മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ശിവൻ ഓരോരോ കാര്യങ്ങൾ ഇരുന്ന് പറയുകയാണ്..
ശാലിനിക്ക് ആണെങ്കിൽ സ്റ്റെല്ല യെ കുറിച്ചു കൂടുതൽ ഒന്നും അറിയില്ലായിരുന്നു.
” അങ്ങനെയൊന്നും അല്ലടി കാര്യം, ഞാനും സനൂപും കൂടി പോയി, സ്റ്റെല്ലയുടെ നാട്ടിലൊക്കെ അന്വേഷിച്ചു…
…
അറിഞ്ഞു കേട്ട വിവരങ്ങൾ വള്ളി പുള്ളി വിടാതെ ശിവൻ സഹോദരിയെയും അറിയിച്ചു.
“എന്റെ ഗുരുവായൂരപ്പാ, ഇത് എന്തൊക്കെയാണ് ഈ കേൾക്കുന്നത്, സത്യമാണോ ശിവേട്ടാ…..”
“മ്മ്… അതേ…. സ്റ്റെല്ലയും എങ്ങും തൊടാതെ കൊണ്ട് എന്നോട് ഇത്തിരി ഒക്കെ പറഞ്ഞു, അതിൽപ്രകാരമായിരുന്നു ഞാനും സനൂപും കൂടി പോയത്, പക്ഷേ സംഗതിയൊക്കെ സത്യമാ, ആ ചേട്ടത്തിയെ കിട്ടിയവന് ഈ കൊച്ചിനോട് എന്തോ ഒരു ഇത് ഉണ്ടായിരുന്നു. അവന്റെ അടുത്ത് നിന്നും രക്ഷപ്പെടാൻ വേണ്ടി ഓടി പോന്നത് ആണ്…
“ശോ…. കഷ്ടം..പാവം കൊച്ചു അല്ലേ… എന്നാ പ്രായം ഉണ്ട് അതിനു .”
ശാലിനി താടിക്ക് കയ്യും കൊടുത്തുകൊണ്ട് കസേരയിൽ ഇരുന്നു.
“ആഹ്… അമ്മയുടെ അസുഖം കുറയുന്നത് വരെ ഇവിടെ നിൽക്കട്ടെ, എന്നിട്ട് ബാക്കി എങ്ങനെയാണെന്ന് വെച്ചാൽ ചെയ്യാം,”
” ആ കോൺവെന്റിലേക്ക് ഈ കൊച്ചിന് തിരിച്ചു പോകാൻ മേലെ “
” അവിടെ അതിനു ഭയങ്കര കഷ്ടപ്പാടാടി, കാലത്തെ എഴുന്നേൽക്കുമ്പോൾ മുതൽ അതിനെ ഇട്ട് പണി ചെയ്യിപ്പിക്കിൽ ആണ്, മടുത്തുവലഞ്ഞുപോയിന്നു “
സ്റ്റേല്ല ആണോ ഏട്ടനോട് ഇക്കാര്യം പറഞ്ഞത്”
“ഹേയ് അല്ല…. ഞങ്ങൾ ഒരു,മുറുക്കാൻ കടക്കാരന്റെ പീടികയിൽ ചെന്നാണ്, വിവരങ്ങളൊക്കെ ചോദിച്ചു മനസ്സിലാക്കിയത്, അയാളാണ് ഇതൊക്കെ പറഞ്ഞത്… അല്ലാതെ ഈ പെൺകൊച്ച് അങ്ങനെ വിശദീകരിച്ചിട്ടൊന്നുമില്ല “
“മ്മ്…. അമ്മയെ ഒക്കെ എങ്ങനെ പിടിച്ചു പൊക്കും, ആരോഗ്യം പോലും ഇല്ലതിന് …,”
” ഞാനിന്ന് കാലത്തെ അവളോട് പറഞ്ഞിട്ടാ പോയത്, ഒറ്റയ്ക്ക് ഒന്നും ചെയ്യേണ്ടന്നു… “
” ഏട്ടനും കൂടി ചേർന്ന് അമ്മയുടെ കാര്യങ്ങളൊക്കെ, ഒന്ന് നോക്കാൻ സഹായിച്ചാൽ മതി, അടുക്കള ജോലിയൊക്കെ ആ പെൺകൊച്ച് വേഗം ചെയ്ത് തീർത്തോളും “
മ്മ്….”
“എന്നാ ചെയ്യാനാ ആ കൊച്ചിനെ കണ്ടാൽ പറഞ്ഞു വിടാനും തോന്നുന്നില്ല “
ശാലിനി സങ്കടത്തോടെ ഇരുന്നു.
ഇരുവരും താഴേക്ക് ഇറങ്ങി ചെന്നപ്പോൾ ഉണ്ട് സ്റ്റെല്ല ഊണൊക്കെ എടുത്ത് മേശപ്പുറത്തു നിരത്തി കഴിഞ്ഞു.
പാവയ്ക്ക തീയലും അച്ചിങ്ങ മെഴുക്കുപുരട്ടിയും കൂടെ അയില മുളക് ഇട്ടു പറ്റിച്ചതും കിളി മീൻ പൊരിച്ചതും, കണ്ണിമാങ്ങാ ഉപ്പിൽ ഇട്ടതും…
കറികളുടെ എല്ലാം സമ്മിശ്ര മണം വായുവിൽ കലർന്നു നിന്നു.
“ചേട്ടാ… അമ്മയ്ക്ക് കൊടുത്തില്ലല്ലോ… ഒന്ന് എഴുന്നേൽപ്പിച്ച് ചാരി ഇരുത്താമോ”
ശിവൻ അടുത്തേക്ക് വന്നതും അവൾ ചോദിച്ചു
“ഹ്മ്മ്… താൻ ചോറും കറികളും എടുത്തു കൊണ്ട് പോരേ… ഞാൻ അമ്മയെ ചാരി ഇരുത്തം “
പറഞ്ഞുകൊണ്ട് അവൻ അമ്മയുടെ മുറിയിലേക്ക് കയറിപ്പോയി.
സ്റ്റെല്ല ഒരു സ്റ്റീൽ പ്ലേറ്റിലേക്ക് ചോറും കറികളും പകർന്നു. കുടിക്കുവാൻ വേണ്ടി ഒരു ഗ്ലാസ് ചെറു ചൂടുവെള്ളവും എടുത്തു.
ചെന്നപ്പോൾ ശാലിനിയും ശിവനും കൂടി ചേർന്ന് അമ്മയെ ചാരി ഇരുത്തുകയാണ്.
“സ്റ്റേല്ല പോയി കഴിച്ചോളൂ അമ്മയ്ക്കുള്ള ഭക്ഷണം ഞാൻ കൊടുത്തോളാം…”
അവളുടെ കയ്യിലിരുന്ന പ്ലേറ്റ് വാങ്ങിച്ചു കൊണ്ട് ശാലിനി പറഞ്ഞു.
“വേണ്ട ചേച്ചി
കുഴപ്പമില്ല, ചേച്ചി മടുത്തു വന്നതല്ലേ പോയിരുന്നു ഭക്ഷണം കഴിക്ക്, ഇതൊക്കെ ഞാൻ കൊടുത്തോളാം”
അവൾ ഏറെ നിർബന്ധിച്ചു എങ്കിലും ശാലിനി തന്നെയാണ് ഭക്ഷണം അമ്മയ്ക്ക് കൊടുത്തത്.
ഊണ് കഴിക്കുവാൻ പോകാതെകൊണ്ട് സ്റ്റെല്ലയും ആ മുറിയിൽ തന്നെ നിന്നു..
” അമ്മയ്ക്ക് ഈ കൊച്ച് ഉണ്ടാക്കിയ കറികളൊക്കെ ഇഷ്ടമായോ, “
ഒരു ഉരുള ചോറ് പാവയ്ക്ക തീയലിൽ മുക്കി, കൊണ്ട് ഗീതമ്മയുടെ വായിലേക്ക് വെച്ചുകൊടുക്കുകയാണ് ശാലിനി.
അവളുടെ ചോദ്യം കേട്ടതും രാധമ്മ ചെറുതായി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.
കാലത്തെതിലും മാറ്റമുണ്ടെന്ന് തോന്നുന്നു, ചേച്ചിയെ കണ്ടതുകൊണ്ട് അമ്മയ്ക്ക് സന്തോഷമായി, അതുകൊണ്ട് ആവും ല്ലേ..
കുറച്ചു വ്യക്തമായി പുഞ്ചിരിച്ച രാധയെ നോക്കി സ്റ്റെല്ല സാവധാനം പറഞ്ഞു.
“മ്മ്… അല്ലേലും അമ്മയ്ക്ക് ഞങ്ങൾ മൂന്നു മക്കളിൽ വച്ച് ഏറ്റവും ഇഷ്ടം ഇവളെയാണ്, അതാണ് ഈ മാറ്റത്തിന്റെ പിന്നിലുള്ള വസ്തുത”
ശിവൻ പറഞ്ഞതും ശാലിനി അവനെ നോക്കി തലയാട്ടി.
“ഉവ്വ്.. ഇനി അങ്ങനെ പറഞ്ഞാൽ മതി,ഊണിലും ഉറക്കത്തിലും എന്ന് വേണ്ട, സകല കാര്യത്തിലും അമ്മയ്ക്ക് ഒരൊറ്റ ചിന്ത മാത്രമേയുള്ളൂ, അമ്മയുടെ മൂത്ത മകനായ ശിവൻ…. എന്നിട്ടിപ്പോ ഏട്ടന്റെ സംസാരം കേട്ടില്ലേ… ചുമ്മാ തള്ളുന്നതാണെന്റെ കൊച്ചേ, നീ ഇതൊന്നും വിശ്വസിക്കരുതേ,”
ശാലിനിയും ശിവനും കൂടി ഓരോരോ കഥകൾ പറയുന്നത് കേട്ട് പുഞ്ചിരിയോടുകൂടി ചുവരിൽ ചാരി നിൽക്കുകയാണ് സ്റ്റെല്ല അപ്പോഴും..
“പാവയ്ക്കാ തീയൽ ഇവിടെ അമ്മയ്ക്കും ഏട്ടനും ഇഷ്ടം ഉള്ള കറിയാണ്
.. ഏട്ടൻ പറഞ്ഞിട്ടാണോ ഇത് ഈ കൊച്ചു ഉണ്ടാക്കിയത് “
അമ്മയ്ക്ക് ചെറിയ ഉരുളകൾ ഒന്നോന്നായി ഉരുട്ടി കറികൾ ഒക്കെ ചേർത്ത് വായിലേക്ക് അവൾ വെച്ചു കൊടുത്തു.
“ഇല്ലടി ഞാൻ പറഞ്ഞിട്ട് ഒന്നും അല്ല… സ്റ്റെല്ല സ്വന്തം ആയിട്ട് ഉണ്ടാക്കിയത് ആണ് “
ശിവൻ അവളെ തിരുത്തി.
” നല്ല പിഞ്ച് പാവയ്ക്ക ആയതുകൊണ്ട് തീയൽ വെക്കാം എന്നോർത്താണ് ചേച്ചി, അതാകുമ്പോൾ കൈപ്പും കുറവല്ലേ”
സ്റ്റെല്ല പറഞ്ഞതും ശാലിനി തലകുലുക്കി.
ചേച്ചി എന്നാൽ ഇവിടെ ഇരിക്കുവല്ലേ… മുറ്റത്ത് കുറച്ചു തുണികൾ നനച്ചിട്ടിട്ടുണ്ട് അത് ഉണങ്ങിയെങ്കിൽ ഞാൻ പോയി എടുത്തുകൊണ്ടു വരാം.
സ്റ്റെല്ല ശാലിനിയുടെ അടുത്തു നിന്നും വെളിയിലേക്ക് ഇറങ്ങിപ്പോയി.
എന്നാൽ ശിവൻ അപ്പോഴേക്കും തു lണികൾ ഒക്കെ പെറുക്കി എടുത്തു കൊണ്ടുവരുന്നുണ്ടായിരുന്നു.. ഓടിച്ചെന്ന് അവൾ അതെല്ലാം അവന്റെ കയ്യിൽ നിന്നും വാങ്ങി.
അമ്മയ്ക്ക് ഭക്ഷണം ഒക്കെ കൊടുത്ത് കയ്യും വായും കഴിച്ച ശേഷം പ്ലേറ്റും ഗ്ലാസും ഒക്കെയായി ശാലിനി അടുക്കളയിലേക്ക് വന്നു..
“സ്റ്റെല്ല വരൂ….നമ്മൾക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാം..”
ശാലിനി ഏറെ നിർബന്ധിച്ചു എങ്കിലും സ്റ്റൈല്ലയ്ക്ക് അവരുടെ ഒപ്പം ഇരുന്ന് കഴിക്കുവാൻ എന്തോ ഒരു ജാള്യത പോലെ ആയിരുന്നു…
എന്നാൽ ശാലിനി അവളുടെ കയ്യിൽ പിടിച്ചുകൊണ്ട് ഡൈനിങ് ടേബിളിന്റെ അടുത്തേക്ക് പോയി.
” ഒറ്റയ്ക്കിരുന്ന് കഴിക്കേണ്ട, ഇവിടെ ഞാനും ശിവേട്ടനും ഒക്കെ ഉണ്ടല്ലോ… “
പറഞ്ഞുകൊണ്ട് അവൾ ഒരു പ്ലേറ്റ് എടുത്ത് കുറച്ചു ഏറെ ചോറ് വിളമ്പി…
” ചേച്ചി ഞാൻ, ഇത്രയും ഒന്നും കഴിക്കില്ല കേട്ടോ…കുറച്ചു മതി… “
ഇരിപ്പിടത്തിൽ നിന്നും ചാടിയെഴുന്നേറ്റ് അവൾ ശാലിനിയോട് പ്ലേറ്റ് മേടിച്ചു.
” നന്നായി ഭക്ഷണം കഴിച്ച് ആരോഗ്യം ഒന്നും വെച്ചില്ലെങ്കിൽ അമ്മയുടെ കാര്യങ്ങളൊക്കെ എങ്ങനെ നോക്കും, ഒരാഴ്ചയ്ക്കുള്ളിൽ തടി വച്ചോണം ഇല്ലെങ്കിൽ ഞങ്ങൾ വേറെ ആളെ എടുക്കും കേട്ടോ”
ശാലിനിയുടെ ശബ്ദത്തിൽ ഭീഷണിയുടെ സ്വരം കലർന്നിരുന്നു.
” പണ്ടുമുതലേ ഞാൻ ഇത്രയൊക്കെ കഴിയ്ക്കുവൊള്ളൂ ചേച്ചി… അതുകൊണ്ട് ആണ് “
” അതൊക്കെ പണ്ട്….. ഇനി ഇത് ഇവിടെ പറഞ്ഞാൽ പറ്റില്ല…. കേട്ടോ,നന്നായിട്ട് ആഹാരം കഴിച്ചു വയറു നിറച്ചോണം….. “
ഇരുവരുടെയും സംഭാഷണം കേട്ടുകൊണ്ട് ശിവനും വന്നു അരികിൽ ആയി ഇരുന്നു..
“ഓഹ് അടിപൊളി… എന്റെ സ്റ്റെല്ല കൊച്ചേ, നിനക്ക് ഇത്രയ്ക്ക് ടേസ്റ്റ് ആയിട്ട് കറികളൊക്കെ വയ്ക്കുവാൻ അറിയാമല്ലോ,”
പാവയ്ക്ക തീയലും പയർ മെഴുക്കുപുരട്ടിയും കൂട്ടി നോക്കിയശേഷം ശാലിനി തന്റെ തള്ളവിരൽ ഉയർത്തി അവളെ കാണിച്ചു കൊണ്ട് പറഞ്ഞു.
ഒന്നും പറയാത്തത് കൊണ്ട് മുഖം കുനിച്ചിരുന്നതേയുള്ളൂ സ്റ്റെല്ല….ശിവൻ അടുത്ത് ഇരിക്കുന്നതിനാൽ സ്റ്റെല്ലയ്ക്ക് ആകെ കൂടി ഒരു പരവേശം പോലെ ആയിരുന്നു..
ശാലിനി പെട്ടന്ന് അവളോട് കൂട്ടായ്തെ കൊണ്ട് പ്രശ്നം ഇല്ല.. പക്ഷെ ശിവൻ… ആളൊന്നും മിണ്ടാതെ ഇരുന്നപ്പോൾ ഇനി താൻ ഇവിടെ ഇരിക്കുന്നത് എന്തെങ്കിലും അനിഷ്ടം ആയോ എന്ന് സ്റ്റെല്ല പല കുറി ചിന്തിച്ചു.
തുടരും….