എഴുത്ത്:-ശ്രീജിത്ത് ഇരവിൽ തെരുവ് കാഥികൻ
മകളുടെ മാമോദീസ ക്ഷണിക്കാൻ മേരിക്കുട്ടി തന്റെ സ്കൂട്ടറിൽ വന്ന നാളിലാണ് ഭർത്താവിനോട് കനത്തിൽ ഞാൻ വഴക്കുണ്ടാക്കുന്നത്. അതിന്റെ മുറുക്കം മാസങ്ങളോളം ഞങ്ങളുടെ ജീവിതത്തിൽ അനുഭവപ്പെട്ടു.
പഠിക്കുന്ന കാലം തൊട്ടേ ഡ്രൈവിംഗ് പഠിക്കണമെന്നും ലൈസൻസ് എടുക്കണമെന്നും എനിക്ക് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. കല്ല്യാണം കഴിഞ്ഞ് കൊല്ലം ഏഴായിട്ടും ഇതുവരെ സാധിച്ചിട്ടില്ല. പലതവണ ഈ കാര്യം ഞാൻ എന്റെ ആളോട് പറഞ്ഞതാണ്.
‘ലൈസൻസ് എടുത്തിട്ട് എന്തിനാ… നിനക്ക് അലമാരയിലെ സാരിക്കടിയിൽ വെക്കാനോ…!?’
അപ്പോഴൊക്കെ ഇങ്ങനെ പറഞ്ഞുകൊണ്ട് ചിരിക്കലാണ് മൂപ്പരുടെ മറുപടി. അല്ലെന്ന് പറയണമെന്ന് ഞാൻ കരുതാറുണ്ട്. പക്ഷേ, പറ്റാറില്ല….
ഒരു സ്കൂട്ടെറെങ്കിലും വേണമെന്നാണ് എന്റെ ആഗ്രഹം . മേരിക്കുട്ടി മാമോദീസക്ക് മുക്കാൻ കൊണ്ടുപോകുന്ന മകളുടെ പ്രായത്തിൽ എനിക്കും ഉണ്ടൊരു കാന്താരി. അവളെ സ്കൂളിലേക്ക് കൊണ്ടുവിടാനും, വീട്ടിലേക്കുള്ള ആവിശ്യ സാധനങ്ങൾ എനിക്ക് തന്നെ നോക്കിയും കണ്ടും വാങ്ങാനും ഒരു വാഹനം കൂടിയേ തീരൂ..
കൂടെ പഠിച്ച മേരിക്കുട്ടി പത്തിൽ തോറ്റുപോയതാണ്.. പ്രീഡിഗ്രി പാസ്സായതിന്റെ ഹുങ്ക് പലവട്ടം ഞാൻ അവളോട് കാട്ടിയതുമാണ്. ജീവിതത്തിന്റെ കാര്യം വന്നപ്പോൾ അവളുടെ മുന്നിൽ ഞാൻ തോറ്റുപോയി. എത്ര മനോഹരമായാണ് മേരിക്കുട്ടി എന്നെ അസൂയപ്പെടുത്തുന്നത്…
തന്റെ ഇഷ്ടത്തിന് ജീവിക്കാനും സഞ്ചരിക്കാനും പറ്റുന്നുണ്ടെന്ന് അവൾ പലതവണ എന്നോട് പറഞ്ഞിരുന്നു. ഡ്രൈവിംഗ് പഠിക്കണമെന്ന് പറഞ്ഞത് തന്നെ കെട്ട്യോനാണെന്ന് അവൾ പറഞ്ഞപ്പോൾ എന്റെ തല താഴ്ന്നുപോയി. മാമോദീസക്ക് തീർച്ചയായും മോളേം കൂട്ടി വരണമെന്ന് പറഞ്ഞുകൊണ്ടാണ് അവളന്ന് പോയത്.
മേരിക്കുട്ടിയുടെ മുന്നിൽ താഴ്ന്നുപോയ എന്റെ തല വൈകുന്നേരം ഭർത്താവ് വന്നപ്പോൾ ഞാൻ ഉയർത്തിപ്പിടിച്ചു.
‘എനിക്ക് ലൈസൻസ് എടുക്കണം…!’
സ്ഥിരം മറുപടി പറഞ്ഞുകൊണ്ട് മൂപ്പര് ചിരിച്ചു. എനിക്ക് അറിയാം എങ്ങനെയാണ് ലൈസൻസ് എടുക്കേണ്ടതെന്ന് ഞാൻ പറഞ്ഞു. അത്രയ്ക്കായോ എന്ന തലത്തിൽ മൂപ്പര് എന്നെയൊന്ന് തുറിച്ച് നോക്കി. ഞാൻ ഭയന്നില്ല. മേരിക്കുട്ടി തൊട്ടുണർത്തിയ നഷ്ട്ടബോധമായിരുന്നു എന്നെക്കൊണ്ട് പിന്നീട് സംസാരിപ്പിച്ചത്.
‘ലൈസൻസ് മാത്രം പോരാ.. വണ്ടിയും വേണം.. നിങ്ങക്ക് കാറുണ്ടല്ലോ.. എനിക്ക് സ്കൂട്ടറ് മതി..!’
നിനക്ക് പ്രാന്ത് പിടിച്ചോയെന്ന് ചോദിച്ചുകൊണ്ട് മൂപ്പര് തന്റെ മണ്ട ചൊറിഞ്ഞ് അകത്തേക്ക് പോയി. ഞാൻ വിട്ടില്ല. ഇന്ന് എനിക്കൊരു തീരുമാനം അറിയണമെന്ന് പറഞ്ഞ് ഞാൻ മൂപ്പരുടെ മുന്നിൽ നിന്നു.
‘നീ ഡ്രൈവിംഗ് പഠിക്കേണ്ട യാതൊരു ആവശ്യവും ഇവിടെയില്ല..’
എന്നും പറഞ്ഞ് എന്നെ തള്ളി മാറ്റിയിട്ട് ഭർത്താവ് കുളിമുറിയിലേക്ക് കയറി. സ്വന്തം ജീവിതത്തിന്റെ വളയം കൈയ്യിൽ ഇല്ലാതെ പോയല്ലോ ദൈവമേയെന്ന് ഉള്ളുരുകിയപ്പോഴാണ് കൈയ്യിലെ സ്വർണ്ണവള ഞാൻ ശ്രദ്ധിച്ചത്. ഞാൻ തീരുമാനിച്ചു. എന്തൊക്കെ സംഭവിച്ചാലും ഡ്രൈവിംഗ് പഠിക്കുക തന്നെ.
മൂപ്പരുടെ എതിർപ്പ് അവഗണിച്ച് മേരിക്കുട്ടി ഡ്രൈവിംഗ് പഠിച്ച സ്കൂളിൽ തന്നെ ഞാൻ ചേർന്നു. രണ്ടും നാലും ചക്രങ്ങളുള്ള വാഹനങ്ങൾ ഓടിക്കാനുള്ള പ്രാക്റ്റീസും തുടങ്ങി. വരവും പോക്കുമെല്ലാം മേരിക്കുട്ടിയുടെ കൂടെയായിരുന്നു…
ടെസ്റ്റിന്റെ സംവിധാനം പാടേ മാറി പോയെന്നും, ലൈസൻസ് കിട്ടാൻ വളരേ പ്രയാസമാണെന്നും, ഒരുനാൾ ട്രെയിനർ പറഞ്ഞിരുന്നു. അപ്പോൾ ഞാൻ അൽപ്പമൊന്ന് ഭയപ്പെട്ടുപോയി.. തീയറി പരീക്ഷ പാസ്സായപ്പോൾ ധൈര്യം സംഭരിച്ചു. ടെസ്റ്റിനുള്ള ഡേറ്റ് അടുത്തപ്പോൾ സംഭരിച്ചുവെന്ന് പറഞ്ഞ ആ ധൈര്യമെല്ലാം ചോർന്ന് പോകുകയും ചെയ്തു…
‘നിനക്ക് നിന്റെ ഇഷ്ടത്തിന് ജീവിക്കാനാണെങ്കിൽ ഇങ്ങോട്ട് ഇനി വരണ്ട…’
അന്ന് ഡ്രൈവിംഗ് ടെസ്റ്റിനായി ഇറങ്ങുമ്പോൾ ഭർത്താവ് പറഞ്ഞു. എനിക്ക് മറുപടി ഉണ്ടായിരുന്നില്ല. നേരം വൈകുന്നുവെന്ന അർത്ഥത്തിൽ മേരിക്കുട്ടി ഹോൺ അടിച്ചപ്പോൾ ഞാൻ പോകുകയും ചെയ്തു. ഇടം എത്തുന്നത് വരെ എന്റെ കുടുംബജീവിതം ഓർത്ത് ഞാൻ ആകുലതപ്പെട്ടിരുന്നു….
നിരത്തിലൂടെ ഓടുന്ന വാഹനങ്ങളുടെ വളയം പിടിച്ചിരിക്കുന്നത് സ്ത്രീകൾ ആണോയെന്ന് ചിലപ്പോഴൊക്കെ ഞാൻ നിരീക്ഷിക്കാറുണ്ട്. ആണെങ്കിൽ ഏറെക്കുറേ തന്റെ ജീവിതത്തതിന്റെ നിയന്ത്രണവും അവളിൽ തന്നെയായിരിക്കും. അല്ലെങ്കിലും, വേഗത്തിന്റെ മനുഷ്യലോകത്തിൽ നിന്നും തന്റെ ചലനം കൂട്ടാനുള്ള യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിവില്ലെങ്കിൽ ജീവിതത്തെ എന്തിന് കൊള്ളാമല്ലേ…
ഭരിക്കപ്പെടേണ്ടവളായി ഇനിയും തുടരേണ്ടായെന്ന് ഞാൻ തീരുമാനിച്ചു. മകളേയും കൂട്ടി എന്റെ വീട്ടിലേക്ക് പോകാം. പതിയേ ഒരു ജോലി സംഘടിപ്പിക്കണം. പൊന്ന് വിറ്റ് ഒരു സ്കൂട്ടറും വാങ്ങാം. മോളുമായി ഏറെ സഞ്ചരിക്കണം. എന്നാലും എന്റെ മൂപ്പര് ഇങ്ങനെ പറഞ്ഞ് കളയുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല.
പണ്ട്, മകൾക്ക് ഉണ്ടായിരുന്ന റിമോർട്ടിൽ ചലിക്കുന്ന വാഹനമാണ് ഞാൻ മൂപ്പർക്കെന്ന് എനിക്ക് തോന്നി. ആ ചലനം എനിക്ക് തിരിച്ച് പിടിച്ചേ പറ്റൂ…
എന്റെ ഊഴം വന്നു. ഒരു പാളിച്ചയും ഇല്ലാതെ വാഹനങ്ങൾ എനിക്ക് വഴങ്ങുമെന്ന് ഞാൻ തെളിയിച്ചു. എല്ലാം കഴിഞ്ഞ് മേരിക്കുട്ടിയുമായി തിരിച്ച് പോകുമ്പോഴേക്കും, ഇന്ന് തന്നെ മകളുമായി ആ വീട്ടിൽ നിന്ന് ഇറങ്ങണമെന്ന് ഞാൻ ചിന്തിച്ചിരുന്നു. പിറകിലോട്ട് പോകുന്ന വഴിയോര കാഴ്ച്ചകൾ പോലെയാണ് ജീവിതത്തിലെ ബന്ധങ്ങൾ എന്ന് കാതുകളിൽ ആരോ പറയുന്നത് പോലെ…
എന്റേയും മകളുടേയും അത്യാവശ്യ തുണികളൊക്കെ ബാഗിൽ വെച്ച് ഞാൻ തയ്യാറായി. സ്കൂൾ ബസ് വരാൻ നേരമാകുന്നതേയുള്ളൂ. ചുമരിൽ പതിച്ചിരുന്ന കുടുംബ ചിത്രത്തിലേക്ക് നോക്കിക്കൊണ്ട് ഞാൻ ഹാളിൽ ഇരുന്നു. ആരേയും ഉപദ്രവിക്കാതെ ഇഷ്ട്ടത്തിന് ജീവിക്കാനുള്ള അനുവാദത്തിനായി കാത്തിരിക്കേണ്ടി വരുന്ന ഓരോ ജീവനുകളുടേയും അവസ്ഥ ദയനീയമാണ്…
സ്കൂൾ ബസ് വന്നു. അമ്മേയെന്ന് വിളിച്ചുകൊണ്ട് അതിൽ നിന്ന് മോളും ഇറങ്ങിവന്നു. അവൾക്ക് തിന്നാനൊക്കെ കൊടുത്തതിന് ശേഷം ഭർത്താവ് വരാനായി ഞാൻ കാത്തിരിക്കുകയായിരുന്നു.
പത്ത് വർഷങ്ങളോളം പരസ്പരം പൊത്തിപ്പിടിച്ച് ഉറങ്ങിയ ആളോട് പറഞ്ഞിട്ട് ഇറങ്ങണമെന്ന മര്യാദ എനിക്ക് കാട്ടണം. വൈകാതെ മൂപ്പരും വന്നു…
‘ഞാനും മോളും ഇറങ്ങുകയാണ്…!’
കാറിൽ നിന്ന് ഇറങ്ങി ഹാളിലേക്ക് എത്തിയ ഭർത്താവിനോട് ഞാൻ പറഞ്ഞു. ഒരിക്കലും പ്രതീക്ഷിക്കാത്തത് പോലെ ഞാൻ ഒരുക്കിവെച്ച ബാഗിലേക്ക് നോക്കികൊണ്ട് മൂപ്പര് മിഴിച്ചു. തനിച്ച് പോയാൽ മതിയെന്ന് എന്റെ മുഖത്ത് നോക്കാതെ മൂപ്പര് പറയുകയും ചെയ്തു. മോളെ വേണമെങ്കിൽ, പോയി കേസ് കൊടുക്കെന്ന് ഞാനും പറഞ്ഞു. അങ്ങനെയൊരു ശബ്ദം എന്നിൽ നിന്നും മൂപ്പര് പ്രതീക്ഷിച്ചതേ ഉണ്ടായിരുന്നില്ല…
അൽപ്പ നേരത്തേ സ്തംഭനത്തിന് ശേഷം ഒന്നും പറയാതെ മൂപ്പര് മുറിയിലേക്ക് പോയി. പറഞ്ഞത് കൂടിപ്പോയോയെന്ന് സംശയിക്കുമ്പോഴാണ് എന്തോ വീഴുന്ന ശബ്ദം ഞാൻ കേട്ടത്..
അച്ഛനാണ് അമ്മേയെന്ന് മകള് വിളിച്ച് കൂവി.. ഞാൻ മുറിയിലേക്ക് എത്തുമ്പോഴേക്കും തറയിൽ നിന്ന് പാടുപെട്ട് ഭർത്താവ് കട്ടിലിലേക്ക് എത്തിപ്പിടിക്കാൻ ശ്രമിക്കുന്നതാണ് കണ്ടത്. പോക്കറ്റ് ചുളിയും വിധം നെഞ്ചിൽ പിടിച്ചിരിക്കുന്നത് കണ്ടപ്പോൾ ഭയന്നുപോയി. ഒന്നുമില്ലെന്ന് പറഞ്ഞെങ്കിലും ഞാൻ മൂപ്പരെ സഹായിച്ചു. ആശുപത്രിയിലേക്ക് പോകാമെന്ന് പറഞ്ഞ് മുറ്റത്തേക്ക് താങ്ങി നടത്തി. അപ്പോഴേക്കും മകൾ കാറിന്റെ ചാവിയും കൊണ്ട് വന്ന് ഡോറ് തുറന്നിരുന്നു…
യാത്രയിൽ ഉടനീളം ഞാൻ വെപ്രാളപ്പെട്ട് വളയം പിടിക്കുന്നത് മൂപ്പര് കുഴഞ്ഞ ഇരിപ്പിലും കണ്ണെടുക്കാതെ നോക്കുന്നുണ്ടായിരുന്നു. ആശുപത്രിയിൽ എത്തി. നിരീക്ഷണത്തിന് ശേഷം മൈനർ അറ്റാക്കായിരുന്നുവെന്ന് ഡോക്റ്റർ പറഞ്ഞു. പേടിക്കാനൊന്നും ഇല്ലെന്ന് പറഞ്ഞിട്ടും മൂപ്പരുടെ മുഖം തെളിഞ്ഞില്ല.
ഞരമ്പിലെ ട്രിപ്പ് കഴിഞ്ഞപ്പോൾ ഞങ്ങൾ ആശുപത്രി വിട്ടു. വീട് എത്തുന്നത് വരെ മൂപ്പര് എന്നോട് മിണ്ടിയില്ല. പിറകിലെ സീറ്റിൽ ഇരുന്നുകൊണ്ട് വളയം പിടിക്കുന്ന അമ്മയേയും, കുഴഞ്ഞ് ഇരിക്കുന്ന അച്ഛനേയും, മകൾ മാറി മാറി നോക്കുന്നത് കണ്ണാടിയിൽ ഞാൻ കാണുന്നുണ്ടായിരുന്നു..
വീട് എത്തി. എല്ലാവരും ഇറങ്ങിയപ്പോൾ കാറ് ലോക്ക് ചെയ്ത് താക്കോൽ ഞാൻ മകളെ ഏൽപ്പിച്ചു. അവൾ അതെടുത്ത് മൂപ്പർക്കും കൊടുത്തു. കതക് തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഞങ്ങൾ ഇറങ്ങുകയാണെന്ന് ബാഗിൽ തൊട്ടുകൊണ്ട് മനസ്സില്ലാ മനസ്സോടെ ഞാൻ പറഞ്ഞു. അതിലും വിങ്ങുന്ന ഉള്ളുമായി മൂപ്പര് അടുത്തേക്ക് വന്ന് എന്റെ കൈകളിൽ പിടിച്ചു.
‘എന്നോട് ക്ഷമിക്കെടീ…’
അങ്ങനെ പറയുമ്പോൾ മൂപ്പരുടെ കണ്ണുകൾ നിറഞ്ഞിരുന്നു. എന്റെ ഉള്ളം കൈയ്യിൽ കാറിന്റെ താക്കോൽ എടുത്ത് വെക്കുമ്പോൾ മൂപ്പരുടെ കൂടെ ഞാനും കരഞ്ഞു. തുടർന്ന് വാരിപ്പുണർന്നു. അപ്പോഴാണ്, ഒരു വല്ലാത്ത ശബ്ദത്തിൽ മറ്റൊരു കരച്ചില് ഞങ്ങള് കേൾക്കുന്നത്. പരസ്പരം അടർന്ന് നോക്കിയപ്പോൾ സോഫയിൽ ഇരുന്ന് മകള് കരയുന്നു…
‘എന്തിനാണ് മോള് കരയുന്നേ…?’
ഞങ്ങൾ അവളോട് ചോദിച്ചു.. നിങ്ങൾ രണ്ടുപേരും എന്തിനാണോ കരയുന്നത് അതേ കാരണത്തിലാണ് താനും കരയുന്നതെന്ന് ചെറിയ വായയിൽ അവൾ പറഞ്ഞു. അതുകേട്ടപ്പോൾ, എനിക്കും മൂപ്പർക്കും അവളെ പൊതിഞ്ഞ് ചിരിക്കാതിരിക്കാൻ സാധിച്ചില്ല. അടർന്നുപോയ ഞങ്ങളെ മുറുക്കെ പിടിച്ച് മകളും ചിരിച്ചു. അതിന്റെ മുഴക്കം ഇന്നുമെന്റെ വീടിന്റെ കാതുകളിൽ ഉണ്ട്….!!!