പെണ്ണെന്ന മാജിക്
Story written by Ammu Santhosh
ജീവിതത്തിൽ നിന്ന് ഒരു മടക്കയാത്ര തുടങ്ങുന്ന സമയം ആകസ്മികമായി വന്നാലുള്ള അവസ്ഥ ഭീകരമാണെന്നു ഞാൻ മനസ്സിലാക്കിയതാന്നാണ് .എന്റെ സ്‌കാനിങ് റിപ്പോർട്ട് ഡോക്ടറുടെ മുഖത്തുണ്ടാക്കിയ കടുത്ത നിരാശ കണ്ട ദിവസം ആണ്.
“ഇനി ഒന്നും ചെയ്യാനില്ല “എന്ന ഭാവം കാണുമ്പോളുള്ള തകർച്ചയുണ്ടല്ലോ ! ഹോ വല്ലാത്ത ഒരു അവസ്ഥയാ അത് .പക്ഷെ അല്പനേരമേ അത് എന്നിൽ നീണ്ടു നിന്നുള്ളൂ .കണ്മുന്നിൽ ഒരു അപകടത്തിൽ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടത് കണ്ടു നിന്ന് അലറിക്കരഞ്ഞ ഞാനെന്ന പത്തുവയസുകാരനെ, എന്നെ തന്നെ ഞാൻ അന്നേരം ഓർത്തു .അപ്പോൾ ഞാൻ വേഗം എന്റെ അവസ്ഥയെ ഒരു ചിരി കൊണ്ട് മറികടന്നു . ബാല്യം കൊണ്ട് നേരിട്ട അടികളൊക്കെ എത്രയധികം ? ഇതൊന്നും കൊണ്ട് ഞാൻ തോൽക്കില്ല എന്ന ഒരു ദൃഢ നിശ്ചയവും എന്നിൽ നിറഞ്ഞു .
ആറു മാസമെങ്കിൽ ആറു മാസം .ജീവിതം ഉത്സവമാക്കും ഞാൻ .കരയാനോ ആർത്തുവിളിച്ചു നിലവിളിക്കാനോ ഞാനില്ല. ഡോക്ടർക്കു കൈ കൊടുത്തു ആ മുറിയിൽ നിന്നിറങ്ങിയപ്പോൾ ഞാനാദ്യം ചെയ്തത് സ്കാനിംഗ് റിപ്പോർട്ടും പ്രിസ്ക്രിപ്ഷനും വേസ്റ്റ് ബാസ്കറ്റിലിടുകയാണ്
വീട്ടിലൊരു പെണ്ണുണ്ട് .വിവാഹം കഴിഞ്ഞിട്ടു ഒരു മാസമാകുന്നേയുള്ളു .വേണമെങ്കിൽ അവളുടെ വീട്ടുകാരെ വിളിച്ചു കാര്യം പറയാം അവൾക്കൊരു ജീവിതം കിട്ടട്ടെ എന്നൊക്കെ ചിന്തിക്കാം പക്ഷെ ഞാൻ അത്ര വിശാലമനസ്കൻ അല്ല .വിധിയെന്നോട് അത്ര ഹൃദയവിശാലത ഒന്നും കാണിച്ചിട്ടില്ലല്ലോ .പോകുന്നവരെ പോട്ടേന്ന് .അത് വരെ അവളുണ്ടാകട്ടെ ഒപ്പം
വീട്ടിൽ ചെല്ലുമ്പോൾ അവൾ വാഴയ്ക്ക് നനവ് കൊടുക്കുകയാണ് .കുറച്ചു കൃഷി ഒക്കെയുണ്ട് അവൾക്ക് സാദാരണ ഓഫീസിൽ വിട്ടു കൂട്ടുകാർക്കൊപ്പം കറങ്ങി വൈകിയാണ് വീട്ടിലെത്തുക .അവളൊരിക്കലും പരാതി ഒന്നും പറഞ്ഞിട്ടില്ല
“ഒരു ചായ വേണം “ഞാൻ പറഞ്ഞു അവൾ ചായ തയ്യാറാക്കുമ്പോൾ ഞാൻ അത് നോക്കി നിന്നു .വീടൊക്കെ വൃത്തിയും വെടിപ്പുമായിട്ടിരിക്കുന്നു .ഞാനിതൊന്നും മുൻപ് ശ്രദ്ധിച്ചിട്ടില്ല .
“നിനക്ക് വേണ്ടേ ?” എന്ന ചോദ്യത്തിന് അവൾ മെല്ലെ ചിരിച്ചു ഞാൻ ഒരു ഗ്ലാസ് കൂടിയെടുത്തു ചായ പകർന്നു നീട്ടുമ്പോൾ ആ കണ്ണിൽ പൂത്തിരി കത്തി
“ഇന്നെന്താ പതിവില്ലാത്ത ഒരു സ്നേഹം ?” എന്ന മുഖത്തെ ചോദ്യത്തിനു ഞാൻ ഒരു ഉമ്മ കൊണ്ട് മറുപടി കൊടുത്തു .
“നമുക്കൊന്നു ഗുരുവായൂർ പോകണം “അവൾ മടിച്ചു മടിച്ചു പറഞ്ഞു
ആവശ്യങ്ങളൊന്നും ഇത് വരെ അവളെന്നോട് പറഞ്ഞിട്ടില്ലല്ലോ എന്ന് ഞാൻ അപ്പോളാണ് ഓർത്തത് . അവൾക്കെന്തെങ്കിലുമൊക്കെ വേണമായിരുന്നോ ? സാരി , കണ്മഷി , പൊട്ട് അങ്ങനെ സ്ത്രീകളുടേതായ എന്തെങ്കിലുമൊക്കെ….
“നമുക്കു ഒന്ന് പുറത്തു പോകാം ..ഒരു സിനിമ ഒക്കെ കണ്ടു വരാം ” അവൾ മറുപടി ഒന്നും പറയാതെ എന്നോട് കൂടുതൽ ചേർന്ന് നിന്നു
“എങ്ങും പോകണ്ട ഇങ്ങനെ എന്റൊപ്പം ഉണ്ടായാൽ മതിയെന്നും ” എന്റെ ഉള്ളിലൊരു സങ്കടചിമിഴു ഉടഞ്ഞു ..അവളെയൊന്ന് ഇറുകി പിടിച്ചു മുടിയിൽ മുഖം അമർത്തി വെച്ചു
രാത്രിയിലേക്കുള്ള ഭക്ഷണം അവൾക്കൊപ്പം ഉണ്ടാക്കാൻ സഹായിക്കുമ്പോളും പിന്നീടുള്ള ആറുമാസം അവളെ എങ്ങെനെ സന്തോഷഭരിതയാക്കാം എന്നായിരുന്നു എന്റെ ചിന്ത .ജീവിതത്തിൽ ഒരിക്കലും അവളെന്നെ മറക്കരുത് എന്ന സ്വാർത്ഥതയും എന്നിൽ നിറഞ്ഞു
അവളുട ഇഷ്ടങ്ങളൊന്നാന്നായി അറിയുമ്പോൾ അത്ഭുതമായിരുന്നു എനിക്ക് ,മഞ്ചാടികുരുക്കളും കുന്നിമണികളും സൂക്ഷിക്കുന്നവൾ .കാടിനോടും മഴയോടും പുഴയോടും ഒക്കെ വല്ലാത്ത ഒരിഷ്ടം കൊണ്ട് നടക്കുന്നവൾ.അവളുടെ അലമാരയിലെ ഒരു ജോഡി ചിലങ്കകൾ കണ്ടപ്പോൾ എനിക്കാദ്യം കൗതകം ആയിരുന്നു .ഞാൻ തന്നെയാണ് അത് കാലിൽ കെട്ടികൊടുത്തത് നൃത്ത താളലയങ്ങൾ വീടിനുള്ളിൽ നിറയുമ്പോൾ ദൈവത്തിനോട് ഞാൻ നന്ദി പറഞ്ഞു . ഒരു പാട് കാലം ശവത്തെ പോലെ ജീവിച്ചിട്ടെന്തിനാ ? ഉള്ള കാലം സന്തോഷ മായിരുന്നാൽ പോരെ?
ഞങ്ങളൊന്നിച്ചു ശരണാലയങ്ങളിലും അനാഥാലയങ്ങളിലും പോയി അവൾ ക്കതായിരുന്നു ഇഷ്ടം . ഗുരുവായൂർ പോകുന്ന കാര്യം മാത്രം നടക്കുന്നില്ലല്ലോ എന്നവൾ ഇടയ്ക്കു എന്നോട് പരാതി പറയും .ദിവസങ്ങൾ കടന്നു പോകുന്നതു ഞാൻ അറിയുന്നുണ്ടായിരുന്നില്ല .ഒരു പെണ്ണിന് ഇത്രമേൽ സ്വാധീന ശക്തി യുണ്ടാകുമോ എന്ന് ഞാൻ പലപ്പോളും ചിന്തിച്ചിട്ടുണ്ട് ഒടുവിൽ പലകുറി പരിഭവങ്ങൾക്കിടയിൽ ഗുരുവായൂർ യാത്ര തീരുമാനിക്കപ്പെട്ടു
സത്യത്തിൽ ഞാൻ ക്ഷേത്രങ്ങളിലൊന്നും പോകാറുണ്ടായിരുന്നില്ല പ്രാര്ഥിക്കാ നൊന്നും എനിക്ക് തോന്നിട്ടുമില്ല ജീവിതമെന്നും നഷ്ടങ്ങളുടെയും തോൽവി കളുടെയും ആകെ തുകയാകുമ്പോൾ ദൈവമെന്നത് ചിലപ്പോഴെങ്കിലും കാഴ്ചക്കാരനല്ലേ എന്ന് എനിക്ക് തോന്നിപ്പോകും .എന്നാലും ഞാൻ ഒരു ദൈവനിഷേധി ഒന്നുമായിരുന്നില്ല
“ഞാൻ അകത്തേക്ക് വരണോ ?’എന്ന ചോദ്യം ഗുരുവായൂർ നടയിൽ വെച്ചു ചോദിച്ചപ്പോൾ ആ മുഖം ചുവക്കുന്നതും കണ്ണ് നിറയുന്നതും ഞാൻ ആദ്യമായി കണ്ടു ഗുരുവായൂരപ്പന്റെ മുന്നിൽ നിൽക്കുമ്പോൾ ഒരു പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളു
“അവളെ കാത്ത് കൊൾക എന്നെ വിട്ടേര് ” കൗണ്ടറിൽ നിന്നു പാൽപായസം വാങ്ങി ഞങ്ങൾ ക്ഷേത്രത്തിനകത്തു തന്നെ ഒരു തൂണിൽ ചാരിയിരുന്നു
“ഈ ദിവസം ഓർമ്മയുണ്ടോ ” അവളുട മുഖത്ത് കള്ളച്ചിരി
“എന്താദ്?’
“ഒരു വർഷമായി ഒന്നിച്ചായിട്ട്”അവൾ എന്റെ കൈയിൽ കൈ ചേർത്ത് തോളിൽ മുഖം അണച്ച് വെച്ചു
ഞാൻ നടുങ്ങി പോയി ആറു മാസത്തിന്റെ കണക്കു ഞാൻ മറന്നു പോയിരുന്നു .എന്റെ ദേഹം വിയർപ്പിൽ കുതിർന്നു . ഞാൻ അവളോടെന്തോ ഒഴിവുകഴിവു പറഞ്ഞു ഓടി നടയ്ക്കു നേരെ നിന്നു .ഗുരുവായൂരപ്പൻ എപ്പോഴെത്തെയും പോലെ പുഞ്ചിരി തൂകി നിൽക്കുന്നു
“എന്റെ സമയം നീട്ടിയതാരാവാം ? ഗുരുവായൂരപ്പനോ അവളുടെ സ്നേഹമോ ?
രണ്ടായാലും ജീവിതം ചിലപ്പോൾ എന്റെ മുന്നിൽ ഒരു മാജിക്കാണിച്ചതാവാം ..എപ്പോളും ഒരു മനുഷ്യനെ തോൽപ്പിക്കണ്ട എന്ന് വിധിയും കരുതിയിട്ടുണ്ടാകാം.