ബാലേട്ടൻ…
എഴുത്ത്:-ശ്യാം കല്ലുകുഴിയിൽ
അന്നാദ്യമായിയൊന്നുമല്ല ആ മനുഷ്യൻ കരയുന്നത് കാണുന്നത്. മുൻപത് നിശബ്ദമായിരുന്നെങ്കിലിപ്പോൾ നിയന്ത്രിക്കാൻ കഴിയാതെ പുറത്തേക്ക് വരുന്നുണ്ടെന്ന് മാത്രം….
മച്ചിയെന്നു വിധിയെഴുതിയ തന്റെ പ്രീയപെട്ടവളുടെ അന്ത്യകർമ്മങ്ങൾ ചെയ്യാൻ കഴിയാത്തവിധം ആ മനുഷ്യൻ കരയുന്നത് കണ്ടാണ് അവിടെ കൂടിയവരുടെ കണ്ണുകൾ കൂടി നിറഞ്ഞൊഴുകിയത്…
ആണൊരുത്തൻ ഇങ്ങനെ കരയണമെങ്കിൽ അയാളവരെ എത്രമാത്രം സ്നേഹിച്ചിരുന്നുകാണും, അത്രെയും സ്നേഹിക്കപ്പെട്ടയവർ എത്ര ഭാഗ്യവതിയായിരിക്കും…
പലപ്പോഴും ആ വീട്ടിൽ നിന്നവരുടെ ഉച്ചത്തിലുള്ള ശബ്ദമാണ് പുറത്തേക്ക് വരുക, അപ്പോഴും ബാലേട്ടൻ നിശബ്ദമായി എന്തെങ്കിലും ചെയ്തുകൊണ്ടിരിപ്പുണ്ടാകും, ഇടയ്ക്ക് ചിലപ്പോൾ ബാലേട്ടന്റെ ശബ്ദം ഉയരുമ്പോൾ അവരുടെ അടക്കി പിടിച്ച തേങ്ങൽ പുറത്തേക്ക് വരും…
ചിന്തകളോരോന്നായി കടന്ന് പോകുമ്പോൾ അവരുടെ ചിതയിൽ തീ പടർന്നിരുന്നു. ചിതയ്ക്കരികിലായി തല കുമ്പിട്ടാ മനുഷ്യനും. ആരെങ്കിലും അയാളെ ചേർത്ത് പിടിച്ചിരുന്നേൽ ആ മനുഷ്യനെന്തൊരു ആശ്വാസമായേനെ….
ഇരുട്ട് പടർന്ന് തുടങ്ങിയപ്പോഴും ചിതയ്‌ക്കരികിലിരിക്കുന്ന ബാലേട്ടന്റെ മുഖം കനലിന്റെ മങ്ങിയ വെളിച്ചത്തിൽ കാണുന്നുണ്ടായിരുന്നു….
” അമ്മേ ബാലേട്ടൻ ആ ഇരുപ്പാണ് ഞാൻ എന്തേലും കഴിക്കാൻ കൊണ്ടുപോയി കൊടുത്താലോ… “
ആ ചോദ്യത്തിനമ്മയൊന്നും മിണ്ടാതെയൊന്ന് നോക്കിയതേയുള്ളു, മറുപടിക്ക് കാത്തു നിൽക്കാതെ ഒരു പാത്രത്തിലേക്ക് ചോറും മറ്റൊന്നിൽ കറിയുമായി ആ വീട്ടിലേക്ക് നടന്നു….
ഉമ്മറത്തെ അരഭിത്തിയിൽ പാത്രം വച്ച് ആ മനുഷ്യന്റെ അരികിലേക്ക് ചെന്നു…
” ബാലേട്ടാ വാ എന്തേലും കഴിക്കാം…”
ഞാൻ പറഞ്ഞത് കേൾക്കാഞ്ഞിട്ടാണാവോ അയാൾ തല കുമ്പിട്ട് ആ ഇരുപ്പ് ഇരുന്നേയുള്ളു…
” ഇങ്ങനെ ഇരുന്നാൽ എങ്ങനായെയാ ബാലേട്ടാ… “
തോളിൽ തട്ടി വിളിക്കുമ്പോൾ തല ഉയർത്തി എന്നെയൊന്നു നോക്കി, ആ നോട്ടത്തിൽ എല്ലാം നഷ്ട്ടപെട്ടവന്റെ വേദനയായിരുന്നു, ആ മുഖത്തേക്ക് നോക്കാനാകാതെ ഒരു നിമിഷം കണ്ണ് ചിതയിലേക്ക് പോയി…
” എനിക്കൊന്നും വേണ്ട മോളെ…”
ഞാൻ പിന്നെയും വിളിക്കുമ്പോൾ അതുപറഞ്ഞ് ബാലേട്ടൻ ആ ഇരിപ്പ് ഇരുന്നു …
ഒന്നുകൂടി നിർബന്ധിക്കുമ്പോഴാണ് അവിടെ നിന്നെഴുന്നേറ്റത്, രണ്ടു ചുവട് നടന്ന് കരച്ചിൽ പുറത്തേക്ക് വരാതെ തോളിൽ കിടന്ന തോർത്ത് കടിച്ചു പിടിച്ചയാൾ പിന്നെയും ചിതയിലേക്ക് നോക്കി അടുത്ത് കിടന്ന കസേരയിലിരുന്നു. എങ്ങനെ അശ്വസിപ്പിക്കണമെന്നറിയാതെ തോളിൽ തട്ടി അരികിൽ നിൽക്കുമ്പോൾ ആ മനുഷ്യനെന്റെ കയ്യിൽ മുറുക്കെ പിടിച്ചിരുന്നു…
മനസ്സിനൊരൽപ്പം ആശ്വാസം ആയപ്പോഴാകും അയാൾ എഴുന്നേറ്റ് മുഖം കഴുകി ഉമ്മറത്തെ അര ഭിത്തിയിൽ ചെന്നിരുന്നത്….
” അവൾ മരിച്ചെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല മോളെ… “
കറി ഒഴിച്ച ചോറിൽ ഏറെ നേരം വിരലോടിച്ചിരുന്ന ശേഷമാണ് ബാലേട്ടനത് പറഞ്ഞതും പിന്നെയും കണ്ണുനീർ പൊഴിച്ചു തുടങ്ങിയതും…
” അടുക്കളയിൽ നിന്നവൾ എന്തൊക്കെയോ വിളിച്ചു പറയുന്നത് പോലെ…. “
കണ്ണും പൊത്തി പിന്നെയും അയാൾ കരഞ്ഞു തുടങ്ങി, എന്തുപറയണമെന്നറിയാതെ ഭിത്തിയിൽ ചാരി ഞാനും നിന്നു…
” മോള് പൊയ്ക്കോ,,,, അമ്മയവിടെ തനിച്ചല്ലേ… “
ഒന്നും പറയാതെ കണ്ണുനീർ തുടച്ച് ഞാൻ വീട്ടിലേക്ക് നടന്നു, ഇടയ്ക്ക് തിരിഞ്ഞു നോക്കുമ്പോൾ ആ മനുഷ്യൻ പിന്നെയും ചിതയ്ക്കരികിലേക്ക് നടക്കുന്നുണ്ടായിരുന്നു…..
” നീ ഉറങ്ങുന്നില്ലേ മാളു…. “
അമ്മയുടെ ചോദ്യം കേട്ടപ്പോഴാണ് ഞാൻ ജനലിന്റെ അരികിൽ നിന്ന് അമ്മയ്‌ക്കരികിൽ വന്നുകിടന്നത്…
” അമ്മയുറങ്ങിയോ… “
ഏറെ നേരം കഴിഞ്ഞും ഉറക്കം വരാതെയിരുന്നപ്പോഴാണ് അമ്മയോട് ചോദിച്ചത്… ഒരു മൂളലിൽ അമ്മയില്ലെന്നും പറഞ്ഞു….
” ബാലേട്ടന്റെ കരച്ചിൽ കണ്ടിട്ട് സഹിക്കുന്നില്ല, ഇനി അയാൾക്ക് ആരാണൊരു കൂട്ട്,, ആ പാവം ഇനി ഒറ്റയ്ക്ക് എങ്ങനെയാണാവോ… “
ഞാനത് പറയുമ്പോൾ കുറച്ചു നേരം അമ്മയൊന്നും മിണ്ടിയില്ല…
” കുറെ കഴിയുമ്പോൾ അയാൾക്കും അത് ശീലമായിക്കോളും.. “
” അമ്മയെ പോലെയല്ലേ…. “
പിന്നെയതിൽ അമ്മയൊന്നും പറഞ്ഞില്ല, പിന്നെയൊന്നും മിണ്ടാതെ ഞാനുമേപ്പോഴോ ഉറക്കത്തിലേക്ക് വീണു…
രാവിലെ ആ മനുഷ്യനെ പുറത്തൊന്നും കാണാതിരുന്നപ്പോൾ മനസിലെന്തോ ഭയമുണർന്നു. വേലിക്കപ്പുറം എത്തി നോക്കുമ്പോൾ പതിവുപോലെ വീട്ടിലേക്കുള്ള പാലും വാങ്ങി ബാലേട്ടൻ വരുന്നുണ്ട്, ഉമ്മറത്തേക്ക് കയറുമ്പോൾ അബദ്ധത്തിൽ പോലും ആ കണ്ണുകൾ ചിതയിലേക്ക് പോയിരുന്നില്ലെന്നത് എന്നെ അത്ഭുതപ്പെടുത്തി….
അന്ന് രാത്രി അല്പം വൈകിയാണ് കവലയിൽ ബസ്സിറങ്ങിയത്…
” മോളിന്ന് വൈകിയോ… “
വീട്ടിലേക്ക് നടക്കുമ്പോഴാണ് ആ ചോദ്യം കേട്ട് തിരിഞ്ഞു നോക്കുന്നത്. കടത്തിണ്ണയിലിരുന്ന ബാലേട്ടൻ അതും പറഞ്ഞെന്റെ അരികിലെത്തിയിരുന്നു…
” ഞാൻ വീട്ടിലേക്ക് പോകാൻ നിൽക്കുകയായിരുന്നു.. “
അത് പറഞ്ഞ് ബാലേട്ടൻ എനിക്കൊപ്പം നടന്നു…. എന്തൊക്കെയോ ചോദിക്കാനുണ്ടായിരുന്നെങ്കിലും മിണ്ടാതെ ഞാനും…
” രാത്രിയാണ് മോളെ വല്ലാത്ത ഒറ്റപ്പെടൽ… പകൽ പിന്നെ എവിടേലും പോയി ആരുടെയെങ്കിലും കൂടെ മിണ്ടിയും പറഞ്ഞുമിരിക്കാം, രാത്രിയത് പറ്റില്ലല്ലോ… “
ബാലേട്ടനത് പറയുമ്പോൾ ഞാൻ മൂളി നടന്നു…
” അവളുടെ വഴക്കും ബഹളവും കേൾക്കാതെ പറ്റുന്നില്ല, അവളിത്ര വേഗം പോകുമെന്നറിഞ്ഞിരുന്നെങ്കിൽ കുറെ വഴക്ക് റിക്കോർഡ് ചെയ്തു വയ്ക്കായിരുന്നു… “
അത് പറഞ്ഞുള്ള ആ മനുഷ്യന്റെ ചിരി വല്ലാണ്ട് ഭയപ്പെടിത്തിയിരുന്നു…
” ബാലേട്ടൻ എന്തേലും കഴിച്ചിരുന്നോ ഇന്ന്.. “
വീട്ടിലേക്ക് തിരിയുന്ന വഴിയിലെത്തി ഞാനത് ചോദിക്കുമ്പോൾ ഒരു നിമിഷം ആ മനുഷ്യനെന്റെ കണ്ണിലേക്ക് നോക്കി ഒന്നും മിണ്ടാതെ വീട്ടിലേക്ക് നടന്നുപോയി..
” ബാലേട്ടന് കഴിക്കാൻ എന്തേലും കൊടുക്കട്ടെ…. “
ഉമ്മറത്ത് നിന്ന അമ്മയോടതും പറഞ്ഞാണ് നേരെ അടുക്കളയിലേക്ക് പോയത്… പാത്രത്തിൽ ചോറും കറിയുമായി അയാളുടെ വീട്ടിലേക്ക് നടക്കുമ്പോഴും ഒന്നും മിണ്ടാതെ അമ്മ ഉമ്മറത്തു തന്നെ നിൽപ്പുണ്ട്…..
” ഇത് കഴിക്ക്… ബാലേട്ടൻ ഇന്നൊന്നും കഴിച്ചിട്ടുണ്ടാകില്ലന്ന് എനിക്കറിയാം… “
അരഭിത്തിയിൽ ഇരിക്കുന്ന ബാലേട്ടന്റെ മുന്നിലേക്ക് പാത്രം വച്ചത് പറയുമ്പോൾ ആ മനുഷ്യനൊന്നും മിണ്ടിയില്ല…
” അവൾക്ക് അച്ഛനുമമ്മയും ഇല്ല, ഏതോ ബന്ധുക്കളുടെ അടുത്ത് നിന്നാണ് വളർന്നത്, അവർക്കാണേൽ ഇവളെ എങ്ങനേലും കെട്ടിച്ചു വിട്ടാൽ മതി, ആ സമയത്താണ് ഞാനിവളെ പെണ്ണ് കാണാൻ ചെല്ലുന്നത്…. ഒറ്റ ചോദ്യം എന്നെ ഇഷ്ടമായോ എന്ന്.. അവൾ തല കുലുക്കി…. “
ചൊറിലേക് കറിയിട്ട് ഇളക്കുമ്പോഴാണത് പറഞ്ഞു തുടങ്ങിയത്…..
” അങ്ങനെ വേറെ വീട്ടിൽ നിന്ന് വളർന്നത് കൊണ്ടാകും, അവൾക്ക് എല്ലാവരോടും ദേഷ്യമാണ്, ദേഷ്യമല്ല അവൾക്ക് അങ്ങനെ പെരുമാറാനെ അറിയുള്ളു, അങ്ങനെ ആയിരുന്നു അവൾ വളർന്ന സാഹചര്യം…. “
കഴിക്കുന്നതിനിടയിൽ ബാലേട്ടൻ സംസാരിച്ചു കൊണ്ടിരുന്നു….
” അപ്പോഴാണ് കൊച്ചുങ്ങൾ ആകാത്തത് കൊണ്ട് ആശുപത്രിയിൽ പോണത്, രണ്ട് മൂന്ന് സ്ഥലത്ത് പോയപ്പോഴും അവൾക്കാണ് പ്രശ്നമെന്ന് ഡോക്ടർ പറഞ്ഞു,… അതോടെ അവളുടെ ദേഷ്യം കൂടി, ദേഷ്യം അല്ല ഉള്ളിലെ സങ്കടം അങ്ങനെയാണവൾ പുറത്തേക്ക് കാണിക്കുന്നത്…. അവൾക്കത് കാണിക്കാൻ ഞാനല്ലേ ഉള്ളൂ….. “
ഇടയ്ക്ക് ആ മനുഷ്യന്റെ കണ്ണുകൾ കനലടങ്ങിയ അവരുടെ ചിതയിലേക്ക് പോകുന്നുണ്ടായിരുന്നു…
” സത്യത്തിൽ അവളൊരു പാവമാണ് മോളെ…. പിന്നേ ഈ പുറമെ കാണിക്കുന്ന ദേഷ്യം മാത്രേയുള്ളു, ഞാനൊന്നും ഉച്ചത്തിൽ പറഞ്ഞാൽ അപ്പോ കരയും പാവം പെണ്ണ്….. “
അത് പറയുമ്പോൾ രണ്ടിറ്റ് കണ്ണുനീർ ആ പാത്രത്തിലേക്ക് വീണിരുന്നു…..
” ഞാൻ വേറെ ഏതേലും പെണ്ണുങ്ങളോട് മിണ്ടിയാൽ തന്നെ അവൾക്ക് ദേഷ്യമാണ്, ഞാൻ അവളെ കളഞ്ഞിട്ട് പോകുമോയെന്ന പേടിയാണ് അവൾക്ക്…. എനിക്കവളെ കളഞ്ഞിട്ട് പോകാൻ കഴിയില്ലെന്നവൾക്ക് അറിയില്ലല്ലോ…. അവസാനം എന്നെ തനിച്ചാക്കിയവൾ…… “
അത് പറഞ്ഞു പൂർത്തിയാക്കാതെ ഏറെ നേരം ബാലേട്ടൻ ചൊറിലേക്ക് നോക്കിയിരുന്നു…..
” ഇനി മോൾ ആഹാരം കൊണ്ട് വരണ്ട കേട്ടോ, അവൾ ഇവിടെയൊക്കെ ഉണ്ട്, അവളുടെ പരിഭവം പറച്ചിൽ എനിക്ക് കേൾക്കാം…. “
പാത്രത്തിലെ അവസാന വറ്റും കഴിച്ചൊരു പുഞ്ചിരിയോടെയാണത് പറഞ്ഞത്, ഒന്നും മിണ്ടാതെ പാത്രവും വാങ്ങി ഞാൻ തിരികെ വീട്ടിലേക്ക് നടന്നു….
പിന്നെയുള്ള ദിവസങ്ങളിൽ വൈകുന്നേരം എനിക്കൊപ്പം ബാലേട്ടനും കവലയിൽ നിന്ന് വീട്ടിലേക്ക് നടക്കും. കുറെയേറെ സംസാരിക്കും എല്ലാം മൂളിക്ക്കേട്ട് ഞാനും….
” ഇനി ഈ നടപ്പ് ഒരുപാട് ദിവസം കാണില്ല കേട്ടോ… എന്റെ കെട്ട് ഏതാണ്ട് ഉറപ്പിച്ചു… “
” ആഹാ… എവിടുന്ന ചെറുക്കൻ… “
അപ്പോഴാ കണ്ണുകളിൽ വല്ലാത്ത തിളക്കമുണ്ടായിരുന്നു….
” ഒപ്പം ജോലി ചെയ്യുന്ന ആളാണ്, ബാലേട്ടനെ പോലെ തന്നെ നല്ലൊരു മനുഷ്യൻ…. “
അത് കേട്ട് ആ മുഖം പിന്നെയും തിളങ്ങി…
” എന്തേയ് ഇന്ന് വിശേഷങ്ങളൊന്നും പറയാനില്ലേ…. “
അടുത്ത ദിവസം മുതൽ ബാലേട്ടന്റെ മൗനം കൂടി വരുന്നത് കണ്ടാണ് ചോദിച്ചത്….
” മോള് പോവുകയല്ലേ, ഇനി പിന്നേ ഞാൻ ആരോടാ പറയുക… “
മുഖത്ത് നോക്കാതെയാണത് പറഞ്ഞത്….
” ഞാനങ്ങ് ദൂരെയൊന്നും അല്ലല്ലോ പോകുന്നെ ഇടയ്ക് എന്നെ കാണാൻ വന്നിട്ട് എല്ലാം ഒരുമിച്ചു പറഞ്ഞാൽ മതി…”
ചിരിയോടെ ഞാൻ പറഞ്ഞെങ്കിലും ആ മുഖം അത്ര തെളിഞ്ഞില്ലെന്ന് എനിക്ക് മനസ്സിലായി…
കല്യാണ തലേദിവസം രാവിലെ മുതൽ ഓരോ പണികൾ ചെയ്ത് കൊണ്ട് ആ മനുഷ്യൻ വീട്ടിൽ തന്നെ ഉണ്ടായിരുന്നു, എല്ലായിടത്തും ഓടി നടന്ന് ബാലേട്ടൻ ഓരോന്ന് ചെയ്തു കൊണ്ടിരുന്നു….
” അതേ നാളെ ഇതിട്ടോണ്ട് വേണം കല്യാണത്തിന് വരാൻ… “
രാത്രി അടുക്കളവശത്ത് പാത്രങ്ങൾ കഴുകുന്ന തിരക്കിൽ ആയിരുന്നു ആ മനുഷ്യൻ, ആ കൈകളിൽ പുതിയ വസ്ത്രങ്ങൾ കൊടുക്കുമ്പോൾ വാങ്ങാനൊന്ന് മടിച്ചു…
” മതി ഇവിടത്തെ പണികൾ, ബാക്കി അവരൊക്കെ ചെയ്തോളും,… “
അത് പറഞ്ഞു കൈകളിൽ വസ്ത്രം വച്ചു കൊടുക്കുമ്പോൾ അതിലേക്ക് നോക്കി മിണ്ടാതെ വീട്ടിലേക്ക് നടന്നു…
കല്യാണ ദിവസം ആൾക്കൂട്ടത്തിനിടയിൽ ആ മുഖമാണ് ഞാൻ തിരഞ്ഞത്, തിരക്കിൽ നിന്നൊഴിഞ്ഞ് എന്നെയും നോക്കി നിൽക്കുന്ന ആ മനുഷ്യനിൽ പെട്ടെന്ന് കണ്ണുടക്കി….
അടുത്തേക്ക് കൈ വീശി വിളിച്ചപ്പോൾ പുഞ്ചിരിച്ചുകൊണ്ട് ആളോടി അരികിലെത്തി, ഹരിക്ക് ബാലേട്ടനെ പരിചയപ്പെടുത്തി കൊടുക്കുമ്പോഴും മുഖത്ത് ആ ചിരിയും സന്തോഷവും ഉണ്ടായിരുന്നു, ഹരിക്കൊപ്പം വണ്ടിയിൽ കയറി പോകുമ്പോൾ ഒന്നുകൂടി തിരിഞ്ഞു നോക്കി കരയുന്ന അമ്മയ്ക്ക് പിന്നിൽ കണ്ണുകൾ നിറഞ്ഞ് ആ മനുഷ്യനും നിൽപ്പുണ്ടായിരുന്നു….
” അല്ല മാളു അമ്മയും തനിച്ച് ബാലേട്ടനും തനിച്ച് നമുക്ക് അവരെ ഒന്നിപ്പിച്ചാലോ…. “
എന്റെ മടിയിൽ കിടന്ന ഹരി ആ മനുഷ്യന്റെ കഥകൾ മുഴവൻ കെട്ട് കഴിഞ്ഞപ്പോഴാണ് അത് പറഞ്ഞത്…
” അത് നടക്കുമെന്ന് തോന്നുന്നില്ല ഹരി… ഒരു വിവാഹത്തോടെ അമ്മ കുറെ അനുഭവിച്ചതാണ്, ഇനിയൊരു വിവാഹവും മറ്റൊരു പുരുഷനും അമ്മയ്ക്ക് അത് സാധിക്കുമെന്ന് തോന്നുന്നില്ല, അതിലും ബുദ്ധിമുട്ടാണ് ബാലേട്ടന്റെ കാര്യം, അയാൾ അത്രെയേറെ ആ സ്ത്രീയെ സ്നേഹിച്ചിരുന്നു, അല്ല സ്നേഹിക്കുന്നുണ്ട്, ആ സ്ഥാനത്ത് മറ്റൊരാൾ….. “
ഏറെ നേരം ആലോചിച്ച ശേഷമാണ് ഞാനത് പറഞ്ഞത്…
” ശരിയാ മാളു… അവരുടെ മനസ്സിൽ അങ്ങനെ ഒരു കൂട്ട് വേണമെന്ന് തോന്നുന്നെങ്കിൽ നമുക്ക് ആലോചിക്കാം,… “
ഹരി അത് പറയുമ്പോഴേക്കും ഞാൻ ആ തോളിൽ തല ചായ്ച്ചു കിടന്നിരുന്നു….