ഒരിക്കലൊരിടത്ത്.
Story written by Jayachandran NT
.ENA, 0900 HRs To എസ് ബി ഐ & അനന്തപുരി ഹോസ്പിറ്റൽ. യൂബർ മെസേജ് കണ്ടതും പ്രസാദ് അതെടുത്തു. രാവിലെ ഒരു ട്രിപ്പ് കിട്ടി. ഇരണിയൽ അപ്പാർട്ട്മെൻ്റിൽ നിന്നാണ്. ഹോസ്പിറ്റലിലും, ബാങ്കിലും പോകണം.
”തിരക്കുണ്ട് ഞാനിറങ്ങുവാണേ” അവനുറക്കെ വിളിച്ചു പറഞ്ഞപ്പോൾ ബാത്ത്റൂമിനുള്ളിൽ മഗ്ഗ് താഴേക്കിടുന്ന ഒച്ച കേട്ടു. അവൾ ദേഷ്യത്തിലായെന്ന് അവനു മനസ്സിലായി. കുളിക്കാൻ കയറിയിട്ട് കുറെ നേരമായിരുന്നു. ഇന്ന് ജോലിക്ക് കൊണ്ടുവിടാമെന്ന് പറഞ്ഞിരുന്നതാണ്. അപ്പൊഴാണ് രാവിലെ ഈ ട്രിപ്പ് കിട്ടിയത്. ഈ ദേഷ്യം ഇനിയിന്നു മുഴുവനുണ്ടാകും. സാരംല്ല്യ വൈകുന്നേരം ഒരു കഥ പറഞ്ഞവളെ തണുപ്പിക്കാലോ. എന്നവനോർത്തു.
ഇനിയൊരു കഥയുണ്ടാക്കണം. അതിലൽപ്പം പ്രണയം കലർത്തണം. കൃത്യം ഒൻപതിന് തന്നെ അവൻ ആ അപ്പാർട്ട്മെൻ്റിലെത്തി. സെക്യൂരിറ്റിക്കാരന് അവനെ പരിചയമായിരുന്നു.?”
ആരാ വിളിച്ചത് പ്രസാദേ?” അയാൾ ചോദിച്ചു.
FLAT No 18/18 എന്നവൻ പറഞ്ഞു.
‘ഓ ടീച്ചറാണ്. കഴിഞ്ഞാഴ്ച്ച വന്ന പുതിയ താമസക്കാര്. ഹോസ്പിറ്റൽ പോകാനായിരിക്കും. അവരും, ഭർത്താവും മാത്രേ ഉള്ളു?മക്കളൊക്കെ അമേരിക്കയിലാന്നാ കേട്ടേ വല്ല്യ ഡോക്ട്ടർമാരാണ്.”
പ്രസാദ് എൻട്രൻസിലേക്ക് കാർ പാർക്ക് ചെയ്തു. അധികനേരം കാത്തു നിൽക്കേണ്ടി വന്നില്ല. ഒരു സ്ത്രീ വന്നു കാറിന് പുറകിൽ കയറി. അവൻ കാർ എടുത്തു.
‘ആദ്യം ബാങ്കിലേക്കല്ലേ” ചോദിക്കുമ്പോൾ മുന്നിലെ ഗ്ലാസ്സിൽക്കൂടെ അവൻ അവരെ ശ്രദ്ധിച്ചു.
‘അതെ’ മറുപടി പറയുമ്പോൾ അവർ പുറത്തെ കാഴ്ച്ചകൾ നിസംഗതയോടെ നോക്കിയിരിക്കുകയായിരുന്നു. വിമല ടീച്ചറെ അവന് പെട്ടെന്ന് മനസ്സിലായി. പത്താം ക്ലാസിലെ കർക്കശക്കാരിയായ കണക്ക് ടീച്ചർ. ശാലിനിയുടെ ക്ലാസ്സ് ടീച്ചറായിരുന്നു. അതായിരുന്നല്ലോ അന്നവർക്കത്ര ദേഷ്യമുണ്ടായത്. ടീച്ചർ വയസ്സായിരിക്കുന്നു. പെൻഷനാ യിട്ടുണ്ടാകും. ടീച്ചർക്കെന്നെ മനസ്സിലായി കാണുമോ എങ്ങനെ മനസ്സിലാകാനാണ് വർഷങ്ങൾ എത്ര കഴിഞ്ഞിരിക്കുന്നു. അന്ന്, പിണങ്ങി സ്ക്കൂളിൻ്റെ പടിയിറങ്ങിയതല്ലേ പിന്നെ പരീക്ഷക്കല്ലേ ചെന്നുള്ളു അന്നും ടീച്ചറോട് വഴക്കിട്ടു. കൈയ്യിലെ മുറിവായിരുന്നു അന്നു വിഷയം. ആദ്യം ഡസ്ക്കിലെഴുതിയ പേരുകളായിരുന്നു.
ശാലിനി, പ്രസാദ്. അവൾ ഇരിക്കുന്നതിന് മുന്നിൽ തന്നെ എഴുതി വച്ചു. മായ്ക്കാൻ ശ്രമിച്ചാലും കഴിയാത്ത വിധം കോമ്പസ് കൊണ്ട് കുi ത്തികു iത്തിയാണതുണ്ടാക്കിയത്. അന്നു ക്ലാസ് ആരംഭിച്ചപ്പോൾ സ്കൂൾ ലീഡർ ക്ലാസ് മുറിയിലേക്കു വന്നു. പ്രസാദിനെ വിമല ടീച്ചർ വിളിക്കുന്നു.?ടീച്ചർ, ശാലിനിയുടെ ക്ലാസ്സ് മുറിയിലായിരുന്നു.mഅവൻ ആ ക്ലാസ്സ് മുറിയിലെത്തി. നാല്പ്തോളം കുട്ടികൾ. പെൺകുട്ടികൾ ഒരു വശത്തും, ആൺകുട്ടികൾ മറ്റൊരു വശത്തും. മുന്നിൽ നിന്നും മൂന്നാമത്തെ ബെഞ്ചിൻ്റെ അറ്റത്ത് അവൾ മുഖം കുനിച്ചിരിക്കുന്നുണ്ട്. കരയുന്നുണ്ടായിരുന്നു. ഏങ്ങലടിയിൽ ചുമൽ അനങ്ങുന്നു.
”ആരാണിതിവിടെ എഴുതി വച്ചത്?”?ടീച്ചറുടെ ഒച്ച ഒരാക്രോശമായിരുന്നു. കുട്ടികളെല്ലാം നടുങ്ങി. ദേഷ്യം കൊണ്ട് ടീച്ചറുടെ മുഖം ചുവന്നിരുന്നു.
”ഞാനാണെഴുതിയത് ” പ്രസാദ് പറഞ്ഞു.
”എന്തിന്?” ടീച്ചർ വീണ്ടും ഒച്ചയുയർത്തി. പ്രസാദ് ഒന്നും മിണ്ടിയില്ല.
”പറയാൻ” അവർ ശബ്ദമുയർത്തി
”എനിക്കാ കുട്ടിയെ ഇഷ്ടമാണ്.”ക്ലാസ്സിലെ നിശബ്ദതയെ മുറിച്ച് ഒരു മർമ്മരമുണ്ടായി.
”സൈലൻസ്” ടീച്ചർ ആക്രോശിച്ചു.
”ഇഷ്ടം.” ഒരു പുച്ഛത്തോടെ അവരത് പറഞ്ഞു.
”നാണമുണ്ടോടാ ഇതും പറഞ്ഞ് നടക്കാൻ വീട്ടിൽ നിന്ന് പഠിക്കാനല്ലേ വരുന്നത്അ തെങ്ങനാ പഠിക്കാനെവിടാ നേരം.”?പ്രസാദ് മുഖം കുനിച്ചു നിന്നു.
”കഴിഞ്ഞ പരീക്ഷകളിൽ നീ എത്ര വിഷയങ്ങൾക്ക് ജയിച്ചു?” ടീച്ചർ ചോദിച്ചു. അവൻ മുഖം കുനിച്ചു നിന്നു.
”പറയാൻ”
”ഒന്നിനും ജയിച്ചില്ല.” അവൻ പറഞ്ഞു. അവർ ഒരു പുച്ഛച്ചിരി ചിരിച്ചു.
”ശാലിനി, നല്ല പഠിക്കുന്നൊരു കുട്ടിയാണ്. നല്ലൊരു ഭാവിയുള്ളൊരു കുട്ടിയാണ്. നീയൊക്കെ ശല്ല്യം ചെയ്ത് അതിൻ്റെ ഭാവി നശിപ്പിക്കരുത്.” പ്രസാദ് ഒന്നും പറയാതെ മുഖം കുനിച്ചു നിന്നു. അവൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
”ശരി നീയത് മായ്ച്ചിട്ട് പോയാൽ മതി.”
അവർ അവനെ തiള്ളി ആ ഡസ്ക്കിനരികിലെത്തിച്ചു. കോമ്പസ് എടുത്തു നൽകി.
”ഇതു കൊണ്ടല്ലേ എഴുതിയത്? മായ്ക്ക് ”
”ഞാൻ മായ്ക്കില്ല.” ഒച്ച ഇടറിയെങ്കിലും അവനതു പറഞ്ഞു.
”അവൾക്കെന്നെ ഇഷ്ടമല്ലെന്ന് പറയട്ടെ! എന്നാൽ മായ്ക്കാം.”
അവൻ പറഞ്ഞു.
അവൾ പുസ്ത്തകസഞ്ചിയിൽ മുഖം പൂഴ്ത്തിയിരിക്കുകയായിരുന്നു.
”ശാലിനീ” ടീച്ചർ അവളെ വിളിച്ചു.
”കേട്ടല്ലോ, പറഞ്ഞ് കൊടുക്ക് കൊച്ചേ” അവർ കയർത്തു.?”
എനിക്കാരോടും ഇഷ്ടോന്നുമില്ല.” ഏങ്ങലടികൾക്കിടയിലും അവൾ പറഞ്ഞു.
”കേട്ടല്ലോ, മായ്ക്ക് ” കോമ്പസ് കൊണ്ടവൻ ആ തടിയിൽ കുiത്തി അവൻ്റെ പേര് വികൃതമാക്കി.
തിരിച്ചിറങ്ങാൻ നേരം ടീച്ചറോട് പറഞ്ഞു.
”ടീച്ചറെ അവൾ എന്നെ ഇഷ്ടമല്ല എന്നല്ല പറഞ്ഞത്. എനിക്കാരോടും ഇഷ്ടോന്നുമില്ല എന്നാണ്. അതിനർഥം വേണേൽ ടീച്ചറെയും അവൾക്കിഷ്ടമല്ല എന്നും വായിച്ചെടുക്കാം.” പടിയിറങ്ങുമ്പോൾ അവനറിയാമായിരുന്നു. അവൾക്ക് അവനോട് പ്രത്യേകിച്ചൊരു ഇഷ്ടമൊന്നുമില്ല. പക്ഷേ അവൾ അങ്ങനെയാണ്. മറ്റൊരാൾക്ക് വേദനിക്കണ്ടെന്ന് കരുതി അങ്ങനെയവൾ പറഞ്ഞൊഴിഞ്ഞതാകും. പിന്നെയുള്ള ദിവസങ്ങളിൽ അവനെ സ്ക്കൂളിൽ ആരും കണ്ടിരുന്നില്ല. ശാലിനിയുടെ കണ്ണുകൾ ഇടക്കവനെ തിരഞ്ഞു. നിരാശയായിരുന്നു ഫലം.
പിന്നെ പത്താം ക്ലാസിലെ പരീക്ഷക്കവൻ വന്നു. കൈത്തണ്ടയിലൊരു മുറിവ് വച്ചുകെട്ടിയിരുന്നു ”ഇതെന്താണ്.” അന്നും വിമല ടീച്ചർ ചോദിച്ചു.
”മുiറിഞ്ഞതാണ്.”
‘അതെന്താ നീ ഞiരമ്പ് മുiറിച്ചോ” അവൻ മിണ്ടിയില്ല.
”ഇത്തരം നമ്പരുകളൊക്കെ കാട്ടി പെൺകുട്ടികളെ പറ്റിക്കാന്ന് വിചാരിക്കണുണ്ടാകും.” അവർ പരിഹസിച്ചു. പരീക്ഷ കഴിഞ്ഞു പിരിഞ്ഞു.
അന്നായിരുന്നു ടീച്ചറെ അവസാനമായി കണ്ടത്. ഇന്നിപ്പൊ വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. കാർ ബാങ്കിന് മുന്നിലെത്തിയിരുന്നു. ടീച്ചർ അവിടെയിറങ്ങിയപ്പോഴാണ് പ്രസാദിനെ കണ്ടത്
”പ്രസാദായിരുന്നോ ഞാൻ ശ്രദ്ധിച്ചില്ല കേട്ടോ, വെയ്റ്റ് ചെയ്യൂ. ഞാൻ ബാങ്കിൽ കയറിയിട്ട് വരാം. എന്നിട്ട് ഹോസ്പിറ്റലിലും പോകണം” എന്ന് പറഞ്ഞവർ ബാങ്കിനുളളിലേക്ക് കയറി. സമയം കടന്നു പൊയ്ക്കൊ ണ്ടിരുന്നു. ടീച്ചറെ കാണാതായപ്പോൾ അവൻ ബാങ്കിനുള്ളിലേക്ക് ചെന്നു.
ടീച്ചർ, മാനേജരുടെ മുറിക്കുള്ളിലായിരുന്നു. ഗ്ലാസ്സ് ഡോറിനു പുറത്തവൻ മുട്ടി വാതിൽ അൽപ്പം തുറന്നു. അകത്തേക്കു തലനീട്ടി. ”പ്രസാദ്, ഇതാരാണെന്ന് നോക്കിയേ ശാലിനിയാണ് ഇവിടത്തെ മാനേജർ ” ടീച്ചർ അവനെ കണ്ടതും പറഞ്ഞു. പ്രസാദ് അവളെ നോക്കി. അവൾ ഒരു മങ്ങിയ ചിരി സമ്മാനിച്ചു. ”പുറത്ത് നിന്നാൽ മതി ടീച്ചറിപ്പോൾ വരും.” ക്യാബിനകത്തേക്ക് കയറാൻ അവൻ കാൽവച്ചതും അവൾ പറഞ്ഞു.
അവൻ തിരിച്ചിറങ്ങി. വാതിലടച്ചു.
”മോള് പഴയതൊക്കെ മറന്നേക്കൂ പ്രായത്തിൻ്റെ ചപലതകാളാണതൊക്കെ പക്ഷേ, ടീച്ചർക്ക് സന്തോഷായി മോള് പഠിച്ച് നല്ല ജോലിയൊക്കെ കിട്ടിയല്ലോ” ടീച്ചർ പറഞ്ഞു.
ബാങ്കിൽ നിന്നും ആശുപത്രിയിലേക്കുള്ള യാത്രയിൽ പ്രസാദ് മൗന മായിരുന്നു.
”അവളിപ്പൊഴും പഴയ ദേഷ്യത്തിലാന്ന് തോന്നുന്നു.” ടീച്ചർ പറഞ്ഞു. അവൻ്റെ മുഖത്തൊരു മങ്ങിയ ചിരിയുണ്ടായിരുന്നു.
‘നിനക്കെന്നോട് ദേഷ്യമുണ്ടോ പ്രസാദ് ”
”എന്തിനാ ടീച്ചറെ അതെല്ലാം കഴിഞ്ഞതല്ലേ” അവൻ മറുപടി പറഞ്ഞു.
ആശുപത്രിയിൽ എത്തി. തിരിച്ചിറങ്ങിയപ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു. ടീച്ചർ നന്നേ തളർന്നിരുന്നു. പ്രസാദ് അവരെ പിടിച്ച് കാറിൽ കയറ്റി. റോഡിൽ തിരക്കുകൂടിത്തുടങ്ങിയിരുന്നു. വാഹനങ്ങളിൽ വെളിച്ചം വീണു തുടങ്ങി. ടീച്ചർക്ക് ശർദ്ദിക്കണമെന്നു പറഞ്ഞു. ഒന്നു രണ്ടിടങ്ങളിൽ കാർ നിർത്തേണ്ടി വന്നു. ഫ്ലാറ്റിലെത്താൻ ഇനിയും സമയമെടുക്കും. ടീച്ചർ അവശതയിലായിരുന്നു.
”ഇവിടടുത്താ എൻ്റെ വീട്ടീ ടിച്ചർ കയറുന്നോ കുറച്ച് വിശ്രമിച്ചിട്ട് പോകാം ”
അവൻ പറഞ്ഞു. ടീച്ചർക്കും അതു സമ്മതമായിരുന്നു. റോഡരികിൽ നിന്നും ഉള്ളിലേക്കുള്ള വഴി, കാർ കടന്നു പോകും. ഗേറ്റ് തുറന്നിട്ടിരുന്നു. മുറ്റത്ത് കയറ്റി കാർ നിർത്തി. പഴയ ഓടിട്ട വീട്. ഉമ്മറത്ത് സന്ധ്യാ ദീപം കൊളുത്തി വച്ചിട്ടുണ്ടായിരുന്നു. ‘എല്ലാരൂടെ അമ്പലത്തിൽ പോയെന്ന് തോന്നുന്നു. ഇന്ന് കാവിലെ ഉത്സവമാണ് ‘
ടീച്ചറെ കൈപിടിച്ച് പടിയിലേക്ക് കയറ്റുമ്പോൾ അവൻ പറഞ്ഞു.
”ഇവിടാരൊക്കെയുണ്ട്?”
”ഇവിടെ ഞങ്ങൾ പത്ത് പേരോളം ഉണ്ട് ടീച്ചറെ കൂട്ട് കുടുംബമാണ്.
എൻ്റെയും, അവളുടേയും അച്ഛനും അമ്മയും, മുത്തച്ഛനും, മുത്തശ്ശിയും, പിന്നെ ഞങ്ങളുടെ കുഞ്ഞും.” പറഞ്ഞു നിർത്തി അവൻ ചിരിച്ചു.
വരാന്തയിലെ സോഫയിൽ ടീച്ചറെ ഇരുത്തി അവൻ അകത്തേക്കു പോയി.
ടീച്ചർ അവിടെല്ലാം ശ്രദ്ധിച്ചു. പഴയ നാലുകെട്ട് വീടാണ്. തടിയിലെ മച്ച്. ഒരു മൂലയിൽ മുകളിലേക്കുള്ള കോണിപ്പടി. ഉരുണ്ട തടിത്തൂണുകൾ.?പക്ഷേ, ഇതിൻ്റെ ഒന്നും ഭംഗി നഷ്ടപ്പെടാതെ അകത്തെല്ലാം പുതുമയുടെ സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. നിലം വെളുത്ത മാർബിളായിരുന്നു.
ചുവരിലെ ടിവിക്ക് താഴെ കണ്ണാടിക്കൂടിനുള്ളിൽ നീന്തുന്ന നിറമുള്ള മത്സ്യങ്ങൾ. ചുവരുകളിലെല്ലാം ഫ്രെയിം ചെയ്ത ഫോട്ടോകൾ തൂക്കിയിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് മുതൽ കളർ ചിത്രങ്ങൾ വരെ തലമുറകളുടെ മാറ്റങ്ങൾ.
പ്രസാദ് ഒരു കുഞ്ഞുമായി തിരികെ വന്നു. ”എൻ്റെ മോളാണ്.” ടീച്ചറുടെ മടിയിൽ വച്ചു കൊടുത്തു. ടീച്ചറുടെ ക്ഷീണം കുറഞ്ഞു തുടങ്ങിയിരുന്നു. അവർ കുഞ്ഞിനെ ലാളിച്ചു.
”അവളിപ്പൊ വരും ചായ എടുക്കുവാണ്.” അവൻ പറഞ്ഞു.
”ടീച്ചറുടെ മക്കളൊക്കെ?” ‘
രണ്ടുപേരും ഡോക്ട്ടറാണ്. അമേരിക്കയിലാണ്.?ഇവിടെ ഫ്ലാറ്റിൽ ഞാനും അദ്ദേഹവും മാത്രമുണ്ട്. മാഷിനും വയ്യ. യാത്ര ഒക്കെ ബുദ്ധിമുട്ടാണ്.” അവർ പറഞ്ഞു. അകത്തു നിന്നും ഒരു ട്രേയിൽ നിറഞ്ഞ ചായ ക്കപ്പുകളുമായി അവൾ കടന്നു വന്നു. ശാലിനി! എന്നൊരു നിമിഷം ടീച്ചറുടെ ചുണ്ടുകൾ മന്ത്രിച്ചു. പ്രസാദ് ചിരിച്ചു നിന്നതേയുള്ളു. ചായ കുടിച്ചു കഴിഞ്ഞു അവർ ഇറങ്ങി.?ടീച്ചറെ അവൻ ഫ്ലാറ്റിൽ കൊണ്ടു വിട്ടു. പതിനെട്ടാം നിലയിലെ ബാൽക്കണിയിൽ നിന്നുള്ള കാഴ്ച്ചകൾ ടീച്ചർ നോക്കി നിന്നു. പ്രസാദിൻ്റെ കാർ ഗേറ്റ് കടന്നു പോകുന്നു. ബാലൻ മാഷ് പുറകിൽ നിന്ന് നടന്നവരുടെ അരികിലെത്തി. ”ടീച്ചർക്കെന്താ ഇന്നിത്ര ആലോചന ഡോക്ട്ടർ എന്താ പറഞ്ഞത്.”
”ഒന്നുമില്ല. ഈ സ്നേഹം എന്നു പറയുന്നത് എത്ര മനോഹരമാണല്ലേ മാഷെ?സ്നേഹം, ഇഷ്ടം, പ്രണയം എല്ലാത്തിനും ഒരേ നിറങ്ങളാകുമോ പല നിറങ്ങളായിരിക്കുമോ?” ചോദ്യം കേട്ടപ്പോൾ ബാലൻ മാഷ് അവരുടെ വിരലുകളിൽ കോർത്തു പിടിച്ചു. ”നമ്മുടെ മക്കൾ ഒക്കെ ഇനി എന്നായിരിക്കും നമ്മോടൊപ്പം ഉണ്ടാകുക. അല്ലേ” ആത്മഗതം പോലവർ ചോദിച്ചു. ഉയരങ്ങളിൽ നിന്നുള്ള കാഴ്ച്ചകളിൽ താഴെ എല്ലാം ചെറുതായിരുന്നു.പ്രസാദിൻ്റെ കാർ റോഡിലെ തിരക്കുകൾക്കിടയിലേക്ക് ഒരു പൊട്ടുപോലെ അകന്നകന്നു പൊയ്ക്കൊണ്ടിരുന്നു.