എടാ…  നീയിങ്ങനെ വീട്, വീട്ടുകാര് എന്നൊക്കെ പറഞ്ഞു നടന്നോ.. കണ്ടില്ലേ… ഒരു പണിക്കും പോയാത്ത നിന്റ അനിയൻ എവിടെനിന്നോ ഒരു പെണ്ണിനേം. വിളിച്ചിറക്കി കൊണ്ടുവന്ന് നിന്റ ചിലവിൽ സുഖിക്കുന്നു……

എഴുത്ത്:- മഹാ ദേവന്‍

വര്ഷങ്ങളുടെ പ്രവാസജീവിതം ഉപേക്ഷിച്ചു നാട്ടിൽ എത്തുമ്പോൾ എല്ലാവരുടെയും മനസ്സിൽ സങ്കടമായിരുന്നു.

“നീ ഇനി പോകുന്നില്ലേ “എന്ന് ചോദിക്കുന്ന അമ്മയുടെ മുഖത്തു കണ്ടത് നീരസമായിരുന്നു.

” ഇല്ല അമ്മേ…മടുത്തു. ഇനി ഉള്ളത് കൊണ്ട് എന്തേലുമൊക്കെ ചെയ്യണം.

അല്ലെങ്കിൽ തന്നെ എത്രയെന്നു വെച്ചാ ങ്ങനെ കിടന്ന് കഷ്ടപ്പെടുന്നത്. കിടക്കാൻ വീടുണ്ടല്ലോ..  അധ്വാനിക്കാൻ കഴിയുമെങ്കിൽ ഭക്ഷണത്തിനും ഒരു കുറവ് ഉണ്ടാകില്ല.  പിന്നെ എന്തിനാ അമ്മക്കിത്ര നീരസം “

ചോദിച്ചത് പുഞ്ചിരിയോടെ ആയിരുന്നെങ്കിലും മനസ്സിൽ ഒരു നീറ്റൽ ആയിരുന്നു.


“ആ.. നീ എന്തേലും കാണിക്ക്… ” എന്നും പറഞ്ഞ് അകത്തേക്ക് പോകുന്ന അമ്മയെ വിഷമത്തോടെ നോക്കി നിൽക്കാനേ  കഴിഞ്ഞുള്ളൂ.

“ടാ, നിനക്ക് പെണ്ണ് ഒന്നും കെട്ടാൻ ഉദ്ദേശമില്ലേ “എന്ന് കൂട്ടുകാരുടെ ചോദ്യത്തിന്  ” ഇനി ഈ പ്രായത്തിൽ ആര് പെണ്ണ് തരാൻ ആണെടാ ” എന്ന് കൈ മലർത്തി കാണിക്കുമ്പോൾ “അതും ശരിയാ “എന്നും പറഞ്ഞവരും പൊട്ടിച്ചിരിച്ചു.

അതൊരു കളിയാക്കൽ കൂടെ ആണെന്ന് മനസ്സിലായെങ്കിലും അവരോടൊപ്പം ഒരു ചിരികൊണ്ട് മനസ്സിനെ നിയന്ദ്രിച്ചു.

”  എടാ…  നീയിങ്ങനെ വീട്, വീട്ടുകാര് എന്നൊക്കെ പറഞ്ഞു നടന്നോ.. കണ്ടില്ലേ… ഒരു പണിക്കും പോയാത്ത നിന്റ അനിയൻ എവിടെനിന്നോ ഒരു പെണ്ണിനേം. വിളിച്ചിറക്കി കൊണ്ടുവന്ന് നിന്റ ചിലവിൽ സുഖിക്കുന്നു.

പിന്നെ പെങ്ങളും അളിയനും… നീ ഗൾഫിൽ പോയതുകൊണ്ട് സ്വന്തമായി ചെറിയൊരു തുണിക്കടയും തുടങ്ങി  നല്ല അടിപൊളിയായി ജീവിക്കുന്നു. നീയോ… ഇവരൊക്കെ ഉണ്ടോ ഉറങ്ങിയോ എന്നും തിരക്കി നിന്റ ജീവിതം പാഴാക്കുന്നു. ഇനിയെങ്കിലും  നീ ഒന്ന് നിനക്ക് വേണ്ടി ജീവിക്ക്. പെണ്ണൊക്കെ സെറ്റ് ആകും.  നിനക്കും വേണ്ടെടാ കുട്ടിയും കുടുംബവും “

കൂട്ടുകാരന്റെ വാക്കുകൾക്ക് വെറുതെ തലയാട്ടുമ്പോൾ  മനസ്സിൽ ഒരു കുടുംബം  ആഗ്രഹിക്കുന്നുണ്ടായിരുന്നു.

പക്ഷേ…..

അന്ന് രാത്രി വീട്ടിലെത്തുമ്പോൾ ഹാളിൽ തന്നെ ഉണ്ടായിരുന്നു എല്ലാവരും.
അളിയനും പെങ്ങളും അനിയനും അമ്മയുമെല്ലാം ഇരിക്കുന്നത് കണ്ടപ്പോൾ എല്ലാവരെയും നോക്കി പുഞ്ചിരിച്ചു.

“ആഹ്.. അളിയൻ വന്നോ… ദേ, അളിയനെ ഫോണിൽ വിളിക്കാൻ തുടങ്ങുവായിരുന്നു ഞാൻ ”  എന്നും പറഞ്ഞ് അളിയൻ ചിരിക്കുമ്പോൾ ഒന്ന് തലയാട്ടി.

“അപ്പൊ എല്ലാവരും വന്ന സ്ഥിതിക്ക് കാര്യം പറയാം..  “

അമ്മയാണ് പറഞ്ഞ് തുടങ്ങിയത്.

“എനിക്ക് വയസ്സായി.. ഇനി എത്ര കാലം. ണ്ടാകുമെന്ന് ഒന്നും എനിക്ക് അറിയില്ല.. അതുകൊണ്ട് ഉള്ള തൊക്കെ എല്ലാവർക്കും കൂടെ വീതിച്ചു നൽകാം… 

നമുക്ക് ഉള്ളതൊക്കെ നാലായി ഭാഗിക്കാം.   എന്റെ ഓഹരി എന്റെ പിറ്റേക്കാലം എന്നെ നോക്കുന്ന ആൾക്ക്. അങ്ങനെ വെക്കുവല്ലേ.? “

എല്ലാവരും സമ്മതം പറഞ്ഞപ്പോൾ ന്തോ ഒന്നും പറയാൻ തോന്നിയില്ല ആ നിമിഷം.

”  അറിയാലോ, ആവുന്ന കാലത്ത് അച്ഛന്റെ സ്വാതെന്ന് പറയാൻ ആകെ ഉണ്ടായിരുന്നത് അഞ്ചു സെന്റ്‌ സ്ഥലവും  ഒരു ചെറിയ വീടും ആയിരുന്നു.  പിന്നെ ഞാൻ ഒരുപാട് കഷ്ടപ്പെട്ട് ആണ് നിങ്ങളെ ഒക്കെ ഇതുവരെ എത്തിച്ചതും ഇതൊക്കെ ങ്ങനെ ആക്കിയതും.

അച്ഛന്റെ അവകാശം എല്ലാ മക്കൾക്കും ഉള്ളതാണ്. ഈ വീടിരിക്കുന്ന സ്ഥലം ആണ്.  അത് ചെറിയ മകനായ ഇവന് കൊടുക്കാം…

ഇവനാണെങ്കിൽ ഇപ്പഴും ഒരു കരയ്ക്ക് എത്തിയിട്ടില്ല..  “

പിന്നെ എന്റെ പേരിലുള്ള ടൌണിലെ പറമ്പ് മോൾക്കും ഇരിക്കട്ടെ.
പിന്നെ നിനക്ക്… “

അമ്മയുടെ ഭാഗം വെപ്പ് കേട്ടപ്പോൾ ഉള്ളിലൊരു ചിരി ആയിരുന്നു എന്നിൽ.

അമ്മ പറയുന്ന കുടുംബസ്വത്ത്‌ അഞ്ചു സെന്റിൽ നിന്ന് പതിനഞ്ചു സെന്റ് ആക്കിയതും അതിലൊരു വീട് വെച്ചതും താനാണ്… ടൗണിലെ സ്ഥലം അമ്മയുടെ പേരിൽ വാങ്ങുമ്പോൾ പലരും പറഞ്ഞതാണ്  അത് വേണ്ട, നിന്റ പേരിൽ ന്തേലും വാങ്ങിക്ക് എന്ന്.

ആ സ്ഥലം പെങ്ങൾക്കും… ഇനി ഉള്ളത്  ഒരു കടമുറിയാണ്….

അത് അമ്മയ്ക്ക് ഉള്ളതാണെന്ന് പറയാതെ തന്നെ അറിയാവുന്നത് കൊണ്ട് പതിയെ എഴുനേറ്റു..

“അല്ല, നീയൊന്നും പറഞ്ഞില്ലാലോ…. ഇതൊക്കെ ഇവർക്ക് കൊടുക്കുന്നതിൽ നിനക്ക് എതിർപ്പ് ഇല്ലെന്ന് അറിയാം… കുറെ കാലമായില്ലേ ഗൾഫിൽ.. കൈയിൽ കുറെ ഉണ്ടാകുമെന്ന് അറിയാം… അതുകൊണ്ട് നിനക്ക് ഇതുപോലെ ഇനിയും ഉണ്ടാക്കാലോ…  “

അമ്മ എത്ര നിസ്സാരമായാണ് പറഞ്ഞത്.. ഇനിയും ഉണ്ടാകാലോ എന്ന്…. കയ്യിൽ. കുറെ ഉണ്ടെന്ന്…  കുറെ കാലമായി ഗൾഫിൽ കിടന്ന് ഉണ്ടാക്കിയതാണ് ഈ വീതം വെച്ചത് എന്ന് അറിയാത്തതാണോ…. 

” അമ്മയല്ലേ തീരുമാനിക്കേണ്ടത്…. അതുപോലെ…. “

കൂടുതൽ ഒന്നും പറയാൻ നിന്നില്ല…

അനിയന്റെ മുഖത്ത്‌ വല്ലാത്ത സന്തോഷം… അമ്മയുടെയും….

” അളിയൻ ഒന്ന് നിന്നെ… ഒന്നും പറയാതെ പോയാൽ എങ്ങനാ…. “

പെങ്ങടെ കെട്ടിയോൻ ഇടയ്ക്ക് കേറി നിന്നപ്പോൾ ഞാൻ തിരിഞ്ഞു.

”   ഇവിടെ അമ്മ പറഞ്ഞത് ആളിയൻ കേട്ടതല്ലേ.. എന്നിട്ട് ഒന്നും പറയാനില്ലേ? “

ചോദ്യം കേട്ടപ്പോൾ പുഞ്ചിരിച്ചു.

” എല്ലാവരുടെയും സന്തോഷം അല്ലെ അളിയാ എന്റേം സന്തോഷം, പ്രവാസം അത്ര പ്രയാസം ഒന്നുമല്ലന്നേ…. “

അത് പറയുമ്പോൾ. ചങ്ക് ഒന്ന് ഇടറി.

എന്നാ എന്റെ വാ അടപ്പിച്ചുകൊണ്ട് ആയിരുന്നു അളിയൻ സംസാരിച്ചത്.

” അപ്പൊ ഇവിടുത്തെ മൂത്ത മകന് പറയാനുള്ളത് ഞാൻ അങ്ങ് പറയാം..

അമ്മയോടാണ്….. ശരിക്കും നിങ്ങളൊരു അമ്മയാണോ?   ഒരു മകനെ ഊറ്റി ഊറ്റി  ഒരു പണിക്കും പോവാത്ത  മറ്റൊരു മകനെ ഊട്ടുന്നു. ഒരുത്തൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതൊക്കെ  സ്വന്തം പേരിലാണെന്നത് കൊണ്ട് അത് മറ്റുള്ള മക്കൾക്ക് നൽകുന്നു. എലാം ഉണ്ടാക്കിയവൻ നിങ്ങൾക്ക് വെറും വട്ടപ്പൂജ്യം.. 

ദേ, ഇരിക്കുന്നു ഒരുത്തൻ… ഒരു പണിക്കും പോവാതെ  ഒരു പെണ്ണിനേം. കെട്ടിക്കൊണ്ടുവന്ന്  അവളുടെ അ iടിവ സ്ത്രത്തിന് വരെ ഏട്ടന് ഗൾഫിൽ നിന്ന് അയക്കുന്ന കാശ് കാത്തിരിക്കുന്ന ഒരു അiലവലാതി..അവനെ പറഞ്ഞിട്ട് കാര്യമില്ല… ഗൾഫിൽ നിന്ന് കാശ് വരുന്നതിന് മുന്നേ ഈ ഇരിക്കുന്നവന്റെ അണ്ണാക്കിലേക്ക് തിരിക്കിക്കൊടുക്കാൻ നിങ്ങളെ പോലെ ഉള്ള അമ്മമാർ ഉള്ളപ്പോൾ ഇവനൊക്കെ ങ്ങനെ ജീവിക്കൂ…

എന്നിട്ട് അവസാനം  പണിക്ക് പോവാത്തവന് ബംഗ്ലാവ്..  കഷ്ടപ്പെട്ട് അതുണ്ടാക്കിയവൻ പടിക്ക് പുറത്ത്.

ന്തായാലും അളിയൻ ഒന്നും പറയാത്തത് കൊണ്ട് ഞാൻ ഒന്ന് തീരുമാനിച്ചു. എന്റെ ഭാര്യയ്ക്ക് നിങ്ങടെ സ്വത്ത്‌ വേണ്ട…  അതും കൂടെ നിങ്ങൾ നിങ്ങടെ  ഇളയ സന്താനത്തിന് കൊടുത്തോ.. പക്ഷേ,  അച്ഛന്റ് പേരിലുള്ള ഈ കുടുംബസ്വത്ത്‌.. അത് ഇവനെ കൊടുക്കാൻ സമ്മതിക്കില്ല.. അതെന്തായാലും അമ്മയ്ക്ക് ഒറ്റയ്ക്ക് തീരുമാനിക്കാൻ പറ്റില്ലല്ലോ.  അങ്ങനെ നിങ്ങള് രണ്ട് പേരും കൈ നനയാതെ മീൻ പിടിക്കേണ്ട.. കേട്ടല്ലോ… 

അപ്പൊ ഭാഗം വെപ്പ് അമ്മടെ സ്വത്ത്‌ മാത്രം.. കുടുംമ്പസ്വത്ത്‌  അവിടെ കിടക്കട്ടെ…

പിന്നെ കുഞ്ഞളിയനോട്…..

നാളെ മുതൽ  വല്ല പണിക്കും പോയാ നിനക്ക് കൊള്ളാം… അല്ലെങ്കിൽ കെട്ടിയ പെണ്ണ് ഇട്ടെറിഞ്ഞു പോകും…  മറക്കണ്ട…. “

അളിയൻ അത്രയും പറയുമ്പോൾ  ന്തോ വല്ലാതെ കണ്ണ് നിറഞ്ഞൊഴുതി… തന്നെ മനസ്സിലാക്കുന്ന ഒരാളെ കണ്ട സന്തോഷം….

ആരുമില്ലെന്ന് തോന്നിയിടത്തു വീണു പോകാതെ പിടിക്കാൻ ഒരു കൈ മുന്നിൽ ഉണ്ടെന്ന തോന്നൽ…!!!

Leave a Reply

Your email address will not be published. Required fields are marked *