കല്ല്യാണ വീട്ടിൽ തൊട്ടടുത്തുണ്ടായിരുന്നിട്ടു കൂടി തന്നെ കണ്ടപ്പോൾ മുഖം തിരിച്ച് നടന്നുപോകുന്ന രഘുവിനെ ഞാൻ വേദനയോടെ നോക്കി.. എന്ത് തെറ്റാണ് ഞാനവനോട് ചെയ്തത്……

അകമുറിവ്

എഴുത്ത്:-ബിന്ദു. എന്‍. പി

കല്ല്യാണ വീട്ടിൽ തൊട്ടടുത്തുണ്ടായിരുന്നിട്ടു കൂടി തന്നെ കണ്ടപ്പോൾ മുഖം തിരിച്ച് നടന്നുപോകുന്ന രഘുവിനെ ഞാൻ വേദനയോടെ നോക്കി.. എന്ത് തെറ്റാണ് ഞാനവനോട് ചെയ്തത്. ബുദ്ധിമുട്ടുമ്പോഴൊക്കെ പണം കൊടുത്ത് അവനെ സഹായിച്ചതോ.?

എന്റെ അകന്ന ഒരു ബന്ധുവായിരുന്നു രഘു. എങ്കിലും ഏത് പാതിരാത്രയിലും എന്ത് സഹായത്തിനും ഒരു മടിയുമില്ലാതെ എത്തിയിരുന്നവൻ. അല്പം മ ദ്യപാന ശീലമുണ്ടെന്നതൊഴിച്ചാൽ ആളൊരു ശുദ്ധൻ. സമ്പത്തീകമായി എന്താവശ്യ മുണ്ടായാലും അവൻ ആദ്യം ചോദിക്കുന്നത് എന്നോടായിരുന്നു. വാങ്ങിയാൽ അത് തിരിച്ചു് കിട്ടാൻ കാലങ്ങൾ കഴിയും..എന്നിരുന്നാലും എത്ര കാലം കഴിഞ്ഞാലും ഞാനവനോട് ഒരിക്കലും തിരിച്ചു് ചോദിക്കാറില്ലായിരുന്നു ..

അങ്ങനെയിരിക്കെയാണ് ഒരിക്കൽ രഘു എന്നെ കാണാൻ വന്നത്. ഒരു ഇരുപത്തയ്യായിരം രൂപയുടെ ആവശ്യമുണ്ടായിരുന്നു എന്ന് പറഞ്ഞപ്പോൾ മോളുടെ അഡ്മിഷന് വേണ്ടി കരുതി വെച്ചിരുന്ന തുകയിൽ നിന്നും ഒരു മടിയും കൂടാതെ ഞാനവന് പൈസ എടുത്തു കൊടുത്തതാണ്. അപ്പോഴും ഭാര്യ ഇഷ്ടക്കേടോടെ പറഞ്ഞു… “ഇതിനിയെന്ന് തിരിച്ചു് കിട്ടുമെന്ന് കരുതിയാണ്.. മോളുടെ ആവശ്യം വരുമ്പോഴേക്കും തിരിച്ചു കിട്ടിയില്ലെങ്കിൽ നമ്മളെന്തു ചെയ്യും?”.

“അപ്പോഴേക്കും അവൻ തിരിച്ചു് തരുമെടീ.. അവനറിയാമല്ലോ നമ്മുടെ കാര്യങ്ങളൊക്കെ “. ഞാനവളെ സമാധാനിപ്പിച്ചു. എന്നാൽ ദിവസങ്ങൾ മാസങ്ങൾക്ക് വഴിമാറിയപ്പോഴും പൈസയുടെ കാര്യം മാത്രം രഘു മിണ്ടിയില്ല.. ഓരോ ദിവസവും ഇന്ന് തരും നാളെ തരുമെന്ന് കരുതി കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. ഭാര്യയുടെ കുറ്റപ്പെടുത്തലുകൾ വേറെയും. അങ്ങനെയിരിക്കെ മോളുടെ അഡ്മിഷൻ വന്നു .. ആ പൈസ കൂടി കിട്ടിയാലേ അഡ്മിഷന് തികയുമായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ രണ്ടും കല്പ്പിച്ചു ഞാൻ പൈസയ്ക്ക് ചോദിക്കാൻ തീരുമാനിച്ചു.പല വട്ടം ഫോൺ ചെയ്തിട്ടും എടുക്കാതിരുന്നത് കാരണം ഞാൻ നേരിട്ട് കണ്ട് കാര്യങ്ങൾ പറഞ്ഞു.

അടുത്ത ദിവസം അവൻ പൈസയുമായി വന്നെങ്കിലും അവന്റെ മുഖം ഇരുണ്ടിരുന്നു..പൈസ തിരികെ ചോദിച്ചത് ഇഷ്ടമായില്ലെന്ന് അവന്റെ പെരുമാറ്റത്തിൽ നിന്നെനിക്ക് മനസ്സിലായി.. അതിന് ശേഷം അവൻ എവിടെ വെച്ചു കണ്ടാലും മിണ്ടാറില്ല.. മിണ്ടിയില്ലെങ്കിലും നമ്മുടെ പൈസ തിരിച്ചു് കിട്ടിയല്ലോ… ഭാര്യ ആശ്വസിപ്പിച്ചു. എന്നിട്ടവൾ ഇത്രയും കൂടി കൂട്ടിച്ചേർത്തു എത്ര പ്രിയപ്പെട്ടവരായാലും പൈസയുടെ ഇടപാട് നല്ലതല്ല.. ചോദിച്ചിട്ട് കൊടുത്തില്ലെങ്കിൽ കിട്ടിയില്ലല്ലോ എന്ന വിഷമം മാത്രേ അവർക്കുണ്ടാവൂ.. നമ്മള് ബുദ്ധിമുട്ട് കണ്ട് സഹായിച്ചാൽ എപ്പോഴെങ്കിലും ആ പൈസ തിരിച്ചു് ചോദിക്കേണ്ട അവസ്ഥ വന്നാൽ അവിടെ തീർന്നു ആ ബന്ധം.. അതുകൊണ്ട് ഇനിയെങ്കിലും ഇതൊരു പാഠമായിരിക്കട്ടെ…അതെ അവൾ പറഞ്ഞത് ശരിയാണെന്ന മട്ടിൽ അപ്പോൾ ഞാൻ തല കുലുക്കുക മാത്രം ചെയ്തു..

Leave a Reply

Your email address will not be published. Required fields are marked *