗോൾഡൻ ചിത്രപ്പണികളുള്ള പട്ടുടുപ്പണിഞ്ഞിരിക്കുന്ന, അന്നത്തെ ആ മണവാട്ടിപ്പെണ്ണിൻ്റെ മുഖത്തുണ്ടായിരുന്ന പ്രസരിപ്പും, ചോരത്തുടിപ്പുമൊന്നും അവൾ ക്കിപ്പോഴില്ല,
പർദയ്ക്കുള്ളിൽ ഒളിഞ്ഞിരിക്കുന്നത് അവളുടെ അസ്ഥികൂടം മാത്രമാണ്, അഞ്ചോ ആറോ മാസം മാത്രം പ്രായമുള്ള കുഞ്ഞ് വിശന്നിട്ടാവാം, അവളുടെ ശുഷ്കിച്ച നെഞ്ചിൽ മുഖം അമർത്തി കരഞ്ഞപ്പോൾ, ബാഗിലിരുന്ന കുപ്പിപ്പാലെടുത്തവൾ, കുഞ്ഞിൻ്റെ വരണ്ട ചുണ്ടുകൾക്കിടയിൽ വച്ച് കൊടുത്തു,
ഇടയ്ക്ക് പാല് വാങ്ങാൻ പോയ എന്നെ കാണാഞ്ഞ്, ഉമ്മ എൻ്റെ ഫോണിലേയ്ക്ക് വിളിച്ചു, ഉപ്പ മരിച്ചതിന് ശേഷം, ഞാനും ഉമ്മയും മാത്രമേ വീട്ടിലുള്ളു, പാല് കിട്ടിയില്ലെന്നും, ഞാൻ വരാൻ കുറച്ച് വൈകുമെന്നും മാത്രം പറഞ്ഞ് ഫോൺ വച്ചു.
ജാബിർക്കാ ,, ഇങ്ങോട്ടിരുന്നോളിൻ,,
അവളുടെ അടുത്തിരുന്ന സ്ത്രീ ഡോക്ടറെ കാണാൻ എഴുന്നേറ്റപ്പോൾ, ഒഴിവ് വന്ന സീറ്റിലേയ്ക്ക് അവൾ എന്നെ ക്ഷണിച്ചു.
അപ്പോഴും ഞങ്ങളുടെ ഇടയിൽ ആ ബാഗ് വയ്ക്കാൻ അവൾ മറന്നില്ല,
റഫീഖ് ,, നിന്നെ കണ്ട് ഇഷ്ടപ്പെട്ടിട്ട് നിൻ്റെ സമ്മതത്തോടെയല്ലേ, ഈ കല്യാണം നടത്തിയത്? പിന്നെ എവിടെയാണ് പിഴച്ചത് ?
ജിജ്ഞാസ മുറ്റിയ ഞാൻ, രണ്ടും കല്പിച്ച് അവളോട് ചോദിച്ചു,
ആദ്യമൊക്കെ എന്നോട് ഭയങ്കര ഇഷ്ടമായിരുന്നു, സ്നേഹം കൊണ്ടെന്നെ വീർപ്പ് മുട്ടിച്ചു ,ഒരുപാട് സ്ഥലങ്ങളിൽ എന്നെയും കൊണ്ട് പോയി ,എനിക്കിഷ്ടമുള്ളതൊക്കെ വാങ്ങി തന്നു ,പക്ഷേ, ആ സന്തോഷത്തിന് അധികം ആയുസ്സില്ലായിരുന്നെന്ന് ആറ് മാസങ്ങൾ കഴിഞ്ഞപ്പോഴാണ് എനിയ്ക്ക് മനസ്സിലായത്,
അപ്പോഴേക്കും ഞാൻ ഗർഭിണി ആയിരുന്നു ,അതിന് ശേഷം എൻ്റെ കാര്യങ്ങൾ മുഴുവൻ ജാബിർക്ക, ഉമ്മയെ ഏല്പിച്ചു, എന്നെ ഡോക്ടറുടെ അടുത്ത് കൊണ്ട് പോകുന്നതും, സ്കാൻ ചെയ്യാൻ പോകുന്നതുമൊക്കെ പിന്നെ ഉമ്മയായിരുന്നു , അതൊക്കെ കച്ചവടത്തിൻ്റെ തിരക്ക് കൊണ്ടാണെന്ന് കരുതി, ഞാൻ ആദ്യമൊക്കെ സമാധാനിച്ചു,
പക്ഷേ, പ്രസവം കഴിഞ്ഞ് ,മൂന്നു മാസത്തിന് ശേഷം, ഞാൻ തിരിച്ച് വീട്ടിലെത്തിയിട്ടും, പുള്ളിക്കാരൻ്റെ സ്വഭാവത്തിൽ യാതൊരു മാറ്റവുമുണ്ടായില്ല, ഒരു മുറിയിൽ, ഒരു കട്ടിലിൽ കിടക്കുമെങ്കിലും ,എന്നിൽ നിന്നും ഒരു കൈയ്യകലത്തിലായിരുന്നു, അവര് കിടന്നിരുന്നത്, സ്നേഹത്തോടെ ഞാൻ അവരുടെ ദേഹത്തേയ്ക്ക് കൈയ്യെടുത്ത് വയ്ക്കുമ്പോൾ, എൻ്റെ കൈ തട്ടി മാറ്റിയിട്ട്, എനിക്കുറങ്ങണമെന്ന് പറഞ്ഞ് തിരിഞ്ഞ് കിടക്കുമായിരുന്നു,
ഒരു ദിവസം ഉച്ചയൂണ് കഴിക്കാൻ വന്ന സമയത്ത്, അടുത്തിരുന്ന് ഞാനവരോട് ചോദിച്ചു
നിങ്ങൾക്കെന്നെ ഇഷ്ടമല്ലേ?എന്താ എന്നോടിങ്ങനെ അകൽച്ച കാണിക്കുന്നതെന്ന് ,അപ്പോൾ എന്നോട് പറയുവാണ് ,നിൻ്റെ പ്രായമല്ല എൻ്റേത് ,എനിയ്ക്ക് നിന്നെക്കാൾ പന്ത്രണ്ട് വയസ്സ് മൂപ്പുണ്ട് , നീ ആഗ്രഹിക്കുന്ന പോലെ റൊമാൻ്റിക്കാവാനൊന്നും എനിക്ക് കഴിയില്ല,എന്ന് ,,
അന്നാണ് ഞങ്ങൾ തമ്മിലുള്ള ഏജ് ഡിഫറൻസ് ,വലിയൊരു കുറവായിട്ട് എനിയ്ക്ക് തോന്നിയത് ,പിന്നെ പിന്നെ ഞാനവരിൽ നിന്നും അകലാൻ തുടങ്ങി ,അവരും അതായിരുന്നു ആഗ്രഹിച്ചിരുന്നതെന്ന് എനിയ്ക്ക് മനസ്സിലായത് ,ഒരു ദിവസം കുഞ്ഞിനെയുമെടുത്ത് ഞാൻ വീട്ടിലേയ്ക്ക് പോകുവാണെന്നും, നിങ്ങൾക്കെന്നെ വേണമെന്ന് തോന്നുമ്പോൾ, തിരികെ വിളിച്ചാൽ മതിയെന്നും പറഞ്ഞ്, ഞാനവിടെ നിന്ന് ഇറങ്ങിയപ്പോഴായിരുന്നു,
അന്നെന്നോട് അവർ പറഞ്ഞതെന്താന്നറിയുമോ? എൻ്റെ വിളിക്കായി നീ വെറുതെ കാത്തിരിക്കണ്ടാന്ന്,,
അതും പറഞ്ഞവൾ നിറഞ്ഞ കണ്ണുകൾ തുടച്ചു ,അപ്പോഴേക്കും അവളുടെ കുഞ്ഞ് എന്നോട് നല്ല കൂട്ടായി മാറിയിരുന്നു
സഹൽ മോൻ ,,,
സിസ്റ്റർ പേര് വിളിച്ചപ്പോൾ എൻ്റെ കൈയ്യിൽ നിന്ന് കുട്ടിയെ വാങ്ങി അവൾ ഡോക്ടറുടെ അടുത്തേയ്ക്ക് പോകാനൊരുങ്ങി,
നീ നടന്നോളു,, കുഞ്ഞിനെയും കൊണ്ട് ഞാനും കൂടെ വരാം,,
ഞാനത് പറഞ്ഞപ്പോൾ വിശ്വസിക്കാനാവാതെ അവൾ എന്നെ നോക്കി,
അല്ല ജാബിർക്കാ ,, നിങ്ങളെന്താ ഇത്രയും പ്രായമായിട്ടും കല്യാണം കഴിക്കാത്തെ ? നിങ്ങളെ ആരോ തേച്ചിട്ട് പോയത് കൊണ്ടാണെന്ന് നാട്ടുകാര് പറയുന്നത് നേരാണോ?
ഹോസ്പിസ്റ്റലിൽ നിന്ന് വീട്ടിലേയ്ക്ക് തിരിച്ച് പോരുമ്പോൾ അവളെന്നോട് ചോദിച്ചു
അത് നേരാണ് മോളേ ,, അവളെ ഞാൻ അത്രയ്ക്ക് സ്നേഹിച്ചിരുന്നു, പക്ഷേ ഇപ്പോൾ ഉമ്മ ഇടയ്ക്കിടെ നിർബന്ധിക്കുമ്പോൾ ഒരു പെണ്ണ് കെട്ടണ മെന്ന് തോന്നാറുണ്ട്, ഞാനത് കൊണ്ട് പെണ്ണ് നോക്കിക്കൊള്ളാൻ ഉമ്മയോട് പറയുകയും ചെയ്തു, പ്രായം ഇത്രയുമായത് കൊണ്ട് വന്ന ആലോചനകളൊക്കെ രണ്ടാം കെട്ടായത് കൊണ്ട് ഉമ്മയ്ക്ക് ഇഷ്ടപ്പെടു ന്നില്ല, പക്ഷേ നമുക്ക് രണ്ടാം കെട്ടുകാരെ അല്ലേ ആഗ്രഹിക്കാനൊക്കു, അത് കൊണ്ട് എനിക്കതൊരു വിഷയമേ അല്ല,
ജാബിർക്കാ ,, എന്നെ ഇവിടെ തന്നെ ഇറക്കിയാൽ മതി ,നമ്മുടെ അയൽക്കാരൊക്കെ കണ്ടാൽ പിന്നെ അത് മതി ,,
അവളെ ഞാൻ ബൈക്കിൽ കയറ്റിയ, ബസ് സ്റ്റോപ്പ് എത്തിയപ്പോൾ, എന്നോട് പറഞ്ഞവൾ, വണ്ടി നിർത്തിച്ച് ,പിന്നിൽ നിന്നുമിറങ്ങി .
ജാബിർക്കാ ,,ഞാനൊരു കാര്യം ചോദിച്ചോട്ടെ?
ഉം ചോദിക്ക് ,,
നിങ്ങൾക്ക് രണ്ടാം കെട്ടുകാരോട് താത്പര്യക്കുറവില്ലെങ്കിൽ എന്നെ കെട്ടിക്കൂടെ ?
അപ്രതീക്ഷിതമായ അവളുടെ ചോദ്യം, എന്നെ വല്ലാതെ വലച്ചു,
പ്രതീക്ഷ തിങ്ങിയ അവളുടെ കണ്ണുകളിൽ നോക്കി, ഞാനെന്ത് മറുപടി പറയണമെന്ന് എനിക്കറിയില്ലായിരുന്നു,
മോളേ,, നീയെന്താ ഈ പറയുന്നത് ? റഫീഖിനെക്കാളും മൂന്ന് വയസ്സ് മൂപ്പുണ്ടെനിയ്ക്ക്, നീ കൊച്ച് പെണ്ണാണ് ,പണ്ട് ഒരാൾ എന്നെ തേച്ചിട്ട് പോയപ്പോഴുള്ള?റൊമാൻസൊന്നും ഇപ്പോഴെനിക്കുണ്ടാവില്ല,നീ ആഗ്രഹിക്കുന്ന പോലെ നിന്നോട് പ്രണയം കാണിക്കാനും എനിയ്ക്ക് കഴിയില്ല,,
ജാബിർക്കാ ,, നിങ്ങൾ ഈ പറഞ്ഞ പ്രണയമുണ്ടല്ലോ ?അത് ഐ ലവ് യു പറഞ്ഞാലോ ,ലിപ് ലോക്ക് ചെയ്താലോ മാത്രമല്ല ഒരു പെണ്ണിനത് ഫീല് ചെയ്യുന്നത് ,നിങ്ങളെന്നോട് ഇന്ന് കാണിച്ച സിംപതിയില്ലേ ?അതൊരു പ്രണയമായിരുന്നു ,
എന്നോടൊപ്പം കുഞ്ഞിനെ കാണിക്കാൻ കൂടെ ഡോക്ടറുടെ റൂമിൽ വന്നില്ലേ?അതൊരു പ്രണയമായിരുന്നു , ഞാൻ സങ്കടങ്ങൾ പറഞ്ഞപ്പോൾ, അത് മനസ്സിലാക്കുകയും ,എന്നെ ആശ്വസിപ്പിച്ചതും പ്രണയമായിരുന്നു, ആശുപത്രിയുടെ സ്റ്റെയർ കെയ്സിറങ്ങുന്ന സമയത്ത് , ഞാൻ വീഴാൻ പോയപ്പോൾ, എന്നെ താങ്ങിപ്പിടിച്ചപ്പോഴും ഞാൻ അനുഭവിച്ചത് പ്രണയം തന്നെ ആയിരുന്നു, എന്തിനേറെ പറയുന്നു ?എന്നെ ഇവിടെ തന്നെ ഇറക്കിവിട്ടാൽ മതിയെന്ന് ഞാൻ പറഞ്ഞപ്പോൾ, എന്നെ മനസ്സിലാക്കാൻ ശ്രമിച്ച ആ മനസ്സുണ്ടല്ലോ ?അതിലും വലിയ പ്രണയം, ഒരു പെണ്ണിനും ആസ്വദിക്കാനാവില്ല ,മറ്റൊരു കാരണങ്ങളുമില്ലെങ്കിൽ, ജാബിർക്കായുടെ വിളിക്കായി ഞാൻ ,ഈ ജീവിതം മുഴുവൻ കാത്തിരുന്നോളാം,,,
എന്നെ ആകെ കൺഫ്യൂഷനിലാക്കി, അവൾ നടന്ന് നീങ്ങുമ്പോൾ, ഉമ്മയുടെ കോള് വീണ്ടും വരുന്നുണ്ടായിരുന്നു .