സമാധാനത്തിൻറെ പുലരികൾ
Story written by Sony P Asokan
എൻറെ മുറിയിലെ ഫാനിന്റെ ഒച്ച നിന്നതറിഞ്ഞാണ് ഞാനന്ന് എഴുന്നേറ്റത്.. ശെടാ..കറണ്ട് പോയതാണോ..
ഫാനിന്റെ ഒച്ചയില്ലാതെ ഉറങ്ങാൻ കഴിയാതെ ഞാൻ എഴുന്നേറ്റിരുന്നു..
പുറത്തു വന്നപ്പോൾ കറണ്ടുണ്ട്.. ഇതാരാ എൻറെ മുറിയിലെ മാത്രം ഫാൻ ഓഫായാക്കിയതെന്ന് അന്തം വിട്ടുനിൽക്കുമ്പോഴാണ് ബ്രഷും കടിച്ചുപിടിച്ചുകൊണ്ട് എൻറെ അച്ഛൻ…
പ്ലസ് ടു പരീക്ഷ ഇന്നലെ കഴിഞ്ഞതാണല്ലോ.. പിന്നെന്തിനാ ഇന്നെൻറെ ഉറക്കം കളയുന്നെ.. എനിക്ക് നല്ല സങ്കടമായി..
ഇനി കിടന്നാലും ഉറക്കം വരില്ലെന്ന് അറിയാവുന്നതുകൊണ്ട് ഞാനൊന്നും മിണ്ടാതെ പല്ലുതേക്കാൻ നടന്നു.. എന്നാലും ഞാനെന്തൊക്കെയോ നല്ല സ്വപ്‌നങ്ങൾ കണ്ടു വരുവായിരുന്നു.. നശിപ്പിച്ചു…
ഇതെൻറെ അച്ഛൻറെ സ്ഥിരം പതിവാണ്.. കക്ഷി രാവിലെ വീട്ടിലുണ്ടേൽപിന്നെ എന്നെ ഉറങ്ങാൻ സമ്മതിക്കില്ലാ.. ചോദിച്ചാൽ പറയും, “പെൺകുട്ടിയല്ലേ നീ, രാവിലെ അമ്മയെ സഹായിച്ചൂടെ..” എന്ന്.. അതും കേട്ട് ഞാൻ സഹായിക്കാമെന്നുകരുതി പോയാലോ, അപ്പോൾ പറയും, “അയ്യേ…നീയെന്താ പെൺപിള്ളേരെ പോലെ അടുക്കളയിൽ..? വാ.. ഇതൊന്നും നിനക്കു സെറ്റാവൂലാ..” എന്ന് പറഞ്ഞു വല്ല തെങ്ങിനു തടമെടുക്കാനോ, അച്ഛൻറെ ബൈക്ക് കഴുകാനോ ഫിഷ് ടാങ്ക് കഴുകാനോ ഒക്കെ ഒരു കൊത്തൻറെ കയ്യാളെന്നവണ്ണം എന്നെ ഉപയോഗിക്കും… എനിക്കും ഇതൊക്കെ ശീലമായി എന്ന് പറയാം..
അന്നും പതിവുപോലെ എന്നെക്കൊണ്ട് അച്ഛന്റെ ഒരു ലോഡ് മുണ്ട് കളർ ചെയ്യിച്ചു.. മൂന്നാല് മരം നടീച്ചു..
വീണ്ടും രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ എങ്ങനെയും രാവിലെ താമസിച്ചെണീക്കണമെന്ന ചിന്ത മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ..
എൻറെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് രാവിലെ കോഴി കൂകും മുൻപ് എൻറെ റൂമിലെ ഫാൻ ഓഫായി.. ഇതങ്ങനെ വിട്ടാൽ പറ്റില്ലല്ലോ.. ഞാൻ കണ്ണുമൂടി പിന്നെയും കിടന്നു.. ടിക്.. ഒച്ചകേട്ട് കണ്ണുതുറന്നതും റൂമിൽ പകൽപോലെ വെളിച്ചം..അച്ഛൻ ലൈറ്റ് ഓണാക്കി കടന്നിരിക്കുന്നു… ശോ…ഈ അച്ഛൻ…!
അങ്ങനെയൊന്നും ഞാൻ തോറ്റുകൊടുക്കില്ല.. പിറ്റേന്ന് വീണ്ടും അത് തന്നെ സംഭവിച്ചു.. ഫാൻ ഓഫ്.. ലൈറ്റ് ഓൺ… ഈശ്വരാ…!
അടുത്ത ദിവസവും ഇത് തുടർന്നപ്പോൾ രണ്ടുംകൽപ്പിച്ചു ഞാൻ പിന്നെയും കിടന്നു… 5 മിനിറ്റു കഴിഞ്ഞതും ‘പോക്കിരി പൊങ്കൽ പോക്കിരി പൊങ്കൽ… ആടുങ്കടാ എന്ന സുത്തി…’ വീടുമുഴുവൻ കുലുക്കുന്നു… ടി വി യും അച്ഛനൊപ്പം എന്നെ തോൽപ്പിച്ചു… എൻറെ ഉറക്കം പിന്നെയും പോയല്ലോ ദൈവമേ…
പിന്നെയുള്ള ദിവസങ്ങളിൽ എൻറെ ഗൂഢാലോചന അച്ഛനെ രാവിലെ എങ്ങനെ ഒഴിവാക്കാമെന്നായി.. മുറി അകത്തുനിന്ന് ലോക്ക് ചെയ്‌താലോ..
രാത്രി എനിക്കെന്തെങ്കിലും സംഭവിച്ചാൽ വീട്ടിലാർക്കെങ്കിലും എന്നെ രക്ഷിക്കണമെന്നു തോന്നുകയാണെങ്കിൽ അതിനു ഞാനായിട്ടു ഒരു തടസം നിൽക്കണ്ടല്ലോന്നു കരുതിയാണ് ഞാനിതു വരെ മുറി അകത്തുന്ന് അടക്കാത്തത്.. ശത്രുക്കൾ അതിനെ ഭയമെന്നൊക്കെ പറയും.. പക്ഷെ ഇങ്ങനെയാണ് കഥയുടെ ഗതിയെങ്കിൽ അച്ഛന്റെ രാവിലത്തെ ശല്യമൊഴിവാക്കാൻ ഇതല്ലാതെ വേറെ മാർഗമില്ല..
അന്നുമുതൽ ഞാൻ രാത്രികളിൽ മുറിയടച്ചുകിടക്കാൻ തുടങ്ങി… രാവിലെ എന്നെ എഴുന്നേൽപിക്കാൻ അച്ഛൻ പണി പതിനെട്ടും നോക്കിയിട്ടും ഫലമില്ലാതായി..
പിന്നീടെനിക്ക് സമാധാനത്തിൻറെ പുലർച്ചകളായിരുന്നു..
എന്നും ലേറ്റായി എഴുന്നേൽക്കുന്ന ശീലവുമായിട്ടാണ് ഞാൻ കോളേജിൽ ചേരുന്നത്.. വീട്ടിൽ നിന്ന് ദൂരം അധികമായതിനാൽ ഹോസ്റ്റലിൽ തങ്ങേണ്ടി വന്നു… അച്ഛനേയും ഒഴിവാക്കാമല്ലോ.. എന്നാൽ അച്ഛൻ ചെയ്‌തതുതന്നെ എൻറെ ഹോസ്റ്റൽ വാർഡനും ചെയ്തുപോന്നു.. രാവിലെ നേരത്തെ എഴുന്നേല്പിക്കാൻ ചെവിക്കുള്ളിൽ ബെല്ലടിക്കുക, തലയിൽ വെള്ളം കോരിയൊഴിക്കുക, ഒന്നും ഏറ്റില്ല എങ്കിൽ വടികൊണ്ട് മുട്ടിനടിക്കുക.. അങ്ങനെ പലതും…!
ഹോസ്റ്റലിൽ ഞാനൊരിക്കലും മുറിയകത്തുനിന്ന് പൂട്ടിയിട്ടില്ലാ, അല്ലെങ്കിൽ മുറിയകത്തുനിന്ന് പൂട്ടാൻ പറ്റുന്നതായിരുന്നില്ല.. ഒരിക്കൽപോലും അവർ ഫാനിന്റെയോ ലൈറ്റിന്റെയോ സ്വിച്ച് ഓഫാക്കിയില്ല.. ആരും എന്നെ എച്ചുന്നേൽപിക്കാനായി ഉച്ചത്തിൽ പാട്ട് വച്ചില്ല.. അവിടെ തിരിച്ചറിയുകയായിരുന്നു ഞാൻ വീടെന്താണെന്നും ഹോസ്റ്റൽ എന്താണെന്നും.. അച്ഛനാരാന്നും വാർഡനാരാന്നും.. സ്നേഹമെന്താന്നും പ്രഹരമെന്താന്നും..
ചുരുക്കിപ്പറഞ്ഞാൽ മുട്ടുകാലിനടികൊള്ളുന്നതിനേക്കാൾ എന്തുകൊണ്ടും ഭേദമാണ് രാവിലെ അടിച്ചുപൊളി പാട്ട് കേട്ടെണീറ്റ് കിളയ്ക്കാനായാലും പോകുന്നത്…!
അതോടെ ഞാൻ ഹോസ്റ്റൽ വിട്ടു.. മുറിയകത്തുന്നു പൂട്ടുന്നതും നിർത്തി.. അച്ഛനും ചിലപ്പോളെന്നെ മിസ് ചെയ്തുകാണും, അങ്ങനെയാണേൽ അച്ഛൻറെ സ്വഭാവവും മാറിക്കാണും… സാധാരണ അങ്ങനെയാണല്ലോ ക്ലൈമാക്സ്..
എൻറെ മുറിയിൽ ഫിറ്റ് ചെയ്‌തിരുന്ന രണ്ടു സ്‌പീക്കർ കൂടി കണ്ടപ്പോൾ അച്ഛൻ ശരിക്കുമെന്നെ മിസ് ചെയ്യുന്നുണ്ടായിരുന്നു എന്നെനിക്ക് മനസിലായി… പൂർവാധികം ശക്തിയോടെ മുമ്പത്തേക്കാൾ ആവേശത്തിൽ അച്ഛനെൻറെ ഉറക്കം കെടുത്തിക്കൊണ്ടേയിരുന്നു.. ഇപ്പോഴും കെടുത്തികൊണ്ടേയിരിക്കുന്നു… ഓരോന്ന് പിറുപിറുത്തു ഞാനും ഉറക്കപിച്ചിൽ നേരം പുലരുന്നതറിയുന്നു…