മരുമകൾ
Story written by Bindhu N P
കാത്തു കാത്തിരുന്ന് ഒടുവിൽ ഡോക്ടറെ കാണാനുള്ള അവളുടെ ഊഴമെത്തി . ഡോക്ടറുടെ മുന്നിലിരിക്കുമ്പോൾ തളർന്നു വീണ് പോകുമെന്ന് തോന്നി അവൾക്ക് .
“എന്തുപറ്റി ..”?
“പനിയാണ് ഡോക്ടർ ..”
“എത്ര ദിവസമായി തുടങ്ങിയിട്ട് ..?”
“രണ്ടു ദിവസം ..”
“നല്ല ക്ഷീണമുണ്ടല്ലോ ..രക്തക്കുറവുണ്ടെന്ന് തോന്നുന്നു .. ബ്ലഡ് ഒന്ന് ടെസ്റ്റ് ചെയ്യണം ..”
“ഈയടുത്താണ് ടെസ്റ്റ് ചെയ്തത് ഡോക്ടർ “.. അവൾ കൈയ്യിലുള്ള കടലാസ് നീട്ടിക്കൊണ്ട് പറഞ്ഞു .
ഡോക്ടർ ആ കടലാസ് പരിശോധിച്ചു .. ശരിയാണ് .. ഹീമോഗ്ലോബിൻ വളരെ കുറവാണ് .. ഇങ്ങനെ പോയാൽ പ്രശ്നമാണ് . അതുകൊണ്ട് ആരോഗ്യം ശ്രദ്ധിക്കണം . രക്തം വർദ്ധിക്കാൻ ആവശ്യമായ ഭക്ഷണ സാധനങ്ങൾ ധാരാളം കഴിക്കണം ..നന്നായി റെസ്റ്റെടുക്കണം .. ഡോക്ടർ പറയുന്ന കാര്യങ്ങൾ അവൾ മൂളിക്കേട്ടു ..
“എന്താ .. എന്തുപറ്റി ..? എന്തെങ്കിലും പ്രശ്നമുണ്ടോ ” അവളുടെ മുഖഭാവം കണ്ടിട്ടാവണം ഡോക്ടർ ചോദിച്ചു ..
“ഡോക്ടർ ഞാനെന്റെ ഭർത്താവിന്റെ വീട്ടിൽ നിന്നാണ് വരുന്നത് .അവിടെ എന്നും തീർത്താൽ തീരാത്ത ജോലിയാണ് . വിശ്രമിക്കാനൊന്നും നേരമുണ്ടാവില്ല . ഇതൊന്നും പറഞ്ഞാൽ അവിടെ ആർക്കുംമനസ്സിലാവുകയുമില്ല ..ജോലി ചെയ്യാതിരിക്കാൻ ഞാൻ കള്ളം പറയുകയാണെന്നേ അവർ പറയൂ ..അപ്പോഴേക്കും അവളുടെ ശബ്ദം ഇടറിയിരുന്നു ..
തെല്ലു നേരത്തെ ആലോചനയ്ക്ക് ശേഷം ഡോക്ടർ പറഞ്ഞു “സാരമില്ല .. അഞ്ചു ദിവസത്തേക്ക് മെഡിസിൻ എഴുതിയിട്ടുണ്ട് .. അത് കഴിഞ്ഞു വീണ്ടും വരണം . വരുമ്പോൾ വീട്ടിൽ നിന്നും ആരെയെങ്കിലും കൂടെ കൊണ്ടുവരൂ . അവരുടെ മുന്നിൽ വെച്ച് ഞാൻ പറഞ്ഞോളാം നന്നായി റസ്റ്റ് വേണമെന്ന് .. അതാവുമ്പോ അവർ വിശ്വസിക്കുമല്ലോ ..”
“ശരി ഡോക്ടർ ..”
അവൾ വീട്ടിലെത്തുമ്പോഴേക്കും നേരം ഇരുട്ടിതുടങ്ങിയിരുന്നു .. അവളുടെ അഭാവത്തിൽ ബാക്കിയായ ജോലികൾ തീർക്കാനായി അവൾ തന്റെ ക്ഷീണം മറന്നു ..
അഞ്ചു ദിവസം കഴിഞ്ഞ് വീണ്ടും പോകുമ്പോൾ കൂടെ ഭർതൃ സഹോദരിയും ഉണ്ടായിരുന്നു .. അവരുടെ മുന്നിൽ വെച്ച് ഡോക്ടർ അവളുടെ ശരീരം വളരെ വീക്കാണെന്നും നന്നായി റസ്റ്റ് വേണമെന്നും പറഞ്ഞു .. അവളാശ്വസിച്ചു ..ഇനിയെങ്കിലും എനിക്ക് അല്പം വിശ്രമം കിട്ടുമായിരിക്കും ..
വീട്ടിലെത്തിയപ്പോ നാത്തൂൻ ഡോക്ടർ പറഞ്ഞ കാര്യങ്ങൾ പറഞ്ഞു .. അതുകേട്ട അമ്മായിയമ്മ കഴിഞ്ഞ കാലങ്ങളുടെ കഷ്ടപ്പാടുകളുടെ കെട്ടഴിച്ചു.. പണ്ട് കഴിഞ്ഞതും അനുഭവിച്ചതുമായ കാര്യങ്ങൾ എണ്ണിയെണ്ണി പറയാൻ തുടങ്ങി ..മകനെ വളർത്തി വലുതാക്കാൻ പെട്ട പ്രയാസത്തിന്റെയും കണക്കുകൾ നിരത്തിയപ്പോൾ അവളുടെ ക്ഷീണം അവൾ മറന്നു .. ഡോക്ർമാർക്കെന്താ പഞ്ഞൂടാതെ .. വേറെയാർക്കും ഇതുവരെ പനിക്കാത്തപ്പോലെ .. കെട്ട്യോന്റെയും മക്കളുടെയും കാര്യങ്ങൾ നോക്കാൻ ആളുണ്ടെങ്കിൽ റെസ്റ് എടുത്തോട്ടപ്പാ .. ഈടായർക്കാ മുടക്കം .. അമ്മായിയമ്മ പൂർത്തിയാക്കി ..അവളെ ഒതുക്കാനുള്ള ഏറ്റവും വലിയ ആയുധം അതാണെന്നവർക്ക് നന്നായറിയാമായിരുന്നു ..
അവരുടെ കാര്യങ്ങൾ ആര് നോക്കും ..അതോർത്തപ്പോൾ അവൾ തന്റെ ക്ഷീണം മറന്നു ..ഡോക്ടറുടെ വാക്കുകൾ ചുരുട്ടിക്കൂട്ടി ചവറ്റു കൂട്ടയിലിട്ട ശേഷം അവൾ വീണ്ടും ജീവിതത്തിന്റെ തിരക്കുകളിലേക്ക് ഇറങ്ങി നടന്നു ..
☆☆☆☆☆☆☆☆☆☆☆

