എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
കാമുകന്റെ കൂടെ ഉല്ലാസ യാത്ര നടത്തുന്നതിനിടയിൽ വീട്ടമയ്ക്ക് അപകടം സംഭവിച്ചു. വലിയ പരിക്കുകളൊന്നും ഇല്ലാതിരുന്നിട്ടും ആ കമിതാക്കളെ കാണാൻ അന്ന് ജില്ലാ ആശുപത്രിയിൽ ആൾക്കാർ കൂടിയിരുന്നു.
പരിക്ക് പറ്റിയ സ്ത്രീയുടെ ഭർത്താവ് വിവരമറിഞ്ഞ് വൈകാതെ വരുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. ഒരു രസത്തിന് ഞാനും ആ കൂട്ടത്തിലൊരാളായി നിന്നു.
‘ശരിക്കുമെന്താ സംഭവിച്ചത്…?’
‘ഓൾക്ക് മൂiത്തപ്പോൾ ഏതൊയൊരുത്തന്റെ കൂടെ സർക്കീട്ടിനിറങ്ങി.. രണ്ടാളുടെയും ഓരോ കൈ വീതം ഒടിഞ്ഞുട്ടെണ്ടന്നാന്ന് കേട്ടത്.’
”’ഓന് വേറെ ഭാര്യയും കുട്ട്യോളുമുണ്ടെന്നേ…! “‘
“”എന്തന്നാണല്ലേ ഇവറ്റകളെ വേണ്ടത്….!””
ചുറ്റുമുള്ളവരുടെ ഇത്തരത്തിലുള്ള സംഭാഷണങ്ങൾ ശ്രദ്ധിച്ചാൽ കേൾക്കുന്നുണ്ട്. എല്ലാവർക്കും അകത്തൊരു സന്തോഷമുണ്ട്. അത് കൂടാൻ പോകുന്നത് കാര്യമറിഞ്ഞെത്തുന്ന ഭർത്താവ് എത്തുമ്പോഴാണ്. കാമുകന്റെ ഭാര്യ കൂടി രംഗത്തെത്തിയാൽ സന്തോഷം ഇരട്ടിയാകും. അവിഹിതത്തിൽ തൊട്ടൊരു കുടുംബം കലങ്ങുന്നത് കാണാൻ അല്ലെങ്കിലുമൊരു പ്രത്യേക ചന്തമാണ്. അക്ഷമയോടെ ഞാനും കാത്തിരുന്നു..
‘ഓൻ എത്തിയിട്ടുണ്ട്…’
ആരോ പറഞ്ഞു. കേട്ടവരെല്ലാം ഒരേ ദിക്കിലേക്ക് ആരവത്തോടെ നീങ്ങി. ആശുപത്രി ജീവനക്കാർ അകത്തേക്ക് ആരേയും പ്രവേശിപ്പിക്കുന്നില്ല. കെട്ടിടത്തിന്റെ ജനാല വഴി പലരും അകത്തേ കാഴ്ച്ചകളിലേക്ക് കണ്ണെറിഞ്ഞു. കഴുത്ത് നീട്ടിയെത്തി നോക്കിയപ്പോൾ ഞാനും കണ്ടു തലകുനിച്ച് ബെഡിൽ ഇരിക്കുന്നയൊരു പരിക്കുകാരിയെ.
തൊട്ടടുത്തുള്ള പുരുഷൻ ആയിരിക്കണം ഇപ്പോൾ വന്നു കയറിയ അവളുടെ ഭർത്താവ്. കേൾക്കുന്നില്ലെങ്കിലും ശാന്തമായിട്ടാണ് അയാൾ അവളോട് സംസാരിക്കുന്നത്! ഞാനൊക്കെ ആണെങ്കിൽ പിടിച്ച് രണ്ടെണ്ണം പൊട്ടിച്ചിട്ടുണ്ടാകുമായിരുന്നു. അങ്ങനെ തോന്നാൻ പാകം ചെറുതല്ലാതായൊരു നിരാശ പൂർവ്വ ജീവിതത്തിൽ ഉണ്ടെന്നതും സത്യമാണ്… നാണത്തമില്ലാത്തവൻ! ജനലിലൂടെ ഞങ്ങളെല്ലാം അകത്തേക്ക് നോക്കി ഓരിയിട്ടു…!
പ്രതീക്ഷിച്ചത് പോലെയൊരു പൊട്ടിത്തെറിയൊന്നും ഇല്ലാതിരുന്നത് കൊണ്ട് ഞാൻ അടക്കമുള്ളവർ വളരെയേറെ നിരാശരായാണ് പിൻവാങ്ങിയത്. അല്ലെങ്കിലും, നമ്മളൊക്കെ ഇങ്ങനെ അന്തസ്സോടെ ജീവിക്കുമ്പോൾ ഇതൊന്നും വെച്ചു പൊറുപ്പിക്കാൻ പറ്റില്ല. അപകടത്തിൽ പെട്ട് ചiത്തു തീരണം ഇവറ്റകളൊക്കെ..!
‘പ്രശാന്തേ…’
ഞാൻ തിരിഞ്ഞുനോക്കി. വീടിനടുത്തുള്ള മോളി ചേച്ചിയായിരുന്നു. ഞാൻ ചിരിച്ചു. എന്താണ് ആശുപത്രിയിലെന്ന് ചോദിച്ച് മറുപടിക്കായി ഞാൻ കാതോർത്തൂ. മോളെ കുഞ്ഞിന് തൂറ്റലാണെന്ന് പറഞ്ഞ് മോളി ചേച്ചി തന്റെ സാരി തലപ്പ് കൊണ്ട് മൂക്ക് ചീന്തി. എനിക്ക് അറപ്പ് തോന്നി!
‘നീയെന്താ ഈട…?’
ഒരു തമാശയെന്നോണമാണ് കാര്യങ്ങൾ ഞാൻ വിവരിച്ചത്. ഒരുത്തന്റെ ഭാര്യ വേറെയൊരുത്തന്റെ കൂടെ കറങ്ങാൻ പോയിട്ട് കൈയ്യൊടിഞ്ഞ കഥ പറഞ്ഞ് ഞാൻ ഊറിയൂറി ചിരിച്ചു. മോളി ചേച്ചി ഒപ്പം കൂടിയില്ല. നിനക്കൊക്കെ നാiണമുണ്ടെടൊ പ്രശാന്തേയെന്ന് ചോദിച്ച് ചേച്ചി നടന്നു. കൂടെ ഞാനും.
‘അതെന്താണ് നിങ്ങ അങ്ങനെ പറഞ്ഞത് മോളിയേച്ച്യേ… ഞാൻ നാiണം കെട്ടാണൊ ജീവിക്കുന്നെ…?’
മോളി ചേച്ചി മറുപടി പറഞ്ഞില്ല. ആവർത്തിക്കാൻ എനിക്കും തോന്നിയില്ല. കാരണം അവർ എന്താണ് ഉദ്ദേശിച്ചതെന്ന് പതിയേ എനിക്ക് മനസ്സിലാകുക യായിരുന്നു.
ഒന്നര വയസ്സുള്ള കുഞ്ഞുമായി എന്റെ ഭാര്യയൊരു ഓട്ടോക്കാരന്റെ കൂടെ പോയത് തന്നെയാണ് മോളി ചേച്ചി ഉദ്ദേശിച്ചത്. നാട്ടുകാരുടെ രഹസ്യമറിഞ്ഞ് പുളകിതമാകാൻ ശ്രമിക്കുന്ന നേരം ഭാര്യയെ നോക്കിയിരുന്നുവെങ്കിൽ അവൾ പോകില്ലായെന്ന് തന്നെയാണ് മോളി ചേച്ചി പറഞ്ഞുവെച്ചത്.
ശരിയായിരിക്കാം! ഭാര്യയെന്നത് എന്റെ സ്വന്തമാണെന്നാണ് ഞാൻ കരുതിയിരുന്നത്. സ്വന്തമാകുമ്പോൾ എപ്പോഴും കൂടെയുണ്ടല്ലോ! പ്രത്യേകിച്ചൊരു നേരം അവൾക്ക് വേണ്ടി മാറ്റിവെക്കുന്നതിനെ കുറിച്ചൊന്നും ഞാൻ ചിന്തിച്ചിരുന്നില്ല. കുഞ്ഞുകൂടി ആയപ്പോൾ ഞങ്ങളുടെ സ്വകാര്യ സംസാരം തന്നെ നിന്നു പോയി. സ്വന്തമല്ലേ..! എപ്പോൾ വേണേലും ആകാമല്ലോയെന്ന് ഞാനും കരുതി. അവിടെയാണ് തെറ്റ് പറ്റിപ്പോയത്. മെച്ചപ്പെട്ട മറ്റൊരു ജീവിതം കണ്ടപ്പോൾ അവൾ എത്തിപ്പിടിച്ചു. കുഞ്ഞുമായി പോയതുകൊണ്ട് എനിക്ക് യാതൊരു ഉത്തരവാദിത്തവുമില്ല..
‘വരുന്നോ… എന്റെ നാട്ടിലൊരു മുപ്പതുകാരൻ അറുപതുകാരിയെ കെട്ടി.. ബാ.. പോയി നോക്കാം…’
ആശുപത്രിയുടെ മുൻവശ ഗേറ്റിൽ തല ചൊറിഞ്ഞ് നിൽക്കുന്നുണ്ടായിരുന്ന എന്നോട് ബൈക്കിൽ വന്നയൊരാൾ ചോദിച്ചു. വാർഡിന്റെ ജനാലയിലൂടെ ആ കൈയ്യൊടിഞ്ഞ കാമുകിയെ എത്തിനോക്കുമ്പോൾ എന്റെ തൊട്ട് മുന്നിലുണ്ടായിരുന്ന മനുഷ്യനായിരുന്നുവത്. മറ്റൊന്നും ആലോചിക്കാതെ ഞാൻ അയാളുടെ പിറകിലേക്ക് കയറിയിരുന്നു. ഞാനൊക്കെ അന്തസ്സോടെ ജീവിക്കുന്ന നാട്ടിൽ ഒരു മുപ്പതുകാരൻ അറുപതുകാരിയെ കെട്ടുകയൊ!
തൊണ്ട പൊട്ടും വരെ കൂകാനുള്ള അരിശം മാത്രമായിരുന്നു ആ നേരം തലയിൽ…!!!