എഴുതിയത്:-ശ്രീജിത്ത് ഇരവിൽ
അമ്മ സ്ഥിരമായി ഉണ്ടാക്കുന്ന പരിപ്പ് കറി എനിക്ക് ഇഷ്ടമല്ല. പരിപ്പ് മാത്രമല്ല. അതിൽ തക്കാളിയും, വെളുത്തുള്ളിയും ഉണ്ടാകും. കഷ്ണങ്ങളെല്ലാം തീർന്നപ്പോൾ വെള്ളമൊഴിച്ച സാമ്പാറിന്റെ ഗതിയാണ് ആ കറിക്കെന്ന് പറഞ്ഞാലും തെറ്റാകില്ല. മീൻ പൊരിച്ചാലും, വെണ്ടയ്ക്ക വറുത്താലും അമ്മയ്ക്ക് പരിപ്പ് കറി വേണം. അതിൽ മഞ്ഞൾപ്പൊടിയും ഉപ്പും മാത്രമേ ഇടൂവെന്ന് തോന്നുന്നു. എത്ര പറഞ്ഞാലും അമ്മ കൂസാക്കില്ല. വീണ്ടും വീണ്ടും അതുതന്നെ ഉണ്ടാക്കിക്കൊണ്ടേയിരിക്കും. വേണ്ടുന്നവർ ഇവിടെ വേറെയുണ്ടെന്നാണ് അതിൽ നിന്ന് മനസ്സിലാക്കേണ്ടത്.
‘ഇന്നും പരിപ്പ് കറിയോ…!’
എന്നും പറഞ്ഞ് ഒറ്റ തട്ടായിരുന്നു. അൽപ്പം ചുമരിലേക്ക് തെറിച്ചുപോയി. തറയിൽ വീണ പിഞ്ഞാണത്തിന്റെ ശബ്ദം നിന്നിട്ടില്ല. നിശബ്ദത. തുറിച്ച കണ്ണുകളുമായുള്ള അമ്മയുടെ നോട്ടത്തിൽ പേടിച്ച് പോയി. കാര്യം വഷളാകരുതെന്ന ആഗ്രഹമുള്ളത് കൊണ്ട് മുഷിഞ്ഞ തുണി തേടി ഞാൻ അടുക്കളയിലേക്ക് പോയി. ചുമരും തറയുമൊക്കെ തുടച്ച് പിഞ്ഞാണവും കഴുകിയാണ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയത്.
അല്ലെങ്കിലും, അമ്മയ്ക്ക് എന്റെ കാര്യത്തിൽ യാതൊരു പരിഗണനയുമില്ല. എന്തെങ്കിലും തിന്ന് വളർന്നാൽ മതിയെന്ന മനോഭാവം പോലെ. കോളേജിലെ അവസാന വർഷമാണ്. നാട് വിട്ട് എങ്ങോട്ടെങ്കിലും പോകണമെന്ന തീരുമാനത്തിന്റെ പിറകിലും ഈ വിഷയം തന്നെയാണ് കാരണം. വായിക്ക് രുചിയുള്ള എന്തെങ്കിലും കഴിക്കാമല്ലോ… രുചിയുള്ള ഭക്ഷണം കഴിക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ എന്തിനാണല്ലേ ജീവിതം…
‘എന്തായി…? വിസയ്ക്ക് നോക്കുന്നുണ്ടെന്ന് കേട്ടു.’
പരിചയക്കാരൻ ബൈക്ക് നിർത്തി ചോദിച്ചതാണ്. ഉണ്ടെന്ന് പറഞ്ഞ് ഞാൻ ചിരിച്ചു. എന്നാൽ അതിന്റെ ചിലവെന്നും പറഞ്ഞ് ഞങ്ങൾ ഹോട്ടലിലേക്ക് കയറി. കഴിച്ചത് കോഴി ബിരിയാണിയായിരുന്നു. അത് ദഹിക്കുന്നത് വരെ ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. അവിടെ ചെന്ന് സെറ്റായാൽ തനിക്കും ഒരു വിസ അയച്ച് തരണമെന്നാണ് അവൻ പറയുന്നത്. മറ്റൊന്നും നോക്കാതെ ഞാൻ ഏൽക്കുകയും ചെയ്തു.
വിസയ്ക്കൊന്നും ഒരു പഞ്ഞവുമില്ല. കോളേജിലെ കൂട്ടുകാരന്റെ ചേട്ടൻ വിചാരിച്ചാൽ എത്രയെണ്ണം വേണമെങ്കിലും കിട്ടും. പുള്ളിക്ക് അവിടെ തൊഴിലാളികളെ വിതരണം ചെയ്യുന്ന സ്ഥാപനത്തിന്റെ നടത്തിപ്പ് ജോലിയാണ്…
‘ആരോഗ്യം നോക്കണം… സമയത്ത് എന്തെങ്കിലുമൊക്കെ കഴിക്കണം… എന്തുണ്ടായാലും വിളിക്കണേ…’
അമ്മ പറഞ്ഞതാണ്. എന്തെങ്കിലും ആവിശ്യം ഉണ്ടായാൽ വിളിച്ചോയെന്ന് പറഞ്ഞ് ചിലരുടെയെല്ലാം നമ്പർ അച്ഛൻ കുറിച്ച് തന്നിരുന്നു. അനിയത്തി മിണ്ടാതെ നിന്നു. ആദ്യ വരവിന് തനിക്കൊരു ലാപ്ടോപ് കൊണ്ടുവരണമെന്ന് നേരത്തേ എന്നെക്കൊണ്ട് അവൾ സമ്മതിപ്പിച്ച് വെച്ചിട്ടുണ്ട്. ഞാൻ ഇറങ്ങി. എയർപോർട്ടിലേക്ക് കൂട്ടുകാരാണ് വന്നത്.
എമിഗ്രേഷനൊക്കെ കഴിഞ്ഞ് അറിയിപ്പിനായി കാത്തിരിക്കുമ്പോൾ ആകെയൊരു ശൂന്യത അനുഭവപ്പെട്ടിരുന്നു. പറന്നപ്പോൾ അത് കൂടുതലായി. യാത്രയിൽ ഉടനീളം കാരണം കണ്ടെത്താൻ പറ്റാത്തയൊരു നിരാശയും കൂട്ടുണ്ടായിരുന്നു. പുറത്തേക്ക് പോകണമെന്ന് പറഞ്ഞപ്പോൾ അമ്മ വിലക്കിയ രംഗമൊക്കെ തെളിയുന്നുണ്ട്. എന്ത് ചെയ്യാൻ സാധിക്കും. ഇഷ്ടമുള്ളത് കൊത്തിപ്പെറുക്കാൻ കിളികൾക്കെല്ലാം ഒരുനാൾ കൂട്ടിൽ നിന്ന് പറന്ന് പോയല്ലേ പറ്റൂ…
‘ഇതാണ് നിന്റെ ബെഡ്…’
കണ്ടപ്പോൾ കോളേജ് ഹോസ്റ്റൽ പോലെയാണ് തോന്നിയത്. ഏതോ ലേബർ ക്യാമ്പ് ആണെന്ന് തോന്നുന്നു. ആ വലിയ മുറിയിൽ അഞ്ചാറ് പേർ വേറെയുമുണ്ട്. കാലത്ത് ബസ് വരും. അതിൽ കയറി സൈറ്റിലേക്ക് പോയാൽ മതി. എല്ലാം പറഞ്ഞിട്ടുണ്ട് പോലും. എയർപോർട്ടിൽ നിന്ന് മൂന്ന് മണിക്കൂറോളം സഞ്ചരിച്ചാണ് ക്യാമ്പിലേക്ക് എത്തിയത്. ക്ഷീണം ഉണ്ടായിരുന്നു. കുളിക്കുക കൂടി ചെയ്യാതെ ഉറങ്ങിപ്പോയി…
സൂപ്പർവൈസിംഗ് ജോലിയാണ്. വെയിലത്ത് നടക്കണം. ആ ഉരുകുന്ന ചൂടിൽ പണിയെടുക്കുന്ന നിർമ്മാണ തൊഴിലാളികളുടെ കാര്യം എന്നെക്കാളും കഷ്ടമാണ്. ഉച്ച ഭക്ഷണമൊക്കെ കൃത്യ നേരത്ത് സൈറ്റിലേക്ക് എത്തും. തരക്കേടില്ലാത്ത രുചിയുമുണ്ട്. വിവിധ കറികൾ ഉൾപ്പെടുന്ന ഊണ് തന്നെ കിട്ടും. ചപ്പാത്തി വേണ്ടവർ മുൻകൂട്ടി പറയണമെന്നേയുള്ളൂ…
രാവിലത്തെയും രാത്രിയിലെയും കാര്യമാണ് അവതാളത്തിൽ ആയിപ്പോയത്. ഒന്നുകിൽ ഉണ്ടാക്കി കഴിക്കണം. അല്ലെങ്കിൽ, അടുത്തുള്ള മെസ്സിലേക്ക് പോകേണ്ടിവരും. മുറിയിൽ ഒരു ഹിന്ദിക്കാരൻ മാത്രമാണ് എന്തെങ്കിലുമൊക്കെ പാചകം ചെയ്യുന്നത് കണ്ടിട്ടുള്ളത്. അയാളുടെ കൈയ്യിൽ അടുപ്പോടെയുള്ള ഗ്യാസ് കുറ്റിയുണ്ട്. ചെറുതാണ്. എന്തായാലും, വെച്ച് ഉണ്ടാക്കി കഴിക്കുന്നതിനെ കുറിച്ചൊന്നും ചിന്തിക്കാനാകില്ല. കൂട്ടുകാരന്റെ ചേട്ടനോട് പറഞ്ഞപ്പോൾ ഇത്തിരി പണം അഡ്വാൻസായി തന്നു. തുടർന്ന് മെസ്സിൽ ചേരുകയും ചെയ്തു.
‘മോനെ, പ്രയാസം വലതുമുണ്ടെങ്കിൽ തിരിച്ച് വരണേ…’
അമ്മയാണ്. എന്ന് വിളിച്ചാലും അമ്മയിത് പറയും. മനപ്പൂർവ്വമല്ലെങ്കിലും, എനിക്ക് ഇവിടെ പ്രയാസം അനുഭവപ്പെടാൻ അമ്മ ആഗ്രഹിക്കുന്നുവോയെന്ന് പോലും ആ പറച്ചിൽ കേട്ടാൽ സംശയിച്ച് പോകും. മാസങ്ങൾ കഴിഞ്ഞിരിക്കുന്നു. പ്രയാസമായി പല വിഷയവുമുണ്ട്. അതിൽ പ്രധാനം ഭക്ഷണവും, ഉറക്കവും തന്നെയാണ്. വീട്ടിലേക്ക് അയക്കുന്നതിലും ബുദ്ധിമുട്ടുണ്ട്. അച്ഛൻ ഇപ്പോഴും ജോലിക്ക് പോകുന്നത് കൊണ്ട് അവിടുത്തെ കാര്യങ്ങൾ മുടക്കില്ലാതെ പോകുന്നുവെന്നേയുള്ളൂ…
ശരിക്കും അമ്മയെയാണ് സമ്മതിക്കേണ്ടത്. അച്ഛന്റെ വരുമാനത്തെ കൃത്യമായി ഉപയോഗിക്കാൻ അമ്മയ്ക്ക് അറിയാം. ഭക്ഷണത്തിലേക്കും, ഞങ്ങളുടെ പഠന ചിലവിലേക്കും, മറ്റ് ആവിശ്യങ്ങളിലേക്കും അമ്മയത് കൃത്യമായി ഭാഗിക്കുന്നു. പറഞ്ഞാൽ, അച്ഛനെക്കാളും കൂടുതൽ വരുമാനം എനിക്ക് ഇപ്പോഴുണ്ട്. പക്ഷേ, മാസം പാതിയിൽ എത്തുമ്പോഴേക്കും കാലിയാകുന്നു. ചില നാളുകളിൽ ഭക്ഷണം വലിയ പ്രശ്നമായി മാറുകയാണ്.
അന്ന്, സൈറ്റിൽ നിന്ന് ക്യാമ്പിലേക്ക് എത്താൻ അൽപം വൈകിപ്പോയി. കുളിയൊക്കെ കഴിഞ്ഞപ്പോൾ സാധാരണ പോകുന്ന മെസ്സ് അടച്ചിരിക്കുന്നു. തുറന്നിരിക്കുന്ന ആഡംബര ഹോട്ടലുകളിലേക്ക് കയറാനുള്ള പണം ഉണ്ടായിരുന്നില്ല. പതിവില്ലാതെ ഉച്ച ഭക്ഷണവും അത്രയ്ക്ക് ശരിയല്ലാത്തത് കൊണ്ട് നല്ല വിശപ്പുണ്ടായിരുന്നു. വാങ്ങിവെച്ച ബ്രഡും കാലത്ത് കഴിഞ്ഞിരിക്കുന്നു. വൈകിയത് കൊണ്ട് കടകളും പൂട്ടി. ക്യാമ്പിലേക്ക് തിരിച്ച് പോകുമ്പോൾ മനസ്സ് നാട്ടിലേക്ക് പറക്കുകയായിരുന്നു.
ജീവിതത്തിൽ ആദ്യമായി വിശപ്പിൽ വലഞ്ഞ നാളായിരുന്നുവത്. കുറച്ച് വെള്ളം കുടിച്ച് ഞാൻ എന്റെ ബെഡിൽ കിടന്നു. അമ്മയെ ഫോൺ ചെയ്യണമെന്നും, സംസാരിക്കണമെന്നും തോന്നിയിരുന്നു. പറ്റിയില്ല. മുമ്പെങ്ങും തോന്നിയിട്ടില്ലാത്ത ഒരുതരം കുറ്റബോധം പിടികൂടിയിരിക്കുന്നു…
സത്യത്തിൽ ഞാൻ എന്തിനാണ് ഇങ്ങോട്ട് വന്നത്? നാക്കിന് രുചിയുള്ള ഭക്ഷണം കഴിക്കാൻ, ഉറക്കം പോലും ഇല്ലാതെ പണിയെടുക്കേണ്ടി വരുന്ന ഗതികേട് എനിക്ക് മാത്രമേയേയുള്ളോ…! എന്നിട്ടും, മാസത്തിലേക്ക് മുട്ടുന്നില്ല. ഓർക്കുമ്പോൾ, പെട്ടുപോയത് പോലെയൊരു തോന്നൽ. സ്വാർത്ഥതയ്ക്ക് കിട്ടിയ കൊട്ടാണോയെന്നും സംശയിക്കുന്നു. അതോ. ജീവിതത്തിൽ ഇതുവരെ വിശപ്പ് അറിയാത്തതിന്റെ വിവരമില്ലായ്മയുടെ അനന്തരഫലമോ…!
നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഇല്ലെന്ന് പറഞ്ഞതിനോടെല്ലാം രുചി തോന്നുകയാണ്. തലയുടെ രസമുകളങ്ങളിൽ എല്ലാം അനുഭവപ്പെടുകയാണ്… അമ്മയുടെ സ്ഥിരം പരിപ്പ് കറിയും മീൻ പൊരിച്ചതും അച്ചാറുമൊക്കെ നാക്കിൽ നിന്ന് ഇറ്റ് വീഴുകയാണ്….
‘ഭായ്.. കാനാ കായാ..? ദേക്കോ, ദാൽഫ്രൈക്കൊ സാത് തോഡ റൊട്ടി കാവോ…’
എന്നും പറഞ്ഞ് മുറിയിലെ ഹിന്ദിക്കാരൻ എനിക്ക് നേരെ നീട്ടിയ പാത്രത്തിലേക്ക് ഞാൻ നോക്കി. ബെഡിൽ നിന്ന് എഴുന്നേറ്റ് നോക്കുമ്പോൾ ശരിയാണ്. ചൂട് റൊട്ടി. മെസ്സ് തുറന്നിട്ടില്ലായെന്ന വിവരം മാത്രമല്ല. എന്നെ വിശപ്പ് കൊത്താൻ തുടങ്ങിയെന്നതും അയാൾ അറിഞ്ഞിരിക്കുന്നു. അത്ഭുതം അതായിരുന്നില്ല! റൊട്ടി മുക്കാൻ എന്താണ് ഉള്ളതെന്ന് നോക്കിയപ്പോഴാണ് കണ്ണുകൾ വിടർന്നത്. ദാൽഫ്രൈ..! കുറച്ച് വെള്ളം കൂടി ഒഴിച്ചാൽ അമ്മയുണ്ടാക്കുന്ന അതേ പരിപ്പ് കറി….!
അതാണല്ലോ പണ്ട് ഞാൻ തട്ടി കളഞ്ഞതെന്ന് ഓർത്തപ്പോൾ ഉള്ള് വിങ്ങുകയാണ്. കൈപോലും കഴുകിയില്ല. തന്നതെല്ലാം തിന്ന് തീർത്തിട്ടും വിശപ്പിന് മാറ്റവുമില്ല. എന്തായാലും, ഒരുകാര്യം ഉറപ്പിച്ചു. മീൻ പൊരിച്ചതും അച്ചാറുമൊന്നും നിർബന്ധമില്ല. ഇനിയുള്ള ജീവിതത്തിന്റെ രുചിയായി അമ്മ ഉണ്ടാക്കുന്ന ആ പരിപ്പ് കറി മാത്രം മതി… ഞാൻ വേണമെന്ന് ആഗ്രഹിക്കുന്ന ആ വീട് മാത്രം മതി…