കിടക്കാൻ നേരമാണ് അമ്മൂമ്മ അടുത്തേക്ക് വന്നിട്ട്, അച്ഛന് മാത്രം ഒന്നും കൊടുക്കാതിരുന്നത് മോശമായിപ്പോയെന്ന് പറഞ്ഞത്. പ്രായമായി വരുന്ന അമ്മൂമ്മയോട് തർക്കിക്കാനൊന്നും എനിക്ക് തോന്നിയില്ല…..

_upscale

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ തെരുവ് കാഥികൻ

ഏഴിൽ പഠിക്കുമ്പോഴാണ് സ്കൂളിലെ പീയൂണ് വന്ന് വീട്ടിലേക്ക് പോകാൻ പറഞ്ഞത്. ഞാൻ അനിയത്തിയേയും കൂട്ടി ആഞ്ഞ് നടന്നു. ഇടയിൽ നമുക്ക് മാത്രം സ്കൂൾ വിട്ടല്ലേ ഏട്ടായെന്ന് പറഞ്ഞ് അവൾ ചിരിക്കുകയും കളിതമാശകൾ പറയുകയും ചെയ്യുന്നുണ്ട്. എന്റെയുള്ളിൽ വീട്ടിലേക്ക് എത്താനുള്ള വേഗത മാത്രമായിരുന്നു.

തലേ ദിവസം വൈകുന്നേരം, അടുക്കള തറയിൽ കിടന്ന് അമ്മ വിറച്ചുകൊണ്ട് നുര തുപ്പുന്നത് ഞാൻ കണ്ടതാണ്. അമ്മേയെന്ന് ആർത്ത് അലറിയപ്പോൾ കിണറിനരികിൽ കുളിച്ച് കൊണ്ടിരുന്ന അച്ഛനോടി വന്ന് അമ്മയുടെ തലയുടെ താഴെയൊരു തലയിണ വെച്ചു. ശേഷം, ഒരു വശത്തേക്ക് താടി അൽപ്പം ചെരിച്ച് ഉയർത്തി കിടത്തി. അനിയത്തി വന്ന് എത്തി നോക്കുമ്പോഴേക്കും അമ്മയുടെ വിറയൽ നിന്നിരുന്നു. വീണ്ടും അത്തരത്തിൽ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകുമോയെന്ന് മാത്രമായിരുന്നു ആ നടത്തത്തിന്റെ വേഗത്തിനുള്ളിൽ.

വീട്ടിലെത്തി ചില സംസാരങ്ങളൊക്കെ കേട്ടപ്പോൾ തന്നെ അമ്മ മറ്റൊരു ലോകത്തേക്ക് പോയെന്ന് ഞാൻ മനസിലാക്കി. അച്ഛൻ വന്ന് അനിയത്തിയേയും കൂട്ടി അകത്തേക്ക് പോയപ്പോൾ എല്ലാവരും എന്നെ തുറിച്ച് നോക്കുന്നത് പോലെ… തോളിൽ നിന്ന് വീണ ബാഗും വലിച്ച് കരഞ്ഞുകൊണ്ട് അകത്തേക്ക് ഓടുമ്പോഴേക്കും അനിയത്തിയുടെ കരച്ചിൽ ഉയർന്നിരുന്നു.

പിന്നീട് ആ വീട്ടിൽ അമ്മയില്ലായെന്ന സത്യം ഉൾക്കൊള്ളാൻ ഏറെ പ്രയാസപ്പെട്ടു. ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും ഇടയിൽ ചില്ല് കൊണ്ടൊരു മതിലുണ്ടെന്നും, അതിൽ തൊട്ടാൽ നെഞ്ച് കീറുമെന്നും, അപ്പോഴൊക്കെ തോന്നുമായിരുന്നു. ആ തോന്നലിൽ നിന്നൊരു നിശബ്ദത ഇഴഞ്ഞ് വന്ന് എന്നെ അപ്പാടെ വിഴുങ്ങിയപ്പോഴാണ് ഞാൻ വീണ്ടും ചലിക്കാൻ തുടങ്ങിയത്.

അമ്മയുടെ ഓർമ്മ വരുമ്പോഴെല്ലാം കാറിക്കരയുന്ന അനിയത്തിയെ സമാധാനിപ്പിക്കാൻ പോലും അച്ഛന് സാധിച്ചില്ല. അമ്മൂമ്മയുടെ പള്ളയിലേക്ക് ഞങ്ങളെ ചാരി നിർത്തി, അച്ഛൻ എങ്ങോട്ടോ പോയി. വല്ലപ്പോഴും പലഹാരപ്പൊതികളുമായി വരുന്ന അച്ഛനോടുള്ള എന്റെ താല്പര്യമൊക്കെ പതിയേ ഇല്ലാതായത് അങ്ങനെയാണ്. ഉണ്ടായിരുന്നത് വാശി മാത്രമായിരുന്നു. ആരെയൊക്കെയോ പാഠം പഠിപ്പിക്കാനുള്ള പക മാത്രമായിരുന്നു.

പഠിക്കാൻ മോശമല്ലാതിരുന്ന ഞാൻ സ്കൂളിൽ നിന്ന് കോളേജിലേക്കും, അവിടെ നിന്ന് കുഴപ്പമില്ലാത്ത കൂലി കിട്ടുന്നയൊരു കമ്പിനിയിലേക്കും കാലെടുത്ത് വെച്ചു. ഓരോ ചലനത്തിനും പണ്ട് അമ്മ മരിച്ചത് അറിയാതെ സ്കൂളിൽ നിന്ന് വീട്ടിലേക്ക് വരുമ്പോഴുള്ള ആ നടത്തത്തിന്റെ വേഗതയുണ്ടായിരുന്നു.

പെങ്ങൾ പെണ്ണായതൊന്നും ഞാൻ അറിഞ്ഞതേയില്ല. അമ്മൂമ്മയുടെ വാലാട്ടി കിളിയായി അവൾ ആ വീട്ടിൽ പാറിനടക്കുകയാണ്. അച്ഛന്റെ സ്നേഹ സമ്മാനങ്ങളെ സന്തോഷത്തോടെ സ്വീകരിക്കുന്ന അവളോട് ചിലപ്പോഴൊക്കെ ദേഷ്യം തോന്നാറുണ്ട്.

അമ്മയുടെ വിടവ് നികത്താൻ പറ്റാതെ മക്കളിൽ നിന്ന് ദൂരേക്ക് പോയ അച്ഛനോട്, എനിക്കില്ലാത്ത സ്നേഹമൊന്നും നിനക്ക് വേണ്ടായെന്ന് ഞാനൊരു നാൾ അവളോട് പറഞ്ഞതാണ്. അതുകേട്ട് തലകുലുക്കിയെന്നല്ലാതെ കാര്യമായ യാതൊരു മാറ്റവും ഉണ്ടായില്ല. അവൾക്ക് യാതൊരു പരിഭവവും അച്ഛനോട് ഉള്ളതായി എനിക്ക് തോന്നിയതേയില്ല.

അമ്മൂമ്മ വിളമ്പി തരുന്നത് കഴിക്കുമെന്നല്ലാതെ ആരോടും അതികമൊന്നും ഞാൻ സംസാരിക്കാറില്ലായിരുന്നു. കോളേജിൽ പഠിക്കുന്ന കാലത്ത് പത്രമിടാൻ പോകുന്നത് വരെ എന്റെ ആവശ്യങ്ങൾക്കുള്ള പണമൊക്കെ അമ്മൂമ്മയുടെ കുടക്കയിൽ കാണും. അതെടുക്കാനുള്ള സ്വാതന്ത്ര്യമൊക്കെ അമ്മൂമ്മ എനിക്ക് തന്നിരുന്നു.

അന്ന്, ആദ്യമായി ശമ്പളം കിട്ടിയ നാളായിരുന്നു. അമ്മൂമ്മയ്ക്കും അനിയത്തിക്കും തുണികളൊക്കെ വാങ്ങി അൽപ്പം വൈകിയാണ് ഞാനന്ന് വീട്ടിലേക്ക് എത്തിയത്. ഒരു ബീഡിയും പുകച്ചുകൊണ്ട് അച്ഛൻ മുറ്റത്ത് തന്നെയുണ്ടായിരുന്നു. എന്റെ വേഷവും പത്രാസ്സും കണ്ട് അച്ഛനപ്പോൾ ചെറുതായൊന്ന് അന്തം വിട്ടുപോയെന്നത് എനിക്ക് തീർച്ചയാണ്.

അനിയത്തിയും അമ്മൂമ്മയും വന്നപ്പോൾ രണ്ടുപേർക്കും വാങ്ങിയതൊക്കെ ഞാൻ പിരിച്ച് കൊടുത്തു. തനിക്കുമൊരു പൊതിയുണ്ടാകുമെന്ന് കരുതി അച്ഛനപ്പോൾ എന്റെ അടുത്തേക്ക് വരുന്നുണ്ടായിരുന്നു. ഇല്ലെന്ന് അറിഞ്ഞപ്പോൾ ആ മുഖം വിയർക്കുന്നത് ഞാൻ കണ്ടു. ആ കാഴ്ച്ച ചെറുതല്ലാത്തയൊരു ആഹ്ലാദം അന്ന് മുഴുവൻ എനിക്ക് തന്നു.

കിടക്കാൻ നേരമാണ് അമ്മൂമ്മ അടുത്തേക്ക് വന്നിട്ട്, അച്ഛന് മാത്രം ഒന്നും കൊടുക്കാതിരുന്നത് മോശമായിപ്പോയെന്ന് പറഞ്ഞത്. പ്രായമായി വരുന്ന അമ്മൂമ്മയോട് തർക്കിക്കാനൊന്നും എനിക്ക് തോന്നിയില്ല.

‘ജനിപ്പിച്ചാൽ മാത്രം അച്ഛനാകുമോ…?’

വളരേ ശാന്തമായിട്ടാണ് ഞാനത് പറഞ്ഞത്. അമ്മൂമ്മയെന്നെ കുറച്ച് നേരം അനങ്ങാതെയങ്ങനെ നോക്കി നിന്നു. അത് കണ്ടുകൊണ്ട് ഞാനെന്റെ പുതപ്പിനുള്ളിലേക്ക് തലയിട്ടു.

“നിന്റെ പഠിപ്പിന്റെ വിവരൊന്നും എനക്കില്ല. നമ്മളാരും പട്ടിണി കിടക്കരുതെന്നേ ഓന്റെയുള്ളിലുള്ളൂ…”

അത് കേട്ടപ്പോൾ കാര്യമായിട്ടൊന്നും എനിക്ക് മനസ്സിലായില്ല. അമ്മൂമ്മ പോയെന്ന് കതക് അടഞ്ഞപ്പോൾ ഞാൻ അറിഞ്ഞു. ഒന്നോർത്താൽ ശരിയാണ്! വിശപ്പ് ഞാൻ അറിഞ്ഞതേയില്ല. ഞാൻ അടക്കം മൂന്ന് പേരുടെ വയറ് ചുമന്നത് അച്ഛനായിരുന്നു. അതെന്തേ എന്റെ തലയിലേക്ക് കയറിയില്ലായെന്ന് ഓർത്ത് അന്നേറെ ദുഃഖിച്ചു.

കുടുംബം പുലരാൻ വിട്ട് നിൽക്കേണ്ടി വരുന്നവരുടെ വികാരങ്ങളെ ഞാൻ മനസ്സിലാക്കിയതേയില്ല. ആരോടുമൊന്നും പറയാൻ പറ്റാതെ ഓരോ നാളും കൂട്ടിമുട്ടിക്കാൻ പെടാപാട് പെടുന്നവരിൽ ഒരാളായിരുന്നില്ലേ അച്ഛനുമെന്ന് ഓർത്തപ്പോൾ തന്നെ, ഞാനങ്ങ് വല്ലാണ്ടായി. അടുത്തുണ്ടാകണമെന്ന് എത്ര ആഗ്രഹിച്ചാലും കുഞ്ഞുങ്ങളുമായി നിരന്തരമായി ഇടപെടാൻ പല മാതാപിതാക്കൾക്കും സാധിക്കാറില്ല. അത്തരം സാഹചര്യമൊന്നും മക്കൾക്ക് അറിയേണ്ട കാര്യമില്ലെന്ന് പറഞ്ഞാലും യാഥാർഥ്യം അങ്ങനെ തന്നെയാണെന്ന് ഞാൻ മനസിലാക്കുന്നു. കുടുംബം കാക്കാൻ ഓരോ നാളും നീറും വിധം അടർന്ന് മാറി ഒറ്റപ്പെട്ട് തുഴയുന്ന മനുഷ്യരുടെ എണ്ണം ഇന്നും കുറവല്ലല്ലോ…

അമ്മ നഷ്ട്ടപ്പെട്ട രണ്ട് കുഞ്ഞുങ്ങളെ മാiറോട് ചേർത്ത് വെച്ചതിന്റെ തഴമ്പാണ് അച്ഛന്റെ രണ്ട് കൈകളിലുമെന്ന് മനസ്സിലാക്കാൻ പലവട്ടം എനിക്ക് ആലോചിക്കേണ്ടി വന്നു.

‘അച്ഛൻ എവിടെ?’

തലയിലേക്ക് വലിച്ചിട്ട പുതപ്പിനുള്ളിൽ നിന്ന് പുറത്തേക്ക് വന്ന് അമ്മൂമ്മയോട് ഞാൻ ചോദിച്ചു.

‘ഓൻ അപ്പോഴേ പോയി…’

അമ്മൂമ്മയുടെ ശബ്ദത്തിനോട് മറുപടി ഉണ്ടായിരുന്നില്ല. യഥാർത്ഥത്തിൽ അന്നേവരെ പഠിക്കാൻ ശ്രമിക്കാത്തയൊരു പാഠം അച്ഛനായിരുന്നു. തലക്കിട്ടൊരു കൊട്ട് തന്ന് അത് ആരോ പറയുന്നുമുണ്ട്. ആ നിമിഷത്തിൽ ഞാൻ പോലും അറിയാതെ എന്റെ ടൈ കെട്ടുന്ന കഴുത്ത് താഴ്ന്ന് പോയി. ഇറ്റ് വീഴാൻ പാകം കണ്ണുകൾ നിറഞ്ഞ് പോയി…!!!

Leave a Reply

Your email address will not be published. Required fields are marked *