ആലീസാണ് എന്റെ ഏറ്റവും അടുത്ത സുഹൃത്ത്. രണ്ടുപേരുടെ വിവാഹത്തിനു ശേഷവും ഞങ്ങളുടെ സൗഹൃദത്തിന് യാതൊരു മാറ്റവും ഉണ്ടായില്ല. അതിന്റെ പ്രധാന കാരണം…….

_upscale

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

ആലീസാണ് എന്റെ ഏറ്റവും അടുത്ത സുഹൃത്ത്. രണ്ടുപേരുടെ വിവാഹത്തിനു ശേഷവും ഞങ്ങളുടെ സൗഹൃദത്തിന് യാതൊരു മാറ്റവും ഉണ്ടായില്ല. അതിന്റെ പ്രധാന കാരണം ഞങ്ങളും ഞങ്ങളുടെ ഭർത്താക്കൻമ്മാരും ഒരേ നാട്ടുകാരാണെന്നുള്ളതാണ്.

അന്ന് അവളുടെ വീട്ടിൽ നിന്ന് തിരിച്ചുപോകുമ്പോൾ എനിക്കും വേണമൊരു പൂന്തോട്ടം എന്ന ചിന്ത മാത്രമേ എന്റെ തലയിൽ ഉണ്ടായിരുന്നുള്ളൂ.. എത്രമനോഹരമായാണ് ടെറസ്സിൽ അവൾ ചെടികളെ വളർത്തിയിരിക്കുന്നത്. മുറ്റത്തും ധാരാളം ചെടികളുണ്ട്. അത് കണ്ടപ്പോഴൊന്നും എനിക്ക് ഇത്രയ്ക്കും ഇഷ്ട്ടം തോന്നിയില്ല. പക്ഷേ, ഇപ്പോൾ കണ്ണെടുക്കാൻ തോന്നുന്നില്ല!

‘ആലീസ് ഇൻ വണ്ടർലാന്റ് ‘

ടെറസിൽ ഒരുക്കിയിരുന്ന മുല്ല പന്തലിന്റെ തണലിൽ ഇരിക്കുമ്പോൾ ആലീസ് പറഞ്ഞതാണ്. എനിക്ക് അസൂയ തോന്നിപ്പോയി. പേരറിയാത്ത മഞ്ഞ നിറത്തിലുള്ള കുരുവികളേയും ശലഭങ്ങളേയും എത്ര കണ്ടാലും മതിയാകുന്നില്ല. അങ്ങനെ വരുന്ന വിരുന്ന് ചിറകുകൾക്ക് തിന്നാനിട്ട ഗോതമ്പുമണികളുടെ അടുത്ത് കൊത്തിക്കുടിക്കാൻ വെള്ളം വരെ അവൾ വെച്ചുകൊടുത്തിട്ടുണ്ട്. എനിക്കും വേണം അങ്ങനെയൊരു അത്ഭുത ലോകം!

അവളുടേതെന്നത് പോലെ ഒരുനില വീട് തന്നെയാണ് എനിക്കും. സ്വരുക്കൂട്ടി വെച്ച പണത്തിന്റെ പാതി മതിയാകും. എല്ലാം ചിന്തിച്ച് ഉറപ്പിച്ചപ്പോൾ ഞാൻ എന്റെ അനിയനെ വിളിച്ചു. ഫുട്ബോൾ കളിക്കാൻ എവിടേക്കോ പോകുന്ന ചെക്കനോട്‌ വന്നേ പറ്റൂവെന്ന് നിർബന്ധിച്ചു. അടുത്തമാസം കൂട്ടുകാരോടൊപ്പം ടൂറിന് പോകാൻ ഞാനാണ് പണം കൊടുക്കാമെന്ന് ഏറ്റത്. അതുകൊണ്ട് മാത്രം മനസ്സില്ലാ മനസ്സോടെ അവൻ വന്നു.

ആദ്യമൊരു ചെറിയ ലോഡുവണ്ടി വിളിച്ചു. അതിന്റെ പാതിയോളം ചെറുതും വലുതുമായ ചെടികൾ നിറച്ചു. മിച്ചമുള്ള ഇടം ചട്ടികൾക്കും വളത്തിനും വേണ്ടിയാണ്. അങ്ങനെ ആലീസ് ഒരുക്കിയതുപോലൊരു പൂന്തോട്ടം നിർമ്മിക്കാനുള്ള സകലതും ഞാൻ വാങ്ങി. അനിയനെ കൊണ്ട് അടിമയെ പോലെ പണിയെടുപ്പിച്ചു. നിർത്തിയിട്ട് പോകാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു വെങ്കിലും ആ അടിമ പോയില്ല.

എന്റെ അനിയൻ ചെക്കന് കാൽപ്പന്തു കളിയേക്കാളും കൂടുതൽ പ്രാധാന്യം കൂട്ടുകാരുടെ കൂടെ ഊരുചുറ്റാനാണ്. അവനൊരു പറവ തന്നെയാണ്… നിർഭാഗ്യകരമെന്നോണം അത് എന്റെ കൂട്ടിലായിപ്പോയെന്നേയുള്ളൂ.. കാര്യം കഴിയുന്നത് വരെ മാത്രമേ ഈ അനുസരണയുണ്ടാകൂവെന്ന് ഞാൻ പ്രത്യേകം പറയേണ്ടതില്ലല്ലോ…

വൈകുന്നേരം ഭർത്താവ് വന്നപ്പോൾ അതിശയിച്ചുപോയി. നിനക്കിതെന്തു പറ്റിയെന്ന് ചോദിച്ചപ്പോൾ ഞാൻ വെറുതേ ചിരിച്ചു.

‘മുറ്റത്തൊരു തുളസിയുണ്ട്. നീയിതുവരെ കണ്ടിട്ടുണ്ടോ..?’

ആലോചിച്ചപ്പോൾ ശരിയാണ്. ഉണങ്ങിപ്പോയ ചെമ്പരത്തിയുടെ തൊട്ടടുത്ത് ഒരു തുളസിയുണ്ട്. എനിക്ക് അറിയാമല്ലോയെന്ന് ഞാൻ ഗമയിൽ പറഞ്ഞു.

‘ആ.. എന്നാൽ അതിന് രണ്ടുമൂന്ന് ഇലകൾ മാത്രേയുള്ളൂ…’

അതും ശരിയാണ്. വെയിലുകൊണ്ട് അതും ചാകാറായിരിക്കുന്നു. ഈ രണ്ട് ശരികൾ ഒറ്റ ചോദ്യമായി അതിയാൻ എന്നോട് ചോദിച്ചു..

‘മണ്ണിലുള്ള ചെടികളെ നോക്കാൻ പറ്റാത്ത നീയാണോ അത് സിമന്റിൽ പിടിപ്പിക്കാൻ നോക്കുന്നേ…?’

എനിക്ക് ഉത്തരമുണ്ടായിരുന്നില്ല. കളിയാക്കി പറഞ്ഞതാണെങ്കിലും പറഞ്ഞതിൽ കാര്യമുണ്ടെന്ന് എനിക്ക് തോന്നി. പിള്ളേര് സ്കൂളിൽ പോയാൽ പിന്നെ വൈകാതെ എന്റെ പണികളൊക്കെ തീരും. എന്നിട്ടും ഇന്നേവരെ താമസിക്കുന്ന പത്തുസെന്റിന്റെ മുറ്റത്തേക്ക് ഞാൻ വെള്ളം കൊടുത്തിട്ടില്ല. ആ ഞാനാണ് ടെറസ്സിലേക്ക് ജലസേചനം നടത്തേണ്ടത്. ഓർത്തപ്പോൾ ഇതൊക്കെ എന്നെക്കൊണ്ട് പറ്റുമോയെന്ന് ആ നേരം ഞാൻ സംശയിച്ചുപോയി.

‘തുളസി ഉണങ്ങിയത് കണ്ടെങ്കിൽ നിങ്ങൾക്ക് ഒഴിക്കായിരുന്നില്ലേ വെള്ളം..?’

“അതിന് ടെറസ്സില് പൂന്തോട്ടമുണ്ടാക്കാൻ ഞാനല്ലല്ലോ ഇറങ്ങി പുറപ്പെട്ടത്.. ഇതിനൊന്നും നമ്മളെ കൊണ്ട് പറ്റില്ലേ…”

ഞാൻ അത് ചോദിക്കുമെന്ന് മുൻകൂട്ടി അറിയുന്നത് പോലെ അപ്പോൾ തന്നെ അതിയാൻ അതിന് മറുപടി തന്നു. പിന്നെ ഞാൻ ഒന്നും ചിന്തിച്ചില്ല. അനിയനെ വിളിച്ച് രാവിലെ തന്നെ വരാൻ പറഞ്ഞു. തീർച്ചയായും വരും. ടൂറ് പോകുന്നത് വരെ അവൻ എന്റെ അടിമയാണ്.

ഇന്ന് വിളിച്ച ലോഡുവണ്ടി തന്നെ വിളിക്കാം. എല്ലാം ആലീസിന് കൊടുക്കാമെന്ന് വളരേ വേഗതയിൽ എനിക്ക് തീരുമാനിക്കാൻ കഴിഞ്ഞു. അവൾ തന്നെയാണ് അത് അർഹിക്കുന്നത്. മുറ്റം നനച്ച് നനച്ച് വീടിന്റെ മുകളിലേക്ക് പടർത്തിയതാണ് ആലീസ് അവളുടെ ലോകത്തെ. അതിനുള്ള ക്ഷമയും താല്പര്യവും അവളെ പോലെ എനിക്കില്ല.

അല്ലെങ്കിലും, മുറ്റത്തുണ്ടായിരുന്ന മിക്ക വേരുകളേയും കരിയാൻ വെയിലിന് വിട്ടുകൊടുത്തിട്ട് ടെറസ്സിൽ ഞാനെന്ത് അത്ഭുതമാണ് തീർക്കേണ്ടത്! ആദ്യം മണ്ണിൽ ചവിട്ടാം. ശേഷം മാനത്തേക്ക് ചാടാം.. എത്ര ചാടിയാലും വീണ്ടും വന്നുവീഴേണ്ടത് ഈ മണ്ണിൽ തന്നെയാണല്ലോയെന്ന് ഓർത്തപ്പോൾ കണ്ണുകളിൽ ചെറിയൊരു നനവുപോലെ…

‘വേണ്ട… ആലീസിന് യാതൊന്നും കൊടുക്കണ്ട!’

ആത്മഗതത്തിൽ എന്റെ ചുണ്ടുകൾ വിറച്ചു. എന്തുകൊണ്ട് ഈ നിമിഷം മുതൽ എനിക്ക് വേരുകളെ സ്നേഹിച്ചുകൂടായെന്ന് ഞാൻ സ്വയം ചോദിച്ചു. ഒരു കുഞ്ഞിനെ ഗർഭം ധരിച്ച് കരുതലോടെ പേറി നടന്നവളാണ് ഞാൻ. നൊന്ത് പെറ്റവളാണ് ഞാൻ. ആ എനിക്കാണോ എന്റെ വീടിനെ പൂക്കളിൽ പുതപ്പിക്കാൻ പാട്..!

എനിക്ക് വല്ലാത്ത ആത്മവിശ്വാസം തോന്നി. അപ്പോൾ തന്നെ അനിയനെ വിളിച്ച് നാളെ നീ വരണ്ടായെന്ന് ഞാൻ പറഞ്ഞു. അതുകേട്ട അവന്റെ ആഹ്ലാദം പറയാതെ വയ്യ… ചെക്കൻ കരയുകയാണോ ചിരിക്കുകയാണോയെന്ന് എനിക്ക് മനസ്സിലായില്ല. എന്തായാലും ഒരു കാര്യം ഉറപ്പാണ്. ചില തിരിച്ചറിവുകളുടെ സന്തോഷത്തിൽ നിൽക്കുന്ന എന്നിലും കൂടുതൽ ആഹ്ലാദം, അന്ന് എന്റെ അനിയൻ ചെക്കന്റെ ശബ്ദത്തിന് ഉണ്ടായിരുന്നു..!

Leave a Reply

Your email address will not be published. Required fields are marked *