ആത്മാവും ദൈവവും(ഒരു നുണക്കഥ)
എഴുത്ത്:-രഘു കുന്നുമ്മക്കര പുതുക്കാട്
ദൈവം: “കണ്ണീർക്കടലുകൾ താണ്ടി, ചിതയിലെരിഞ്ഞ് വന്ന ആത്മാവേ,
സ്വർഗ്ഗത്തിലേക്കു സ്വാഗതം”
ആത്മാവ്: “ആരാണു നിങ്ങൾ?
ഞാനെങ്ങനെ ഇവിടെയെത്തി?
വാശിപിടിച്ചു കരഞ്ഞ, എൻ്റെ മോനു കളിപ്പാട്ടം വാങ്ങാൻ ബൈക്കിൽ പോയ ഞാനങ്ങെനെ ഇവിടെയെത്തി?
ഇത്, ഏതാണ് സ്ഥലം?”
ദൈവം: “ഇതു സ്വർഗ്ഗമാണു കുഞ്ഞേ. പാരിജാതങ്ങളും, ദേവദാരുക്കളും, സ്വർണ്ണനദിയും, ഗന്ധർവ്വ യക്ഷ കിന്നരന്മാരും നിൻ്റെ ദൃഷ്ടിയിൽ ഇതുവരേ പതിഞ്ഞില്ലേ?”
ആത്മാവ്: “നേർക്കുനേർ വന്ന ട്രാൻസ്പോർട്ട് ബസ്സിനേക്കുറിച്ചു മാത്രമെ എനിക്കോർമ്മയുള്ളു”
ദൈവം: “നീ, ഭൂമിയിൽ നിന്നും പോന്നിട്ട് പതിനാറു ദിവസങ്ങൾ പൂർത്തി യായിരിക്കുന്നു. ഇന്നായിരുന്നു നിൻ്റെ പുലയടിയന്തിരം. ഇപ്പോൾ, നിൻ്റെ നാട്ടിൽ പാതിരാവാകാറായിരിക്കുന്നു. ഇവിടേയും, ഇപ്പോൾ രാത്രിയാണ്. നീ വിശ്രമിക്കൂ. അപ്സരസ്സുകളെ ആരെയെങ്കിലും നിനക്കു കൂട്ടിനു വേണോ?”
ആത്മാവ്: “എനിക്ക് തനിച്ചുറങ്ങാനാകില്ല. പാതിരാവിൽ, എനിക്കെൻ്റെ പ്രിയപ്പെട്ടവളുടെ അരക്കെട്ടിലേക്ക് കാൽ കയറ്റി വച്ചു കിടക്കണം.
കുഞ്ഞുറങ്ങിയാൽ പിന്നേ…”
ദൈവം: “തിരിച്ചു പോക്കു സാധ്യമല്ല കുഞ്ഞേ”
ആത്മാവ്: “എൻ്റെ പെണ്ണ്. അവളിനി ആർക്കു വേണ്ടി ജീവിക്കും?ആരോടു പിണങ്ങും? ആരുടെ കുന്നായ്മ കേട്ടു ചിരിക്കും??രാത്രികളിൽ, ആരോടു തലയണമന്ത്രമുരുവിടും? ആരുടെ അരക്കെട്ടിലേക്കു കാൽ കയറ്റി വച്ച്, ഉന്മത്തനാക്കും? ഇരുൾപ്പുതപ്പു മാത്രമുടുത്ത്, വിയർപ്പിൽ മുങ്ങും?
ദൈവം: “നിൻ്റെ ചോദ്യങ്ങൾക്കുള്ള മറുപടി, നാളെ രാവിലെ തരാം. നമ്മുടെ ഒരു മുഴുദിനം, അവിടത്തേ പത്തു വർഷമാണ്.?നേരം പുലരുമ്പോൾ, ഭൂമിയിൽ അഞ്ചു വർഷങ്ങൾ കടന്നുപോയിട്ടുണ്ടാകും. നിനക്ക്, രാക്കൂട്ടിന് ഇന്നൊരു ദേവാംഗനയെ ഏർപ്പാടാക്കണൊ?”
ആത്മാവ്: ” വേണ്ട; എൻ്റെ പരിമിതികൾ ദേവാംഗനയ്ക്കറിയില്ലല്ലോ. നാളെ പുലരട്ടെ”
പ്രഭാതം.
ദൈവം: ”ഉറക്കമൊക്കെ സുഖമായിരുന്നോ?”
ആത്മാവ്: ‘”സുഖായിരുന്നു.?എനിക്കെൻ്റെ പെണ്ണിനെ കാണാൻ കൊതിയായി. എവിടെ, അവളുടെ കാഴ്ച്ചകൾ?”
ദൈവം, തിരശ്ശീലയിൽ കാഴ്ച്ചയൊരുക്കി. ഭൂമി.?തൻ്റെ മകനിപ്പോൾ എട്ടു വയസ്സായിരിക്കുന്നു. ഭാര്യയെവിടെ??അവൾ, കട്ടിലിൽ കമിഴ്ന്നു കിടപ്പാണ്.?കയ്യിൽ മൊബൈൽ ഫോണുണ്ട്. ഉടുiപ്പിൽ നിന്നും വിമുക്തി നേടിയ കണങ്കാലുകൾ ആട്ടിയാട്ടിയാണ് കിടപ്പ്. വാട്സ് ആപ്പിനൊന്നും മാറ്റങ്ങൾ ഉണ്ടായിട്ടില്ലല്ലോ.?ആരോടാണ് ഇവൾ രാവിലേ തന്നെ ചാറ്റുന്നത്??ഈശ്വരാ, ഇതാ അരവിന്ദനല്ലേ? തൻ്റെ ഉറ്റ സുഹൃത്ത്. കണങ്കാലുകളുടെ അനക്കം ദ്രുതഗതി യിലാകുന്നു. ചാറ്റു തുടരുന്നു.
ദൈവം: “മതിയോ കാഴ്ച്ചകൾ?”
ആത്മാവ്: “മതിയായി; ദൈവേ, ഒരു കാര്യം ചോദിച്ചോട്ടെ. പകലിൽ, അപ്സരസ്സുകളുടെ സേവനം ലഭ്യമാണോ?”
ദൈവം: “ഇല്ലെടാ, അതു രാത്രി മാത്രം. നിനക്കിപ്പോൾ, ഗന്ധർവ്വസംഗീതം ആസ്വദിക്കാം”
ആത്മാവ്: “അതു വേണ്ടായിരുന്നു”
ദൈവം: ”നീ, വേഗം നിൻ്റെ കാര്യങ്ങളിലേക്കു കടക്കൂ; മറ്റൊരാത്മാവിനെ എതിരേൽക്കാൻ നേരമായി”
ആത്മാവു കാത്തിരുന്നു. സ്വർഗ്ഗത്തിലെ നിശീഥിനികൾക്കായി.