പനി ഓർമകളിലേക്ക്
Story written by Sajitha Thottanchery
രണ്ടു ദിവസമായി മാറാതെ നിന്ന ജലദോഷം എന്റെ സ്ഥിരം മരുന്നുകൾ ആയ ചുക്കുകാപ്പിയിൽ മാത്രം ഒതുങ്ങില്ലെന്നു അന്ന് കാലത്ത് ഓഫീസിലേക്ക് ഇറങ്ങുന്നതിനിടയിൽ എനിക്ക് തോന്നിയിരുന്നു. അത് കൊണ്ട് തന്നെ അന്ന് കാലത്ത് ഒരു dolo കൂടി അകത്താക്കിയാണ് ഇറങ്ങിയത്. ഉച്ചയാകും തോറും പന്തികേട് മണത്തിരുന്നു. ഉച്ച ഭക്ഷണത്തിനു ഇറങ്ങുമ്പോൾ ഓഫീസിലെ പലരും കണ്ണൊക്കെ എന്തോ പോലെ ഉണ്ടെന്ന് പറഞ്ഞിരുന്നു. ഭക്ഷണം കഴിച്ചു ഒരു ഗുളിക കൂടി അകത്താക്കി വീണ്ടും ഓഫീസിലേക്ക് തിരിച്ചു. നടക്കുന്നതിനിടയിൽ സാധാരണ പനിക്ക് മുന്നേ ആയി വരുന്ന ബുദ്ധിമുട്ടുകൾ എനിക്ക് അനുഭവപ്പെടാൻ തുടങ്ങി. ഇനിയും ഇരുന്നാൽ നടന്നു വീട്ടിലേക്ക് പോകാൻ ആവില്ലെന്ന് ഉറപ്പാക്കിയ ഞാൻ ഹാഫ് ഡേ ലീവും എടുത്ത് വീട്ടിലേക്ക് പോന്നു. പൊതുവെ വല്ലപ്പോഴും ആണ് ഈ പനി എന്നെ തിരിഞ്ഞു നോക്കാറുള്ളു. പക്ഷേ അത്ര നാളും വരാത്ത എല്ലാ വിഷമവും തീർത്തെ അത് യാത്ര പറയാറുള്ളൂ.
2019 ൽ കൊച്ചിയിൽ വന്ന സമയത്ത് വന്ന വിരുന്നുകാരൻ നാലു വർഷങ്ങൾക്ക് ഇപ്പുറം അത്രയും നാളത്തെ പരിഭവം മുഴുവൻ തീർത്തു എന്നെ സ്നേഹിച്ചു കൊണ്ടിരുന്നു. ഒരു ഗുളിക കൂടി കഴിച്ചത് കൊണ്ടോ അതോ പനിയുടെ ശക്തി കൊണ്ടോ ഞാൻ ഫോൺ മോളെ ഏല്പിച്ചു അറിയുന്നവർ വിളിച്ചാൽ എടുത്തേക്ക്, എന്നെ വിളിക്കണ്ട എന്ന് പറഞ്ഞു കിടന്നു. പുറത്ത് തകർത്ത് പെയ്യുന്ന മഴയുടെ താളം പതിയെ കേൾക്കാതെ ആയി.
അമ്മയെ ഓർക്കാൻ പ്രത്യേക സമയം ഒന്നും ഇല്ലെങ്കിലും ഏതൊരാളെയും പോലെ വയ്യാതായാൽ മനസ്സിൽ ഓടി വരുന്നത് അമ്മ തന്നെയാണ്. വൈകുന്നേരം പണി കഴിഞ്ഞു വിയർത്തു ഒലിച്ചു വരുമ്പോൾ കുഞ്ഞുമോൾക്ക് പനിയാടീ എന്ന് പറയാൻ മുത്തച്ഛൻ പടിക്കൽ കാവൽ ഉണ്ടാകും. വീട്ടിലെ ഇളയസന്താനം ആയതിനാലും കുറച്ചു തലപൊക്കാൻ ആകുമെങ്കിൽ എവിടേം കിടക്കാതെ എല്ലാരേം ചൊറിഞ്ഞു വഴക്കടിച്ചു നടക്കുന്നത് കൊണ്ടും എനിക്ക് വയ്യാതായാൽ വീട് ഉറങ്ങിയ പോലെ ആണെന്ന് മുത്തച്ചനും അമ്മുമ്മയും പറയും. കാലത്തു പോകുമ്പോഴേ ഞാൻ കരുതിയിരുന്നു, കുളിപ്പിച്ചപ്പോൾ എനിക്ക് തോന്നി, എന്നൊക്കെ അമ്മ പറയുന്നത് കിടന്ന കിടപ്പിൽ ഞാൻ കേൾക്കാറുണ്ട്. ഈ അമ്മമാർക്ക് അങ്ങനെ ഒരു കഴിവ് ഉണ്ടെന്ന് ഞാൻ ഒരു അമ്മ ആയപ്പോൾ എനിക്ക് അനുഭവപ്പെട്ടതുമാണ് . അമ്മ വന്നു അകത്തു കയറി ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാതെ ആ സന്ധ്യക്ക് ഒരു പോക്കാണ്. അച്ഛൻ ഇല്ലാത്തതിനാലും വീട്ടിലെ ഫിനാൻസ് കൺട്രോളർ അമ്മ ആയതിനാലും ഇന്നത്തെ പോലെ അപ്പോഴേ കാര്യങ്ങൾ വിളിച്ചു പറയാൻ ഉള്ള സൗകര്യങ്ങൾ ഇല്ലാത്തതിനാലും അമ്മ വന്നേ പോകാൻ പറ്റു.
എനിക്ക് വയ്യാതാകുന്ന സമയത്ത് അച്ഛൻ എങ്ങനെ ആണ് എന്ന് എനിക്ക് ഓർമ ഇല്ല. ഏഴ് വയസ്സിനിടയിൽ അച്ഛൻ നാട്ടിൽ ഉള്ളപ്പോൾ എനിക്ക് വയ്യാതെ ആയിട്ടില്ലെന്ന് തോന്നുന്നു. ഇനി അറിഞ്ഞാൽ തന്നെ അമ്മയുടെ കത്തിനു മറുപടി വരുമ്പോഴേക്കും ഞാൻ പനിയും മാറി എന്റെ വഴിക്ക് പോയിട്ടുണ്ടാകും.അത് കൊണ്ട് അമ്മ തന്നെയാണ് എന്റെ ഏറ്റവും വലിയ ഡോക്ടർ. അതിനേക്കാൾ മുൻപ് നാട്ടിലെ മെഡിക്കൽ ഷോപ്പിൽ ജോലിക്ക് പോകുന്ന വിജയേട്ടന്റെ വീട്ടിൽ പോയി ഒരു ഗുളിക ഒക്കെ ചെന്നിട്ടുണ്ടാകും. എന്നാലും അമ്മയ്ക്ക് പേടിയാണ്. രാത്രി വയ്യാതായാലോ എന്നും പറഞ്ഞു എന്നേം വലിച്ചു മണ്ണുത്തിയിൽ ബേബി ഡോക്ടറുടെ അടുത്ത് പോകും. ആ പുള്ളിയുടെ മരുന്ന് കഴിച്ചാൽ തല പൊന്തില്ലെന്ന് പലരും പറയുമെങ്കിലും എനിക്ക് തൊലിക്കട്ടി കൂടിയതിനാലാകും എന്റെ അസുഖം മാറാൻ അവിടെ തന്നെ എത്തണം. നിനക്ക് എന്ത് പറ്റിയെടീ എന്ന് ചോദിച്ചു കണ്ണൊക്കെ പിടിച്ചു നോക്കി പുള്ളി ഒന്ന് പരിശോധിച്ചാൽ ഞാൻ ok ആണ്. കുഴപ്പമില്ല എന്ന് പറയുമ്പോൾ അമ്മയും ok ആകുന്നത് ഓർക്കുന്നു. പിന്നെ വീട്ടിൽ വന്നു കിടന്നാൽ ആള് വീതം വന്നു തൊട്ടു നോക്കലാണ്. മാറിയോ, കഞ്ഞി വേണോ, വെള്ളം വേണോ എന്നൊക്കെ ഉള്ള ചോദ്യങ്ങൾ പനിയുടെ കാഡിന്യം കൊണ്ട് എല്ലാവരും എന്നെ അലോസര പ്പെടുത്താറുണ്ട്. മിണ്ടാതെ കിടന്നാൽ പിന്നേം ചോദിക്കുന്നത് കൊണ്ട്, ദേഷ്യത്തോടെ എന്തെങ്കിലും പറഞ്ഞു ഞാൻ തിരിഞ്ഞു കിടക്കുമായിരുന്നു. ആ ചോദ്യങ്ങൾ ഓരോന്നായി മറവിയിലേക്ക് മാഞ്ഞപ്പോൾ അവസാനം അമ്മ മാത്രം ബാക്കിയായി. എട്ടാം ക്ലാസ്സ് മുതൽ വയ്യാതായാൽ ഒന്ന് തൊട്ടു നോക്കട്ടെ എന്ന് പറഞ്ഞു നടക്കാൻ വയ്യാത്ത അമ്മ അടുത്തേക്ക് വിളിക്കുമ്പോഴും ദേഷ്യപ്പെടുന്ന എന്നെ ഞാൻ ഓർക്കുന്നു. അതിനു ഇപ്പൊ അതിന്റെ ഡബിൾ ആയി എന്റെ പുത്രിയുടെ കയ്യിൽ നിന്ന് എനിക്കും കിട്ടാറുണ്ട്. അവൾക്ക് വയ്യാതായാൽ എന്റെ അമ്മയേക്കാൾ ഒരുപടി മുന്നിൽ തന്നെ ആണ് ഞാൻ. എണീറ്റ് വരുന്ന വരെ ഇടക്കിടെ പോയി തൊട്ട് നോക്കും. ദേഷ്യപ്പെടുമ്പോൾ അമ്മ പറയാറുള്ള അതെ വാക്കുകൾ തന്നെ പറയും. ഇല്ലാതാകുമ്പോൾ അറിയാമെന്ന്.
സത്യമാണ്……. അറിയുന്നുണ്ട് ഒരുപാട്….. ഒരു പെൺകുട്ടിക്ക് ഏറ്റവും പ്രധാനപ്പെട്ട സമയത്ത് തന്നെ ശൂന്യമാക്കപ്പെട്ട ആ സ്ഥാനം, അത് വേറെ ആർക്കും റീപ്ലേസ് ചെയ്യപ്പെടാൻ ആവില്ലെന്ന് ഒരുപാട് തിരിച്ചറിഞ്ഞിട്ടുണ്ട് .അവിടം ശൂന്യമായതിനു ശേഷം എനിക്ക് ഇഷ്ടങ്ങൾ ഉണ്ടായിട്ടില്ല. ആഗ്രഹങ്ങൾ ഉണ്ടായിട്ടില്ല. എന്ത് കൊണ്ടോ 14 വയസ്സിൽ ഞാൻ ഒരുപാട് മാറിപോയിരുന്നു. സ്വന്തം അഭിപ്രായങ്ങൾ പറയാൻ ധൈര്യമില്ലാത്ത ഒരു എന്നെ ആയിരുന്നു തിരിഞ്ഞു നോക്കുമ്പോൾ ഞാൻ കണ്ടത്. അവിടന്ന് എനിക്ക് എന്നെ തിരിച്ചു പിടിക്കാൻ നഷ്ടപ്പെട്ടത് നീണ്ട 17 വർഷങ്ങളാണ്.അമ്മ മരിച്ച രണ്ടാം ദിവസം എനിക്ക് കൂട്ടായി വന്ന പനിയിൽ കണ്ട അതെ പോലെ തന്നെ എപ്പോൾ വയ്യാതായാലും ഞാൻ എന്റെ അമ്മയെ സ്വപ്നം കാണാറുണ്ട്. കരിനീലയിൽ വെള്ള പൂക്കളുള്ള സാരിയുടുത്തു, കുറവുണ്ടോ എന്ന് തൊട്ടുനോക്കുന്ന അമ്മയെ. വയ്യാതാകുമ്പോൾ ഞാൻ കാണുന്ന സ്വപ്നങ്ങളിൽ എപ്പോഴും എന്റെ പഴയ ഓടിട്ട ആ വീടാണ് ബാക്ക്ഗ്രൗണ്ട്. വർഷങ്ങൾക്കിപ്പുറവും എന്റെ മനസ്സ് അവിടന്ന് തിരിച്ചു പോന്നിട്ടില്ല എന്നതിന്റെ തെളിവായിരിക്കാം അത്.ഇപ്രാവശ്യം ആ സ്വപ്നം കണ്ടു ഞെട്ടി ഉണർന്നപ്പോൾ അടുത്ത് കീത്തു ( മകൾ ) ആണ്.