ആദ്യ പകുതി നേരം കെട്ടിപിടുത്തവും സങ്കടം പറച്ചിലുമൊക്കെ ആയിരുന്നു. പിന്നീട് ആഴത്തിലുള്ള ചിന്തയുമായി അവർ രണ്ടാളും മുഖത്തോട് മുഖം നോക്കുന്നതു….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

എന്റെ അച്ഛൻ അഞ്ചു വർഷങ്ങൾക്കു മുമ്പ് മരിച്ചുവെത്രെ! വിവാഹം കഴിഞ്ഞ പെങ്ങളുടെ കൂടെയാണ് അമ്മ. ഉണ്ടായിരുന്ന വീടു വിൽക്കുകയും ചെയ്തു. പ്രാഥമികമായ അന്വേഷണത്തിൽ അമ്മയും പെങ്ങളും വലിയ പ്രയാസമില്ലാതെ തന്നെയാണ് ജീവിക്കുന്നതെന്ന് എനിക്ക് മനസ്സിലായി.

‘ആരാ…?’

അമ്മയാണ് ചോദിച്ചത്. അവരെ കാണാതെ പോകാൻ മനസ്സ് വരാത്തതു കൊണ്ട് ഞാൻ തേടി ചെന്നതായിരുന്നു. അമ്മയ്ക്ക് എന്നെ മനസിലായില്ലായെന്ന് തോന്നുന്നു. അതു തന്നെയാണ് അമ്മയെന്ന് ഒറ്റ നോട്ടത്തിൽ ഞാൻ തിരിച്ചറിഞ്ഞിരുന്നു. ഒന്നും മിണ്ടാതെയുള്ള എന്റെ നിർത്തം കണ്ടപ്പോൾ മോനേയെന്ന് വിളിച്ച് താമസിയാതെ അമ്മയും എന്റെ മാ റിലേക്ക് വീണു. അപ്പോഴേക്കും ആരാ അമ്മേയെന്ന് ചോദിച്ച് പെങ്ങളും വന്നിരുന്നു.

ആദ്യ പകുതി നേരം കെട്ടിപിടുത്തവും സങ്കടം പറച്ചിലുമൊക്കെ ആയിരുന്നു. പിന്നീട് ആഴത്തിലുള്ള ചിന്തയുമായി അവർ രണ്ടാളും മുഖത്തോട് മുഖം നോക്കുന്നതു പോലെ എനിക്ക് തോന്നി. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോൾ രണ്ടാളും പറയാൻ മടിച്ചു. ഒടുവിൽ പെങ്ങൾ തന്നെ കാര്യം പറഞ്ഞു. പണ്ട് അച്ഛൻ എന്നോട് കണക്ക് പറയുമ്പോൾ കേട്ടുനിന്ന അതേ ഭാവത്തിൽ ആയിരുന്നു ആ നേരവും അമ്മ നിന്നിരുന്നത്…

‘മോളൊന്നു കൊണ്ടും പേടിക്കേണ്ട… ഏട്ടൻ ഇന്നു തന്നെ പോകും… എല്ലാം അങ്ങനെ തന്നെയിരിക്കട്ടെ…’

ഞാൻ മരിച്ചുപോയെന്ന കടലാസ്സു കാണിച്ചാണ് വീട് തന്റെ ഭർത്താവിന്റെ പേരിൽ ആക്കിയതെന്ന് പറഞ്ഞ അവളോട് ഞാൻ പിന്നെ എന്തു പറയാനാണ്. അർഹിക്കാത്ത അവകാശങ്ങളൊന്നും എനിക്ക് വേണ്ട. അളിയൻ വരും മുമ്പേ ഞാൻ അവിടെ നിന്ന് യാത്രയായി.

ഇരുപത് വർഷങ്ങൾക്കു മുമ്പ് ഒരു വാശിപ്പുറത്ത് വീടുവിട്ട് പോയതായിരുന്നു ഞാൻ. രണ്ടു ദിവസത്തെ യാത്രയ്ക്ക് ശേഷം എത്തിപ്പെട്ടത് ഭാഷ പോലും അറിയാത്ത ഒരിടത്ത്. ആംഗ്യങ്ങളിലൂടെയായിരുന്നു തുടർന്നുള്ള ജീവിതം.

പിച്ചയെടുത്തായിരുന്നു തുടക്കം. പതിയെ ഒരു പഞ്ചാബി ദാബയിൽ ജോലിക്ക് കയറി. സമൃദ്ധമായ ഭക്ഷണം മുന്നിൽ കണ്ടാലും ബലമുള്ള റൊട്ടിയും പരിപ്പുകറിയും മാത്രമായിരുന്നു അന്നത്തെ ഭക്ഷണം. എന്നുവെച്ച് അതിന്റെയൊന്നും രുചി ഞാൻ അറിയാതെയിരുന്നിട്ടില്ല. കഴിച്ചവർ മിച്ചം വെക്കുന്നതിൽ നിന്നും എടുത്ത് നിന്നത് ആദ്യകാലത്തെ എന്റെയൊരു ശീലമായിരുന്നു.

ഒരു ജോലി ഏൽപ്പിച്ചാൽ കൃത്യമായി ഞാൻ ചെയ്യും. അതുകൊണ്ട് തന്നെ എനിക്ക് തൊഴിൽ തന്ന മുതലാളിമാർക്കെല്ലാം എന്നെ ഇഷ്ട്ടമായിരുന്നു. പതിയേ ഞാൻ പണം ചേർത്തു വെക്കാൻ തുടങ്ങി. അതിനു വേണ്ടിയാണല്ലോ ഞാൻ നാടുവിട്ടത്..

‘നിന്നെ പോറ്റിയ കാശുണ്ടായിരുന്നെങ്കില് നാല് കാളയെ വാങ്ങായിരുന്നു…’

അന്ന് അച്ഛൻ പറഞ്ഞതാണ്. ഞാൻ അപ്പോൾ പത്തിൽ തോറ്റതിന്റെ സകല ദുഖത്തോടും കൂടി തല കുനിച്ചു നിൽക്കുകയായിരുന്നു. അമ്മയും പെങ്ങളും എല്ലാം കണ്ടും കേട്ടും അരികിൽ തന്നെയുണ്ട്. തോറ്റവർ ഇല്ലാണ്ടായി പോകുന്നത് എപ്പോഴും സ്വന്തങ്ങൾ ആ തോൽവിയെ ചികയുമ്പോഴാണ്. തിന്നുകയും കുടിച്ചതിന്റെയും കണക്ക് കേൾക്കേണ്ടി വന്നയൊരു പതിനാറുകാരൻ അന്നു രാത്രിയിൽ പുറപ്പെട്ടതാണ്. എന്തിനെന്ന് ചോദിച്ചാൽ ; അച്ഛന്റെ കടം വീട്ടാൻ വേണ്ടിയെന്നല്ലാതെ മറ്റെന്താണ് പറയുക!

വർഷങ്ങളോളം കിട്ടുന്ന പണികളെല്ലാം ചെയ്തിട്ടും ഒരു സൈക്കിള് വാങ്ങാനുള്ള പണം പോലും എനിക്ക് ചേർത്തു വെക്കാൻ സാധിച്ചില്ല. ആരോടും അനുമതി വാങ്ങാതെ ആരുമില്ലാത്ത ഇടം നോക്കി കൂടു വെക്കുന്ന കുരുവികളെ കാണുമ്പോൾ എനിക്ക് വല്ലാത്ത അസ്വസ്ഥതയാണ്. അനിവാര്യമായ ഒരു കാര്യം വേണമെന്ന ആഗ്രഹം പോലും എന്നിൽ നിന്ന് എത്രത്തോളം ദൂരത്താണെന്ന് ഞാൻ അറിയുന്നുണ്ടായിരുന്നു. ഞാൻ എത്ര ആഗ്രഹിച്ചാലും ഈ ലോകത്തിന് എന്നെ തീർത്തും വേണ്ടായെന്ന് തോന്നുന്നു…!

ആ ചിന്തയിൽ നിന്നുള്ള ജീവിതം വീണ്ടും എന്നെ അലയിപ്പിച്ചു. എന്തായാലും ജീവിച്ചിരിക്കുന്ന ബന്ധങ്ങൾക്ക് ഞാനൊരു മരിച്ചുപോയ സർട്ടിഫിക്കറ്റാണ്. ഒരു കണക്കിന് അതു തന്നെയാണ് നല്ലത്! കാഴ്ച്ചപ്പാടിൽ തന്നെ ഏറെ മാറ്റം തോന്നുന്നുണ്ട്. യാതൊന്നും നേടാൻ തുനിയാനുള്ള യാതൊരു സിരയും എന്നിൽ ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ഏതോയൊരു വാശിയിൽ നിന്ന് ജീവിതം വ്യതിചലിച്ചു പോയത് ഇങ്ങനെയൊക്കെ ജീവിക്കാനായിരിക്കും…

എനിക്കും ഉണ്ടായിരുന്നുവെന്ന് ഓർത്ത് ദുഖിക്കാനുള്ള ഒരു ചിന്തയെയും സ്വാഗതം ചെയ്യാൻ ഞാൻ ഇനി ഒരുക്കമല്ല. എന്തെങ്കിലുമൊക്കെ സ്വന്തമാക്കിയില്ലെങ്കിൽ ജീവിതമില്ലെന്ന് കരുതുന്ന മനുഷ്യരാണ് ചുറ്റും. അത് അറിഞ്ഞിട്ടും അങ്ങനെ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത്രത്തോളം ഞാൻ വ്യതിചലിച്ചുവെന്ന് തന്നെ പറയാം. നേട്ടങ്ങളെ കുറിച്ച് അറിയാത്തയൊരു മനുഷ്യനോട്‌ നാശത്തിലേക്കാണൊയെന്ന് ചോദിക്കുന്നതിൽ അർത്ഥമില്ലല്ലോ…

അല്ലെങ്കിലും തന്റേതെന്ന് കരുതി എന്തെങ്കിലുമൊക്കെ സ്വരുക്കൂട്ടിയവർക്കു മാത്രമേ ഭൂമിയിൽ നഷ്ടങ്ങൾ ഉണ്ടാകാറുള്ളൂ. ശ്വാസം നിന്നു പോയാൽ മൂടാനുള്ള മണ്ണു പോലും സ്വന്തമാക്കാത്തവർക്ക് എന്ത് ആവലാതികൾ! ഏതെങ്കിലും സർക്കാരാശുപത്രിയിലേക്ക് ആരെങ്കിലും വാരി എത്തിച്ചാൽ അത്രയും ഭാഗ്യം! മോർച്ചറിയിൽ അധികനാൾ വെക്കാൻ കഴിയാത്തത് കൊണ്ട് അധികൃതർ തന്നെ കത്തിക്കുമായിരിക്കും. അല്ലെങ്കിൽ പഠിക്കുന്ന പിള്ളേർക്ക് വെട്ടിക്കീറാൻ കൊടുക്കും. രണ്ടായാലും എനിക്കെന്താണ്! ഞാൻ ജീവിച്ചിരിക്കുന്നില്ലല്ലോ…!!!

Leave a Reply

Your email address will not be published. Required fields are marked *