ആ പെൺകുട്ടി ഓമനയെ അമ്മേയെന്ന് വിളിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. അങ്ങനെയൊരു ചിന്ത എന്നിൽ സ്പർശിച്ചതേയില്ലായിരുന്നു. അവൾ വീണ്ടും വിവാഹം കഴിച്ചിരിക്കുന്നു. പ്രസവിച്ചിരിക്കുന്നു. എനിക്കത് വിശ്വസിക്കാനേ ആയില്ല…….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

എന്താണ് പറയുകയെന്ന് പോലും അറിയാതെ ഓമനയെ കാണാൻ ചാ ത്തോ ത്ത് വീട്ടിലെ കതകിൽ ഞാൻ മുട്ടി. തുറന്നതൊരു പെൺകുട്ടിയായിരുന്നു. മുടി രണ്ടും പിന്നിക്കെട്ടി പുഞ്ചിരിച്ചു നിൽക്കുന്നയൊരു കൊച്ചു കുസൃതി.

‘ആരാ…?’

അതുകേട്ടപ്പോൾ ആരായെന്ന് ഞാനും ചോദിച്ചു. അവളെന്നെ കണ്ണുകൾ കൊണ്ട് അടിമുടി അളക്കുകയാണ്. പത്തുവയസ്സൊക്കെ മാത്രമേ പ്രായം തോന്നിക്കൂ.. ഇവിടെ മാറ്റാരുമില്ലേയെന്ന് ആ കുട്ടിയോട് ഞാൻ ആരാഞ്ഞു. ഉണ്ടെന്ന് പറഞ്ഞ് ആ ദേഷ്യക്കാരി കതകടച്ചു. ഞാൻ ആ പടിയിൽ ഇരുന്ന് കുസൃതിയോടെ തനിയേ പുഞ്ചിരിക്കുകയും, ഒരു ബീ ഡി കത്തിച്ച് ഓർമ്മയിലേക്ക് പു കയെടുക്കുകയും ചെയ്തു.

‘എനിക്കൊന്നും കേൾക്കണ്ട. നിങ്ങളെ കാണുകയും വേണ്ട…!’

പതിനേഴ് വർഷങ്ങൾക്ക് മുമ്പുള്ള ഓമനയുടെ ശബ്ദമാണ്. അന്ന് വിവാഹം കഴിഞ്ഞ് ഒരുവർഷം പോലും തികഞ്ഞിട്ടുണ്ടായിരുന്നില്ല. സൗകര്യങ്ങൾ വളരേ കുറഞ്ഞ എന്റെ അന്തരീക്ഷത്തിൽ നിന്നും പ്രേമിച്ചിരിക്കുമ്പോൾ ഉണ്ടായിരുന്ന സുഖമൊന്നും പെണ്ണിന് കിട്ടിയില്ല. വേണ്ടായിരുന്നുവെന്ന് വരെ അവളുടെ തൊണ്ടപൊട്ടി പുറത്തേക്ക് വന്നു. അതിൽപ്പരമൊരു പരാജയം പുരുഷന് വരാനുണ്ടോ! എന്റെ വീടായിരുന്നിട്ടും അന്ന് ഇറങ്ങിപ്പോയതാണ് ഞാൻ. ഇന്ന് മടങ്ങി വന്നിരിക്കുന്നു.

‘ആരാ…?’

പടിയിൽ ഇരുന്നിരുന്ന ഞാൻ തിരിഞ്ഞുനോക്കി. മുടിയിൽ തോർത്ത് മെടഞ്ഞ് തുറന്ന കതകിൽ ഓമന ചാരി നിൽക്കുന്നു. മാക്സിയിൽ പിടിച്ച് ആ കുസൃതിയും കൂടെയുണ്ട്. ആരായെന്ന് എനിക്ക് പറയേണ്ടി വന്നില്ല. മനസ്സിലായെന്ന് അവളുടെ കണ്ണുകൾ പറയുന്നുണ്ട്! അവ നിറയുന്നുണ്ട്! പതിയേ ആ ദേഹം കതകും ചാരി അവിടെയിരുന്നു. ഒരു സാമാന്തര രേഖയിൽ ഞങ്ങളുടെ കണ്ണുകൾ കൂട്ടിമുട്ടി. കഥയറിയാതെ ആ പെൺകുട്ടിയുടെ കുത്തനെയുള്ള കാഴ്ച്ചയിൽ ഞങ്ങൾ മാറിമാറി നിറയുന്നുണ്ടായിരുന്നു.

‘ആരാ അമ്മേയിത്…?’

ആ പെൺകുട്ടി ഓമനയെ അമ്മേയെന്ന് വിളിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. അങ്ങനെയൊരു ചിന്ത എന്നിൽ സ്പർശിച്ചതേയില്ലായിരുന്നു. അവൾ വീണ്ടും വിവാഹം കഴിച്ചിരിക്കുന്നു. പ്രസവിച്ചിരിക്കുന്നു. എനിക്കത് വിശ്വസിക്കാനേ ആയില്ല.

രണ്ടുപേരോടും ചിരിച്ചുകൊണ്ട് ഇരുന്ന പടിയിൽ നിന്ന് എഴുന്നേറ്റ് ഞാൻ പുറത്തേക്ക് നടന്നു. വരേണ്ടിയിരുന്നില്ലായെന്ന് എനിക്ക് വെറുതേ തോന്നിപ്പോയി. ആസ്വദിച്ച് നേരിട്ട ഒറ്റപ്പെടലുകളുടെ തഴമ്പ് പൊട്ടി തല കരയുന്നതു പോലെ…! ആർജ്ജിച്ചെന്ന് കരുതിയ തനിയേയെന്ന ധൈര്യമെല്ലാം ചോർന്നുപോകുന്നത് പോലെ…! നിർത്തിയ ഇടത്ത് നിന്ന് തുടങ്ങാൻ വീണ്ടുമൊരു ജീവിതം പ്രതീക്ഷിച്ചെത്തിയ ഞാൻ നിരാശയോടെ മടങ്ങാൻ തീരുമാനിച്ചു.

കഴിഞ്ഞ മാസമാണ് നാട്ടിലെ പരിചയക്കാരനായിരുന്ന കുമാരനെ ഭൂവനേശ്വരിൽ വെച്ച് വളരേ യാദൃശ്ചികമായി കണ്ടത്. വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടയിൽ ഓമനയെ കുറിച്ചും അയാൾ പറഞ്ഞിരുന്നു. അവൾ നിന്നെയിന്നും കാത്തിരിക്കുന്നുണ്ടെന്ന കുമാരന്റെ ശബ്ദം എന്റെ കാതുകളിൽ ഇപ്പോഴുമുണ്ട്. അവൾക്ക് മറ്റൊരു ജീവിതം ഉണ്ടായെന്നും, അതിലൊരു മകൾ ഉണ്ടെന്നൊന്നും അയാൾ പറഞ്ഞിരുന്നില്ല. എനിക്ക് തിരിച്ച് വരാനുള്ള നിമിത്തമായാണ് കുമാരനെ ഞാൻ കണ്ടിരുന്നത്! പക്ഷേ, ഇതിപ്പോൾ…!

ഓമന ആഗ്രഹിക്കുന്നത് പോലെയൊരു സുഖ ജീവിതത്തിലേക്ക് അവൾ പോയിരിക്കുമെന്ന് എപ്പോഴോ ഞാൻ കരുതിയതാണ്. അങ്ങനെ പോകാൻ കൂടിയാണല്ലോ ഞാൻ വിട്ടുപോയത്. അവൾ മറ്റൊരു ജീവിതത്തിലേക്ക് പോയെന്നത് ദൂരേ നിന്ന് നോക്കുമ്പോൾ സുഖമുണ്ടായിരുന്നു. അതേ കാര്യം അടുത്തെത്തി കതക് മുട്ടി കണ്ടപ്പോൾ സഹിക്കാൻ പറ്റുന്നില്ല. സാരമില്ല. മകൾ ഉൾപ്പെടുന്ന പുതിയ ജീവിതത്തിൽ അവൾ സന്തോഷമായിരിക്കട്ടെ…

‘ആളാകെ മാറിപ്പോയല്ലോ..?’

ബസ്റ്റോപ്പിൽ നിന്നിരുന്നയെന്നെ കൂമനെ പോലെ നോക്കികൊണ്ട് ഒരാൾ ചോദിച്ചു. എത്ര ശ്രദ്ധിച്ചിട്ടും എനിക്ക് ആളെ മനസിലായില്ല. മനസിലാക്കണമെന്ന് നിർബന്ധമില്ലാതെ അയാൾ നടന്ന് പോകുകയും ചെയ്തു. അടുത്ത് നിന്നിരുന്ന ഒരാളാണ് അയാൾക്ക് ഭ്രാന്താണെന്ന് പറഞ്ഞത്. പ്രശ്നക്കാരനൊന്നുമല്ല. ഈ ലോകത്തിലെ എല്ലാ ആൾക്കാരെയും അയാൾക്ക് അറിയാമെന്ന ഒറ്റ കുഴപ്പം മാത്രമേയുള്ളൂ..

ആ കഥ എന്നെ ചിരിപ്പിക്കുകയും അയാളുടെ മാനസികാവസ്ഥയിൽ അസൂയപ്പെടുത്തുകയും ചെയ്തു. എല്ലാവരെയും അറിയാമെന്നുണ്ടെങ്കിൽ ആരേയും അറിയില്ലായെന്ന് തന്നെയാണ് സത്യം. ആരേയും തിരിച്ചറിയാൻ പറ്റാത്ത ആ മനസ്സെനിക്കും ഉണ്ടായിരുന്നുവെങ്കിലെന്ന് വെറുതേ ഞാൻ ആശിച്ചുപോയി.

‘ആകെയുണ്ടായിരുന്നത് കെട്ട്യോളാണ്. ഒരു തമിഴത്തിയായിരുന്നു. ഓള് ദീനം വന്ന് ച ത്തപ്പോൾ തൊട്ട് ഇയാള് ഇങ്ങനെയാണ്. ഇത്തിരിപ്പൊന്ന സ്വന്തം മോളെ പോലും അറിയില്ലായെന്നെ.. കൊ ല്ലം ആറേഴായി..!’

അയാളുടെ ആ കഥാഭാഗം സങ്കടമായിപ്പോയി. ഏതൊരു കാരണത്തിലും ഒരു മനുഷ്യനും അങ്ങനെയൊരു മാനസികാവസ്ഥയൊന്നും വരാൻ ഇടയാകരുത്. ആരുമില്ലാതായി പോകുമ്പോൾ കലഹിക്കുന്ന ഉള്ളിന്റെ പിടച്ചിൽ ആരെക്കാളും കൂടുതൽ എനിക്കറിയാം. കഴിഞ്ഞ കാലമെല്ലാം അത് എന്നിൽ സാക്ഷ്യപ്പെടുത്തിയിരുന്നു.

ബസ്റ്റോപ്പിലെ ഇരുത്തിയിൽ ഇരുന്ന് അയാളുടെ കഥയെന്നോട് പറയുന്ന ആളോട് ആ മോളെവിടെയെന്ന് വെറുതേ ഞാൻ ചോദിച്ചു. അതാ ചാ ത്തോത്തെ ഓമനയുടെ കൂടെയാണെന്ന് നിസ്സാരമായി അയാൾ പറഞ്ഞത് എനിക്ക് കേൾക്കേണ്ടി വന്നു.

‘ആരുടെ കൂടെ…!?’

ഒരു അന്താളിപ്പോടെയാണ് ഞാനത് ചോദിച്ചത്. ചാ ത്തോത്ത് വീട്ടിലെ ഓമനയെന്ന മറുപടി എനിക്ക് വീണ്ടും കേൾക്കണമായിരുന്നു. അയാൾ പറഞ്ഞില്ല. അറിഞ്ഞിട്ട് തനിക്കെന്ത് വേണമെന്ന് ചോദിച്ച് അയാൾ ഒരു കാര്യവുമില്ലാതെ എന്നോട് കയർത്തു. ആ നേരം തന്നെയൊരു ബസ്സ് വന്ന് നിന്നത് കൊണ്ട് വിഷയം വലുതായില്ല. എല്ലാവരും അതിൽ കയറിയിരുന്നു. അപ്പോഴും കതകും ചാരിയിരുന്ന ഓമനയുടെ മുഖവുമായി ഞാൻ ആ ബസ്റ്റോപ്പിന്റെ തറയിൽ അനങ്ങാതെ ഇരിക്കുകയായിരുന്നു. എനിക്കൊന്നും കാണുന്നുണ്ടായിരുന്നില്ല. നനഞ്ഞ കണ്ണുകളിൽ പ്രതീക്ഷകൾ വീണ്ടുമൊരു പളുങ്കുകൾ പോലെ ചിമ്മിയടയുമ്പോൾ മറ്റെന്താണ് ഞാൻ കാണുകയല്ലേ..!!!

Leave a Reply

Your email address will not be published. Required fields are marked *